TopTop

മൃതദേഹം ചതുപ്പില്‍ താഴ്ത്തിയിടത്ത് നായയെ കൊന്നിട്ടു; നെട്ടൂര്‍ കൊലപാതകത്തിന് പിന്നില്‍ പഴുതടച്ച ആസൂത്രണം

മൃതദേഹം ചതുപ്പില്‍ താഴ്ത്തിയിടത്ത് നായയെ കൊന്നിട്ടു; നെട്ടൂര്‍ കൊലപാതകത്തിന് പിന്നില്‍ പഴുതടച്ച ആസൂത്രണം
ഒരു വര്‍ഷം മുമ്പ് ഒരു രാത്രിയിലാണ് അര്‍ജുന്‍ തന്റെ ഡ്യൂക്ക് ബൈക്കില്‍ എബിന്റെ വീട്ടില്‍ എത്തുന്നത്. തന്റെ കൂടെ ഒരു സ്ഥലം വരെ വരണമെന്നു പറഞ്ഞായിരുന്നു എബിനെ അര്‍ജുന്‍ വിളിക്കുന്നത്. തുടര്‍ന്നു രണ്ടു പേരും ബൈക്കില്‍ യാത്രയായി. എങ്ങോട്ടാണ് പോകുന്നതെന്ന് അവര്‍ക്ക് രണ്ടു പേര്‍ക്കുമല്ലാതെ മറ്റാര്‍ക്കും അറിയില്ലായിരുന്നു. പിന്നീടുള്ള യാത്രയില്‍ ബൈക്ക് ഓടിച്ചിരുന്നത് എബിനായിരുന്നു. പിന്നിലിരുന്ന അര്‍ജുനും ബൈക്ക് ഓടിച്ചിരുന്ന എബിനും ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിച്ചിരുന്നു. ലഹരിയുടെ തീവ്രതയില്‍ എബിന്‍ വളരെ വേഗത്തിലായിരുന്നു ബൈക്ക് ഓടിച്ചത്. ആ യാത്രയ്ക്ക് കളമശ്ശേരിയില്‍ വച്ച് അപ്രതീക്ഷീതമായ അവസാനം ഉണ്ടായി. ഒരു ലോറിയുടെ പിന്നില്‍ ആ ഡ്യൂക്ക് ബൈക്ക് അതിവേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച് ലോറിക്ക് പിന്നില്‍ തലയിടിച്ച് വീണ എബിന്‍ അവിടെവച്ച് തന്നെ മരിച്ചു. തല തകര്‍ന്ന് അര്‍ജുന്‍ മരണത്തിനും ജീവിതത്തിനും ഇടയിലേക്ക് വീണു.

നീണ്ട ഒരു മാസം വെന്റിലേറ്ററില്‍ ആയിരുന്നു അര്‍ജുന്‍. ഒന്നും അറിയാതെ...ഒരു മാസത്തിനുശേഷം ബോധം വീണപ്പോള്‍ അര്‍ജുന്‍ ആദ്യം തിരക്കിയത് എബിനെയായിരുന്നു. ചുറ്റും ഉണ്ടായിരുന്നവര്‍ ആരും അവനോട് ഒന്നും പറഞ്ഞില്ല. ഒടുവില്‍ അച്ഛന്‍ വിദ്യനാണ് എബിന്റെ മരണവാര്‍ത്ത മകനെ അറിയിച്ചത്. പിന്നെയും നീണ്ട ചികിത്സ. ഏകദേശം പത്തുലക്ഷത്തിനടുത്ത് ചെലവാക്കി നടത്തിയ ചികിത്സയ്‌ക്കൊടുവിലായിരുന്നു അര്‍ജുന്‍ സാധരണ ജീവിതത്തിലേക്ക് തിരികെ വന്നത്. പക്ഷേ, ആ ജീവിതത്തിന് അധികം അയുസ് ഉണ്ടായില്ല. എബിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് നടത്തിയ ആസൂത്രണത്തില്‍ രണ്ടാം തവണയും മരണത്തെ അതിജീവിക്കാന്‍ അര്‍ജുന് കഴിഞ്ഞില്ല.

