TopTop
Begin typing your search above and press return to search.

ബാപി റായി, പ്രതിമ ടോപ്പോ, ദീപ ടോപ്പോ; എസ്എസ്എല്‍സിക്ക് മാത്രമല്ല ഇവരുടെ നിശ്ചയദാര്‍ഡ്യത്തിനും കൊടുക്കണം എ പ്ലസ്

ബാപി റായി, പ്രതിമ ടോപ്പോ, ദീപ ടോപ്പോ; എസ്എസ്എല്‍സിക്ക് മാത്രമല്ല ഇവരുടെ നിശ്ചയദാര്‍ഡ്യത്തിനും കൊടുക്കണം എ പ്ലസ്

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി അഭിമാനമായവര്‍ നിരവധി. എന്നാല്‍ അതില്‍ മൂന്ന് കുട്ടികള്‍ വ്യത്യസ്തരാവുന്നത് അവര്‍ മറ്റൊരു ദേശത്തുനിന്നെത്തി മലയാളം പഠിച്ച് ആ വിജയം കരസ്ഥമാക്കിയതുകൊണ്ടാണ്. പാലക്കാട് എടപ്പലം സ്‌കൂളിലെ ബംഗാളിയായ ബാപിറായിയും കണ്ണൂര്‍ മയ്യില്‍ സകൂളിലെ പ്രതിമടോപ്പോയും ദീപ ടോപ്പോയുമാണ് ആ വിദ്യാര്‍ഥികള്‍. ഇതരസംസ്ഥാനത്തുനിന്നെത്തിയ തൊഴിലാളികളുടെ മക്കളാണ് മൂവരും.

രണ്ടാം ക്ലാസ് വരെ പഠിച്ച മാതൃഭാഷ വിട്ട് മറ്റൊരു ദേശത്തു മറ്റൊരു ഭാഷയില്‍ പഠനം. എത്തിപ്പെട്ട ദേശത്തിന്റെ ഭാഷയോടുള്ള അപരിചിതത്വം മൂലം വീണ്ടും രണ്ടാം ക്ലാസില്‍ നിന്ന് ഒന്നാം ക്‌ളാസിലേക്ക്. എന്നാല്‍ ആറ് വയസു വരെ കേട്ടും എഴുതിയും പഠിച്ച മാതൃഭാഷയ്‌ക്കൊപ്പം കുടിയേറിയ ദേശത്തിന്റെ മാതൃഭാഷയെക്കൂടി ഹൃദയത്തിലേക്ക് ചേര്‍ത്തുവച്ചതോടെ പശ്ചിമ ബംഗാള്‍ സ്വദേശിയായ ബാപി റായ് നേടിയത് ആരും പ്രതീക്ഷിക്കാത്ത തിളക്കമാര്‍ന്ന വിജയം. എസ്. എസ്. എല്‍. സി. ക്ക്. മലയാളമുള്‍പ്പെടെയുള്ള മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. ബംഗാളില്‍ നിന്നും നിര്‍മാണമേഖലയില്‍ തൊഴില്‍ തേടിയെത്തി പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറയില്‍ താമസമാക്കിയ ശുക്രന്‍ജാന്‍ റായുടെയുടെയും ചഞ്ചലയുടെയും മകനാണ് ബാപി റായ്. എടപ്പലം പി. ടി. എം. യതീംഖാന ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നാണ് ബാപി റായ് തിളക്കമാര്‍ന്ന വിജയം നേടിയത്.

