Top

ഈ ജയില്‍ 'മാനസിക നില' തെറ്റിക്കില്ല; പാലക്കാട് ഒരുങ്ങുന്നത് ഹൈടെക് ജയില്‍

ഈ ജയില്‍
മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളെ ഏതാണ്ട് പൂർണമായും തന്നെ പുറത്തു നിർത്തേണ്ടി വരുന്ന സംവിധാനമാണ് നിലവിലെ തടവറകൾ. സ്ഥിരം കുറ്റവാളികളും, ചിന്തകൾ ഒരൊറ്റ നിമിഷം വഴിമാറിപ്പോയതുകൊണ്ടു മാത്രം കുറ്റംചെയ്യപ്പെട്ടവരും, കുറ്റവാളിപ്പട്ടം ചാർത്തിക്കിട്ടിയ നിരപരാധികളും ഒരേപോലെ അവകാശലംഘനങ്ങൾ നേരിടുന്നൊരിടം. അർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്താൽ കൊടും കുറ്റവാളികളല്ലാത്ത ഇവരിൽ പലരെയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാനും കഴിയും. എന്നാൽ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ജയിൽ സംവിധാനങ്ങളും സൗകര്യങ്ങളും യഥാർഥത്തിൽ ജീവിതത്തിന്റെ കൂടുതൽ പരുക്കൻ തലങ്ങളിലേക്ക് തടവുകാരെ തള്ളിവിടുന്നു എന്നതാണ് യാഥാർഥ്യം. ഇതിനൊരു അപവാദമെന്നോണമാണ് പാലക്കാട് പുതിയ ജില്ലാ ജയിൽ പ്രവർത്തിക്കാൻ തൈയ്യാറെടുക്കുന്നത്. കുറ്റവാളികളുടെ അടിസ്ഥാന അവകാശങ്ങളുടെ നേരെ കണ്ണടക്കാതെയും അവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സംവിധാനവും സാഹചര്യവും ഒരുക്കിക്കൊണ്ടും പാലക്കാട് മലമ്പുഴയിൽ ജയിൽ അവസാനവട്ട മിനുക്കു പണിയിലാണ്. ജയിൽ പ്രവർത്തന സജ്ജമാകുന്നതോടെ പാലക്കാട് കോട്ടയ്ക്കകത്ത് പ്രവർത്തിക്കുന്ന സബ് ജയിലിലെ മുഴുവൻ തടവുകാരെയും ഇവിടേക്ക് മാറ്റും. ആറ് മാസം വരെ ശിക്ഷ ലഭിക്കുന്ന തടവുകാരെയാകും ജില്ലാ ജയിലിൽ പാർപ്പിക്കുക.

നിലവിൽ തടവുകാരെ പാർപ്പിച്ചിരിക്കുന്ന പാലക്കാട് സബ് ജയിലിന്റെ അവസ്ഥ

മഴ പെയ്താൽ ചോർന്നൊലിക്കുന്നതും നിഷ്കര്‍ഷിച്ചിട്ടുള്ളതിലുമധികം തടവ്‌ പുള്ളികളെ കുത്തിനിറച്ചതുമായ തടവറകൾ, നിലം പൊത്താറായ കെട്ടിടങ്ങൾ, ഇത്തരം പരാധീനതകൾക്കിടയിൽ തടവുകാരുടെ സുരക്ഷിതത്വത്തിനും തടവ്‌ പുള്ളികൾ തടവ്‌ ചാടുന്നത് തടയുന്നതിനുമായി പെടാപ്പാട് പെടുന്ന പോലീസുകാർ. പാലക്കാട് കോട്ടയ്ക്കകത്ത് പ്രവർത്തിക്കുന്ന സബ് ജയിലിന്റെ ചിത്രം ഒരിക്കൽ കണ്ടവരാരും പിന്നീട് മറക്കില്ല. 32 തടവുകാരെ പാർപ്പിക്കേണ്ടയിടത്ത് 190ലധികം തടവുകാരെ പാർപ്പിച്ചിരിക്കുന്നു എന്ന് പറയുമ്പോൾത്തന്നെ ഊഹിക്കാവുന്നതേയുള്ളു ജയിൽമുറികളിലെ തടവുകാരുടെ പരിതാപകാരവും മനുഷ്യത്വ രഹിതവുമായ അവസ്ഥയെന്തെന്ന്‌.

"ഞാൻ ഒരു വർഷം മുൻപ് രാഷ്ട്രീയത്തടവുകാരനായാണ് പാലക്കാട് സബ് ജയിലിലെത്തുന്നത്. ഞാൻ കിടന്ന സെല്ലിൽ ആറ് പേരെ കിടത്താനുള്ള സൗകര്യമേയുള്ളു. എന്നാൽ അതിലുണ്ടായിരുന്നത് 16 പേരാണ്. തിങ്ങിഞെരുങ്ങി മാട്ടിൻകൂട്ടങ്ങളെപ്പോലെ... സെല്ലിനകത്ത് തടവുകാർ തന്നെ പ്രാഥമികാവശ്യങ്ങൾക്കായി സൗകര്യമൊരുക്കിയിട്ടുണ്ട്. ചെറിയൊരു ഭിത്തി. അതിലിരുന്നാൽ പകുതി ശരീരം വെളിയിൽ കാണും. അതെ ഭിത്തിയിൽത്തന്നെയാണ് തടവുകാരുടെ ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ വയ്ക്കുന്നതും. രാവിലെ പ്രാഥമികാവശ്യങ്ങൾക്കായി പുറത്തിറക്കും. പരിമിതമായ കക്കൂസുകളിൽ പരിമിതമായ സമയം കൊണ്ട് പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കണം. കാരണം അത്രമാത്രം തടവുകാരുണ്ട്. കുളിയും അതുപോലൊക്കെത്തന്നെ. ആറുമാസം അവിടെകിടന്നു തിരിച്ചിറങ്ങുന്നൊരാൾക്ക് മാനസികനില തെറ്റിയിരിക്കും". ഒരുവർഷം മുൻപ് രാഷ്ട്രീയത്തടവുകാരനായി പാലക്കാട് സബ് ജയിലിൽ ഒരു ദിവസം കഴിയേണ്ടിവന്ന അട്ടപ്പാടി സ്വദേശി പറയുന്നു. പുരാവസ്തു വകുപ്പിന്റെ കൈവശത്തിലാണ് 150 ൽ പരം വർഷം പഴക്കമുള്ള കോട്ടയും സബ് ജയിലും.

