UPDATES

ട്രെന്‍ഡിങ്ങ്

മോദിയ്‌ക്കെതിരായി കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ലെന്ന് വ്യക്തമായെന്ന് എസ് ഡി പി ഐ; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം ഇങ്ങനെയാകണമെന്നില്ലെന്ന് ജമാ അത്ത്

മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍, കാലങ്ങളായി സി.പി.എമ്മിനു പോയിരുന്ന വോട്ടുകള്‍ ഇത്തവണ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടു എന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ്

ശ്രീഷ്മ

ശ്രീഷ്മ

ജനാധിപത്യത്തിന്റെ തെരഞ്ഞെടുപ്പുത്സവത്തിന് ഇന്നലെ തിരശ്ശീല വീണു കഴിഞ്ഞു. കേന്ദ്രത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താനുള്ള അരങ്ങൊരുങ്ങുമ്പോള്‍, കേരളത്തില്‍ ചര്‍ച്ചയാകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തകര്‍ച്ച തന്നെയാണ്. ആലപ്പുഴയിലെ ആശ്വാസജയത്തിലൊതുങ്ങിയിരിക്കുകയാണ് സംസ്ഥാനത്തെ ഇടതുപക്ഷം. യു.ഡി.എഫിനു നേടാനായിട്ടുള്ള നിര്‍ണായക വിജയങ്ങളേക്കാള്‍ കണക്കിലെടുക്കേണ്ടത്, ഒട്ടും പ്രതീക്ഷിക്കാത്തയിടങ്ങളില്‍പ്പോലും ലഭിച്ച ഭീമമായ ഭൂരിപക്ഷമാണ്. വയനാട്ടില്‍ നാലേകാല്‍ ലക്ഷത്തിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയിച്ചു കയറിയത്.

കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായിരുന്ന വയനാട്ടില്‍, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കപ്പെട്ട രാഹുല്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയം തൊടുന്നത് അപ്രതീക്ഷിതമല്ലെങ്കില്‍പ്പോലും, മറ്റിടങ്ങളിലെ സ്ഥിതി അതല്ല. ഇഞ്ചോടിഞ്ചു പോരാട്ടം പ്രതീക്ഷിച്ച കണ്ണൂരിലും, ജയമായാലും പരാജയമായാലും ചെറിയ ഭൂരിപക്ഷത്തിനായിരിക്കും എന്നു നിരീക്ഷകര്‍ കണക്കുകൂട്ടിയിരുന്ന വടകരയിലും കോഴിക്കോടും, ഇടതിന്റെ ഉറച്ച കോട്ടയായി വിലയിരുത്തപ്പെട്ട ആലത്തൂരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് വളരെ വലിയ ഭൂരിപക്ഷത്തിലാണ്.

വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ ഇത്തരത്തിലൊരു വോട്ടൊഴുക്ക് സംഭവിച്ചത് എങ്ങിനെയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. കണ്ണൂരില്‍ സി.കെ. പത്മനാഭനടക്കമുള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിരുന്നോ എന്ന സംശയം ഉയരുന്നുണ്ടെന്നത് വാസ്തവമാണെങ്കിലും, യു.ഡി.എഫിന് ഇത്രമേല്‍ ആധിപത്യം നല്‍കാനുള്ള വോട്ടുകളൊന്നും ബി.ജെ.പി പാളയത്തില്‍ നിന്നും മറിഞ്ഞിട്ടില്ലെന്നത് കണക്കുകളില്‍ നിന്നും വ്യക്തമാണ്. പാലക്കാട് പോലെ ബി.ജെ.പി സജീവമായി പ്രവര്‍ത്തിച്ചിരുന്ന മണ്ഡലങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു നില കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടുതാനും. സ്വാഭാവികമായും വോട്ടുകള്‍ നഷ്ടപ്പെട്ടത് ഇടതുപക്ഷത്തിന്റെ ക്യാമ്പുകളില്‍ നിന്നു തന്നെയാണെന്നായിരിക്കും പ്രാഥമിക വിലയിരുത്തല്‍. ധര്‍മടവും തളിപ്പറമ്പും മട്ടന്നൂരും കല്ല്യാശ്ശേരിയും പോലുള്ള പരമ്പരാഗത സി.പി.എം അനുകൂല നിയമസഭാമണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നേട്ടമുണ്ടാക്കുമ്പോള്‍ ആ വിലയിരുത്തല്‍ സാധുവാണുതാനും.