ബംഗാളില്‍ നിന്നും കേരളത്തിലേക്ക്

ബംഗാളിയായ ശുക്രന്‍ജല്‍ റായ് 18 വര്‍ഷം മുന്‍പ് കേരളത്തിലേക്ക് വണ്ടി കയറിയത് സാധാരണ ഏതൊരു ഇതര സംസ്ഥാന തൊഴിലാളിയെയും പോലെ വെറുമൊരു തൊഴിലന്വേഷകന്‍ മാത്രമായിട്ടായിരുന്നില്ല. മക്കളെ നല്ലപോലെ പഠിപ്പിക്കണം. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെ പിന്‍ബലത്തോടെ മെച്ചപ്പെട്ട ജോലിയും തന്റെ മക്കള്‍ക്ക് ലഭിക്കണം. കേരളം തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന സംസ്ഥാനമാണെന്നു തോന്നി. 2000ല്‍ ഏജന്റ് മുഖേന ശുക്രന്‍ജാന്‍ റായ് ആദ്യമെത്തിയത് എറണാകുളത്ത്. കുറച്ചുകാലം കാക്കനാട് കെട്ടിട നിര്‍മാണ മേഖലയില്‍ ജോലി ചെയ്തു. ആറ് മാസത്തിനു ശേഷം പട്ടാമ്പിയിലെത്തി. പട്ടാമ്പിയിലെത്തിയ ശുക്രന്‍ജാന്‍ റായ് പിന്നെ എവിടെയും പോയില്ല. വാടകക്ക് വീട് സംഘടിപ്പിച്ചു. മൂന്നാമത്തെ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ഭാര്യയേയും മക്കളെയും കൊണ്ടുവന്നു.

'ബാപി നാട്ടിലെ (പശ്ചിമ ബംഗാളിലെ) വിറ്റായി വിശ്വരവിന്ദാസ് പ്രൈമറി സ്‌കൂളിലാണ് രണ്ടാം ക്ലാസ് വരെ പഠിച്ചത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ അവനെ ഇങ്ങോട്ട് കൊണ്ടുവന്നു. മലയാളം അറിയാത്തതുകൊണ്ട് അവനെ തൊട്ടടുത്ത വീട്ടില്‍ വിട്ട് മലയാളം പഠിപ്പിച്ചു. മലയാളം നന്നായി പറയാനും എഴുതാനും പഠിച്ച ശേഷമാണു സ്‌കൂളില്‍ ചേര്‍ത്തത്. ആദ്യം നരിപ്പറമ്പ് ഗവണ്‍മെന്റ് യു. പി. സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ തന്നെയാണ് ചേര്‍ത്തത്. എട്ടാം ക്ലാസ് ആയപ്പോള്‍ എടപ്പലം സ്‌കൂളിലേക്ക് മാറി. സ്‌കൂളില്‍ ടീച്ചര്‍മാരും അവനെ നന്നായി ശ്രദ്ധിച്ചിരുന്നു.' പത്താം ക്ലാസ് വരെ പഠിച്ച ശുക്രന്‍ജാന്‍ റായ് പറയുന്നു.

കേരളത്തോട് ഒത്തിരിയിഷ്ടം

ബാപിയോടും ശുക്രന്‍ജാന്‍ റായിയോടും സംസാരിച്ചു തുടങ്ങുമ്പോള്‍ ഒരു ബംഗാളിയോട് തന്നെയാണോ സംസാരിക്കുന്നതെന്ന് സംശയം തോന്നും. അത്ര സ്ഫുടമായ മലയാളം. സംശയം കൊണ്ട് നിങ്ങള്‍ മലയാളിയാണോ എന്ന് ചോദിച്ചാല്‍ ചിരിച്ചുകൊണ്ട് ശുക്രന്‍ജാന്‍ റായ് പറയും. '18 വര്‍ഷമായില്ലേ ഇവിടെ വന്നിട്ട്. മലയാളം നന്നായി പഠിച്ചു'.

ബംഗാളിലേക്കാള്‍ ജീവിതം ഇവിടെ സുരക്ഷിതമാണെന്നാണ് ശുക്രന്‍ജാന്‍ റായുടെ അഭിപ്രായം. അതുകൊണ്ടുതന്നെ കേരളത്തില്‍ സ്ഥിരതാമസമാക്കാനാണ് ശുക്രന്‍ജാന്റെയും കുടുംബത്തിന്റെയും തീരുമാനം. ഇത്രയും വര്‍ഷത്തെ അദ്ധ്വാനം കൊണ്ടു തിരുവേഗപ്പുറയില്‍ മൂന്നര സെന്റ് സ്ഥലം വാങ്ങി. വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്നു.

