TopTop
Begin typing your search above and press return to search.

മലമ്പുഴ ഡാമിൽ കുടിക്കാനുള്ള വെള്ളം മാത്രം, ജില്ല വരണ്ടുണങ്ങുന്നു; എന്നിട്ടും കിൻഫ്രയാണ് അധികൃതര്‍ക്ക് പ്രധാനം

മലമ്പുഴ ഡാമിൽ കുടിക്കാനുള്ള വെള്ളം മാത്രം, ജില്ല വരണ്ടുണങ്ങുന്നു; എന്നിട്ടും കിൻഫ്രയാണ് അധികൃതര്‍ക്ക് പ്രധാനം
പ്രതിഷേധ സമരങ്ങളെയും നിയമപോരാട്ടത്തെയും തുടർന്ന് കിൻഫ്രയിലേക്ക് ജലമെത്തിക്കാനുള്ള പദ്ധതി തത്ക്കാലത്തേക്ക് നിർത്തിവയ്ക്കേണ്ടി വന്നെങ്കിലും പദ്ധതി നടപ്പിലാക്കാൻ തന്നെ ലക്ഷ്യമിട്ട് മുന്‍പോട്ട് പോവുകയാണ് ജല അതോറിറ്റി. കിൻഫ്ര പൈപ്പ് ലൈൻ വിരുദ്ധ സമിതി സമർപ്പിച്ച ഹര്‍ജിയിന്മേൽ ഹൈക്കോടതി എതിർകക്ഷികളോട് വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടി കൊടുക്കാൻ ആറ് മാസത്തെ സമയം ചോദിച്ചിരിക്കുകയാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ. അതേസമയം കടുത്ത വേനലിൽ പദ്ധതി നടപ്പിലാക്കുമ്പോഴുള്ള ജനങ്ങളുടെ എതിർപ്പ് മറികടക്കുന്നതിനു വേണ്ടിയാണ് ആറു മാസത്തെ സമയം ഉദ്യോഗസ്ഥർ ചോദിച്ചിട്ടുള്ളതെന്നാണ് കിൻഫ്ര പൈപ്പ്‌ലൈൻ വിരുദ്ധസമിതി പ്രവർത്തകർ പറയുന്നത്.

വേനൽ കടുത്തതോടെ ജില്ലയുടെ പല മേഖലകളും കടുത്ത വരൾച്ചയിലാണ്. പല ഭാഗത്തും ജനങ്ങൾ കുടിവെള്ളത്തിനായി ചെയ്യുന്ന സമരങ്ങളും പതിവ് കാഴ്ചകൾ. മലമ്പുഴ ഡാമിനെ ആശ്രയിച്ച് നിൽക്കുന്ന മേഖലകളുടെയും സ്‌ഥിതി ഇതൊക്കെത്തന്നെയാണ്. ഭൂരിഭാഗം പ്രദേശത്തും കൃത്യമായി കുടിവെള്ളം കിട്ടാത്ത അവസ്‌ഥ. ഇതിനിടയിലാണ് വ്യവസായ പാർക്കിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയുമായി ജല അതോറിറ്റി മുന്നോട്ട് പോകുന്നത്. ജലസേചന വകുപ്പ് കുടിവെള്ള വിതരണത്തിനായി നൽകുന്ന 96 ദശലക്ഷം ലിറ്റർ വെള്ളത്തിൽ നിന്ന് 38 ദശലക്ഷം ലിറ്റർ വെള്ളം ഇപ്പോൾത്തന്നെ ജല അതോറിറ്റി വ്യവസായ സ്ഥാപനങ്ങൾക്കു നൽകുന്നുണ്ട്. ഇതിനു പുറമെയാണ് ദിനം പ്രതി 20 ദശലക്ഷം ലിറ്റർ വെള്ളം കിൻഫ്രക്ക് നൽകാൻ തുടങ്ങുന്നത്.

