Top

ബെന്നി ബെഹനാനെ ആദര്‍ശകുട്ടപ്പനാക്കാന്‍ കെ എം ഷാജഹാന്റെ 'ഡിജിറ്റല്‍ ഇടപെടല്‍'

ബെന്നി ബെഹനാനെ ആദര്‍ശകുട്ടപ്പനാക്കാന്‍ കെ എം ഷാജഹാന്റെ
തൃക്കാക്കര എം എല്‍ എയും കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള കോണ്‍ഗ്രസിലെ എ വിഭാഗത്തിന്റെ നോമിനിയുമായ ബെന്നി ബെഹനാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞ് പ്രതിച്ഛായനിര്‍മ്മിതിക്കൊരുങ്ങിയതില്‍ കോണ്‍ഗ്രസിലെ പ്രബല വിഭാഗങ്ങള്‍ക്ക് അമര്‍ഷം. വലംകൈ എന്ന നിലയിലാണ് ബെന്നിയെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി സ്വന്തം സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. നിയുക്ത കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍, ഉമ്മന്‍ചാണ്ടിയെ കൈവിട്ട ബെന്നിയുടെ നിലപാട് തലമറന്ന് എണ്ണതേയ്ക്കലാണെന്ന് എ ഗ്രൂപ്പുകാര്‍ രഹസ്യമായി പറയുന്നു. പന്തളം സുധാകരനെ പോലെയുള്ള കോണ്‍ഗ്രസിന്റെയും ഐ വിഭാഗത്തിന്റെയും വക്താക്കള്‍ ബെന്നിയെ നിഷ്‌കരുണം കടന്നാക്രമിച്ചത് എതിര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിനൊപ്പമുള്ളവരും ഉണ്ടാവില്ല എന്ന ഉറപ്പിലാണ്.

സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കുവേണ്ടി നഗ്നമായ അഴിമതിയാണ് നിയമനിര്‍മ്മാണത്തിലൂടെ ഇടത് സര്‍ക്കാര്‍ നടത്തിയത്. ആ അഴിമതിക്കു കുടപിടിച്ചുകൊടുക്കാന്‍ പ്രതിപക്ഷം മുന്നിട്ടിറങ്ങാന്‍ പ്രേരകശക്തിയായത് ഉമ്മന്‍ചാണ്ടിയായിരുന്നു. അദ്ദേഹം ഈ ആവശ്യമുന്നയിച്ച് കത്ത് നല്‍കുകകൂടി ചെയ്തപ്പോള്‍ സര്‍ക്കാരിന് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി. നിയമസഭയില്‍ ആകെക്കൂടി ബില്ലിനെ എതിര്‍ത്ത് സംസാരിക്കാന്‍ ഉണ്ടായിരുന്നത് വി ടി ബല്‍റാം മാത്രമായിരുന്നു. അദ്ദേഹത്തെ എല്ലാവരുംകൂടി 'പൊങ്കാല'യിട്ടപ്പോള്‍ ചൂട്ടും കൊതുമ്പും വച്ച് അത് ആളിക്കത്തിക്കുകയായിരുന്നു, ബെന്നിബെഹനാന്‍. നിയമസഭയിലോ പുറത്തോ ഒരക്ഷരം ബില്ലിനെതിരേ പറയാതിരുന്ന ബെന്നിയാണ് സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് പെട്ടെന്ന് ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടത്!

കരുണ,കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ നിയമവിരുദ്ധ പ്രവേശനം ക്രമപ്പെടുത്താന്‍ ഭരണ - പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് കൊണ്ടുവന്ന ബില്ലിന് പിന്നിലെ സാമ്പത്തിക അഴിമതിയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ബെന്നി ബെഹനാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. ഈ ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിന് പന്തളം സുധാകരന്‍ നല്‍കിയ മറുപടി ശ്രദ്ധേയമാണ്; 'യു ഡി എഫ് നേതാക്കള്‍ ഒറ്റക്കെട്ടായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അനുമതിയോടെയും സ്വീകരിച്ച നിലപാടിനെ തള്ളിപ്പറയാന്‍ ചിലര്‍ നടത്തുന്ന ആദര്‍ശതള്ളല്‍ മലര്‍ന്നുകിടന്നു തുപ്പുന്നതുപോലെയാണ്' എന്നായിരുന്നു പന്തളത്തിന്റെ മറുപടി.