എന്നാല്‍, വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന്റെ അക്കൗണ്ടിലേക്ക് വീണുകൊണ്ടിരുന്ന വോട്ടുകള്‍ വഴിതിരിഞ്ഞുപോയതിനു പിന്നില്‍ പല കാരണങ്ങളുണ്ടായേക്കാം. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാകുന്ന മണ്ഡലങ്ങളിലാണ് സി.പി.എമ്മിന് ഇത്തവണ നഷ്ടം സംഭവിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ തിരിച്ചറിയാവുന്നതേയുള്ളൂ. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍, കാലങ്ങളായി സി.പി.എമ്മിനു പോയിരുന്ന വോട്ടുകള്‍ ഇത്തവണ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടു എന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. സി.പി.എമ്മിന്റെ കേന്ദ്രങ്ങള്‍ എന്നറിയപ്പെട്ടയിടങ്ങളില്‍ ഇത്തരത്തില്‍ മുസ്ലിം വോട്ടുകള്‍ കൂട്ടമായി നഷ്ടപ്പെട്ടപ്പോള്‍, സ്വാഭാവികമായും ഇവിടങ്ങളിലെല്ലാം അട്ടമറി വിജയം യു.ഡി.എഫിന്റെ കൈപ്പിടിയിലൊതുങ്ങി.

കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷങ്ങളായി സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ മാത്രം പാര്‍ലമെന്റിലേക്കയച്ച ചരിത്രമുള്ള കാസര്‍കോട് മണ്ഡലത്തില്‍, ഇത്തവണ പയ്യന്നൂരില്‍ മാത്രമാണ് സി.പി.എമ്മിന് വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിച്ചിട്ടുള്ളത്. യു.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കമുള്ള മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ക്കൊപ്പം, ഉദുമയിലും രാജ്‌മോഹന്‍ ഉണ്ണിത്താന് ലീഡ് നേടാന്‍ സാധിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളില്‍ സി.പി.എം തന്നെയാണ് ഇത്തവണയും മുന്നിട്ടു നിന്നതെങ്കിലും, ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. മുസ്ലിം സമുദായത്തിന് സ്വാധീനമുള്ള പ്രദേശമായ കല്യാശ്ശേരി ഉദാഹരണമായെടുത്താല്‍, ഏകദേശം പതിനായിരത്തോളം വോട്ടുകളുടെ കുറവാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തെ അപേക്ഷിച്ച് സി.പി.എമ്മിന് നഷ്ടമായിട്ടുള്ളത്. പരമ്പരാഗത സി.പി.എം മണ്ഡലമായി കണക്കാക്കപ്പെട്ടിരുന്ന കല്യാശ്ശേരിയില്‍ ഇത്തവണ കെ.പി. സതീഷ് ചന്ദ്രന്റെ ഭൂരിപക്ഷം 13,694 മാത്രമാണ്. 2016ല്‍ ടി.വി രാജേഷിന് 22,782 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിട്ടുള്ളിടത്താണിത്.

കണ്ണൂരിലും സ്ഥിതി വ്യത്യസ്തമല്ല. സി.പി.എമ്മിന്റെ ഉറച്ച കോട്ടകള്‍ ഉള്‍പ്പെട്ട കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍, പ്രധാനപ്പെട്ട സി.പി.എം കേന്ദ്രങ്ങളിലടക്കം കെ. സുധാകരന്‍ മുന്നേറ്റമുണ്ടാക്കിയിരുന്നു. തളിപ്പറമ്പും മട്ടന്നൂരും ധര്‍മടവുമടക്കം കെ. സുധാകരനായിരുന്നു ഭൂരിപക്ഷം. ഇവയില്‍ത്തന്നെ, മുസ്ലിം വോട്ടര്‍മാര്‍ക്ക് നല്ല സ്വാധീനമുള്ള ധര്‍മടത്തും മട്ടന്നൂരിലും വലിയ തിരിച്ചടിയാണ് സി.പി.എമ്മിന് നേരിട്ടിട്ടുള്ളത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയനെ മുപ്പത്തിയാറായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് ജയിപ്പിച്ച് നിയമസഭയിലെത്തിച്ച ധര്‍മടത്ത് ഇത്തവണ പി.കെ. ശ്രീമതിയ്ക്കു ലഭിച്ചിട്ടുള്ളത് വെറും 4,099 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പെടുത്താലും, 14,961 വോട്ടിന്റെ ഭൂരിപക്ഷം ധര്‍മടത്തുനിന്നും സി.പി.എമ്മിനു ലഭിച്ചിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 43,381 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മട്ടന്നൂരിലും ഇതു തന്നെയാണ് ഇത്തവണ സി.പി.ഐ.എമ്മിന്റെ അവസ്ഥ. മറ്റിടങ്ങളിലേക്കാള്‍ ഇവിടങ്ങളിലെ വോട്ടു ഷെയറില്‍ വന്ന ഇടിവ് മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെട്ടതിന്റെ ഫലമായിത്തന്നെ കാണേണ്ടതുണ്ട്.