കുടിവെള്ള വിതരണത്തിന് വേണ്ടി മാത്രമാണ് ജലസേചന വകുപ്പ് ജല അതോറിറ്റിക്ക് 96 ദശലക്ഷം ലിറ്റർ വെള്ളം നൽകുന്നത്. ജലസേചന വകുപ്പിൽ നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുടിവെള്ളത്തിന് അനുവദിച്ച വെള്ളത്തിൽ നിന്ന് 38 ദശലക്ഷം ലിറ്റർ വെള്ളം കുപ്പിവെള്ള കമ്പനിയടക്കമുള്ള വിവിധ കമ്പനികൾക്ക് ജല അതോറിറ്റി നൽകുകയാണ്. ഇത്തരത്തിൽ 140 വ്യാവസായിക കണക്ഷനുകളാണ് ജല അതോറിറ്റി നൽകിയിട്ടുള്ളത്.”
സമിതി കൺവീനർ ബോബൻ മാട്ടുമന്ത പറയുന്നു.

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ജലസേചന വകുപ്പിന് യാതൊരു അറിവുമില്ലെന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്.

http://www.azhimukham.com/kerala-state-water-policy-confusing-people-of-malampuzha-farming-and-industry-drinking-water-crisis-too-by-kr-dhanya/

പാലക്കാട് നഗരസഭയും, മലമ്പുഴ, പുതുപ്പരിയാരം, പറളി, കൊടുമ്പ് തുടങ്ങി ആറ് പഞ്ചായത്തുകളുമാണ് കുടിവെള്ളത്തിനായി മലമ്പുഴ ഡാമിനെ ആശ്രയിക്കുന്നത്. എന്നാൽ ഇത്രയും പഞ്ചായത്തുകളിലേക്ക് കൃത്യമായി കുടിവെള്ളം എത്തിക്കാൻ തന്നെ കഴിയുന്നില്ലെന്നതാണ് ഇപ്പോഴത്തെ അവസ്‌ഥ. ജല അതോറിറ്റി കഴിഞ്ഞ ദിവസം വെള്ളത്തിന് നിയന്ത്രണമെർപ്പെടുത്തുമെന്നു കാണിച്ച് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് തന്നെ ഇത് വ്യക്തമാക്കുന്നതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ വെള്ളമെത്തിക്കുവെന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്. അതേസമയം ഒരു മുന്നറിയിപ്പ് പോലുമില്ലാതെ മാസങ്ങൾക്കു മുൻപേ ജലവിതരണം നിർത്തിവച്ച നിരവധി പ്രദേശങ്ങളുണ്ട്. മലമ്പുഴ ഡാമിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ പോലും മാസങ്ങളായി വെള്ളമെത്തിയിട്ട്. മലമ്പുഴ, അകമലവാരം ആനക്കൽ മേഖലകളിൽ കുടിവെള്ള മെത്തിക്കുന്നതിനായി 2016-17 സാമ്പത്തിക വർഷത്തിൽ 18 കുടിവെള്ള ടാങ്കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത്തവണ ഇവിടേക്കൊന്നും വെള്ളം ഇതേവരെ എത്തിക്കാൻ സാധിച്ചിട്ടില്ല.

കുടിവെള്ള ടാങ്ക് വച്ചിട്ടുണ്ടെങ്കിലും നാലു മാസമായിട്ട് വെള്ളം വരുന്നില്ല. പുഴയിൽ കുഴിയുണ്ടാക്കിയാണ് കുടിക്കാൻ വെള്ളമെടുക്കുന്നത്. വെള്ളമെടുക്കാൻ ചെല്ലുമ്പോൾ ചിലപ്പോ പുഴയോരത്ത് മേയുന്ന പശുവോ പോത്തോ കുഴിയിൽ നിന്ന് വെള്ളം കുടിക്കുന്നുണ്ടാകും. അപ്പോ കുഴിയിലുള്ള ചീത്ത വെള്ളം കോരിക്കളഞ്ഞിട്ടാണ് പിന്നീട് തെളിഞ്ഞു വരുന്ന വെള്ളമെടുക്കുക. പുഴയ്ക്ക് എത്താൻ ഒരു കിലോമീറ്റർ നടക്കണം. അലക്കുന്നതും കുളിക്കുന്നതും പുഴയിൽ വെള്ളം കെട്ടി നിർത്തിയാണ്
", മലമ്പുഴ കൊല്ലങ്കുന്ന്, ആനക്കൽ മേഖലകളിലുള്ളവർ പറയുന്നു.

