TopTop
Begin typing your search above and press return to search.

ചെങ്ങന്നൂരിൽ നഴ്‌സുമാരും പോരാട്ടത്തിന്; കാലിടറുക ആർക്കൊക്കെ?

ചെങ്ങന്നൂരിൽ നഴ്‌സുമാരും പോരാട്ടത്തിന്; കാലിടറുക ആർക്കൊക്കെ?

തിരഞ്ഞെടുപ്പില്‍ ജയിക്കാനായി പോരാടുന്ന രാഷ്ട്രീയക്കാര്‍ക്ക് ജീവിതത്തില്‍ തോല്‍ക്കാതിരിക്കാന്‍ പോരാടുന്ന നഴ്‌സുമാരുടെ വെല്ലുവിളി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. ഇന്നേ വരെ തങ്ങള്‍ക്കൊപ്പം നില്‍ക്കുകയോ അനുകൂല നിലപാടെടുക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടിക്കാരെ വോട്ടിന്റെ കണക്ക് പറഞ്ഞു തന്നെ നേരിടാനാണ് യുഎന്‍എ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ടിന് ചെങ്ങന്നൂരില്‍ നടക്കുന്ന നഴ്‌സസ് അസോസിയേഷന്‍ കണ്‍വന്‍ഷനില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും.

മാസങ്ങളായി തുടരുന്ന കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തെ മുന്‍നിര്‍ത്തി തന്നെയാണ് യുഎന്‍എയുടെ നീക്കം. ഏപ്രില്‍ എട്ടിന് മുമ്പായി തങ്ങളുയര്‍ത്തുന്ന വിഷയങ്ങള്‍ പൂര്‍ണമായും പരിഹരിക്കാമെന്ന ഉറപ്പ് ഏതെങ്കിലും മുന്നണികള്‍ നല്‍കിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കാനാണ് യുഎന്‍എയുടെ തീരുമാനം. അല്ലാത്ത പക്ഷം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി വോട്ട് പിടിക്കാനാണ് അസോസിയേഷന്‍ ഭാരവാഹികള്‍ ആലോചിക്കുന്നത്.

യുഎന്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സുനീഷ് പറയുന്നു,'നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കയ്യെടുക്കുമെന്നോ, പരിഹരിക്കുമെന്നോ ഏതെങ്കിലും മുന്നണി പറഞ്ഞാല്‍ അവര്‍ക്ക് പിന്തുണ നല്‍കില്ല. ഞങ്ങള്‍ക്കിനി വേണ്ടത് പൂര്‍ണ പരിഹാരമാണ്. കെവിഎം ആശുപത്രി സമരത്തില്‍ ഞങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ പൂര്‍ണമായും നടപ്പാക്കും എന്നാര് ഉറപ്പ് നല്‍കുന്നോ അവരെ യുഎന്‍എ പിന്തുണക്കും. ആരും അതിന് തയ്യാറായി എത്തിയില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ യുഎന്‍എ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തും. ഇത് കേവലം വെല്ലുവിളിയായി മാത്രം എടുക്കേണ്ടതില്ല. മറിച്ച് ഞങ്ങളുടെ രാഷ്ട്രീയ നിലപാട് കൂടിയാണ് ഏപ്രില്‍ എട്ടിന് നടക്കുന്ന കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കുക. ഒരു മുന്നണിയും ഞങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ അതില്‍ നിന്നെല്ലാം വിട്ടുള്ള ഒരു രാഷ്ട്രീയ നിലപാടാവും ഞങ്ങള്‍ സ്വീകരിക്കുക.'

ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള നഴ്‌സുമാരെ പങ്കെടുപ്പിച്ചായിരിക്കും കണ്‍വന്‍ഷന്‍. അയ്യായിരത്തിലധികം നഴ്‌സുമാര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നഴ്‌സുമാരുടെ മാത്രം 1800 ലധികം വോട്ടുകള്‍ ഉണ്ടെന്നാണ് സംഘടനയുടെ അവകാശവാദം. സംഘടനാ പ്രതിനിധി ലിസു പറയുന്നതിങ്ങനെ; 'ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാത്രം 1800ല്‍ അധികം നഴ്‌സുമാരുണ്ട്. അവരുടെ കുടുംബാംഗങ്ങളും ഒക്കെയായി ആറായിരത്തിലധികം വോട്ടുകള്‍ കൈവശമുണ്ട്. വീടുവീടാന്തരം കയറിയിറങ്ങി നടത്തുന്ന പ്രചരണങ്ങളിലൂടെ അതിലേറെ വോട്ടുകള്‍ പിടിക്കാനാവുമെന്ന ആത്മവിശ്വാസവുമുണ്ട്. സ്വന്തം സ്ഥാനാര്‍ഥിക്കാണെങ്കിലും ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മുന്നണിക്കാണെങ്കിലും ഈ വോട്ടുകള്‍ ലഭിച്ചിരിക്കും. ആ വിശ്വാസത്തില്‍ തന്നെയാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്.'

നഴ്‌സുമാരുടെ മിനിമം വേതനം ഇരുപതിനായിരം ആക്കി ഉയര്‍ത്തിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ സര്‍ക്കാരിനെ പ്രതിചേര്‍ക്കാന്‍ തങ്ങളില്ലെന്നാണ് അസോസിയേഷന്‍ നിലപാട്. സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണമാണ് ഉണ്ടായിട്ടുള്ളതെന്നതിനാല്‍ അതിന്റെ പേരില്‍ പ്രചരണങ്ങള്‍ നടത്തില്ല എന്ന് പ്രതിനിധികള്‍ അറിയിക്കുന്നു. എന്നാല്‍ കെവിഎം ആശുപത്രിയിലെ നൂറ്റമ്പതോളം നഴ്‌സുമാരുടെ സമരം ഇന്നും പരിഹാരമാവാതെ നില്‍ക്കുകയാണ്. ആശുപത്രി മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ നടപടിയെടുക്കാനോ ആ വിഷയത്തില്‍ തങ്ങളെ പിന്തുണക്കാനോ ഒരു രാഷ്ട്രീയപാര്‍ട്ടികളും എത്താത്തതിലാണ് യുഎന്‍എയുടെ പ്രതിഷേധം. മിനിമം വേതനവും ജോലി സമയ ക്രമീകരണവും ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ ആശുപത്രി മാനേജ്‌മെന്റ് നടപടി സ്വീകരിച്ചിരുന്നു. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം ആരംഭിച്ചിട്ടും ഇതേവരെ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ ഇടപെട്ടിട്ടില്ല. ഇതിലുള്ള പ്രതിഷേധമാണ് യുഎന്‍എ ചെങ്ങന്നൂരില്‍ പ്രകടമാക്കുക.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories