TopTop
Begin typing your search above and press return to search.

കുഞ്ഞിനെ ആതിര സ്ഥിരമായി ഉപദ്രവിച്ചിരുന്നു, ശ്വാസം നിലച്ച ശേഷവും മരണം ഉറപ്പിക്കാന്‍ അര മണിക്കൂര്‍ കാത്തു

കുഞ്ഞിനെ ആതിര സ്ഥിരമായി ഉപദ്രവിച്ചിരുന്നു, ശ്വാസം നിലച്ച ശേഷവും മരണം ഉറപ്പിക്കാന്‍ അര മണിക്കൂര്‍ കാത്തു

ഒന്ന് കരഞ്ഞാല്‍ പോലും കുഞ്ഞിനെ തല്ലും. അയല്‍ക്കാരോ ബന്ധുക്കളോ കുട്ടിയെ എടുത്താല്‍ അതിന് കയര്‍ക്കും, അതിനും കുഞ്ഞിനെ ഉപദ്രവിക്കും. മോശം വാക്കുകള്‍ പ്രയോഗിച്ച് ഇത്തിരിയില്ലാത്ത കുഞ്ഞ് ജീവനെ വഴക്ക് പറയും. ഒടുവില്‍ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് ആ കുഞ്ഞിനെ കൊന്നു. ശ്വാസം നിലച്ചതിന് ശേഷവും അരമണിക്കൂറോളം കിടപ്പുമുറിയില്‍ തന്നെ കിടത്തി മരണമുറപ്പിച്ചു. ഒരമ്മ കുഞ്ഞിനോട് ചെയ്തതാണിത്. ചെയ്തതെങ്ങനെയെന്നോ അതിന് കാരണമെന്തെന്നോ അവര്‍ ഇതേവരെ പോലീസിനോടും പറഞ്ഞിട്ടില്ല. രണ്ട് മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം സമ്മതിച്ച ആതിരയെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് ഇന്നലെ വൈകിട്ട് മരിച്ചത്.

കുട്ടിയുമായി ഉറങ്ങാന്‍ പോയ ആതിര പിന്നീട് കുഞ്ഞ് അനക്കമറ്റ നിലയില്‍ കിടക്കുന്നു എന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആതിരയും അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് ഏതാണ്ട് 45 മിനിറ്റുകള്‍ക്ക് മുമ്പേ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പോലീസില്‍ അറിയിച്ചു. ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ ഒരുപക്ഷേ പെട്ടെന്ന് ശ്വാസം നിന്ന് പോയി മരണപ്പെടാനുള്ള സാധ്യതകളുണ്ടെങ്കിലും 15 മാസം പ്രായമുള്ള കുട്ടി അത്തരത്തില്‍ മരണപ്പെട്ടതില്‍ സംശയമുണ്ടെന്ന ഡോക്ടര്‍മാരുടെ മൊഴിയില്‍ നിന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ഇന്നലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് പോലീസിന് കൂടുതല്‍ വ്യക്തത ലഭിച്ചത്. കുട്ടിയുടെ വായുടേയും മൂക്കിന്റേയും ഭാഗത്ത് എന്തോ അമര്‍ന്നത് പോലുള്ള പാടുകള്‍ ഫോറന്‍സിക് പരിശോധനയിലും പോസ്റ്റ് മോര്‍ട്ടത്തിലും കണ്ടെത്തി. ചുണ്ടിലുള്ള ചെറിയ മുറിവും സംശയമുണ്ടാക്കി. കുഞ്ഞിന്റെ മൃതദേഹം അടക്കിയതിന് ശേഷമാണ് പോലീസ് കുഞ്ഞിന്റെ അച്ഛനേയും അമ്മയേയും ബന്ധുക്കളേയും നാട്ടുകാരേയും ചോദ്യം ചെയ്തത്. അയല്‍വാസികളും ബന്ധുക്കളും കുട്ടിയുടെ അമ്മയ്‌ക്കെതിരായാണ് മൊഴി നല്‍കിയത്. കുട്ടിയെ അമ്മ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പോലീസിനോട് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഇരിക്കുമ്പോഴാണ് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഉറക്കാനെന്ന് പറഞ്ഞ് ആരതി എടുത്തുകൊണ്ടു പോവുന്നത്. മുമ്പ് പലതവണ താന്‍ കുട്ടിയെ കൊല്ലുമെന്ന് അമ്മ പറഞ്ഞിട്ടുള്ളതായും മൊഴിയുണ്ട്.

ഒരു വയസ്സിനുള്ളില്‍ ആറ് ദിവസം ജയിലിലും കിടക്കേണ്ടി വന്നു ആ കുഞ്ഞിന്. ഷാരോണിന്റെ അമ്മയെ തല്ലിയ കേസില്‍ ഷാരോണും ആതിരയും പ്രതികളായിരുന്നു. ഇവര്‍ ആറ് ദിവസം ജയില്‍ ശിക്ഷയനുഭവിച്ചപ്പോള്‍ കുഞ്ഞിനും ആതിരയ്‌ക്കൊപ്പം ജയിലില്‍ കഴിയേണ്ടി വന്നു. രണ്ട് മാസമുള്ളപ്പോള്‍ കുഞ്ഞിനെ ഉപദ്രവിച്ചതിന് കുട്ടിയുടെ അമ്മയ്‌ക്കെതിരെ അമ്മൂമ്മ പോലീസില്‍ കേസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് പോലീസ് ആരതിയേയും പരാതി നല്‍കിയ ആരതിയുടെ ഭര്‍ത്താവിന്റെ അമ്മയേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് തമ്മില്‍ വഴക്ക് പരിഹരിക്കണമെന്ന് പറഞ്ഞ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. അന്ന് പോലീസ് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നും അവര്‍ പറയുന്നു. സാഹചര്യത്തെളിവുകളും മാെഴികളും ചേര്‍ത്ത് വച്ചായിരുന്നു പോലീസ് ആരതിയേയും ഷാരോണിനേയും ചോദ്യം ചെയ്തത്. കുഞ്ഞിന്റെ അച്ഛന്‍ സംഭവം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നോ എന്നതിനും സംഭവത്തില്‍ പങ്കുണ്ടോ എന്നതിനും പോലീസിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

Read More: ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍


Next Story

Related Stories