TopTop
Begin typing your search above and press return to search.

നഴ്‌സുമാരും ഡോക്ടര്‍മാരും; ചില സമര, മുതലാളിത്ത ചിന്തകള്‍

നഴ്‌സുമാരും ഡോക്ടര്‍മാരും; ചില സമര, മുതലാളിത്ത ചിന്തകള്‍

ശരിക്കും എഴുതുന്നതിന് വ്യക്തിപരമായി വളരെ പരിമിതികള്‍ ഉണ്ട്. ഞാന്‍ കേരളത്തില്‍ സര്‍ക്കാര്‍, കോര്‍പ്പറേറ്റ്, പ്രൈവറ്റ്, ക്രിസ്ത്യന്‍ ട്രസ്റ്റ് പ്രൈവറ്റ്, ഹിന്ദു ട്രസ്റ്റ് പ്രൈവറ്റ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, ഓട്ടോണോമസ് (ശ്രീചിത്ര, തിരുവനന്തപുരം) എന്നിങ്ങനെ വിവിധ തരം ആശുപത്രികളില്‍ ജോലി ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജിപ്‌മെര്‍ (പുതുച്ചേരി) ക്രിസ്ത്യന്‍ ട്രസ്റ്റ് സ്ഥാപനമായ സെന്റ് ജോണ്‍സ് (ബാംഗ്ലൂര്‍) എന്നിവയിലും ജോലി ചെയ്തിട്ടുണ്ട്. ഇവയിലെല്ലാം ഏറ്റവും കൂടുതല്‍ മണിക്കൂര്‍ ഊണും ഉറക്കവും ഇല്ലാതെ ജോലി ചെയ്തിട്ടുള്ളത് എംബിബിഎസ് കഴിഞ്ഞ് റെസിഡന്‍സി ചെയ്യുന്ന 25 മുതല്‍ 35ഉം 40ഉം വയസുള്ള ഹയര്‍ ട്രെയിനി വിഭാഗത്തില്‍ പെട്ട ഡോക്ടര്‍മാരാണ്. നിസാരമായുള്ള ശമ്പളമേ അവര്‍ക്കുള്ളു. പലപ്പോഴും ശമ്പളമേ ഇല്ല. പലര്‍ക്കും സ്വന്തം ആരോഗ്യം, കുടുംബം എന്നിവ നഷ്ടമായിട്ടുമുണ്ട്. ജീവനും.

പിന്നീട് കോടികള്‍ ഉണ്ടാക്കാനും മരുന്ന് മാഫിയയുമായി ചേര്‍ന്ന് സമൂഹത്തെ ചൂഷണം ചെയ്ത് രാജാക്കന്മാരായി വാഴാനുമുള്ള തന്ത്രപരമായ നീക്കം ആണിതെന്ന് പൊതുജനം പലരും പറയുന്നു. എനിക്കറിയില്ല. ഞാന്‍ കാണുന്നതില്‍ 80 - 90 ശതമാനം ഡോക്ടര്‍മാരും സ്വന്തം കാശ് കൊണ്ട് കഷ്ടിച്ച് അപ്പര്‍ മിഡില്‍ ക്ലാസ് എന്ന ലെവലില്‍ എത്തുന്നവര്‍ ആണ്. (ജന്മനാ കാശുള്ളവര്‍ ഇതില്‍ പെടില്ല) എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, മറ്റ് ഗസറ്റഡ് ജോലിക്കാര്‍, ചെറു, ഇടത്തരം വ്യാപാര - വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍, എന്നിവരെ പോലെ തന്നെയേ അവര്‍ ഉള്ളു. പിന്നെ ഒരു ചെറിയ ശതമാനം വലിയ കാശുണ്ടാക്കുന്നവരാണ്. ചിലര്‍ക്ക് സ്വന്തം ആശുപത്രികള്‍ ഉണ്ട്. അവരില്‍ തന്നെ നല്ല ഒരു വിഭാഗം സ്വന്തം പ്രയത്‌നവും കഴിവും ഉപയോഗിച്ച് നിയമാനുസൃതമായി തന്നെ വലിയവരായതാണ്. അല്ലാത്തവരും ഉണ്ട്.

