UPDATES

സിബി മാത്യൂസ് മാപ്പ് പറഞ്ഞു; വെളിപ്പെടുത്തലുമായി നമ്പി നാരായണന്‍; ചോദ്യം ചെയ്തത് വെറും രണ്ടര മിനിട്ട്

അതുവരെ ഞാന്‍ കേട്ട, സങ്കല്‍പ്പിച്ച വ്യക്തിയെ അല്ല അദ്ദേഹം എന്നു എനിക്കു മനസിലായി. എന്റെ മനസില്‍ അദ്ദേഹത്തെ കുറിച്ചു ഉണ്ടാക്കിവെച്ച ചീട്ടുകൊട്ടാരം ആ നിമിഷം തകര്‍ന്നടിഞ്ഞു വീണു

“ഡി ഐ ജി സിബി മാത്യൂസിനെ കാണണം എന്നു പറഞ്ഞാണ് എന്നെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ കാത്തുള്ള എന്റെ ഇരിപ്പ് മൂന്നാം ദിവസത്തിലെത്തി. ആരും വ്യക്തമായ ഉത്തരം തരുന്നില്ല. വരുന്നു, ഇരുട്ടുമുറിയില്‍ ചേര്‍ത്തു നിര്‍ത്തി ക്രൂരമായി മര്‍ദിക്കുന്നു, അസഭ്യം പറയുന്നു, പോകുന്നു. ആരും എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. ഒന്നൊന്നര മാസം മുന്‍പ് ഞങ്ങള്‍ വായിച്ചു ചിരിച്ചു കളഞ്ഞ ഒരു വാര്‍ത്ത എന്റെ ജീവിതത്തിന്റെ നേര്‍രേഖ വലിച്ചു പൊട്ടിക്കുന്നത് ഞാനവിടെ കണ്ടു.”

കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന നമ്പി നാരായണന്റെ ആത്മകഥയുടെ മൂന്നാം അദ്ധ്യായമായ ‘ചാരവനിത അറസ്റ്റില്‍’ ആരംഭിക്കുന്നത് ഇങ്ങനെയാണ്.

റോക്കറ്റ് ടെക്നോളജിയെ കുറിച്ചു യാതൊരു ധാരണയുമില്ലാത്ത ഉദ്യോഗസ്ഥര്‍ അര്‍ത്ഥശൂന്യമായ ചോദ്യം ചെയ്യല്‍ തുടര്‍ന്നപ്പോള്‍ താന്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ടീമിന്റെ ലീഡറായ സിബി മാത്യൂസിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി നമ്പി നാരായണന്‍ എഴുതുന്നു.

“മിസ്റ്റര്‍ സിബി മാത്യൂസിനെ കാണുന്നത് എന്തിനാണെന്ന് അവര്‍ എന്നോട് ചോദിച്ചു. മിസ്റ്റര്‍ സിബി മാത്യൂസ് സത്യസന്ധനും നീതിമാനുമായ ഒരു ഓഫീസറാണെന്ന് കേട്ടിട്ടുണ്ടെന്ന് ഞാന്‍ അവരോടു പറഞ്ഞു. അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാമെന്ന് ഞാന്‍ അറിയിച്ചു. അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു മിസ്റ്റര്‍ സിബി മാത്യൂസാണ് ആ കേസിലെ എന്റെ റോള്‍ സ്ഥിരീകരിച്ചതെന്ന്! അപ്പോഴും എന്റെ മനസിലെ പ്രതീക്ഷ അസ്തമിച്ചില്ല. അദ്ദേഹത്തെ കാണണമെന്ന് തന്നെ ഞാന്‍ അവരോടു ആവശ്യപ്പെട്ടു.”

“എന്റെ അഭ്യര്‍ത്ഥന മാനിച്ചു ഐ ജി സിബി മാത്യൂസ് ഒടുവില്‍ വന്നു; 1994 ഡിസംബര്‍ മൂന്നിന്.” ‘ഒടുവില്‍ സിബി മാത്യൂസ്’ എന്ന അഞ്ചാം അധ്യായത്തില്‍ സിബി മാത്യൂസുമായുള്ള ഹൃസ്വമായ കൂടിക്കാഴ്ചയെ കുറിച്ച് നമ്പിനാരായണന്‍ വിശദീകരിക്കുന്നു.

“സിബി മാത്യൂസ് എനിക്കരികിലേക്ക് നീങ്ങി നിന്നു. കഴിഞ്ഞ മൂന്നു ദിവസമായി ഞാന്‍ അദ്ദേഹത്തെയാണ് കാത്തിരിക്കുന്നത്. ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിക്കാന്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ തലവനാണ് അദ്ദേഹം. ബുദ്ധിമാനും സമര്‍ത്ഥനുമായ ഉദ്യോഗസ്ഥന്‍ എന്നു പേരെടുത്ത ഐ പി എസുകാരന്‍. അദ്ദേഹത്തില്‍ നിന്നു എനിക്കു നീതി കിട്ടും എന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു.”