വടകരയിലും കോഴിക്കോട്ടും ഇതേ ട്രെന്റ് തന്നെയാണ് വോട്ടൊഴുക്കില്‍ ആവര്‍ത്തിക്കുന്നത്. ഇടതുപക്ഷ കോട്ടകളായ, എന്നാല്‍ മുസ്ലിം സ്വാധീന പ്രദേശങ്ങളായ നാദാപുരത്തും തലശ്ശേരിയിലും ഞെട്ടിപ്പിക്കുന്ന നഷ്ടമാണ് സി.പി.എമ്മിന് നേരിട്ടിരിക്കുന്നത്. 4759 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്തിനൊപ്പം നിന്ന നാദാപുരത്ത്, കെ.മുരളീധരന് നേടാനായത് 17,596 വോട്ടിന്റെ ഭീമന്‍ ഭൂരിപക്ഷമാണ്. 2016ല്‍ തലശ്ശേരിയില്‍ നിന്നും ഇടതുപക്ഷം നേടിയ 34,117 വോട്ടിന്റെ ഭൂരിപക്ഷമാകട്ടെ, ഇത്തവണ 11,469ലേക്ക് കൂപ്പുകുത്തി. പി. ജയരാജനെപ്പോലെ പ്രവര്‍ത്തകര്‍ക്കിടയില്‍ ജനകീയനായ ഒരു സി.പി.എം നേതാവിന് തലശ്ശേരിയില്‍ നിന്നും കിട്ടേണ്ട ഭൂരിപക്ഷത്തില്‍ ഇത്ര വലിയ ഇടിവുണ്ടായിരിക്കുന്നത് കണക്കിലെടുക്കാതിരിക്കാനാകില്ല. വടകരയിലും ഇടതുകോട്ടകളില്‍ നിന്നും പുറത്തുപോയ വോട്ടുകള്‍ മുസ്ലിം വോട്ടര്‍മാരുടേത് തന്നെയാണെന്നാണ് ഈ കണക്കുകളും സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലും യു.ഡി.എഫിനൊപ്പം നിന്ന കോഴിക്കോട്ട്, എ. പ്രദീപ്കുമാറിനു നേരിട്ട വലിയ തോല്‍വിയില്‍ നിര്‍ണായകമായതും മുസ്ലിം വോട്ടുകള്‍ തന്നെ. കൊടുവള്ളിയില്‍ 35,908 വോട്ടിന്റെ ഭൂരിപക്ഷം എം.കെ രാഘവനു ലഭിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 573 വോട്ടിന്റെ നേരിയ ഭൂരിപക്ഷം ഇടതുപക്ഷത്തിനുണ്ടായിരുന്ന കൊടുവള്ളിയില്‍ ഇത്ര വ്യക്തമായ ഭൂരിപക്ഷം യു.ഡി.എഫ് പിടിക്കുമെന്നും ഇരുപാളയങ്ങളും കണക്കുകൂട്ടിയിരുന്നില്ല എന്നതാണ് വാസ്തവം. 2016ല്‍ ഇടതുപക്ഷത്തിന് 14,363 വോട്ടുകളുടെ ഭൂരിപക്ഷം നേടിക്കൊടുത്ത ബേപ്പൂരും ഇത്തവണ 10,423 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യു.ഡി.എഫിനൊപ്പം നിന്നു. രണ്ടും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തെ അതിശയിപ്പിച്ച യു.ഡി.എഫ് വിജയങ്ങളിലൊന്ന് പാലക്കാട്ടേതു തന്നെയായിരുന്നു. എം.ബി രാജേഷിന്റെ വിജയം ഏറെക്കുറെ ഉറപ്പായിരുന്ന പാലക്കാട്ട് വി.കെ ശ്രീകണ്ഠന്‍ വിജയം കണ്ടതിനു പിന്നിലും മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തന്നെയാണ്. മണ്ണാര്‍ക്കാട്ടും പട്ടാമ്പിയിലും ഇത്തരത്തില്‍ ഒന്നിച്ചുവന്ന മുസ്ലിം വോട്ടുകളാണ് ശ്രീകണ്ഠന്റെ അട്ടിമറി വിജയത്തിന് സഹായമായത്. പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി മണ്ഡലങ്ങളിലായിരുന്നു ശ്രീകണ്ഠന് ഭൂരിപക്ഷം ലഭിച്ചത്.