നമ്മുടെ നാട്ടിലെ വാണിജ്യം, വ്യവസായം എന്നിവയെ ചെയ്യുന്ന പ്രൈവറ്റ് മേഖലയിലെ അതികായന്മാരും വലിയ വരുമാനം ഉണ്ടാക്കുന്നവര്‍, ഉണ്ടാക്കുന്ന തുകയില്‍ അവര്‍ ഒടുക്കുന്ന ടാക്‌സുമാണ് സര്‍ക്കാരിന്റെ വരുമാനത്തില്‍ വളരെ വലിയ ഒരു ശതമാനം. ഈ പറഞ്ഞ ഡോക്ടര്‍മാരും, നഴ്‌സുമാരും, എഞ്ചിനീയര്‍മാരും, ക്ലാര്‍ക്കുമാരും, മാനേജര്‍മാരും, സോഫ്റ്റ്‌വെയര്‍ ജോലിക്കാരും, നൂറുകണക്കിന് ചെറിയ ജോലി ചെയ്യുന്നവര്‍ മിക്കവരും സ്വകാര്യ മേഖലയിലെ മിടുക്കന്മാരായ സംരംഭകരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. ഏതൊരു വന്‍കിട സ്വകാര്യ സംരംഭകന്‍ നടത്തുന്ന വലിയ സ്ഥാപനത്തില്‍ നിന്നും നാല്‍പ്പത്, അമ്പതു ശതമാനത്തോളം സര്‍ക്കാര്‍ അടിച്ചെടുക്കും. നമ്മുടെ എല്ലാവരുടെയും അടിസ്ഥാന സൗകര്യവികസനം , ഭരണം, നീതിന്യായ നിര്‍വഹണം, രാജ്യ സംരക്ഷണം ഇവക്കാണിത്. പിന്നെ അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, അവസര തുല്യത (equality of opportunity), ഇവയും സര്‍ക്കാര്‍ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നു. ഇവയെല്ലാം വേണ്ടതാണ് താനും.

നിയമം അനുസരിക്കുന്നുണ്ട് എന്നും ടാക്‌സ് കൊടുക്കുന്നുണ്ട് എന്നുമൊക്കെ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാര്‍ തന്നെ ആണ്. പിന്നെ സാമൂഹ്യപ്രതിബദ്ധത - വളരെ ചെറിയ ഒരു ശതമാനം ആളുകള്‍ സ്വയം, ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ ഭയങ്കര സാമൂഹ്യപ്രതിബദ്ധതയുള്ളവരാണ്. 95 ശതമാനം സംരംഭകരും, നഴ്‌സുമാരും, ഡോക്ടര്‍മാരും, എഞ്ചിനിയര്‍മാരും, ശാസ്ത്രജ്ഞരും, കോണ്‍ട്രാക്ടര്‍മാരും, രാഷ്ട്രീയക്കാരും, അധ്യാപകരും, എഴുത്തുകാരും, മറ്റ് സകലമാന പേരും സ്വന്തം കുടുംബത്തെ നിലനിര്‍ത്താനും, സ്വയം വളരാനും, സമൂഹത്തില്‍ മതിപ്പും പദവിയും ഉണ്ടാവാനും, അത്യാവശ്യം ജോലി നന്നായി ചെയ്യുന്നതിലുള്ള ആത്മസംതൃപ്തിക്കും വേണ്ടിയാണ് ജോലി ചെയ്യുന്നത്. അതില്‍ കവിഞ്ഞ സാമൂഹ്യപ്രതിബദ്ധത ഒന്നുമില്ല. ജോലിയോട് കൂറ് കാണും കേട്ടോ. ഞാനടക്കം ഇങ്ങനെയുള്ള തികച്ചും സ്വാര്‍ത്ഥന്മാരാണ്.

