Top

കൊച്ചിയുടെ മാലിന്യം വാരുന്ന തൊഴിലാളികള്‍ക്ക് ഗ്ലൌസും ബൂട്ട്സുമില്ല; അവരെ കുറിച്ച് സംസാരിക്കാം ഈ മെയ് ദിനത്തില്‍

കൊച്ചിയുടെ മാലിന്യം വാരുന്ന തൊഴിലാളികള്‍ക്ക് ഗ്ലൌസും ബൂട്ട്സുമില്ല; അവരെ കുറിച്ച് സംസാരിക്കാം ഈ മെയ് ദിനത്തില്‍
ഇന്ന് ലോക തൊഴിലാളി ദിനം. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഒന്നര നൂറ്റാണ്ടിനോടടുക്കാറായിട്ടും അടിസ്ഥാനവര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഒരു വശത്തു വികസനം ചിറക് വിരിച്ച് കൊച്ചി പറന്നുയരുമ്പോള്‍ മറുവശത്ത് തൊഴിലെടുക്കുന്നതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് കൊച്ചി നഗരസഭയുടെ വിവിധ ഡിവിഷനുകളില്‍ തൊഴിലെടുക്കുന്ന ശുചീകരണ തൊഴിലാളികള്‍.

കഴിഞ്ഞ വര്‍ഷം നാല് മാസത്തിലേറെയായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരം ചെയ്തതും ഇതേ ശുചീകരണ തൊഴിലാളികള്‍ തന്നെയായിരുന്നു. നഗരത്തിന്റെ മാലിന്യങ്ങള്‍ തൂത്തു തുടച്ച് വൃത്തിയാക്കുന്ന 1300 ഓളം തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ആവശ്യം വേണ്ട സാമഗ്രികള്‍ നഗരസഭാധികൃതര്‍ ആവശ്യാനുസരണം നല്‍കുന്നില്ലെന്നതാണ് ഇവരുടെ പരാതി. നഗരത്തിന്റെ മുക്കിലും മൂലയിലും കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് അവ പ്ലാസ്റ്റിക്, കടലാസ്, ഖരമാലിന്യങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റുകളിലെത്തിക്കുന്ന ഇവരുടെ സേവനത്തെ അഭിനന്ദിക്കുന്നവരാണ് എല്ലാവരും. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങളില്‍ മാരകമായ രോഗങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ട്. ഈ വസ്തുത അറിയാവുന്ന കൊച്ചി നഗരസഭ തൊഴിലാളികള്‍ക്ക് തൊഴിലെടുക്കുന്നതിനാവശ്യമായ ഗ്ലൗസ്, ബൂട്ട്‌സ്, ചെരുപ്പ്, സോപ്പ്, റെയിന്‍കോട്ട് തുടങ്ങിയ അത്യാവശ്യം വേണ്ടവ മാറ്റി നല്‍കാതെ മുഖംതിരിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവ വിതരണം ചെയ്തിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഗ്ലൗസ് ഉള്‍പ്പെടെയുള്ളവ ഉപയോഗ ശൂന്യമാകും. എന്നാല്‍ പുതിയതിന് നഗരസഭയില്‍ ചോദിച്ചാല്‍ നല്‍കാറില്ലെന്നും തൊഴിലാളികള്‍ പറയുന്നു. കൊച്ചി നഗരസഭയുടെ പരിധിയില്‍ വിവിധ ഡിവിഷനുകളിലായി ജോലിചെയ്യുന്ന 900 സ്ഥിര തൊഴിലാളികളുടെയും 400 ഓളം താത്കാലിക ജീവനക്കാരുടെയും അവസ്ഥയാണിത്. മാറാ രോഗങ്ങള്‍ പിടിപെടുമെന്ന ഭയത്തെ തുടര്‍ന്ന് ഗ്ലൗസ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി വാങ്ങിയാണ് തൊഴില്‍ ചെയ്യുന്നത്.