ബെന്നിയുടെ ആക്ഷേപത്തിന്റെ അര്‍ത്ഥമെന്താണ്? ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വലിയ തോതില്‍ കരുണ, കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ പണമൊഴുക്കി എന്നതാണ് എന്ന് വ്യക്തമാണല്ലോ. അതില്‍ വാസ്തവമില്ലാതില്ല. പാവപ്പെട്ട കുട്ടികള്‍ക്ക്, മെരിറ്റില്‍ പ്രവേശനത്തിന് അര്‍ഹത നേടിയവര്‍ക്ക് പ്രവേശനം നല്‍കാത്തതിനെതിരെ റാങ്ക്‌ലിസ്റ്റില്‍ മുന്നിലുണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ചു കരഞ്ഞപ്പോള്‍ കേള്‍ക്കാന്‍ കാതില്ലാത്തവരായിരുന്നു നിയമസഭയിലെ 140 എം.എല്‍.എമാരും. മിടുക്കരായ അവര്‍ക്കുവേണ്ടി വാദിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ബെന്നി ബെഹനാന്‍ എന്ന പഴയ കെ എസ് യു പ്രസിഡന്റിന് അവരുടെ പ്രശ്‌നങ്ങള്‍ കാണാനുള്ള കണ്ണോ കേള്‍ക്കാനുള്ള കാതോ അപ്പോഴൊന്നുമുണ്ടായില്ല. ഈ ബില്ല് പാസാക്കിയതിന് പിന്നില്‍ കോടികള്‍ കൈമറിഞ്ഞിട്ടുണ്ടെന്ന് ബെന്നിയെപ്പോലെ അഞ്ച് പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ള നേതാവ് പറയുമ്പോള്‍ അത് വിശ്വസിക്കണം. അതില്‍ എത്ര പണം വാങ്ങിയാണ് ഉമ്മന്‍ചാണ്ടി ഈ പ്രശ്‌നത്തില്‍ സര്‍ക്കാരിന് കത്തെഴുതാന്‍ തയ്യാറായതെന്ന് ബെന്നി ബെഹനാന്‍ വെളിപ്പെടുത്തണമെന്ന് എല്‍ ഡി എഫ് നേതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ കോണ്‍ഗ്രസിലെ ഐ വിഭാഗം അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്.

കെ പി സി സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് എം എം ഹസ്സനെ അധികം വൈകാതെ മാറ്റുമെന്നാണ് പൊതുവെ കരുതുന്നത്. പ്രതിപക്ഷനേതൃസ്ഥാനം ഐ ഗ്രൂപ്പിന് കിട്ടിയ സ്ഥിതിക്ക് എം എല്‍ എമാരിലും പാര്‍ട്ടിയിലും ഭൂരിപക്ഷമുള്ള എ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണ് കെ പി സി സി പ്രസിഡന്റ് സ്ഥാനമെന്നാണ് ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ വാദം. എ കെ ആന്റണി ഗ്രൂപ്പില്ലാ നേതാവായി മാറിയെങ്കിലും അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരത്തില്‍തന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പ് അറിയുന്നത്. വി എം സുധീരനുള്‍പ്പെടെ എ ഗ്രൂപ്പിലെ പ്രധാനികള്‍ പോയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിപ്പോഴും കോണ്‍ഗ്രസിലെ ഭൂരിപക്ഷ വിഭാഗമായി തുടരുകയാണ്. ആ ഗ്രൂപ്പിന്റെ പ്രതിനിധിയായി കെ പി സി സി പ്രസിഡന്റാകാന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ബെന്നിബെഹനാനാണ് ഉമ്മന്‍ചാണ്ടിക്ക് 'പണി' കൊടുത്തത്. ഇവിടെയാണ് പന്തളം സുധാകരന്റെ പ്രസ്താവനയിലെ 'ആദര്‍ശതള്ളല്‍' എന്ന പ്രയോഗത്തിന്റെ പ്രാധാന്യം.

http://www.azhimukham.com/trending-kerala-govt-stand-kannur-karuna-medicalcollege-issue/

കോണ്‍ഗ്രസില്‍ തലമുറമാറ്റം വന്നതോടെ എല്ലാവരുടെയും പന്തിയില്‍ ഇരുന്നാല്‍ ഊണ് കിട്ടില്ലേ എന്നൊരു സംശയം ബെന്നിക്ക് ഉണ്ടായിട്ടുണ്ടാവണം. കെ പി സി സി പ്രസിഡന്റാകാന്‍ ബെന്നിക്ക് തീര്‍ച്ചയായും യോഗ്യതയുണ്ട്. പിറവത്തുനിന്ന് 1982ല്‍ എം എല്‍ എ ആയ ബെന്നി പിന്നീട് മൂന്നു പതിറ്റാണ്ടെത്താറാവുമ്പോഴാണ് തൃക്കാക്കരയില്‍നിന്ന് നിയമസഭയിലേക്കെത്തുന്നത്. അവിടെനിന്ന് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. അതിനുമുമ്പ് യു ഡി എഫ് കോട്ട എന്നു വിശ്വസിച്ചിരുന്ന ഇടുക്കിയില്‍നിന്ന് 2004ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1952ല്‍ ജനനം. 1978ലാണ് കെ എസ് യു പ്രസിഡന്റായത്. അടുത്ത വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 17 വര്‍ഷം കെ പി സി സി ജനറല്‍ സെക്രട്ടറി ആയിരുന്നു. 1996 മുതല്‍ എ ഐ സി സി അംഗമായ ബെന്നി തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനുമായിരുന്നു. ഫണ്ട് സമാഹരണത്തിനുള്ള പാടവമാണ് ബെന്നിയെ കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണം' മാനേജിംഗ് ഡയറക്ടറാക്കിയത്.

ഇതൊക്കെ കെ പി സി സി പ്രസിഡന്റാകാനുള്ള മതിയായ യോഗ്യതകളാണ്. എന്നാല്‍, അതിനുമപ്പുറം 'ജനകീയനാ'കണം എന്ന ചിന്തയാണ് ബെന്നിയുടെ ഇപ്പോഴത്തെ 'സ്വാശ്രയ ബില്‍ വെളിപാടി'നു പിന്നിലെന്നാണ് ആരോപണം. വി എസ് അച്യുതാനന്ദനെ ജനകീയനാക്കിയത് താനാണെന്ന് അവകാശപ്പെടാന്‍ അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ പെഴ്‌സണല്‍ സ്റ്റാഫിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കെ എം ഷാജഹാന് സ്വാതന്ത്ര്യമുണ്ട്. ആ ഷാജഹാന്‍, ബെന്നി ബെഹനാനെ ഉപദേശിച്ചതാണ് പുതിയ വെളിപാടിന് പിന്നിലെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. സി പി എം പോളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, കേരളത്തിലെ പ്രതിപക്ഷനേതാവ്, എല്‍ ഡി എഫ് കണ്‍വീനര്‍ എന്നിങ്ങനെ വിവിധ സ്ഥാനങ്ങളിലിരുന്ന് വി എസ് നടത്തിയ ജനകീയ ഇടപെടലുകളാണ് അദ്ദേഹത്തെ കേരളത്തിന്റെ മനസ്സാക്ഷിയുടെ പ്രതീകമായി മാറ്റിയത്. അതെന്തായാലും, സി പി എം ഇടപെടലിലൂടെ വി എസ്സിന്റെ പെഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് ഒരു വ്യാഴവട്ടം മുമ്പ് പുറത്തായ ഷാജഹാന്‍ പുതിയ ഡിജിറ്റല്‍ മാധ്യമ പണിപ്പുരയിലാണ്. അതിന് മുതല്‍ മുടക്കുന്നത് ബെന്നിക്ക് വേണ്ടപ്പെട്ടവരാണെന്നാണ് കോണ്‍ഗ്രസ് ഉപശാലകളിലെ വര്‍ത്തമാനം. ഷാജഹാന്‍ തന്നെയാവും ഓണ്‍ലൈന്‍ ഇടപെടലുകള്‍ നടത്താനുദ്ദേശിക്കുന്ന മാധ്യമങ്ങളുടെ ചീഫ് എഡിറ്ററും എന്നാണറിയുന്നത്. ദൃശ്യമാധ്യമ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ഷാജഹാന്റെ പുതിയ ഉദ്യമവുമായി സഹകരിക്കുന്നുണ്ട്. ബെന്നിയുടെ പ്രതിച്ഛായാ നിര്‍മ്മിതിയില്‍ ഷാജഹാന്റെ ഇടപെടലാണ് സ്വാശ്രയ ബില്ലിനെതുടര്‍ന്നുള്ള കോണ്‍ഗ്രസിന്റെ പടലപ്പിണക്കങ്ങളെ ആളിക്കത്തിക്കുന്ന ഇന്ധനമായി മാറിയതെന്നു വിശ്വസിക്കുന്ന യു ഡി എഫ് നേതാക്കള്‍ ഏറെയാണ്. ജനങ്ങളില്‍ വിശ്വാസമുള്ള നേതാക്കള്‍ക്ക് ഇത്തരം പ്രതിച്ഛായാ നിര്‍മ്മിതികള്‍ വേണോ എന്ന ചര്‍ച്ചയ്ക്കും ഇത് തുടക്കമിടുമെന്ന് കരുതാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/opinion-why-youths-are-not-protesting-writes-bsanthosh/Next Story

Related Stories