തന്റെ അനിയനെ അര്‍ജുന്‍ കൊലപ്പെടുത്തിയതാണെന്ന പകയിലാണ് എബിന്റെ സഹോദരന്‍ നിബിന്‍ ഇങ്ങനെയൊരു ക്രൂരകൃത്യത്തിന് തയ്യാറെടുത്തതെന്നാണ് പറയുന്നത്. എബിന്റെ മരണം നിബിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും സഹോദരന്റെ കുഴിമാടത്തിനരികില്‍ പോയി നിബിന്‍ ഇരിക്കുന്നത് പതിവായിരുന്നുവെന്നും പറയുന്നു. അപകട സമയത്ത് ബൈക്ക് ഓടിച്ചിരുന്നത് തന്റെ സഹോദരനായിരുന്നുവെന്നതും അര്‍ജുനും ആ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ജീവിതത്തിലേക്ക് തിരികെ വന്നതെന്നും നിബിന്‍ ആലോചിച്ചില്ല. അയാളുടെ ഉള്ളില്‍ അന്നു മുതില്‍ കനലായി കിടന്നത് അര്‍ജുനോടുള്ള പകയായിരുന്നു. അതാളിക്കത്തിക്കാന്‍ അയാള്‍ ഉപയോഗിച്ചിരുന്ന ലഹരി മരുന്നുകള്‍ക്കും ആയി. എബിന്റെ മാത്രം സുഹൃത്തായിരുന്നില്ല അര്‍ജുന്‍, നിബിന്റെയും അയാള്‍ക്കൊപ്പമുള്ള ബാക്കി പ്രതികളുടെയും സുഹൃത്തുകൂടിയായിരുന്നു. പക്ഷേ, ലഹരിയ്ക്ക് അടിമപ്പെട്ട ആ ചെറുപ്പക്കാര്‍ക്ക് സൗഹൃദമൊന്നും തടസമായില്ല. അവര്‍ ആസൂത്രണം ചെയ്ത അരുംകൊല അതിക്രൂരമായി തന്നെ നടത്തി.

നിബിന് ആര്‍ജുനെ കൊല്ലണമെന്നത് ഒരു നിമിഷത്തെ തോന്നലില്‍ ആയിരുന്നില്ല. പല തവണയായി അര്‍ജുനെതിരേ നിബിന്‍ വധഭീഷണി മുഴക്കിയിട്ടുണ്ടെന്ന് ഇവരുടെ പൊതുവായ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നുണ്ട്. ലഹരിയുടെ പുറത്ത് പറയുന്നതായാണ് മറ്റുള്ളവര്‍ക്ക് തോന്നിയതെങ്കിലും നിബിന്‍ എല്ലാം തീരുമാനിച്ച് ഉറപ്പിച്ച് തന്നെയായിരുന്നു. അയാള്‍ കാത്തിരുന്നത്, തന്റെ സഹോദരന്റെ ചരമ വാര്‍ഷികമായിരുന്നു. അതുവരെ അര്‍ജുനോട് പുറമെ പക കാണിക്കാതെ അടുത്ത് ഇടപഴകാനും നിബിന്‍ ശ്രദ്ധിച്ചു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അര്‍ജുന്റെ കൂടെ നടന്ന് അയാളെ കൊല്ലാനുള്ള സ്‌കെച്ചും പ്ലാനും തയ്യാറാക്കുകയായിരുന്നു ഇക്കാലമെല്ലാം നിബിന്‍.