പുതിയ ജയിൽ പ്രകൃതിയോട് ചേർന്ന്

പാലക്കാട് നഗരത്തിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ മാറി മലമ്പുഴ ഉദ്യാനത്തിനടുത്തായി "മന്തക്കാട്" ജലസേചനവകുപ്പിന്റെ എട്ട് ഏക്കർ സ്ഥലത്താണ് ജില്ലാ ജയിൽ ഒരുങ്ങുന്നത്. നഗരത്തിന്റെ ആരവങ്ങളോ ബഹളങ്ങളോ ഒന്നുമില്ല. ജയിലിൽ നിന്നും 100 മീറ്റർ ദൂരെയായി മലമ്പുഴ സർക്കാർ സ്കൂൾ പ്രവർത്തിക്കുന്നതൊഴിച്ചാൽ ശാന്തമായ പ്രദേശം. മലമ്പുഴ ഉദ്യാനത്തിലേക്ക് ഇവിടെ നിന്നും രണ്ട് കിലോമീറ്റർ മാത്രം.

ശ്വാസം മുട്ടിക്കുന്ന ഇടുങ്ങിയ സെല്ലുകൾക്കു പകരം 20 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ സെല്ലുകളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. ഓരോ സെല്ലിലും അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി സെല്ലിനുള്ളിൽ തന്നെ പ്രത്യേകം ടോയ്‌ലെറ്റും നിർമ്മിച്ചിരിക്കുന്നു.

ഒരേ സമയം 333 കുറ്റവാളികളെ പാർപ്പിക്കാൻ കഴിയുന്ന തരത്തിലാണ് സെല്ലുകളുടെ ക്രമീകരണം. സ്ത്രീത്തടവുകാർക്കും, പുരുഷ തടവുകാർക്കുമായി പ്രത്യേകം ബ്ലോക്കുകൾ, ഭിന്നലിംഗക്കാർക്കായി പ്രത്യേകം സെൽ എന്നിവയുമുണ്ട്. ഭിന്നലിംഗക്കാർക്കായി പ്രത്യേകം സെൽ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ ജയിൽ കൂടിയാകും പാലക്കാട് ജില്ലാ ജയിൽ.

"കുറ്റവാളികളായെത്തുന്നവരെ കുറ്റകൃത്യ വാസന ഇല്ലാതാക്കി മറ്റു സാധാരണ മനുഷ്യരെപ്പോലെ തന്നെ ജീവിക്കാൻ പ്രാപ്തരാക്കുന്ന തരത്തിലേക്ക് എത്തിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ ജയിലിനകത്ത് ചെയ്തിട്ടുണ്ട്. പ്രാർഥനാ മന്ദിരം, ചെറിയ ചെറിയ തൊഴിൽ പഠിപ്പിക്കുന്നതിനായി വൊക്കേഷണൽ ട്രെയിനിങ് ഹാൾ എന്നിവയൊക്കെ ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ളതാണ്". പദ്ധതിയുടെ ചുമതല വഹിക്കുന്ന നോഡൽ ഓഫീസർ മുജീബ് റഹ്‌മാൻ പറഞ്ഞു.

അഡ്മിനിസ്ട്രേഷൻ വിഭാഗത്തിനായി പ്രത്യേകം ബ്ലോക്ക്, 400 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാൾ, ചപ്പാത്തി യൂനിറ്റിനായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന അടുക്കള എന്നിവയുൾപ്പെടെ നിരവധി സംവിധാനങ്ങൾ വേറെയും ജയിൽ കെട്ടിടത്തിനകത്ത് ഒരുക്കിയിട്ടുണ്ട്. ജയിലിനു ചുറ്റുമുള്ള രണ്ടു ചുറ്റു മതിൽ, ഇൻസ്പെക്ഷൻ റോഡ് എന്നിവ കൂടിയാകുന്നതോടെ ജില്ലാ ജയിലിന്റെ ചിത്രം ഏറെക്കുറെ പൂർണ്ണമാകുന്നു.

ജയിലിനോട് ചേർന്ന് ജലസേചന വകുപ്പിന്റെ തന്നെ രണ്ടര ഏക്കർ സ്ഥലത്ത് ജയിൽ ഉദ്യോഗസ്ഥർക്കും, ജീവനക്കാർ ക്കുമായി ഫ്‌ളാറ്റുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. 9.7 കോടി മുടക്കി ജയിൽ വകുപ്പ് നിർമ്മിച്ച ജില്ലാ ജയിൽ ജൂണിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്.

Next Story

Related Stories