നല്ല വ്യവസ്ഥിതികളുണ്ടെങ്കില്‍ ഇങ്ങനത്തെ സാധാരണക്കാരെ കൊണ്ട് രാജ്യത്തിന് ഗുണമുണ്ടാക്കാന്‍ പറ്റും. നല്ല വ്യവസ്ഥിതികള്‍ ഇല്ലെങ്കിലോ - എത്ര സാമൂഹ്യപ്രതിബദ്ധതയുള്ള ഹീറോകള്‍ മുക്കറയിട്ടാലും ഒരു ചുക്കും സംഭവിക്കുകയില്ല. പക്ഷെ കുറെ ഹീറോകള്‍ ഒന്നിച്ച് മുക്കി, സാദാ സ്വാര്‍ത്ഥര്‍ ലേശം സപ്പോട്ട് കൊടുത്താല്‍ പതിയെ കാര്യങ്ങള്‍ ശരിയാകും. നിലവിലുള്ള വ്യവസ്ഥ ഇതാണ്. എത്ര കണ്ണടച്ച് ഇരുട്ടാക്കിയാലും ഇത് തന്നെയാണ്. അപ്പോള്‍ ഈ കാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതിയില്‍ കൊള്ളലാഭം എങ്ങനെ തടയാം? പല സ്ഥാപനങ്ങളുണ്ട് എന്ന് വിചാരിക്കുക. ഇവ തമ്മില്‍ നല്ല മത്സരമുണ്ടെങ്കില്‍ കാലക്രമേണ മിനിമം ലാഭത്തിന് വസ്തു അഥവാ സേവനം വില്‍ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകും. അല്ലാത്തവ പൂട്ടിപ്പോകും. ആരോഗ്യസേവനത്തിന് ഈ ശുദ്ധ മുതലാളിത്ത മോഡല്‍ എല്ലാവര്‍ക്കും ഗുണകരമായി നടക്കാന്‍ വലിയ പാടാണ്. വളരെ നല്ല, ആലോചിച്ചുള്ള സാമൂഹ്യനിയന്ത്രണം ആവശ്യമാണ്. ഇത് ചെയ്യേണ്ടത് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ്. ആരോഗ്യം ഇങ്ങനെയാവാന്‍ പാടില്ല എന്ന് വിശ്വസിക്കുന്നവര്‍ ആ മേഖല മൊത്തമായി സര്‍ക്കാര്‍ ഏറ്റെടുത്ത് കാര്യക്ഷമമായി നടത്തണം എന്ന് പറയുന്നു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ അങ്ങനെയാണ്. അവ വലിയ കാശ് ഉള്ള രാജ്യങ്ങള്‍ ആണ്. അതേ നിലവാരത്തിലുള്ള ആരോഗ്യ പരിപാലനം ആണ് നമ്മള്‍ ഓരോരുത്തരും ആഗ്രഹിക്കുന്നത്. അത് ഈ അടുത്ത കാലത്തൊന്നും സര്‍ക്കാര്‍ ചിലവില്‍ ഇവിടെ എല്ലാ ജനങ്ങള്‍ക്കും എത്തിക്കാന്‍ സാധിക്കുക ഇല്ല!

എന്തുകൊണ്ട് സാധിക്കുകയില്ല?

നമുക്ക് അമേരിക്കയുടെ കാര്യം എടുക്കാം. ആ രാജ്യം മൊത്തം രാജ്യ വരുമാനത്തിന്റെ 20 ശതമാനത്തോളം ആരോഗ്യത്തിന് ചിലവിടുന്നു. മൊത്തം സ്വകാര്യമേഖലയില്‍ ആണ് അമേരിക്കന്‍ ഹെല്‍ത്ത് സിസ്റ്റം എന്നാണ് വിചാരം എങ്കിലും ശരിക്കും 50 ശതമാനം ചെലവ് സര്‍ക്കാര്‍ മേഖലയില്‍ നിന്നാണ്! അവിടത്തെ പാവപ്പെട്ടവര്‍ക്കും കിട്ടും ഒരുമാതിരിപ്പെട്ട ചികിത്സ.

നമ്മുടെ മൊത്ത വരുമാനത്തിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ് ആരോഗ്യത്തിനു ചിലവാക്കുന്നത്. ഇതിന്റെ തന്നെ 70 ശതമാനവും സ്വകാര്യ മേഖലയിലാണ്! ഒരു ശതമാനം രാജ്യവരുമാനം മാത്രമാണ് സര്‍ക്കാര്‍ പൊതു ജനങ്ങളുടെ ആരോഗ്യത്തിനു ചെലവിടുന്നത്!

ആളോഹരി വരുമാനം - ഇന്ത്യയേക്കാള്‍ പതിനേഴ് ഇരട്ടിയാണ് അമേരിക്കയുടേത്. അതും ഓര്‍ക്കണം.

അതായത് വികസിത രാജ്യത്തെ നിലവാരം അനുസരിച്ചുള്ള ആരോഗ്യ സേവനം എല്ലാവര്‍ക്കും ഇന്ത്യയില്‍ എത്തിക്കാന്‍ എന്ന് കഴിയും എന്ന് ദൈവം തമ്പുരാന് മാത്രമേ അറിയൂ.

