Top

പ്രധാനമന്ത്രീ, മനുഷ്യരുടെ ജീവന്‍ രക്ഷിക്കൂ, ഇനിയെങ്കിലും

പ്രധാനമന്ത്രീ, മനുഷ്യരുടെ ജീവന്‍ രക്ഷിക്കൂ, ഇനിയെങ്കിലും
"ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ… ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്… എൻറെ നാട്ടുകാര് മരിച്ചുപോകും. എൻറെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്… എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങൾക്കൊന്നും ചെയ്യാനാകുന്നില്ല. എൻറെ വണ്ടിയടക്കം നിലയില്ലാവെള്ളത്തിൽ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്…പ്ലീസ്… പ്ലീസ്… പ്ലീസ്….” പ്രളയ ബാധിത മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്താന്‍ കേരളത്തിലേക്ക് പ്രധാനമന്ത്രി യാത്ര തിരിച്ച അതേ മണിക്കൂറുകളിലാണ് ചെങ്ങന്നൂര്‍ എം എല്‍ എ സജി ചെറിയാന്റെ ഈ നിലവിളി മാധ്യമങ്ങളിലൂടെ കേരളം കേട്ടത്.

പിന്നീട് സജി ചെറിയാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു;

സുഹൃത്തുക്കളെ,
ചെങ്ങന്നൂരിന് സഹായം ആവശ്യമാണ്‌. എനിക്ക് പലരും സഹായം അഭ്യര്‍ഥിച്ചു അയക്കുന്ന മെസേജുകള്‍ ഈ പോസ്റ്റില്‍ കമന്റ് ആയി ഞാന്‍ എഴുതാം. അതിലെ വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവര്‍ക്ക് വേണ്ടി ഇടപെടുക.
അവര്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്നത് നിങ്ങള്‍ റിപ്ലെ കമന്റില്‍ എഴുതുക. അവരുടെ സുരക്ഷ ഉറപ്പാക്കും വരെ ഫോളോഅപ്പ്‌ ചെയ്യുക. അതും റിപ്ലേ ആയി നിങ്ങള്‍ എഴുതുക.
കൈയിലുള്ളതും പലരും ഷെയര്‍ ചെയ്യുന്നതുമായ പല നമ്പറുകളിലും ബന്ധപ്പെടാം. സഹായം അഭ്യര്‍ഥിക്കാം. എങ്ങനെയെങ്കിലും സുരക്ഷ ഉറപ്പാക്കണം.
ഈ പ്രവര്‍ത്തനം വഴി ദുരന്തത്തിന്‍റെ അളവ് കുറയ്ക്കാം.
ദയവ് ചെയ്ത് സഹകരിക്കുക.ചെങ്ങന്നൂര്‍ എം എല്‍ എ ആയ സജി ചെറിയാന്‍റെ ഈ നിലവിളി ചെങ്ങന്നൂരില്‍ മഹാപ്രളയത്തില്‍ മുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് നിരാലംബരുടെ നിലവിളിയാണ്. ഇന്നലെ രാത്രി മാധ്യമങ്ങളിലൂടെയാണ് സ്ഥലം എംഎല്‍എ കൂടുതല്‍ സൈന്യം വന്നില്ലെങ്കില്‍ ചെങ്ങന്നൂരില്‍ പതിനായിരങ്ങള്‍ മരിച്ചു വീഴുമെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം വെളിപ്പെടുത്തിയത്.

അമ്പതോളമാളുകള്‍ ചെങ്ങന്നൂരില്‍ മരിച്ചതായാണ് സജിചെറിയാന്‍ എംഎല്‍എ നല്‍കിയ വിവരം. ഇന്നലെ ദൗത്യ സംഘം രക്ഷിക്കാനെത്തിയ മൂന്ന് പേര്‍ വീട്ടില്‍ മരിച്ച നിലയിലായിരുന്നു. ഈ സാഹചര്യത്തില്‍ നിരവധി പേര്‍ക്ക് അത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന ഭീതിജനകമായ വാര്‍ത്തയാണ് ചെങ്ങന്നൂര്‍ സ്വദേശികളായവര്‍ കൈമാറുന്നത്.

അതേസമയം രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേന്ദ്ര ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ പറയുന്നത് ഈ മേഖലയിലെ രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമാണ് എന്നാണ്. സൈന്യത്തെ നേരത്തെ തന്നെ ഈ മേഖലയില്‍ ഇറക്കേണ്ടിയിരുന്നു. ദക്ഷിണ കമാന്‍ഡ് പൂര്‍ണ്ണമായും രക്ഷാ ദൌത്യത്തില്‍ ഇറങ്ങിയാല്‍ മാത്രമേ ആളുകളെ പൂര്‍ണ്ണമായും രക്ഷിക്കാന്‍ കഴിയുകയുള്ളൂ.

കഴിഞ്ഞ മൂന്നു ദിവസമായി ഇവിടെ വൈദ്യുതിയില്ല. കഴിക്കാന്‍ ഭക്ഷണമില്ല, കുടിവെള്ളമില്ല. ഇരു നില വിടുകളില്‍ പെട്ടുപോയവര്‍ക്ക് രക്ഷാപ്രവര്‍ത്തനനത്തിനെത്തുന്നവര്‍ക്ക് കാണാവുന്ന തരത്തില്‍ നില്‍ക്കാന്‍ ഓപണ്‍ ടെറസുകള്‍ പോലുമില്ല. രക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് ഈ മേഖലയില്‍ ന്നിന്നു വന്നുകൊണ്ടിരിക്കുന്നത്.
മൂന്ന് ദിവസമായി ആയിരക്കണക്കിനാളുകള്‍ സഹായമഭ്യര്‍ഥിച്ച് സന്ദേശങ്ങള്‍ കൈമാറിയിരുന്നെങ്കിലും വളരെ ചുരുക്കം പേരെ മാത്രമാണ് ദൗത്യസംഘത്തിന് രക്ഷിക്കാനായത്. കുടിവെള്ളം പോലുമില്ലാതെ വീടുകളുടെ രണ്ടാം നിലകളിലും ടെറസ്സിലും നില്‍ക്കുകയാണെന്നും രക്ഷിക്കണമെന്നുമുള്ള സന്ദേശങ്ങള്‍ ചെങ്ങന്നൂരില്‍ നിന്നെത്തിക്കൊണ്ടേയിരുന്നു. എന്നാല്‍ ഇന്ന് സന്ദേശമയക്കാനോ സഹായമഭ്യര്‍ഥിക്കാനോ ഫോണുകള്‍ പോലുമില്ല. കുടിവെള്ളം കിട്ടാതെ ഗര്‍ഭിണിയായ സ്ത്രീയും കുട്ടികളും പ്രായമായവരുമടക്കം ആയിരക്കണക്കിനാളുകളാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. അരലക്ഷത്തിലധികമാളുകള്‍ ഇനിയും ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഒറ്റ നിലകളുള്ള വീടുകള്‍ പലയിടത്തും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അവിടങ്ങളില്‍ താമസിച്ചിരുന്നവരെ പൂര്‍ണമായും രക്ഷപെടുത്താനുമായിട്ടില്ല. ഇത് സ്ഥിതി അത്യന്തം ഗുരുതരമാക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. ടെറസിലും രണ്ടാം നിലകളിലും നിലയുറപ്പിച്ചവര്‍ക്ക് പോലും നാല് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ എങ്ങനെ ആരോഗ്യത്തോടെ തുടരാനാവുമെന്നതും ആശങ്കയുയര്‍ത്തുന്നു.

പുഴകളിലെ ഒഴുക്ക് ശക്തമായി തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നത്. ഇന്നലെ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്ത മൂന്ന് പേരടങ്ങുന്ന കുടുംബം മൂന്ന് ദിവസം മുമ്പ് അധികൃതരുടെ സഹാമഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിരുന്നതിനാല്‍ രണ്ട് ദിവസം മുമ്പ് ഇവിടെയെത്തിയ രക്ഷാപ്രവര്‍ത്തക സംഘത്തിന് ഇവരുടെ വീട്ടിലേക്ക് എത്താന്‍ കഴിഞ്ഞില്ല. ഇന്ന് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയപ്പോഴാണ് മൂവരേയും വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ശോശാമ്മ, മക്കളായ ബെന്നി, ബേബി എന്നിവരാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരില്‍ ഒരാളായ ബെന്നി കിടപ്പുരോഗിയാണ്.

മത്സ്യബന്ധന ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഒഴുക്ക് ശക്തമായതിനാല്‍ പര്യാപ്തമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാവുന്നില്ല. ഇന്നലെ ചിലയിടങ്ങളില്‍ ഭാഗികമായി ഭക്ഷണ വിതരണം ഉണ്ടായിരുന്നെങ്കിലും മുഴുവന്‍ പേരിലേക്കും ഇത് എത്തിക്കാനുമായിട്ടില്ല.

കല്ലിശ്ശേരി, പാണ്ടനാട് മേഖലകളിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്. പമ്പ നദിയോട് ചേര്‍ന്നുകിടക്കുന്ന പ്രയാര്‍, കല്ലിശ്ശേരി, കുട്ടിറോഡ്, മുറിയാനിക്കര, അട്ടക്കുഴിപ്പാടം എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്. ചെങ്ങന്നുര്‍ നഗരത്തിനപ്പുറം തിരുവന്‍വണ്ടുര്‍ ഉള്‍പ്പെടെയുള്ള ഉള്‍പ്രദേശങ്ങളിലെക്ക് ചെറിയ വള്ളങ്ങള്‍ മാത്രം പോവുന്ന വഴികളിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്.

പന്തളത്ത് അടക്കം വെള്ളം ഉയരാന്‍ ഇടയാക്കിയ അച്ചകോവിലാറില്‍ ജലനിരപ്പുയര്‍ന്നതും,  ദിവസങ്ങളായായി കരകവിഞ്ഞൊഴുകിയ പമ്പ, മണിമലയാര്‍ എന്നിവിടങ്ങളിലെ വെള്ളവും ചെങ്ങന്നൂര്‍ മേഖലയിലേക്ക് എത്തിയതാണ് ഇവിടങ്ങളില്‍ സ്ഥിതി രൂക്ഷമാക്കാനിടയാക്കിയത്. 12 അടിയോളമാണ് ഇവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്. ഇതോടെ വീടുകളിലെ രണ്ടാം നിലയിലടക്കം വെള്ളം കയറിയനിലയാണ് ഇവിടെയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിത്രമഠം പാലത്തിന് ഇരുകരകളിലുള്ള പ്രദേശങ്ങളിലാണ് നിലവില്‍ കടുത്ത വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. മുന്നാം നിലയിലടക്കം വെള്ളം കയറിയ നിലയിലാണ് ഇവിടങ്ങളിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായുള്ള അറിയിപ്പുകള്‍ ലഭിക്കുമ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ ബുധനൂര്‍- പാണ്ടനാട് മേഖലയില്‍ കേന്ദ്രീകരിച്ചതും കല്ലിശ്ശേരി മേഖലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയതായി സ്ഥലത്തെ കുറിച്ച് ധാരണയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇനിയും രക്ഷാ പ്രവര്‍ത്തനം വൈകിയാല്‍ മരണ സംഖ്യ കുതിച്ചുയരും എന്ന കാര്യത്തില്‍ സംശയമില്ല.

ചെങ്ങന്നൂരിന് സമാനമായ സാഹചര്യമാണ് ആലുവയിലും പറവൂരിലും എന്നു അവിടെയുള്ള ജനപ്രതിനിധികളും

https://www.azhimukham.com/keralam-chengannore-situation-worse/

https://www.azhimukham.com/newsupdate-big-disaster-probable-in-chengannur-sajicherian/

Next Story

Related Stories