പഠിക്കണം, എഞ്ചിനീയറാകണം

മനസ്സ് നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കിലോമീറ്ററുകള്‍ താണ്ടിയ അച്ഛനുള്ള സ്‌നേഹസമ്മാനമാണിതെന്ന് ബാപി റായ്. എഞ്ചിനീയറാകാനാണ് ബാപിയുടെ ആഗ്രഹം. ബാപിക്ക് ഒരു സഹോദരന്‍ കൂടിയുണ്ട്. ഒറ്റപ്പാലം എന്‍. എസ്. എസ്. കോളേജിലെ ബിരുദവിദ്യാര്‍ഥിയായ സുര്‍ജിത് റായ്.

http://www.azhimukham.com/kuriyathi-lps-trivandrum-children-of-migrant-labour-studies-unnikrishnan-azhimukham/

പ്രതിമ ടോപ്പോയും ദീപ ടോപ്പോയും

സന്തോഷ് ടോപ്പോ ഝാര്‍ഖണ്ഡ് സ്വദേശിയാണ്. മന്‍മായ ടോപ്പോ ആസാമിയും. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിക്കാന്‍ വകയില്ലാതായപ്പോള്‍ ഒരു ദിവസം ഒരു വയസ്സുള്ള കുഞ്ഞിനേയുമെടുത്ത് സന്തോഷും മന്‍മായയും കേരളത്തിലേക്ക് വണ്ടി കയറി. എന്തെങ്കിലും ജോലിയെടുത്ത് ജീവിക്കാമെന്നായിരുന്നു. തീവണ്ടിയില്‍ വന്നിറങ്ങിയത് കണ്ണൂരിലാണ്. ഒരു വയസ്സുകാരിയായ ദീപ ടോപ്പോയ്ക്ക് രണ്ട് വര്‍ഷം കഴിഞ്ഞപ്പോല്‍ അനുജത്തിയുമുണ്ടായി. പ്രതിമ ടോപ്പോ. സ്‌കൂളില്‍ ചേര്‍ക്കേണ്ട പ്രായമായിട്ടും എഴുത്തും വായനയും അറിയാത്ത സന്തോഷ് മൂത്ത കുട്ടിയെ സ്‌കൂളിലയച്ചില്ല. തങ്ങള്‍ക്ക് അറിയുകകൂടിയില്ലാത്ത ഒരു ഭാഷയില്‍ മകള്‍ എങ്ങനെ പഠിക്കുമെന്ന ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇളയമകള്‍ക്കും അഞ്ച് വയസ്സായി. അപ്പോഴും വിദ്യാഭ്യാസം എന്ന ചിന്ത ആ കുടുംബത്തിലേക്കേ വന്നില്ല. പറശിനിക്കടവ് റോഡിലെ നിരവീടുകളിലൊന്നിലായിരുന്നു സന്തോഷിന്റേയും കുടുംബത്തിന്റെയും താമസം. സന്തോഷ് കൂലിപ്പണിക്ക് പോയി കിട്ടുന്ന പണം കൊണ്ട് കഴിഞ്ഞിരുന്ന കുടുംബം. അങ്ങനെയിരിക്കെയാണ് സമീപവാസിയായ ഖാദര്‍ ഈ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്ന കാര്യം സന്തോഷിനോട് സംസാരിക്കുന്നത്. പഠിപ്പിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ലായിരുന്നെങ്കിലും അത് എങ്ങനെ പ്രായോഗികമാവും എന്നായിരുന്നു സന്തോഷിന്റെ ആശങ്ക. പക്ഷെ ഖാദര്‍ തന്നെ അടുത്തുള്ള നണിയൂര്‍ നമ്പ്രം ഹിന്ദു എല്‍പി സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്തു. പ്രായവ്യത്യാസമുണ്ടെങ്കിലും രണ്ട് കുട്ടികളും ഒന്നിച്ച് ഒന്നാംക്ലാസില്‍ ഇരുന്നു. രണ്ട് സംസ്ഥാനക്കാരായതിനാല്‍ സന്തോഷും മന്‍മായയും ഹിന്ദിഭാഷയായിരുന്നു സംസാരിച്ചിരുന്നത്. ഹിന്ദിയില്‍ സംസാരിച്ചും ചിന്തിച്ചും വളര്‍ന്ന കുട്ടികള്‍ക്ക് ആദ്യം മലയാളം വഴങ്ങിയില്ല. പക്ഷെ പടിപടിയായി അവര്‍ മലയാളത്തില്‍ എഴുതാനും വായിക്കാനും ചിന്തിക്കാനും പഠിച്ചു. പിന്നീട് മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസ് മുതലുള്ള വിദ്യാഭ്യാസം. സന്തോഷിന് ഇപ്പോഴും മലയാളം വായിക്കാനും പറയാനും അറിയില്ല. മന്‍മായക്ക് മലയാളം കേട്ടാല്‍ അറിയാം, അല്‍പ്പാല്‍പ്പം തിരിച്ച് പറയാനുമറിയാം. എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഞെട്ടിയത് സന്തോഷും മന്‍മായയും തന്നെയാണ്. രണ്ട് കുട്ടികള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. മലയാളം അറിയാത്ത സന്തോഷിന്റെയും മന്‍മായയുടേയും രണ്ട് പെണ്‍കുട്ടികള്‍ ഇന്ന് മയ്യില്‍ സ്‌കൂളിന്റേയും നാട്ടുകാരുടേയും അഭിമാനമാണ്.