ഒടുവില്‍ കാത്തിരുന്നതുപോലെ ആ ദിവസത്തില്‍ അവര്‍ പദ്ധതി വിജയിപ്പിക്കുകയും ചെയ്തു. ജൂലൈ രണ്ടാം തീയതി രാത്രി പത്തുമണിയോടെ അര്‍ജുന്റെ സഹൃത്തായ പതിനേഴുകാരനെ വിട്ടാണ് അയാളെ കൊലയാളികള്‍ തങ്ങളുടെ അടുക്കലെത്തിക്കുന്നത്. പെട്രോള്‍ വാങ്ങാന്‍ കൂടെ വരാമോയെന്നു ചോദിച്ചായിരുന്നു പതിനേഴുകാരന്‍ അര്‍ജുനെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടു പോകുന്നത്. ഒരു സംശയവും കൂടാതെ വീട് വിട്ടറിങ്ങിയ അര്‍ജുന്‍ പിന്നീടങ്ങോട്ട് ജീവനോടെ തിരിച്ചെത്തിയില്ല. എത്തിയതാകട്ടെ തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലും.

റെയില്‍വേ അടച്ചു പൂട്ടിയ തിരുനെട്ടൂര്‍ സ്റ്റേഷന്റെ മറുവശത്തുള്ള കണ്ടല്‍കാടായിരുന്നു അര്‍ജുനു വേണ്ടിയുള്ള കൊലക്കളമായി പ്രതികള്‍ തെരഞ്ഞെടുത്തത്. സ്റ്റേഷന്‍ അടച്ചു പൂട്ടിയതോടെ ജനസാന്നിധ്യം ഇല്ലാതായ ഇവിടം കഞ്ചാവ്-ലഹരി ഉപയോക്താക്കളുടെ വിഹാര കേന്ദ്രമായി മാറി. പൊലീസ് പോലും ചെന്നെത്താത്ത സ്ഥലം. ഉപയോഗം മാത്രമല്ല, അതൊരു ലഹരി വില്‍പ്പന കേന്ദ്രം കൂടിയായിരുന്നു. കൊലയാളികള്‍ മാത്രമല്ല കൊല്ലപ്പെട്ട അര്‍ജുനും ലഹരിയ്ക്ക് അടിമപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകും മുന്നേ ലഹരിയുടെ അമിതോപയോഗത്തിലേക്ക് വീണവരാണ് ഇവര്‍. 17 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും. കേരളത്തിനു പുറത്തു പോയി ലഹരി വസ്തുക്കള്‍ വാങ്ങിക്കൊണ്ടു വന്നു വില്‍പ്പന നടത്തുന്നതും ഇവരുടെയെല്ലാം തൊഴില്‍ ആയിരുന്നു. പ്രത്യേകിച്ച് ജോലിക്കൊന്നും പോകാത്തവരായിട്ടും ഈ ചെറുപ്പക്കാരുടെ കൈവശം ആവശ്യത്തിന് പണം ഉണ്ടാകുന്നതും ഇങ്ങനെയായിരുന്നു. ലക്ഷങ്ങള്‍ വില വരുന്ന ബൈക്കുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ക്വട്ടേഷന്‍ പരിപാടിക്കും ഗൂണ്ടാ പ്രവര്‍ത്തനങ്ങള്‍ക്കും പോവാനും ഇവര്‍ തയ്യാറായിരുന്നു. ആ വഴിയും പണം വന്നു ചേര്‍ന്നിരുന്നു. ഇവര്‍ക്കിടയില്‍ പല സംഘങ്ങളും ഉണ്ടായിരുന്നു. ഈ സംഘങ്ങള്‍ തമ്മില്‍ പരസ്പരം കലഹങ്ങളും അടിപിടികളും സാധാരണവുമായിരുന്നു. ലഹരി മാഫിയ സംഘം ഇവിടെ ശക്തമാകുന്നുവെന്ന പരാതി പല തവണ ഉയര്‍ന്നിട്ടും നിയമപാലകര്‍ വേണ്ടവിധത്തില്‍ ഇടപെടുന്നുമില്ലായിരുന്നു.

എന്തും ചെയ്യാനുള്ള ധൈര്യം ഈ ചെറുപ്പക്കാര്‍ക്ക് കിട്ടിയിരുന്നത് ലഹരി ഉപയോഗത്തിലൂടെയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ തടസ്സങ്ങളൊന്നും ഉണ്ടാകാത്തിലൂടെ കിട്ടിയ ആത്മവിശ്വാസത്തിലൂടെയുമായിരുന്നു. അര്‍ജുനെ കൊന്നു കളയാന്‍ തീരുമാനിക്കുമ്പോഴും ഈ ധൈര്യവും ആത്മവിശ്വാസവും അവര്‍ക്കുണ്ടായിരുന്നു.