http://www.azhimukham.com/palakkad-farmers-water-scarcity-azhimukham/

കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി തുടങ്ങിയ വരൾച്ച ബാധിത പ്രദേശങ്ങളിലേക്ക് ജല അതോറിറ്റി ലോറിയിൽ വെള്ളമെത്തിക്കുന്നുണ്ട്. ഇതും ഇപ്പോൾ വല്ലപ്പോഴും മാത്രമായി ചുരുങ്ങി. യഥാർത്ഥത്തിൽ ഇവിടങ്ങളിലൊന്നും ഇപ്പോൾ കൃത്യമായി വെള്ളം കൊടുക്കാൻ തരത്തിൽ ഡാമിൽ വെള്ളമില്ലെന്നതാണവസ്ഥ. കുടിവെള്ളത്തിനായി ഒരു ഭാഗത്ത് മുറവിളിയുയരുമ്പോൾ മറുഭാഗത്ത്‌ കൃഷി നിലനിർത്താനായുള്ള കർഷകരുടെ പ്രതിഷേധങ്ങളും ശക്തമാവുകയാണ്. പാലക്കാട്, ആലത്തൂർ, ഒറ്റപ്പാലം, ചിറ്റൂർ തലപ്പാടി തുടങ്ങിയ താലൂക്കുകളിലായി കിടക്കുന്ന 21165 ഹെക്ടർ നെല്‍ കൃഷിയുടെ നിലനിൽപ്പ് മലമ്പുഴ ഡാമിലെ വെള്ളത്തിനെ ആശ്രയിച്ചാണ്. മുൻപ് മൂന്ന് വിളവെടുത്തിരുന്ന പാടങ്ങളായിരുന്നു ഇവയിൽ പലതും. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ അതു രണ്ട് വിളവെടുപ്പ് ആയി ചുരുങ്ങി. എന്നാൽ ഇപ്പോൾ രണ്ടാം വിളയ്ക്കുപോലും വെള്ളം വേണ്ടത്ര കിട്ടാനില്ല.

"ഇത്തവണ രണ്ടാം വിളയ്ക്ക് വെള്ളം കിട്ടാത്തതിനാൽ 6000 ഹെക്ടറിലധികം നെല്‍ കൃഷി ഉണങ്ങിപ്പോയി. 5000 ഹെക്ടറിൽ കർഷകർ രണ്ടാംവിള ഇറക്കിയിട്ടുപോലുമില്ല. മൂന്നു തവണ വിളവെടുത്തിരുന്ന ഏക്കർ കണക്കിന് പാടങ്ങളുണ്ട്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു തവണ മാത്രമാണ് ഇവിടെ കൃഷിയിറക്കുന്നത്. വർഷകാലത്തു മാത്രം വിളവെടുക്കുന്ന അവസ്ഥയിലേക്ക് കൃഷിയിടങ്ങൾ മാറുകയാണ്. ഈയൊരവസ്ഥയിൽ കിൻഫ്രക്ക് കുടിവെള്ളം കൊടുക്കാൻ ധാരണയായാൽ ഇവിടെ നിന്ന് കൃഷി പൂർണമായും ഇല്ലാതാവും. കാര്‍ഷികോത്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം ധാന്യ, നാണ്യ വിളകൾ മൂല്യവർദ്ധിത ഉത്പന്നമാക്കി മാറ്റാമെന്ന പ്രഖ്യാപനവുമായാണ് രാജ്യത്തെ ആദ്യത്തെ മെഗാ ഫുഡ് പാർക്ക് കഞ്ചിക്കോട് തുടങ്ങിയത്. ഇതിനുവേണ്ടി ഹെക്ടർ കണക്കിന് കൃഷിഭൂമി ഇല്ലാതാക്കണമോ
?" കര്‍ഷകര്‍ പറയുന്നു.മലമ്പുഴ ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ

മലമ്പുഴ ഡാമിൽ ഇപ്പോൾ അവശേഷിക്കുന്നത് 102.95 മീറ്റർ വെള്ളമാണ്. വേനൽ കുറേക്കൂടി ശക്തമാകുന്നതോടെ പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണ്ണൂർ മേഖലകളിലേക്ക് വെള്ളമെത്തിക്കുന്നതിനായി ഭാരതപ്പുഴയിലേക്ക് വെള്ളമൊഴുക്കി വിടേണ്ടി വരും. 2014 മുതൽ ഭാരതപ്പുഴയിലേക്ക് വെള്ളമൊഴുക്കുന്നുണ്ട്. ഇതോടെ ഡാമിലെ വെള്ളത്തിന്റെ അളവിൽ ഇനിയും കാര്യമായ കുറവ് വരും.

ഡാമിന്റെ ജലസംഭരണ ശേഷിയും ആദ്യകാലത്തെ അപേക്ഷിച്ച് കുറവാണ്. 226 ക്യൂബിക് മീറ്റർ ആയിരുന്നു ആദ്യകാലത്തെ ജലസംഭരണ ശേഷി. എന്നാൽ വർഷങ്ങളായി ഡാമിന്റെ അടിത്തട്ടിൽ ചെളിയും മണലും അടിഞ്ഞുകൂടിയതോടെ സംഭരണ ശേഷിയിൽ 28.26 ക്യൂബിക് മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ടെന്നു പീച്ചിയിലെ കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കിൻഫ്ര പൈപ്പ്‌ലൈൻ പദ്ധതി

2013 ലാണ് കഞ്ചിക്കോടുള്ള കിൻഫ്രയിലേക്ക് വെള്ളം കൊടുക്കാൻ തീരുമാനമായത്. 2017 സെപ്റ്റംബർ 19ന് ജല അതോറിറ്റി എം. ഡി. ഷൈനമോൾ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതിക്കാനുമതിയും നൽകി. 102 കമ്പനികൾ ഉൾപ്പെട്ട വ്യവസായ പാർക്കായ കിൻഫ്രയിലേക്ക് ദിവസം 20 ദശലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്നതാണ് പദ്ധതി. ഇതിനായി ടെൻഡർ നൽകുകയും കൊൽക്കത്തയിൽ നിന്ന് 32 ലോഡ് പൈപ്പുകൾ കൊണ്ടുവന്ന് പദ്ധതിപ്രദേശത്ത് ഇറക്കുകയും ചെയ്തു. എന്നാൽ കർഷകരും പൊതുപ്രവർത്തകരുമടങ്ങുന്ന കിൻഫ്ര പൈപ്പ്‌ലൈൻ വിരുദ്ധ സമിതിയുടെ പ്രതിഷേധത്തെത്തുടർന്നു പദ്ധതി തുടങ്ങി വയ്ക്കാനായില്ല. പ്രതിഷേധസമരങ്ങളുടെ ഭാഗമായി സമിതി, ജല അതോറിറ്റിയുടെയും, ജലസേചന വകുപ്പിന്റെയും കെടുകാര്യസ്ഥത തുറന്നുകാണിക്കുന്ന 'മലമ്പുഴ ഡാം വിൽപ്പനക്ക്' എന്ന ഡോകുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്.

http://www.azhimukham.com/keralam-protest-against-megafood-park-kinfra-at-palakkadu-reports-yasir/

Next Story

Related Stories