വടക്കന്‍ കേരളത്തിലെ ഈ മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, യു.ഡി.എഫിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ തന്നെയാണെന്നതാണ്. കാലങ്ങളായി ഇടതുപക്ഷത്തിനു ലഭിച്ചുകൊണ്ടിരുന്ന ഈ വോട്ടുകള്‍ പല ദേശീയ, പ്രാദേശിക കാരണങ്ങളാല്‍ യു.ഡി.എഫിന് അനുകൂലമായി ഒന്നിച്ച ഒരു പാറ്റേണ്‍ ഈ കണക്കുകളില്‍ നിന്നും വ്യക്തവുമാണ്. ജമാഅത്ത് ഇസ്ലാമി അടക്കമുള്ള മുസ്ലിം സംഘടനകള്‍ ഇത്തരത്തില്‍ വോട്ട് ഏകീകരിക്കാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്രത്തിലെ മോദി ഭരണത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന പ്രചാരണം മുസ്ലിം സംഘടനകളുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ജമാഅത്ത് ഇസ്ലാമി കേരളയുടെ സംസ്ഥാന ഉപാധ്യക്ഷനായ ശൈഖ് മുഹമ്മദ് കാരക്കുന്നിലിന്റെ പ്രതികരണം. ‘മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരിക്കുകയും പകരം ഒരു ഭരണം വരികയും ചെയ്യണമെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം ജയിച്ചുവന്നാലേ സാധിക്കുകയുള്ളൂ. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിക്ക് അതിനു സാധിക്കില്ലല്ലോ. അതുകൊണ്ട് ഭരണമാറ്റം ആഗ്രഹിക്കുന്നവര്‍ സ്വാഭാവികമായും യു.ഡി.എഫിന് വോട്ടു ചെയ്യും. കേരളത്തിലെ മുസ്ലിങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നവരാണ്. ഈ ഉറച്ച ബോധ്യമാണ് ഇത്തരത്തിലുള്ള വോട്ടൊഴുക്കിന് കാരണമായത്. വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ളവര്‍ ഭരണമാറ്റത്തിനായി കോണ്‍ഗ്രസിനു വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാ കാലത്തും ഇതിങ്ങനെ തുടരണമെന്നില്ല. ഇനിയൊരു നിയമസഭാ തെരഞ്ഞെടുപ്പു വന്നാല്‍ ഫലം ഇങ്ങനെയാകണമെന്നുമില്ല.’

അതേസമയം, മോദിയ്‌ക്കെതിരായി ഏകീകരിച്ച മുസ്ലിം വോട്ടുകള്‍ യു.ഡി.എഫിന്റെ അക്കൗണ്ടില്‍ പോയിട്ടുണ്ടാകാമെന്നും, അങ്ങിനെ പോയവയില്‍ തങ്ങള്‍ക്കു ലഭിക്കേണ്ട വോട്ടുകളും ഉണ്ടെന്നുമാണ് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജിദ് ഫൈസിയുടെ പക്ഷം. മോദി വിരുദ്ധ സര്‍ക്കാരിനെക്കുറിച്ച് സംസാരിച്ച് മുസ്ലിം വോട്ടുകള്‍ യു.ഡി.എഫ് ഏകോപിപ്പിച്ചെന്നും, ഒരുതരത്തില്‍ അത് വഞ്ചനയായിരുന്നെന്നും മജീദ് ഫൈസി പറയുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എസ്.ഡി.പി.ഐയുടെ വോട്ടു ഷെയറിന് കുത്തനെ ഇടിവു വന്ന തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്. 2014ല്‍ നസിറുദ്ദീന്‍ എളമരത്തിന് 47,853 വോട്ട് പിടിക്കാന്‍ സാധിച്ച മലപ്പുറത്ത് ഇത്തവണ അബ്ദുല്‍ മജീദ് ഫൈസിക്ക് നേടാനായത് 19,095 വോട്ടുകള്‍ മാത്രമാണ്. പൊന്നാനിയിലും കണ്ണൂരിലും വടകരയിലും വയനാട്ടിലുമെല്ലാം വലിയ വോട്ടു നഷ്ടം എസ്.ഡി.പി.ഐക്ക് ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുന്‍പായി ലീഗുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരില്‍ വിവാദത്തിലായിരുന്ന എസ്.ഡി.പി.ഐ വോട്ടു മറിച്ചിരിക്കാമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ടെങ്കിലും, മോദി ഭരണത്തിനെതിരായ മുസ്ലിം വികാരത്തില്‍പ്പെട്ട് തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ടുകള്‍ കൂടി യു.ഡി.എഫിനു പോകുകയാണുണ്ടായതെന്ന് ഫൈസി പറയുന്നു.

‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും നരേന്ദ്ര മോദിയുടെ ഭരണം ഇല്ലാതെയാകുമെന്നും വോട്ടര്‍മാരെ പറഞ്ഞു ഫലിപ്പിക്കാന്‍ യു.ഡി.എഫിനു സാധിച്ചു. പോരാത്തതിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വടക്കന്‍ കേരളത്തില്‍ത്തന്നെ മത്സരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മോദി ഭരണത്തിലുണ്ടായ പല കാര്യങ്ങളും ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് മുസ്ലിങ്ങളെയാണല്ലോ. സ്വാഭാവികമായും ബി.ജെ.പിയെ പുറന്തള്ളണമെന്ന് മുസ്ലിം വിഭാഗത്തിന് ആഗ്രഹമുണ്ടായിരിക്കും. ബദല്‍ കൊണ്ടുവരാന്‍ യു.ഡി.എഫിനാണ് സാധിക്കുക എന്ന പ്രചരണവും കൂടിയാകുമ്പോള്‍ നടക്കുന്ന സ്വാഭാവികവും താല്‍ക്കാലികവുമായ പ്രതിഭാസം മാത്രമാണിത്. യഥാര്‍ത്ഥത്തില്‍ ഇതു വിശ്വസിച്ച് കോണ്‍ഗ്രസിനു വോട്ടു ചെയ്തവര്‍ കബളിപ്പിക്കപ്പെടുകയാണുണ്ടായത്. ഏത് തെരഞ്ഞെടുപ്പിലായാലും, ഇപ്പോള്‍ യു.ഡി.എറഫിനുണ്ടായിരിക്കുന്നതുപോലെ ഒരു ഏകപക്ഷീയമായ മുന്നേറ്റം ആര്‍ക്കുമുണ്ടാകുന്നത് നല്ലതല്ല. സന്തുലിതമായ അവസ്ഥയാണ് എന്തുകൊണ്ടും നല്ലത്. മോദിപ്പേടിയുടെ പേരിലാണ് അത്തരത്തിലൊരു വോട്ട് ഏകീകരണം വന്നിട്ടുള്ളത് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ ഇതേ മോദിപ്പേടി എന്ന ആയുധം കേരളത്തിനു പുറത്തുള്ള മുസ്ലിം പോക്കറ്റുകളില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസിനു പക്ഷേ സാധിച്ചിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ എസ്.ഡി.പി.ഐക്ക് വോട്ടു കുറയാനും കാരണമുണ്ട്. കേഡര്‍ വോട്ടുകള്‍ മാത്രമേ ഞങ്ങള്‍ക്ക് ഇത്തവണ ലഭിച്ചിട്ടുള്ളൂ. മറ്റു വോട്ടുകള്‍ ഇതേ പൊതുവികാരത്തിന്റെ ഭാഗമായി യു.ഡി.എഫിനു പോയിരിക്കാം.’ എന്നാല്‍, മോദിയ്‌ക്കെതിരായി കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ലെന്ന് വ്യക്തമായെന്നും, ഇനി തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ബദലിലാണ് പ്രതീക്ഷ വയ്‌ക്കേണ്ടതെന്നും അബ്ദുല്‍ മജീദ് ഫൈസി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read More: ബിജെപി ‘ഹിറ്റ് ലിസ്റ്റ്’ തയ്യാറാകുന്നു: ലക്ഷ്യങ്ങളിൽ മമതയും കെജ്രിവാളും മുതൽ പിണറായി വരെ

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