മുറിയിലേക്ക് വന്ന സിബി മാത്യൂസ് ആകെ ചോദിച്ചത് ഒരു ചോദ്യം മാത്രം.

“മിസ്റ്റര്‍ നമ്പി, നിങ്ങളെന്തിനാണ് കുറ്റം ചെയ്തത്? ഞങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങളോട് വളരെ ബഹുമാനമായിരുന്നു?”

“ഞാന്‍ തെറ്റ് ചെയ്തു എന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?” എന്നു ഞാന്‍ ചോദിച്ചപ്പോള്‍ “നിങ്ങളുടെ സബോര്‍ഡിനേറ്റ് ശശികുമാരന്‍ എല്ലാം ഞങ്ങളോടു തുറന്നു പറഞ്ഞു” എന്നു അദ്ദേഹം പറഞ്ഞു.

താങ്കള്‍ കേട്ടതൊന്നും ശരിയല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിനു അദ്ദേഹം മറുപടി തന്നില്ല. പകരം എന്തോ മുറുമുറുത്തുകൊണ്ട് പുറത്തേക്ക് നടന്നു. കേവലം രണ്ടര മിനുറ്റ് മാത്രം ചിലവിട്ട് അദ്ദേഹം ആ മുറി വിട്ടു ഇറങ്ങിപ്പോയി –നമ്പി നാരായണന്‍ എഴുതുന്നു.

“അതുവരെ ഞാന്‍ കേട്ട, സങ്കല്‍പ്പിച്ച വ്യക്തിയെ അല്ല അദ്ദേഹം എന്നു എനിക്കു മനസിലായി. എന്റെ മനസില്‍ അദ്ദേഹത്തെ കുറിച്ചു ഉണ്ടാക്കിവെച്ച ചീട്ടുകൊട്ടാരം ആ നിമിഷം തകര്‍ന്നടിഞ്ഞു വീണു.”

ഇത്രയും കോളിളക്കം സൃഷ്ടിച്ച കേസിലെ മുഖ്യപ്രതിയായി മുദ്ര കുത്തിയ എന്നെ ചോദ്യം ചെയ്യാന്‍ മൂന്നു മിനുറ്റ് പോലും തികച്ചു ചിലവിടാതെ എന്തു ഉത്തരത്തിലേക്കാണ് അദ്ദേഹം എത്തിയത് എന്നു എനിക്കു മനസിലായില്ല. പക്ഷേ, ഒരു കാര്യം എനിക്കു വ്യക്തമായിരുന്നു; നേരത്തെ തയ്യാറാക്കിയ തിരക്കഥയിലേക്ക് ആരൊക്കെയോ വന്നു തന്ത്രപൂര്‍വ്വമേണെ ചേര്‍ത്തു കെട്ടിയിരിക്കുന്നു.

സിബി മാത്യൂസ് പുറത്തു പോയ ഉടനെ ഗുണ്ടകളെപ്പോലെയുള്ള ചിലര്‍ മുറിയിലേക്ക് കയറി വന്നു തന്നെ ക്രൂരമായി മര്‍ദിച്ച കാര്യം നമ്പി നാരായണന്‍ എഴുതുന്നതു ഞെട്ടലോടു കൂടിയേ വായിക്കാന്‍ കഴിയുകയുള്ളൂ.

“അന്ന് രണ്ടര മിനിറ്റ് മാത്രം ചെലവിട്ട് തിടുക്കത്തില്‍ പോയിമറഞ്ഞ സിബി മാത്യൂസ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യയുമൊത്ത് എന്റെ സുഹൃത്തിന്റെ വീട്ടില്‍ വന്ന് മാപ്പുപറയാന്‍ രണ്ടര മണിക്കൂര്‍ ചിലവിട്ടു. അന്ന് ചോദ്യം ചെയ്യാന്‍ എടുത്ത സമയം കുറച്ചുകൂടി ഉപയോഗിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് എന്റെ മുന്നില്‍ അങ്ങനെ വന്നു നില്‍ക്കേണ്ടി വരില്ലായിരുന്നു”

സിബി മാത്യൂസിനെ കുറിച്ചുള്ള പരാമര്‍ശം നമ്പി നാരായണന്‍ ഇങ്ങനെ അവസാനിപ്പിക്കുന്നു.

ചാരക്കേസ്: മുഖ്യ പ്രതി ആര്? പോലീസിനൊപ്പം വേട്ടപ്പട്ടികളെ പോലെ ഏറ്റു കുരച്ച മാധ്യമങ്ങളേ, നിങ്ങള്‍ തന്നെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