TopTop
Begin typing your search above and press return to search.

രണ്ട് ഫേസ് ബുക്ക് പോസ്റ്റുകള്‍, ഒന്നര വര്‍ഷത്തിനുള്ളില്‍ രണ്ട് സസ്പെന്‍ഷന്‍; ഇടത് നേതാക്കളെ വിമര്‍ശിച്ചതിന് എംജി സര്‍വകലാശാല ജീവനക്കാരന് നേരിടേണ്ടി വന്നത്

രണ്ട് ഫേസ് ബുക്ക് പോസ്റ്റുകള്‍, ഒന്നര വര്‍ഷത്തിനുള്ളില്‍ രണ്ട് സസ്പെന്‍ഷന്‍; ഇടത് നേതാക്കളെ വിമര്‍ശിച്ചതിന് എംജി സര്‍വകലാശാല ജീവനക്കാരന് നേരിടേണ്ടി വന്നത്
രണ്ട് ഫേസ് ബുക്ക് പോസ്റ്റുകള്‍, ഒന്നര വര്‍ഷത്തിനുള്ളില്‍ രണ്ട് സസ്പെന്‍ഷന്‍; ഇടതുപക്ഷ നേതാക്കളെ വിമര്‍ശിച്ചതിന് മഹാത്മാ ഗാന്ധി സര്‍വകലാശാല ജീവനക്കാരനായ എ.പി.അനില്‍കുമാറിന് ലഭിച്ച ശിക്ഷയാണിത്.

എറണാകുളത്തെ ശാന്തിവനത്തില്‍ മരങ്ങള്‍ മുറിച്ചു കൊണ്ട്‌ കെ.എസ്.ഇ.ബി നടത്തുന്ന ടവര്‍ നിര്‍മ്മാണത്തെ വിമര്‍ശിച്ച് എഴുതിയതിനാണ് ഏറ്റവും ഒടുവിലത്തെ ശിക്ഷ. എസ്.ശര്‍മ്മ എം.എല്‍.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാലയിലെ അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസറായ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

'വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ചെറായി 110 കെ.വി സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വൈദ്യുതി ലൈനിന്‍റെ അലൈന്‍മെന്‍റ് വിഷയത്തില്‍ എം.എല്‍.എക്കും വൈദ്യതി മന്ത്രിക്കുമെതിരെ അനില്‍കുമാര്‍ മോശം പരാമര്‍ശം നടത്തി എന്നാണ് സര്‍വകലാശാല ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇത് സംബന്ധിച്ച് എസ്.ശര്‍മ്മ നല്‍കിയ പരാതി സ്പീക്കര്‍ പരിശോധിച്ചതിന് ശേഷമാണ് സര്‍വകലാശാലയോട് വിശദീകരണം ചോദിച്ചത്. പരാതിയിന്‍മേല്‍ നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് വഴി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം അനില്‍കുമാര്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്യുന്നതെന്നും ഉത്തരവില്‍ പറയുന്നു. വ്ളാഡിമിര്‍ ലെനിനെ ഉദ്ദരിച്ചു കൊണ്ട് പരിസ്ഥിതി വിഷയങ്ങളില്‍ ഒരടി പിന്നോട്ട് രണ്ടടി മുന്നോട്ട് എന്നതാണ് ഇടതുപക്ഷത്തിന്‍റെ നയം എന്ന തരത്തിലുള്ള വിമര്‍ശനമാണ് അനില്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയത്.