കൊച്ചി നഗരസഭാ പരിധിയില്‍ 17 ാം ഡിവിഷനില്‍ ശുചീകരണ തൊഴിലാളിയായ കെ കെ ഉത്തമന്‍ പറയുന്നു. "ഞങ്ങള്‍ക്കും വീടും കുടുംബവും ഉണ്ട്. നഗരത്തിലെ എല്ലാ വിധ മാലിന്യങ്ങളും വൃത്തിയാക്കലാണ് ഞങ്ങളുടെ ജോലി. ഒരു വിധപ്പെട്ട ആളുകളൊന്നും ഈ ജോലി എടുക്കാന്‍ മനസുള്ളവരല്ല. എന്നാല്‍ ഞങ്ങളെ പോലെ തൊഴില്‍ എടുക്കാന്‍ തയാറായി വരുന്നവരോട് ഇങ്ങനെ ചെയ്യരുത്. ഗ്ലൗസും ബൂട്ട്‌സും ചെരുപ്പുമെല്ലാം മാലിന്യങ്ങള്‍ നീക്കുന്നതിന് ആവശ്യമാണ്. ഗ്ലൗസും മറ്റും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ മാറ്റണമെന്നാണ് അതു ചെയ്യുന്നില്ല. എന്നാല്‍ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഇത് മാറ്റി തന്നു കൂടെ. കഴിഞ്ഞ രണ്ട് വര്‍ഷമായി നഗരസഭയില്‍ നിന്ന് ഇത് ലഭിക്കുന്നില്ല. പലരും ഗ്ലൗസില്ലാതെയാണ് തൊഴില്‍ ചെയ്യുന്നത്. ചിലര്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം കൊടുത്താണ് ഇവ വാങ്ങുന്നത്."

അതേസമയം ഗ്ലൗസും മറ്റും ഗോഡൗണില്‍ കെട്ട് കണക്കിന് സൂക്ഷിച്ചിട്ടുണ്ടെന്നും ഇവ ഉപയോഗ ശൂന്യമാകാറാകുമ്പോഴാണ് തങ്ങള്‍ക്ക് നല്‍കുന്നതെന്നുമാണ് തൊഴിലാളികളുടെ പരാതി. രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കുമ്പോള്‍ തന്നെ റബ്ബര്‍ ഗ്ലൗസുകള്‍ കൈയില്‍ ഒട്ടിപ്പിടിക്കുകയും അവ കീറി പോകുകയും ചെയ്യുന്നതായും തൊഴിലാളികള്‍ പറയുന്നു. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കൊച്ചിയില്‍ ഫ്‌ളാറ്റുകളിലും, വീടുകളിലുമായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടങ്ങളിലെയെല്ലാം മാലന്യങ്ങള്‍ രാവിലെ ആറു മുതല്‍ 12.30 വരെയുള്ള സമയങ്ങളില്‍ എത്തി ശേഖരിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റുകളില്‍ എത്തിക്കുകയാണ് ഈ ശുചീകരണ തൊഴിലാളികള്‍ ചെയ്യുന്നത്. ഒരു ദിവസം ഈ ജോലികള്‍ മുടങ്ങിയാല്‍ കൊച്ചിയിലെ മാലിന്യ നീക്കം താറുമാറാകും. നഗരസഭയല്‍ താത്കാലിക ശുചീകരണ തൊഴിലാളികളുടെ ദിവസ വേതനം 600 രൂപയാണ്.

ശുചീകരണ തൊഴിലാളികള്‍ക്കുള്ള സാമഗ്രികള്‍ ഉടന്‍ നല്‍കുമെന്ന് കൊച്ചി നഗരസഭ

നഗരത്തിലെ ശുചീകരണ തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യുന്നന് ആവശ്യം വേണ്ട സാമഗ്രികള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് കൊച്ചി നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.വി.കെ മിനിമോള്‍ അഴിമുഖത്തോട് പറഞ്ഞു. തൊഴിലാളികള്‍ക്കാവശ്യമായ യൂണിഫോം, ഗ്ലൗസ്, ഗണ്‍ ബൂട്ട്‌സ് തുടങ്ങിയവ നല്‍കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും വി.കെ മിനിമോള്‍ പറഞ്ഞു. പല ഇടങ്ങളിലും തൊഴിലാളികള്‍ക്കായി നല്‍കിയ സാമഗ്രികള്‍ ഇവര്‍ മറിച്ച് വില്‍ക്കുന്നതായി പരാതി ലഭിച്ചിരുന്നതായും ഇവരില്‍ ചിലര്‍ ഇവ ഉപയോഗിക്കാതെ നേരിട്ട് കൈകള്‍ ഉപയോഗിച്ചാണ് ജോലി ചെയ്യാറെന്നും അതിനാലാണ് സാമഗ്രികള്‍ നല്‍കുന്നത് കുറച്ചതെന്നും ആരോഗ്യ സ്്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.വി.കെ മിനിമോള്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം അതാത് സര്‍ക്കിളുകളില്‍ നിന്ന് സാമഗ്രികള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ എടുക്കുമെന്നും അവര്‍ പറഞ്ഞു.

Next Story

Related Stories