തിരുവനന്തപുരം കരമനയില്‍ അനന്തു എന്ന ചെറുപ്പക്കാരനെ കൊന്ന രീതിയോട് സമാനതയുള്ളതാണ് അര്‍ജുന്റെ കൊലപാതകവും. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന അടിപിടിയില്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരെ അനന്തുവും സുഹൃത്തുക്കളും മര്‍ദ്ദിച്ചുവെന്നതിന്റ പ്രതികാരമായിട്ടായിരുന്നു പ്രതികള്‍ അനന്തുവിനെ തട്ടിക്കൊണ്ടു വന്നശേഷം രഹസ്യകേന്ദ്രത്തില്‍ വച്ച് അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തിരുനെട്ടൂര്‍ ഭാഗത്തെ കണ്ടല്‍ കാടുപോലെ തന്നെയായിരുന്നു അനന്തുവിന്റെ കൊലക്കളമായ നീറമണ്‍കരയിലെ കാടുമൂടിയ ഭൂമിയും. ലഹരി മാഫിയകളുടെ കേന്ദ്രമായ ഇവിടം പൊതുജനത്തിന്റെ പേടിസ്വപ്‌നമായിരുന്നു. ലഹരി ഉപയോഗിക്കുന്നവരും ഇടപാടുകാരുമല്ലാത്ത ആരും തന്നെ ഇങ്ങോട്ട് പോകാറുമില്ലായിരുന്നു. അനന്തുവിനെ മാംസ അറുത്തെടുത്തും കരിക്കിന് തല്ലിയുമൊക്കെ ക്രൂരമായി കൊലപ്പെടുത്തിയത് ആരും ആറിയാതെ പോയതും അതുകൊണ്ടാണ്.

അര്‍ജുനെ കൊന്നയിടവും സമാനമായിരുന്നു. അന്ന് അനന്തുവിനെ തട്ടിക്കൊണ്ടു വരാന്‍ പ്രതികള്‍ ഉപയോഗിച്ചതും അയാളോട് അടുപ്പമുള്ളൊരാളെയായിരുന്നു. ഇവിടെ അര്‍ജുനെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുവരാന്‍ നിബിനും സംഘവും പറഞ്ഞു വിട്ടതും അര്‍ജുന്റെ സുഹൃത്ത് കൂടിയായ പതിനേഴുകാരനെയാണ്. സംശയമൊന്നും കൂടാതെ ഒപ്പം ചെന്ന അര്‍ജുനെ പതിനേഴുകാരന്‍ കൊലയാളികളുടെ പക്കല്‍ എത്തിച്ചു. അനന്തുവിനെ കൊല്ലുമ്പോഴും കൊലയാളികള്‍ പൂര്‍ണമായും ലഹരിയിലായിരുന്നു. തങ്ങളുടെ കൂട്ടുകാരനെ തല്ലിയതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലുകള്‍ക്കുശേഷമായിരുന്നു അവര്‍ ക്രൂരമായ മരണം അനന്തുവിന് വിധിച്ചത്. ഇവിടെ അര്‍ജുനെയും ആദ്യം ചോദ്യം ചെയ്യലിനാണ് പ്രതികള്‍ വിധേയനാക്കിയത്. തന്റെ അനിയനെ കൊന്നതാണോയെന്നറിയാന്‍ നിബിനായിരുന്നു അര്‍ജുനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയതെന്നാണ് വിവരം. ചോദ്യം ചെയ്യലിനൊപ്പം തന്നെ മര്‍ദ്ദനവും ഉണ്ടായിരുന്നു. ഒന്നാം പ്രതി റോണിയായിരുന്നു മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. കല്ലും പട്ടിക കഷ്ണങ്ങളും കൊണ്ടായിരുന്നു മര്‍ദ്ദനം. ശരീരത്തിലും തലയ്ക്കും മര്‍ദ്ദിച്ചു കൊണ്ടിരുന്നു. ഒടുവില്‍ മരിച്ചെന്ന് മനസിലായതോടെയാണ് ശരീരം ചതുപ്പില്‍ ചവിട്ടി താഴ്ത്താന്‍ തീരുമാനിച്ചത്.

