TopTop

അത്ര ഗ്രാമീണനല്ല എംഎം മണി

അത്ര ഗ്രാമീണനല്ല എംഎം മണി
“ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്തിടത്താണ്. അത് പൊളിക്കാന്‍ ഒരു കോന്തന്‍ വന്നാല്‍ അവന് തലയ്ക്ക് സുഖമില്ല. അവനെ ഊളമ്പാറയ്ക്ക് വിടണം.” ഇത് ഏതെങ്കിലും പാര്‍ട്ടിയുടെ ഒരു പ്രാദേശിക നേതാവിന്റെ പ്രസ്താവനയല്ല. കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് മന്ത്രിയുടെ ഇന്നലത്തെ പ്രസ്താവനയാണ്. അദ്ദേഹം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നേര്‍ പ്രതിനിധിയാണെന്നും അതുകൊണ്ടാണ് ഈ മാതിരി ഭാഷ ഉപയോഗിക്കുന്നതും എന്നാണ് താത്വിക വിശകലനം. മുന്‍പ് പലര്‍ക്കും ഈ വിശകലനം സുഖിച്ചിരുന്നു. അതിങ്ങനെ ആവര്‍ത്തിച്ചു വന്നപ്പോള്‍ ഇപ്പോള്‍ തത്ക്കാലം ആ താത്വിക ന്യായീകരണം പരണത്ത് വെച്ചിരിക്കുകയാണ്.

ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതമന്ത്രി എം എം മണി കഴിഞ്ഞ കുറേ ദിവസങ്ങളിലായി നല്ല ഫോമിലാണ്. പ്രത്യേകിച്ചും മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുതല്‍ മൂപ്പര്‍ കത്തിക്കയറുകയാണ്. സാധാരണ തെരഞ്ഞെടുപ്പു പ്രസംഗങ്ങള്‍ കൊണ്ട് മാധ്യമ ശ്രദ്ധ നേടി എടുക്കുന്നത് സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനാണ്. ഇത്തവണ മന്ത്രി മണി വിഎസിനെയും കടത്തിവെട്ടിക്കളഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് കാലത്ത് മണിയാശാന്‍റെ ടാര്‍ജറ്റ് സ്വാശ്രയ ലാഭക്കൊതിയന്‍മാര്‍ കൊന്ന ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവുമായിരുന്നു. മഹിജ ബിജെപിയുടെയും യുഡിഎഫിന്റെയും കയ്യിലാണെന്നും ജിഷ്ണുവിന്റെ പിതാവ് സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ തിരികെ തരുന്നത് രമേശ് ചെന്നിത്തലയുടെ സഹായം കൊണ്ടാകും എന്നുമായിരുന്നു മണിയുടെ അന്നത്തെ പ്രസ്താവന. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദനയ്ക്ക് കൊടുക്കേണ്ട മനുഷ്യത്വപരമായ പരിഗണന കൊടുക്കാതെ ആയിരുന്നു ആ വാക്കുകള്‍.

Read More: പ്രായം, ഗ്രാമീണം, വിപ്ലവത്തഴമ്പ്, പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആശാന്മാരും

മൂന്നാറിലെ കയേറ്റം ഒഴിപ്പിക്കാന്‍ ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചത് മുതല്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പലതരത്തിലുള്ള പ്രകോപന പ്രസ്താവനകളുമായി എംഎം മണി രംഗത്തുണ്ട്. സബ് കളക്ടര്‍ കുരിശ് പൊളിച്ചത് ആര്‍എസ്എസുകാര്‍ പറഞ്ഞിട്ടാണെന്നാണ് മന്ത്രിയുടെ പുതിയ കണ്ടെത്തല്‍. അയോധ്യയില്‍ പള്ളി പൊളിച്ചത് പോലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും മണി അഭിപ്രായപ്പെടുകയുണ്ടായി.