എ പ്ലസ് വിശേഷങ്ങള്‍ തിരക്കാന്‍ വിളിച്ചപ്പോള്‍ ഫോണെടുത്തത് പ്രതിമയാണ്. 'ഹലോ, ആരാ? എന്തേയ്‌നു?' തനി കണ്ണൂര്‍ക്കാരുടെ ശൈലിയില്‍ ചോദ്യം കേട്ട് നമ്പര്‍ മാറി വിളിച്ചതാണോ എന്ന് സംശയിച്ചു നില്‍ക്കുന്നതിനിടയില്‍, 'പറയൂ. ഞാന്‍ പ്രതിമയാണ്. ങ്ങളാരാ' എന്ന് മറുതലക്കല്‍ ശബ്ദം. പിന്നീട് പ്രതിമയും ദീപയും മാറിമാറി വിശേഷങ്ങള്‍ പങ്കുവച്ചു. 'നമ്മുടെ നാട്ടില്‍ പണിയൊന്നുമില്ലാതെ വണ്ടികേറിയതാണ് അച്ഛന്‍. ഇവിടെ കൂലിപ്പണിയെടുത്തിട്ടാണുള്ളത്. അമ്മ വീട്ടില്‍ തന്നെ ഞങ്ങളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നു. ചേച്ചിക്ക് (ദീപ) ഒരു വയസ്സുള്ളപ്പഴാണ് അച്ഛന്‍ കണ്ണൂര് വരുന്നത്. 2002ല്‍. ഞാന്‍ 2003ലാണുണ്ടായത്. വീട്ടില്‍ ഹിന്ദി തന്നെയാരുന്നു സംസാരിച്ചിരുന്നത്. അയിനെക്കൊണ്ട് ഞങ്ങക്ക് മലയാളം വലിയ പിടിയില്ലേനു. സ്‌കൂളില്‍ ചേര്‍ത്തിയപ്പോ ആകെ കഷ്ടപ്പാടായി. ഒന്നും അറിയാന്‍ വയ്യ. പക്ഷെ അവിടെ നിന്ന് ടീച്ചര്‍മാരെല്ലാം വലിയ സപ്പോര്‍ട്ട് ആയിരുന്നു. പിന്നെ മയ്യില്‍ സ്‌കൂളിലെത്തിയപ്പഴേക്കും മലയാളം ഞങ്ങക്ക് ഞങ്ങടെ ഭാഷ തന്നെയായിരുന്നു. അവിടെ നിന്നും കുട്ടികളും ടീച്ചര്‍മാരുമെല്ലാം ഫുള്‍ സപ്പോര്‍ട്ട് തന്നു. അച്ഛന് കൂലിപ്പണിയെടുത്തിട്ട് ഞങ്ങളെ ട്യൂഷനൊന്നും വിടാന്‍ പറ്റില്ലേരുന്നു. അതോണ്ട് മോണിംഗ് ക്ലാസ്സും ഈവനിങ് ക്ലാസ്സും ഒന്നും വിടാതെ സ്‌കൂളില്‍ പോയി. അങ്ങനെ പഠിച്ചതിന് റിസള്‍ട്ടും കിട്ടി' പ്രതിമ പറഞ്ഞു.

