Top

ആലപ്പാട് കരിമണല്‍ ഖനനത്തിന് പാരിസ്ഥിതിക അനുമതിയില്ല; രേഖകള്‍ പുറത്ത്

ആലപ്പാട് കരിമണല്‍ ഖനനത്തിന് പാരിസ്ഥിതിക അനുമതിയില്ല; രേഖകള്‍ പുറത്ത്
കൊല്ലം കരുനാഗപ്പിള്ളിയിലെ തീരദേശമേഖലയായ ചെറിയഴീക്കലിലെത്തിയാൽ കരിമണൽ ഖനനത്തിനെതിരെ 203 ദിവസം മുൻപ് ആലപ്പാടുകാർ കെട്ടിയുയർത്തിയ സമരപ്പന്തൽ ഇപ്പോഴും കാണാം. അവശേഷിക്കുന്ന പ്രതീക്ഷയോടെ സമരപ്പന്തലിലേക്ക് വന്നു നിരാഹാരമനുഷ്ഠിക്കുന്ന സാധാരണക്കാരായ മനുഷ്യരും. നീളുന്ന സമരത്തിനിടയിലും തങ്ങൾ ചവിട്ടി നിൽക്കുന്ന ഭൂമി പതുക്കെപ്പതുക്കെ കടലെടുത്തുപോകുന്നത് ഇവർ തിരിച്ചറിയുന്നുണ്ട്. അവരത് ചൂണ്ടിക്കാണിക്കുന്നുമുണ്ട്. തീരദേശഗ്രാമങ്ങളെ ഇല്ലാതാക്കുന്ന തരത്തിൽ മേഖലകളിൽ അനധികൃത കരിമണൽ ഖനനം തുടരുമ്പോഴും ക്രിയാത്മകമായ ഇടപെടലുകൾ ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് ആലപ്പാടുകാരുടെ ആക്ഷേപം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് (ഐ ആർ ഇ എൽ), സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) മാണ് മേഖലകളിൽ വർഷങ്ങളായി കരിമണൽ ഖനനം നടത്തിവരുന്നത്.

ഖനനത്തിന് പാരിസ്ഥിതിക അനുമതിയില്ലെന്നു വിവരാവകാശ രേഖകൾ

തീരദേശഗ്രാമങ്ങളായ ആലപ്പാട്, പന്മന തുടങ്ങിയ മേഖലകളിൽ കരിമണൽ ഖനനം നടത്തുന്നതിനായി ഐ ആർ ഇ എൽ എന്ന കമ്പനിക്ക് പാരിസ്ഥിതികാനുമതി നൽകിയിട്ടില്ലെന്നാണ് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി പറയുന്നത്. പരിസ്ഥിതി പ്രവർത്തകനായ കെ സി ശ്രീകുമാറിന് നൽകിയ വിവരാവകാശ പ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നത്. മേഖലകളിൽ നടക്കുന്ന നിയമാനുസൃതമല്ലാത്ത ഖനനങ്ങൾക്കെതിരെ പഞ്ചായത്തിനും ജില്ലാ ഭരണാധികാരികൾക്കും മലിനീകരണ നിയന്ത്രണ ബോർഡിനും നടപടിയെടുക്കാമെന്നും അതോറിറ്റി പറയുന്നു. ഖനനം നടത്താൻ കെ എം എം എലിനു പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്ന് വിവരാവകാശ പ്രകാരം അക്ഷയ് രഘുവിന് നൽകിയ മറുപടിയിൽ ആലപ്പാട് ഗ്രാമപഞ്ചായത്തും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൃത്യമായി നിയമങ്ങൾ പാലിക്കാതെ വർഷങ്ങളായി മേഖലകളിൽ ഖനനം തുടരുമ്പോഴും ബന്ധപ്പെട്ട അധികൃതരാരും തന്നെ കർശനമായ നടപടികളെടുക്കാൻ തയ്യാറായിട്ടില്ല.

2017ലെ സുപ്രീം കോടതി കോമൺ കേസ് ജഡ്ജ്മെന്റ് പ്രകാരവും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2017 മാർച്ച് 14ലെ ഉത്തരവ് പ്രകാരവും അനുമതി ലഭിക്കാതെ ഖനനം ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന കമ്പനികളിൽ നിന്ന് പിഴ ഈടാക്കുന്നതോടൊപ്പം മേലിൽ പാരിസ്ഥിതിക അനുമതിക്ക് ഇവർക്ക് വിലക്കേർപ്പെടുത്തുക കൂടി ചെയ്യേണ്ടതാണെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ഇത്തരം വ്യവസ്ഥകളൊന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നു മാത്രമല്ല, കമ്പനികൾ നടത്തുന്ന കൃത്യമായ നിയമലംഘനങ്ങൾക്കെതിരെ അധികൃതരെല്ലാം തന്നെ കണ്ണടയ്ക്കുക കൂടിയാണ് ചെയ്യുന്നത്. കമ്പനികളും വിവിധ രാഷ്ട്രീയപാർട്ടികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അധികൃതർ നിഷ്ക്രിയമായി നിൽക്കുന്നതിനു പിന്നിലെന്നാണ് ആരോപണം. മാത്രവുമല്ല, ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരവും അനധികൃത കരിമണൽ ഖനനങ്ങളും വിവാദമായിട്ടും ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിട്ടും പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി പറയുന്നത് നിയമാനുസൃതമല്ലാതെ കമ്പനികൾ നടത്തുന്ന കരിമണൽ ഖനനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ്. കരിമണൽ ഖനനത്തിലൂടെ സർക്കാരിന് ലഭിക്കേണ്ട തുകയുടെ പകുതിയും ചില ലോബികളുടെ കൈകളിലേക്കാണ് പോകുന്നതെന്നും പ്രദേശവാസികൾ പറയുന്നു.അതേസമയം നിയമാനുസൃതമായാണ് ഖനനം നടത്തുന്നതെന്നാണ് ഐ ആർ ഇ എലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. നിയമങ്ങൾ പാലിച്ചുതന്നെയാണ് ഖനനം നടത്തുന്നതെന്നും അവർ പറഞ്ഞു.