ശത്രുവിനെ തളര്‍ത്തി തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ പല നീക്കങ്ങളും നടത്തും. അതിലൊന്നാണ് പ്രകോപനപരമായ ഇത്തരം പ്രസ്താവനകള്‍. ദേവികുളം സബ് കളക്ടര്‍ ഇപ്പോള്‍ ഇടുക്കി സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവാണ്. അദ്ദേഹത്തെ മൂന്നാറില്‍ നിന്നു കെട്ടുകെട്ടിക്കുക എന്നതാണ് സിപിഎമ്മിന്റെ മുഖ്യ അജണ്ട. പക്ഷേ, അത് നടപ്പിലാക്കാന്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ ആഴം എന്തെന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ എങ്കിലും മനസിലാക്കേണ്ടതല്ലേ. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് സബ് കളക്ടര്‍ പ്രവര്‍ത്തിക്കുന്നത് സംഘപരിവാര്‍ പറഞ്ഞിട്ടാണ് എന്നു മണി ആരോപിക്കുന്നത്. അങ്ങനെ എന്തെങ്കിലും ഒരു തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെങ്കില്‍ പുഷ്പം പോലെ സബ് കളക്ടറെ അവിടുന്നു മാറ്റാന്‍ എന്താണ് ഇടതു ഗവണ്‍മെന്റിന് തടസം. അല്ലെങ്കില്‍ തന്നെ സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് പുരപ്പുറത്ത് നിന്ന് വിളിച്ചുകൂവുന്നത് എന്ന് ഈ മന്ത്രിക്ക് ആരും പറഞ്ഞു കൊടുക്കാത്തത് എന്താണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലങ്ങളില്‍ ബിജെപി നുഴഞ്ഞു കയറി കളിക്കുകയാണ് എങ്കില്‍ അത് തെളിവ് സഹിതം ജനങ്ങളുടെ മുന്‍പില്‍ തുറന്നു കാണിക്കേണ്ടതല്ലേ? അപ്പോള്‍ അത്തരം തെളിവുകളുടെ അഭാവത്തില്‍ ഇത് വെറും മൈതാന പ്രസ്താവനകള്‍ മാത്രമാണ് എന്നു കരുതേണ്ടി വരും.

Read More: അകത്തുള്ളവരും പുറത്തുള്ളവരും അഥവാ മണിയാശാനും ട്രംപും തമ്മിലെന്ത്?

സംസ്ഥാനത്ത് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രിയാണ് എംഎം മണി. ആ പദവിയിലിരിക്കുന്നവര്‍ സംസാരിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴുമൊക്കെ പാലിക്കേണ്ട കരുതലും ഉത്തരവാദിത്തവും മറന്നുകൊണ്ട് ഒരാള്‍ മുന്നോട്ടു പോവുകയാണെങ്കില്‍ ആ പദവിയിലിരിക്കാന്‍ അയാള്‍ യോഗ്യനല്ല എന്നാണ് അര്‍ഥം. പൊതുപ്രസംഗങ്ങളില്‍ എന്തും വിളിച്ചു പറയാം എന്നത് അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് ഒട്ടും ഭൂഷണമല്ല; ജനം കയ്യടിക്കും എന്നതാകരുത് അതിന്റെ മാനദണ്ഡം. 'ക്ലാസ് മുറിയുടെ കതകടച്ചു പഠിപ്പിക്കുകയാണെന്നു പറയുന്ന പോളി ടെക്നിക്ക് പ്രിന്‍സിപ്പാളിന് ഒരുമാതിരി സൂക്കേടാണ്' തുടങ്ങിയ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തിയ മണിയെ അന്നൊക്കെ ഒരു ഗ്രാമീണ ശുദ്ധ മനസ് എന്ന വാദം കൊണ്ട് ന്യായീകരിച്ചവര്‍ മനസിലാക്കേണ്ട ഒന്ന് ഗ്രാമീണനായാലും നഗരവാസിയായാലും ഇത്തരം തോന്ന്യാസങ്ങള്‍ പറയുന്നത് തെറ്റാണ് എന്നു തന്നെയാണ്. മന്ത്രിക്കസേരയില്‍ ഇരുന്ന് ആളുകളെ ഊളമ്പാറയ്ക്കു വിടണമെന്നൊക്കെ പറയുമ്പോള്‍ അയാള്‍ ചെയ്യുന്നത് ഇരിക്കുന്ന പദവി ഏതാണ് എന്നു മറന്നു പോകലാണ്. മനുഷ്യരുടെ അന്തസും ആത്മാഭിമാനവും ചോദ്യം ചെയ്യാന്‍ മന്ത്രിക്കെന്നല്ല, ആര്‍ക്കും അവകാശവുമില്ല.

Read More: മൂന്നാറില്‍ സിപിഎം സംഘപരിവാറിന് പരവതാനി വിരിക്കുമ്പോള്‍

ഇനിയും മണിയാശാന്റെ ഗ്രാമീണ ബിംബ കല്‍പ്പനയില്‍ തൂങ്ങി ന്യായീകരണം തൊഴിലാക്കിയവര്‍ക്ക് മുന്‍പോട്ട് പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം നമ്മുടെ നാട്ടിലെ ഗ്രാമീണര്‍ അത്ര മോശക്കാരല്ല; അത്ര ജനാധിപത്യ ബോധമില്ലാത്തവരും അല്ല. പി സി ജോര്‍ജ്ജ് പണ്ട് ഇതു പോലെയുള്ള 'ഗ്രാമ്യഭാഷ' ഉപയോഗിച്ചപ്പോള്‍ മുറവിളി കൂട്ടിയവരാണ് മണിയാശാന്റെ പാര്‍ട്ടി എന്ന കാര്യം മറന്നു പോകരുത്.


Next Story

Related Stories