അര്‍ജുനെ കൊന്നു തള്ളാനും അതു കഴിഞ്ഞ് തങ്ങള്‍ക്ക് രക്ഷപ്പെടാനും ഉള്ള വഴികള്‍ ആലോചിച്ച് ഉറപ്പിച്ചായിരുന്നു നിബിനും സംഘവും അരുംകൊലയ്ക്ക് ഒരുങ്ങിയത്. പൊലീസിനെ പോലും ദിവസങ്ങളോളം കബളിപ്പിക്കാന്‍ അവര്‍ക്കായതും അതുകൊണ്ടാണ്. പ്രതികളായ നിബിന്‍ പീറ്റര്‍, റോണി, അനന്തു, അജിത് കുമാര്‍ എന്നിവര്‍ തങ്ങളും അര്‍ജുന്റെ സുഹൃത്തുക്കള്‍ ആയിരുന്നുവെന്ന അവസരമാണ് ആദ്യം ഉപയോഗിച്ചത്. അര്‍ജുനെ കാണാനില്ലെന്നു വീട്ടുകാര്‍ പരാതിപ്പെടുമ്പോള്‍ അവര്‍ക്കൊപ്പം നിന്നതും പ്രതികളായിരുന്നു. നിബിനിലും മറ്റുള്ളവരിലും കുടുംബത്തിനും നാട്ടുകാര്‍ക്കും ആദ്യം സംശയം തോന്നാതിരുന്നതും അതുകൊണ്ടാണ്. അവരില്‍ നിന്നും തങ്ങളുടെ മകന് ഒരപകടം ഉണ്ടാകുമെന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ സംശയിച്ചതേയില്ല. അതു ശരിവയ്ക്കുന്ന തരത്തിലായിരുന്നു നിബിന്റെയും മറ്റുള്ളവരുടെയും പ്രകടനങ്ങളും. ചില സംശയങ്ങളുടെ പേരില്‍ പൊലീസ് നിബിനെയും സംഘത്തിനെയും ഒന്നിലധികം തവണ ചോദ്യം ചെയ്തതുമാണ്. അവിടെയെല്ലാം സമര്‍ത്ഥമായി അവര്‍ രക്ഷപ്പെട്ടു. സാധാരണ ഒന്നില്‍ക്കൂടുതല്‍ പേരെ ചോദ്യം ചെയ്യുമ്പോള്‍ ഒരാളെങ്കിലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ സംസാരിക്കുക പതിവാണെങ്കില്‍ ഇവിടെ ഒരു പതര്‍ച്ച പോലും മുഖത്ത് കാണിക്കാതെ എല്ലാവരും ഒരേ കാര്യങ്ങള്‍ തന്നെ മൊഴിയായി നല്‍കി. ഇതേ രീതി തന്നെയാണ് അര്‍ജുന്റെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കു മുന്നിലും ഇവര്‍ തുടര്‍ന്നത്.

