TopTop
Begin typing your search above and press return to search.

പ്രവേശനോത്സവ ആഘോഷങ്ങള്‍ കഴിഞ്ഞെങ്കില്‍ ഇവിടേക്ക് കൂടി ഒന്ന് നോക്കണം; ഇവരും വിദ്യാര്‍ഥികളാണ്

പ്രവേശനോത്സവ ആഘോഷങ്ങള്‍ കഴിഞ്ഞെങ്കില്‍ ഇവിടേക്ക് കൂടി ഒന്ന് നോക്കണം; ഇവരും വിദ്യാര്‍ഥികളാണ്

അഴകമ്പാറ ആദിവാസി കോളനിയിലെ വിദ്യാർത്ഥികളുടെ യാത്രക്കായി ഏർപ്പെടുത്തിയ വാഹനത്തിനു ആറു മാസമായി പട്ടികവർഗ വികസന വകുപ്പ് വാടക കൊടുത്തിട്ടില്ല. സ്‌കൂൾ പ്രവേശന ദിവസം പെണ്‍കുട്ടികളടക്കമുള്ള വിദ്യാർത്ഥികൾ സ്കൂളിലെത്തിയത് കാട്ടിലൂടെ രണ്ടര കിലോമീറ്റർ നടന്ന്‌.

സ്‌കൂൾ തുറന്ന ദിവസം രാവിലെതന്നെ 12-കാരിയായ സൗമ്യ അനുജത്തി അർച്ചനയെ വിളിച്ചുണർത്തി. ആദ്യദിവസം പ്രവേശനോത്സവമാണ്. 9 ആകുമ്പോഴേക്ക് സ്കൂളിലെത്തണം. ഓട്ടോറിക്ഷ വരില്ലെന്ന് തലേദിവസം സ്‌കൂളിൽ നിന്ന്‌ അറിഞ്ഞു.

രണ്ടുപേരും കുളിച്ച് പോയ വർഷത്തെ നിറം മങ്ങിയ യൂണിഫോമിട്ടു. എട്ട് മണിയാകുമ്പോഴേക്കും കോളനിയിലെ മറ്റ് കുട്ടികളുമെത്തി. പുത്തൻ ഉടുപ്പുകൾ പോയിട്ട് നേരാംവണ്ണം നല്ലൊരു വസ്ത്രം പോലും പലർക്കുമില്ല. പിന്നെ വീട്‌ പിന്നിട്ട്, ഒരു കിലോമീറ്റർ വനപാതയും പിന്നിട്ട്, രണ്ടരക്കിലോമീറ്റർ നടന്നു നടന്നവർ സ്‌കൂൾ മുറ്റത്തെത്തി. പിന്നീട് സ്‌കൂളിലെ പ്രവേശനോത്സവാഘോഷങ്ങളിലേക്ക്. ആഘോഷങ്ങൾക്ക് ശേഷം തിരിച്ച് വീട്ടിലേക്കും ഇതേ നടത്തം.

പാലക്കാട് അകത്തേത്തറ ചീക്കുഴി അഴകമ്പാറ ആദിവാസി കോളനിയിലെ കുട്ടികളാണ് സ്‌കൂൾ തുറന്ന ആദ്യദിനത്തിൽ തന്നെ സ്‌കൂളിലേക്ക് കിലോമീറ്ററുകൾ നടന്നെത്തിയത്. ഇവരുടെ യാത്രക്കായി കഴിഞ്ഞ അധ്യയന വർഷത്തിൽ ഗോത്രസാരഥി പദ്ധതി പ്രകാരം പട്ടികവർഗ വകുപ്പ് ഓട്ടോറിക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ വാഹനമില്ലാതെ വന്നതാണ് കുട്ടികളുടെ ദുരിതയാത്രക്ക് കാരണമായത്. വാഹനയുടമയ്ക്ക് അഞ്ച് മാസമായി പട്ടികവർഗ്ഗവികസന വകുപ്പിൽ നിന്നും വാടകയിനത്തിലുള്ള തുക കിട്ടാതെ വന്നതോടെ വാഹനയുടമ സർവീസ് നിർത്തുകയായിരുന്നു.