'ശാന്തിവനത്തിലെ മീന കോളേജ് കാലം തൊട്ടേ എന്‍റെ സുഹൃത്താണ്‌. മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് സമരം തുടങ്ങിയപ്പോള്‍ ഞാന്‍ അവിടെ പോകുമായിരുന്നു. കമ്മറ്റിയിലൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം രാവിലെ അവിടെ ചെല്ലുമ്പോള്‍ ഒരു പാര്‍ട്ടിക്കാരന്‍ ആ കാംപസില്‍ വന്ന് മീനയുടേയും മകളുടേയും മുമ്പില്‍ വന്ന് വല്ലാതെ അസഭ്യങ്ങള്‍ പറഞ്ഞു. ശര്‍മ്മ സഖാവിനേയും മണി സഖാവിനേയും ഉണ്ടാക്കാന്‍ വരണ്ട എന്ന് തുടങ്ങി മുഴുവന്‍ അസഭ്യങ്ങളാണ് പറഞ്ഞത്. ഞാന്‍ അവനെ പിടിക്കാന്‍ ആഞ്ഞെങ്കിലും ഉടന്‍ തന്നെ ഒരു ടൂവീലറില്‍ കയറി അവന്‍ രക്ഷപ്പെട്ടു. ഇതെനിക്ക് വല്ലാത്ത വൈകാരിക പ്രതിസന്ധി ഉണ്ടാക്കി. ആകെ ചെയ്യാനാകുന്നത് എഴുത്താണ്. അങ്ങനെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്‌. എസ്.ശര്‍മ്മയേയോ എം.എം. മണിയേയോ അപമാനിക്കുന്ന ഒരു പദവും അതിനകത്തെവിടെയും ഉപയോഗിച്ചിട്ടില്ല. പൊതുവായി ഈ പ്രസ്ഥാനങ്ങള്‍ മനുഷ്യരോട് കാണിക്കുന്ന നീചമായ സമീപനങ്ങളെ കുറിച്ച് പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ഫാസിസത്തെ കുറിച്ച് പറഞ്ഞാണ് അത് അവസാനിക്കുന്നത്. സസ്പെന്‍ഷന്‍ കിട്ടുമ്പോഴാണ് ഇതിന്‍മേലുണ്ടായ പരാതിയേയും മറ്റ് കാര്യങ്ങളേയും കുറിച്ച് ഞാനറിയുന്നത്.'


അനില്‍കുമാര്‍ പറയുന്നു. മെയ് ഏഴിനാണ് പ്രസ്തുത പോസ്റ്റിടുന്നത്. ജൂണ്‍ മൂന്നിന് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത് കൊണ്ട് ഉത്തരവിറങ്ങി.

ശരിയുടെ കൂടെ നില്‍ക്കുന്ന ശബ്ദങ്ങളെ മൂടിവെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അവ കൂടുതല്‍ മാറ്റൊലികള്‍ ഉയര്‍ത്തുമെന്ന് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയോട് പ്രതികരിച്ചു കൊണ്ട് ശാന്തിവനം ഉടമ മീനാ മേനോന്‍ ഫേസ്ബുക്കില്‍ എഴുതി.

'ശാന്തിവനത്തിൽ അനിൽ വന്നുപോകാൻ തുടങ്ങിയിട്ട് 3 പതിറ്റാണ്ടുകൾ ആയിരിക്കുന്നു. അതിനേറ്റ ആഘാതങ്ങൾ ഓരോന്നും അവനിലേക്ക് പകരുകതന്നെ ചെയ്യും അതിന്റെ നോവ് അവനെ രോഷം കൊള്ളിക്കും. അതിനെതിരെ പ്രതികരിച്ചെന്നും ഇരിക്കും. അതാണ് മനുഷ്യത്വം, സൗഹൃദം, സ്നേഹം.... അത് മനസ്സിലാവണമെങ്കിൽ മനുഷ്യനായി ജീവിക്കണം. നീതിബോധം ഉണ്ടാവണം. കറയറ്റ ബോധ്യങ്ങൾ ഉണ്ടാവണം. അതെ, അനിൽ പുറത്തുനിന്ന് വന്നവനാണ്.പുറത്തുനിന്നുവന്ന് അകത്തേക്ക്‌കടന്നുനിന്ന് "കൂടെയുണ്ട്" എന്ന് പറഞ്ഞവരിലൊരാളാണ്.'