നമ്മള്‍ ലേശം വിഷയത്തില്‍ നിന്നും വിട്ടു പോയി. ഞാന്‍ ജോലി ചെയ്ത എല്ലാ ഇടങ്ങളിലും ട്രെയിനികള്‍ അല്ലാഞ്ഞിട്ടു കൂടി ഏറ്റവും ആത്മാര്‍ത്ഥതയോടെ ജീവിതം മൊത്തം, ഡോകര്‍മാരുടെയും രോഗികളുടെയും കുറ്റപ്പെടുത്തലുകള്‍ ഒരു പോലെ കേട്ട്, സഹിച്ച്, വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ഒരു വിഭാഗമാണ് നഴ്‌സുമാര്‍. അവര്‍ അര്‍ഹിക്കുന്ന വേതനം കൊടുക്കണം. അവര്‍ എല്ലാം സമരത്തില്‍ പോയാല്‍ ആശുപത്രികള്‍ പൂട്ടും എന്ന് ഭീഷണി ഒന്നും വേണ്ട. എന്തായാലും അവരില്ലാതെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുകയേ ഇല്ല. തനിയെ പൂട്ടി പോകും. അല്ലാതെ അവരുടെ ജോലി ഡോക്ടര്‍മാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ചെയ്യാന്‍ പറ്റില്ല.

വേതനം കൂടുമ്പോള്‍ സമൂഹം സേവനത്തിന് കൂടുതല്‍ വില കൊടുക്കേണ്ടി വരും. അത് കൊടുക്കണം. അല്ലാതെ പിന്നെ?

നഴ്‌സുമാര്‍ പോലുള്ള സ്‌കില്‍ഡ് ജോലിക്കാരുടെ എണ്ണം കൂടുമ്പോള്‍ വേതനം കുറയും. മുതലാളിത്ത വ്യവസ്ഥിതിയുടെ ഒരു സ്വഭാവം ആണത്. ഇത് ഒരുതരം ക്യാപിറ്റലിസത്തിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. ഇത് കൊണ്ടൊക്കെ ആണ് കാപിറ്റലിസത്തിനു ചങ്ങലകള്‍ വേണം എന്ന് പറയുന്നത്. ചങ്ങലകള്‍ കൂടിയാലോ? മൊത്തം എക്കണോമി സ്വാഹാ ആകും. ചരിത്രത്തില്‍ നിന്നും നമുക്ക് ഇതറിയാം.

ഈ പ്രശ്‌നം ആര്‍ക്കും വരാം. ഇപ്പോള്‍ തന്നെ നോക്ക് - അഞ്ചര വര്‍ഷം പഠിച്ച ഒരു ദന്തഡോക്ടര്‍ക്ക് 5000 മുതല്‍ 10000 രൂപ വരെയാണ് മാസ ശമ്പളം. വിശ്വസിക്കാന്‍ പറ്റില്ല അല്ലെ? സത്യമാണ്.

എംബിബിഎസും എംഡി ഒക്കെ കഴിഞ്ഞ് അഞ്ചെട്ട് കൊല്ലം ആയവര്‍ നഗരത്തില്‍ 50,000 രൂപ മാസ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരുണ്ട്. നാളെ കേരളത്തില്‍ എല്ലാ ഡോക്ടര്‍മാരുടെയും സ്ഥിതി ഇതൊക്കെ തന്നെ.

സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് നല്‍കാന്‍ മിക്ക ആശുപത്രികളും തയ്യാറാണെന്നാണ് പറയുന്നത്. എന്നാല്‍ ഇടതുസര്‍ക്കാര്‍ ആയിട്ടും അത്ര സപ്പോര്‍ട് പോരാ. ഇതെന്താണ് എന്നാലോചിക്കുമ്പോള്‍ - UNA ഒരു സ്വതന്ത്ര സംഘടനാ ആണ്. ഇടതു പാര്‍ട്ടി സംഘടനയല്ല.

പണ്ട് ആളുകള്‍ പറഞ്ഞിരുന്നു - ഞങ്ങളുടെ മതത്തിന്റെ ഉള്ളില്‍ മാത്രമേ രക്ഷയുള്ളൂ എന്ന്. അല്ലാതെ സ്വര്‍ഗത്തില്‍ പോയി എന്ന് തെളിവ് വന്നാല്‍ മതം ആരായി?

ശശാങ്കനാകും. ദതാണ്.


Next Story

Related Stories