അര്‍ജുനെ കൊന്നശേഷവും പ്രതികള്‍ നടത്തിയ നീക്കങ്ങള്‍ തന്ത്രപരമായിരുന്നു. ആദ്യം അവര്‍ അര്‍ജ്ജുന്റെ മൃതദേഹം കണ്ടല്‍ കാടുകള്‍ക്കിടയിലെ ചതുപ്പ് നിലത്തില്‍ ചവിട്ടി താഴ്ത്തി. ആളനക്കം ഉണ്ടാകാത്ത സ്ഥലമാണെങ്കിലും ഏതെങ്കിലും കാരണവശാല്‍ മൃതദേഹം ആരെങ്കിലും കാണാന്‍ ഇടവരരുതെന്ന് ഉറപ്പിച്ച് ചതുപ്പില്‍ നിന്നും ശരീരം മുകളിലേക്ക് ഉയര്‍ന്നു വരാതിരിക്കാന്‍ വേലിക്കല്ലുകള്‍ ഉറപ്പിച്ചു. അവിടം കൊണ്ട് തീര്‍ന്നില്ല, മൃതദേഹത്തിന്റെ ദുര്‍ഗന്ധം പരക്കാന്‍ സാധ്യത മുന്നില്‍ കണ്ട്, അത് മറയ്ക്കാന്‍ വേണ്ടി സമീപത്തായി തന്നെ ഒരു തെരുവ് നായയെ തല്ലിക്കൊന്നു കൊണ്ടുവന്ന് ഇടാനും കൊലയാളികള്‍ തയ്യാറായി. ദുര്‍ഗന്ധം വന്നാല്‍ അത് നായ ചത്തുചീഞ്ഞതാണെന്നു മറ്റുള്ളവര്‍ കരുതാനുള്ള തന്ത്രം. ഇതിനുശേഷമാണ് അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ഒരു ലോറിയില്‍ ഉപേക്ഷിച്ചത്. പൊലീസ് അര്‍ജുന്റെ മൊബൈല്‍ സിഗ്നനലുകള്‍ കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ പലപലയിടങ്ങളിലായി സിഗ്നല്‍ കാണിക്കുകയും ചെയ്തു. അതും പ്രതികളുടെ വിജയമായി. അര്‍ജുനും കേരളം വിട്ട് പോകുന്നത് പതിവായിരുന്നു. അത് പലപ്പോഴും ലഹരി വസ്തുക്കള്‍ വാങ്ങാനുമായിരുന്നു. പൊലീസിന്റെ നിഗമനങ്ങള്‍ അങ്ങനെയൊരു യാത്രയ്ക്കായി അര്‍ജുന്‍ പോയിരിക്കാമെന്നായി. മറ്റുള്ളവരും അത് വിശ്വസിച്ചു.

പക്ഷേ, അര്‍ജുന്‍ എവിടെയോ പോയതാണെന്നു വിശ്വസിക്കാന്‍ അയാളുടെ സുഹൃദ്‌സംഘത്തില്‍ ഉണ്ടായിരുന്ന ചിലര്‍ തയ്യാറായില്ല എന്നിടത്താണ് കൊലയാളികള്‍ക്ക് പിഴച്ചത്. അവര്‍ക്ക് അര്‍ജുന്റെ തിരോധാനത്തില്‍ ചില സംശയങ്ങള്‍ ശക്തമായിരുന്നു. നിബിന്റെ ഭീഷണിയും അവരുടെ ഉള്ളില്‍ ഉണ്ടായിരുന്നു. ആ വഴിയിലൂടെ സുഹൃത്തുക്കള്‍ സഞ്ചരിച്ചു. കൊലയാളികളില്‍ ഒരാളെ അവര്‍ പിടികൂടി. തങ്ങളുടെ കൂട്ടുകാരനെ എന്തു ചെയ്‌തെന്നറിയാന്‍ ആ സുഹൃത്തുക്കള്‍ പിടിയിലായവന്റെ മേല്‍ എല്ലാ പ്രയോഗങ്ങളും നടത്തിയതോടെയാണ് ക്രൂരമായ ഒരു കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ഒരുപക്ഷേ, അര്‍ജുന്റെ സുഹൃത്തുക്കളും അയാളെ കാണാതെ പോയതാണെന്ന വിശ്വാസത്തില്‍ ഇരുന്നിരുന്നെങ്കില്‍ ആ കണ്ടല്‍ കാടുകള്‍ക്കിടയിലെ ചതുപ്പ് നിലത്തില്‍ ഒരു ദുരൂഹതയായി തുടര്‍ന്നേനെ...

നെടുകണ്ടം കസ്റ്റഡി മരണം, കൂടുതല്‍ റിപ്പോര്‍ടുകള്‍ വായിക്കാം: 'ആത്മവീര്യ'മുണര്‍ത്തുന്ന കൊലപാതകങ്ങള്‍

Next Story

Related Stories