പ്രതിമയും ദീപയും ഗൈഡ്‌സില്‍ അംഗങ്ങളായതിനാല്‍ അതിന്റെ ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടുത്താതെ തന്നെ ഇരുവര്‍ക്കും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായി. പ്രതിമയുടെ ചേച്ചി ദീപ ബോക്‌സിങ് താരംകൂടിയാണ്. സംസ്ഥാന തലത്തില്‍ വെള്ളിമെഡലും സ്വര്‍ണമെഡലും കരസ്ഥമാക്കിയി ദീപയ്ക്ക് ഭാവിയില്‍ ബോക്‌സറാവണമെന്നതാണ് വലിയ ആഗ്രഹം. പഠിച്ച് നല്ല ജോലി കിട്ടിയാല്‍ തിരികെ നാട്ടില്‍ പോയി സ്ഥിരതാമസമാക്കണമെന്നുള്ള ആഗ്രഹവും ദീപയ്ക്കുണ്ട്. 'രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പഴാണ് ഞങ്ങള്‍ ആസ്സാമിലേക്ക് അവസാനമായി പോയത്. പല വെക്കേഷനും പോണം എന്ന് ആഗ്രഹിക്കുമെങ്കിലും എനിക്ക് ബോക്‌സിങ് കോച്ചിങ് ഉള്ളതുകൊണ്ട് നടക്കാറില്ലായിരുന്നു. ഈ വെക്കേഷന് പോണമെന്ന ആഗ്രഹവും നടന്നില്ല. പഠനം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയായതുകൊണ്ട് ഇതാണ് ഞങ്ങളുടെ നാട്. പക്ഷെ അച്ഛനേയും അമ്മയേയും സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കണം എന്നൊരാഗ്രഹമുണ്ട്. ഞങ്ങള്‍ പഠിച്ച് ജോലിയൊക്കെ കിട്ടിയാല്‍ അവിടെ ചെന്ന് സെറ്റില്‍ ചെയ്യണമെന്നാണ് ആഗ്രഹം. പഠനത്തോടൊപ്പം ബോക്‌സര്‍ എന്ന നിലയിലും പേരെടുക്കണമെന്നാണ് എന്റെ സ്വപ്നം. അതിന് കഴിയുമെന്നാണ് പ്രതീക്ഷ. പ്രതിമയ്ക്ക് എയര്‍ഹോസ്റ്റസ് ആവണമെന്നാണ്. പക്ഷെ ഇതൊക്കെ ഇപ്പോഴത്തെ ആലോചന മാത്രമാണ്. തീരുമാനം അല്ല. എന്തായാലും ഇനി പ്ലസ് വണ്ണിന് ചേരണം. സയന്‍സ് വിഷയം എടുക്കാനാണ് ഞങ്ങള്‍ രണ്ടാള്‍ക്കും താത്പര്യം. മലയാളം അറിയില്ലെങ്കിലും വിദ്യാഭ്യാസമില്ലെങ്കിലും അച്ഛനും അമ്മയും തന്ന സപ്പോര്‍ട്ട് ആണ് ഞങ്ങളെ നല്ല വിജയത്തിലേക്കെത്തിച്ചത്. സ്‌കൂളിലെ ടീച്ചര്‍മാരും ഞങ്ങളെ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്.'