ഐ ആർ ഇ എലും, കെ എം എം എലും നടത്തുന്ന ഖനനങ്ങൾക്ക് അനുമതി കൊടുത്തിട്ടില്ലെന്നു സർക്കാർ പ്രതിനിധികൾ തന്നെ വ്യക്തമാക്കിയതോടെ ആലപ്പാട് കരിമണൽ ഖനന വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ആലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തുകയുണ്ടായി. സമരസമിതി ചെയർമാൻ കെ. ചന്ദ്രദാസ്, തീരദേശ സംരക്ഷണ സമിതി നേതാവ് കെ. സി. ശ്രീകുമാർ, പരിസ്ഥിതി പ്രവർത്തകരായ വി. എസ്. ബിന്ദുരാജ്, സനൽ റോബർട്ട്, ശരണ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

"ഏത് നിയമങ്ങളുടെ പിൻബലത്തിലാണ് ഇവിടെ കമ്പനികൾ ഖനനം നടത്തുന്നത്? വർഷങ്ങളായി തുടർന്നുപോന്ന അശാസ്ത്രീയവും അനധികൃതവുമായ ഖനനത്തെത്തുടർന്നുണ്ടായ നഷ്ടം ചെറുതൊന്നുമല്ല. ഭൂസമ്പത്ത്, ജൈവ സമ്പത്ത്, മത്സ്യ സമ്പത്ത് അങ്ങനെ തുടങ്ങി ഒരു ജനതയുടെ സാംസ്കാരികമായ രേഖപ്പെടുത്തലുകൾ കൂടി ഇല്ലാതാക്കി. നിലവിൽ പാലിക്കേണ്ട ഖനന നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് കമ്പനികൾ ഇവിടെ ഖനനം നടത്തുന്നത്. ഇപ്പോഴും താന്നി, എലിചിരം, ബ്രഹ്മി തുടങ്ങി ഒട്ടനവധി ഔഷധ സസ്യങ്ങളുടെ കേന്ദ്രമാണിവിടം. ഇതെല്ലാം ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തീർത്തും നിയമാനുസൃതമല്ലാതെ നടത്തുന്ന ഖനനം മനുഷ്യന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുന്നു".
തീരദേശ സംരക്ഷണസമിതി നേതാവും പരിസ്ഥിതി പ്രവർത്തകനുമായ കെ. സി. ശ്രീകുമാർ പറയുന്നു.

"203 ദിവസമായി ഞങ്ങൾ ഇവിടെ സമരം ചെയ്യുന്നു. ഞങ്ങൾ ചവിട്ടി നിൽക്കുന്ന മണ്ണ് ഒലിച്ചുപോയിക്കൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം വലിയൊരു ഭീതിയായി ഞങ്ങളുടെ ഉള്ളിലുണ്ട്. ഇത് ഞങ്ങളുടെ മാത്രം പ്രശ്നമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. കാരണം ചിലയിടങ്ങളിൽ കായലും കടലും തമ്മിലുള്ള ദൂരം വെറും 20 മീറ്റർ വരെ മാത്രമാണ്. അതുകൂടി ഇല്ലാതായാൽ കടൽവെള്ളം കായലിലേക്ക് ഇരച്ചു കയറും. കടലും കായലും ഒന്നായി മാറുന്ന പ്രതിഭാസം. ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. കുട്ടനാടിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകും. ദേശീയ ജലപാത കടന്നുപോകുന്ന പ്രദേശങ്ങളെയെല്ലാം ഇത് ബാധിക്കും. അതുകൊണ്ടു ഞങ്ങൾക്ക് പറയാനുള്ളത് ഇവിടെ ഒരു വിദഗ്ധ സംഘം വന്നു കൃത്യമായ പഠനം നടത്തണമെന്നാണ്. ഞങ്ങളുടെ പ്രദേശം ഖനനത്തിന് യോജിച്ചതാണോ എന്ന് കണ്ടെത്തണം. പഠനസംഘത്തിൽ ഞങ്ങളുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തണം. ശാസ്ത്രീയമായ രീതിയിൽ കരയെയും ജൈവസമ്പത്തിനേയും ബാധിക്കാത്ത തരത്തിൽ നടത്താൻ കഴിയുന്ന ഖനനത്തെ ഞങ്ങൾ എതിർക്കുന്നില്ല. ഇപ്പോൾ നടക്കുന്ന ഖനനപ്രവർത്തനങ്ങൾ നിർത്തിവച്ചു ഞങ്ങളുടെ പ്രദേശം ഖനനത്തിനനുയോജ്യമാണോയെന്നു കണ്ടെത്താൻ വിദഗ്ധ സംഘത്തെ ഏർപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റൊന്ന്, ഖനനത്തിന് ഭാഗമായി നടന്ന എല്ലാത്തരം പ്രവർത്തനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. സി ബി ഐ അന്വേഷണമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്." സമരസമിതി ചെയർമാൻ കെ. ചന്ദ്രദാസ് പറയുന്നു.

Read More: 12 ദിവസമായി മോര്‍ച്ചറിയില്‍; ഒടുവില്‍ അന്നമ്മയെ ദളിത് ക്രൈസ്തവ പളളിയില്‍ തന്നെ സംസ്‌കരിക്കാന്‍ വഴി തെളിയുന്നു

Next Story

Related Stories