അഴകമ്പാറ കോളനിയിൽ നിന്ന് എട്ട് കുട്ടികളാണ് അകത്തെതറ പഞ്ചായത്തിലെ വിവിധ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നത്. വനമേഖലയോട് ചേർന്നുള്ള കോളനിയിൽ നിന്നും സ്കൂളുകളിലേക്കെത്തണമെങ്കിൽ രണ്ടു മുതൽ രണ്ടരക്കിലോമീറ്റർ ദൂരം വരെ താണ്ടണം. വിജനമായ വനപാതയിലൂടെ മാത്രം സഞ്ചരിക്കേണ്ടത് ഒരുകിലോമീറ്ററോളം ദൂരം. കാട്ടാനശല്യം രൂക്ഷമായ മേഖല കൂടിയാണിത്. ഇരുവശവും വൃക്ഷങ്ങൾ നിറഞ്ഞ് വിജനമായ പ്രദേശവും ഇതിനിടയിലുണ്ട്. ഇത്തരത്തിൽ ഒട്ടും സുരക്ഷിതമല്ലാത്ത മേഖലയിലൂടെയാണ് കുരുന്നു പെണ്‍കുട്ടികളടക്കമുള്ള വിദ്യാർത്ഥികൾ പലപ്പോഴും യാത്ര ചെയ്യുന്നത്. മൂന്നാം ക്ലാസു മുതൽ എട്ടാം ക്‌ളാസ് വരെ പഠിക്കുന്ന കുട്ടികളാണ് കോളനിയിലുള്ളത്.

"ഓട്ടോറിക്ഷ ഇനി എന്നാണ് വരണെന്നറിയില്ല. ഞങ്ങളുടെ പിള്ളാര് ഈ കാട്ടിലൂടെയാണ് നടന്നു പോണത്. പണിക്ക് പോകാത്ത ദിവസം ഞങ്ങൾ ഇടക്ക് വരെ കൊണ്ടാക്കും. പണിക്ക് പോയാൽ അതും പറ്റില്ല. എന്തു വിശ്വസിച്ചാണ്‌ ഞങ്ങളിവിടെ ഇരിക്കുന്നത്. പോരാത്തേന് കാട്ടാനകളും. കഴിഞ്ഞ വർഷം ഓട്ടോറിക്ഷയുണ്ടായിരുന്നു. എങ്കിലും ചിലപ്പോൾ വരില്ല. റോഡ്‌ ശരിയല്ലാത്തതിനാൽ മഴക്കാലത്ത് ഓട്ടോറിക്ഷ വീടിനടുത്തേക്ക് വരില്ല. അപ്പോഴും പിള്ളേരേം കൊണ്ട് മഴയത്ത് ഞങ്ങൾ അരക്കിലോമീറ്ററോളം നടക്കണം. എത്ര വർഷങ്ങളായി ഞങ്ങളിത്‌ സഹിക്കാൻ തുടങ്ങീട്ട്." കോളനി നിവാസിയായ വെള്ളച്ചി പറയുന്നു.

കോളനിയിലേക്കുള്ള റോഡിന്റെ അരക്കിലോമീറ്ററോളം ദൂരം മണ്‍പാതയാണ്. മഴക്കാലത്ത് ഇതിലൂടെയുള്ള യാത്രയും പ്രയാസമേറിയതാണ്.

കോളനിയിലെ രണ്ടോ മൂന്നോ കുട്ടികൾക്കൊഴിച്ച് ആർക്കും തന്നെ നല്ലൊരു യൂണിഫോമില്ല. സ്‌കൂളിൽ നിന്ന് യൂണിഫോം തുണികൾ കിട്ടാറുണ്ട്. എന്നാൽ അത് തയ്ക്കാൻ പലരുടെ കൈയ്യിലും പണമില്ല. പഴകിപ്പഴകി വൃത്തിഹീനമായ യൂണിഫോമാണ് കുട്ടികൾ പലരും ധരിക്കുന്നത്. ആവശ്യത്തിന് വസ്ത്രങ്ങളില്ലാത്തതിനാൽ യൂണിഫോം തന്നെയാണ് ചിലപ്പോൾ സ്‌കൂളിന് പുറത്തും ഇവർ ധരിക്കുക. സ്‌കൂൾ തുറക്കുന്നതിന് മുൻപ് പാലക്കാടുള്ള ഏതാനും സാമൂഹ്യപ്രവർത്തകർ ചേർന്ന് കുട്ടികൾക്ക്‌ ബാഗും കുടകളും നൽകിയതിനാൽ അതെങ്കിലുമുണ്ട് എന്നു പറയാം.

ഫണ്ടില്ലാതിരുന്നതുകൊണ്ടാണ് ചില സ്‌കൂളുകളിൽ ഗോത്രസാരഥി പദ്ധതി പ്രകാരമുള്ള തുക കൊടുക്കാൻ കഴിയാതിരുന്നത് എന്നാണ് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ വിശദീകരണം. ഉടന്‍ തന്നെ മുഴുവൻ തുകയും കൊടുത്തു തീർക്കും. ജൂണ്‍ 30 വരെ മുൻവർഷം നിശ്ചയിച്ച വാടകയിൽ സർവീസ് നടത്തേണ്ടതാണെന്നും കുട്ടികളുടെ യാത്ര മുടക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

Next Story

Related Stories