http://www.azhimukham.com/trending-bappi-rai-prathibha-topo-prathima-topo-are-models-to-malayalees/

മലയാളികളായ കുട്ടികളേക്കാളും വളരെ നന്നായി മലയാളം സ്സാരിക്കുകയും എഴുതുകയും ചെയ്യുന്ന കുട്ടികളെ പത്താംക്ലാസ്സിലെ ക്ലാസ് ടീച്ചറായിരുന്ന വിനോദ് ഓര്‍ക്കുന്നതിങ്ങനെയാണ്, 'എന്ത് പറഞ്ഞാലും വളരെ എളുപ്പം മനസ്സിലാവുകയും പഠിക്കുകയും ചെയ്യുന്ന രണ്ട് പേര്‍. മലയാളികളേക്കാള്‍ അവര്‍ക്ക് ഭാഷ വഴങ്ങുമായിരുന്നു. ഒന്നാം ക്ലാസ് മുതല്‍ മലയാളം മീഡിയത്തിലാണ് അവര്‍ പഠിച്ചതും. ഇന്നേവരെ മയ്യില്‍ സ്‌കൂളിലെ ഒരു ടീച്ചര്‍ പോലും പ്രതിമയേയും ദീപയേയും കുറിച്ച് എന്തെങ്കിലുമൊന്ന് മോശം പറയുന്നത് കേട്ടിട്ടില്ല.'

സന്തോഷും മന്‍മായയും ആദിവാസി വിഭാഗമായ ദര്‍ജി വിഭാഗത്തില്‍ പെട്ടവരാണ്. എന്നാല്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന സമയം കുട്ടികളുടെ ജാതി രേഖപ്പെടുത്തിയത് ഗര്‍ജി എന്നാണ്. ഇതോടെ ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ എന്ന് ഇവര്‍ പരിഗണിക്കപ്പെട്ടുമില്ല, ആനുകൂല്യങ്ങള്‍ ലഭിച്ചതുമില്ല. ഈ വിഷയമാണ് അധ്യാപകനായ വിനോദിന് അധികൃതരോട് അറിയിക്കാനുള്ളത്. 'കുട്ടിയുടെ പേര് ശരിക്കും പതിമ എന്നായിരുന്നു. എന്നാല്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അധ്യാപകര്‍ കേട്ടെഴുതിയത് പ്രതിമ എന്നാണ്. അങ്ങനെയാണ് ജാതിപ്പേരിലും വ്യത്യാസം വന്നത്. എന്നാല്‍ പത്താംക്ലാസ് ആയപ്പോള്‍ അത് മാറ്റാനായി ഞാന്‍ പല തവണ വിദ്യാഭ്യാസ വകുപ്പ് അധികൃതരേയും കളക്ടറേയുമെല്ലാം കണ്ടു. പക്ഷെ അത് മാറ്റാനാവില്ല എന്ന മറുപടിയാണ് ലഭിച്ചത്. അത് ശരിയായി കിട്ടുകയാണെങ്കില്‍ ആ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ചെയ്യാന്‍ സഹായകരമാകും.'

http://www.azhimukham.com/offbeat-migrant-labors-children-says-thanks-to-kerala-for-their-education/

http://www.azhimukham.com/kerala-migrant-labours-killed-in-kerala-another-hate-campaign-deeshna/

http://www.azhimukham.com/news-wrap-migrant-labours-killed-in-kerala-another-hate-campaign-sajukomban/

http://www.azhimukham.com/jisha-murder-hate-campaign-against-migrant-labours/

http://www.azhimukham.com/migrant-labours-statement-by-sugathakumari-racism-culrure-controversy-prameela-govind/


Next Story

Related Stories