2018 ആഗസ്റ്റിലാണ് ഇതിനു മുമ്പ് സര്‍വ്വകലാശാല അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യുന്നത്. വിദ്യാഭ്യാസ കാലം മുതല്‍ക്കേ ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ആളാണ് ഇദ്ദേഹം. സര്‍വകലാശാല ജീവനക്കാരുടെ ഇടതുപക്ഷ സംഘടനയായ എം.ജി യൂണിവേഴ്സിറ്റി എംപ്ളോയീസ് അസ്സോസിയേഷന്‍ അംഗവുമായിരുന്നു. ഈ സംഘടനയുടെ ഭാരവാഹിയും നിലവില്‍ മന്ത്രി കെ.ടി. ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുമായ ഷറഫുദ്ദീനെ വിമര്‍ശിച്ചതിന്‍റെ പേരിലായിരുന്നു ആദ്യം നടപടി. ബിരുദമില്ലാത്ത 31 ക്ളാസ് ഫോര്‍ ജീവനക്കാര്‍ക്ക് അസിസ്ററന്‍റായി സ്ഥാനക്കയറ്റം നല്‍കുന്നതുമായ ബന്ധപ്പെട്ട് പി.എസ്.സി വഴി ആ പോസ്റ്റില്‍ നിയമനം ലഭിച്ച ജീവനക്കാര്‍ സമരം ചെയ്തിരുന്നു. ഇടത് സംഘടനയില്‍ പെട്ടവരായിരുന്നു അന്ന് സ്ഥാനക്കയറ്റം ലഭിക്കേണ്ടവരില്‍ ഭൂരിഭാഗവും. ജാതി മാറി പ്രണയിച്ചതിന് കോട്ടയത്ത് കെവിന്‍ കൊല്ലപ്പെട്ട സമയമായിരുന്നു അത്. സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ കെവിന്‍റെ അനുഭവത്തെ കുറിച്ച് ഷറഫുദ്ദീന്‍ സംസാരിച്ചു. ഇതിനെ വിമര്‍ശിച്ചു കൊണ്ട് അതേ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ അനില്‍കുമാര്‍ സംസാരിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉയരുന്നത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് യാതൊരു നടപടി ക്രമങ്ങളുമില്ലാതെ അനില്‍ കുമാറിനെ പുറത്താക്കി. തുടര്‍ന്നാണ് സംഘടനക്കകത്തെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്. ഇതിനെതിരെ സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് രാജു ജോണ്‍ താഴത്ത് എന്നയാള്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതിയിന്‍മേല്‍ വിശദീകരണമോ അന്വേഷണമോ ഇല്ലാതെയാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന് അനില്‍കുമാര്‍ പറയുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ പരാതി നല്‍കുകയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നാഴികക്കല്ലായേക്കാവുന്ന ഒരു വിധി സമ്പാദിക്കുകയും ചെയ്തു. ഒരു സ്ഥാപനത്തിന്‍റെ പൊതുവായ താല്‍പര്യങ്ങളെ ഹനിക്കാതെ ഒരു ജീവനക്കാരന്‍ സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഒരാളെ നിശബ്ദനാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് വിധി പ്രസ്താവത്തില്‍ കോടതി നിരീക്ഷിച്ചിട്ടുള്ളത്. ഈ വിധിയുടെ തന്നെ ലംഘനമായാണ് വീണ്ടും അനില്‍കുമാറിനെതിരെ ശിക്ഷാ നടപടിയുണ്ടായിട്ടുള്ളത്.

നാടക പ്രവര്‍ത്തകനും ജീവകാരുണ്യ സേവനങ്ങളില്‍ സജീവ പങ്കാളിയുമാണ് അനില്‍കുമാര്‍. ഇദ്ദേഹത്തിന്‍റെ സസ്പെന്‍ഷന്‍റെ പശ്ചാത്തലത്തില്‍ എം.ജി.സര്‍വകലാശാലയിലെ രാഷ്ട്രീയ പ്രേരിത നടപടികള്‍ അവസാനിപ്പിക്കണമെന്നും അഭിപ്രായ സ്വാതന്ത്യത്തിന് കൂച്ചുവിലങ്ങിടരുതെന്നും ആവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

Read More: ഇങ്ങനെയുള്ള ഒരു പാർട്ടി പിളർന്നാലും വളർന്നാലും സത്യത്തിൽ പൊതുജനത്തിന് എന്ത് കാര്യം? കേരള കോണ്‍ഗ്രസിനെ കുറിച്ചാണ്

Next Story

Related Stories