‘ചേച്ചി അവരോടു പകരം ചോദിക്കണം. നിയമത്തിനു മുന്നിൽ അവരെ കൊണ്ടുവരണം’

കോളേജിലെ ഒരു അധ്യാപികയും നാല് സഹപാഠികളും മാനസികമായി പീഡിപ്പിച്ചിരുന്നതായി കുറിപ്പെഴുതിവെച്ചു ആത്മഹത്യ ചെയ്ത ഒലവക്കോട്ടെ അശ്വതി ചേച്ചിക്ക് ഇങ്ങനെ എഴുതി

പാലക്കാട് സ്വാശ്രയ കോളേജ് വിദ്യാർഥിനി അശ്വതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത്. അശ്വതിയുടെ അച്ഛനും വിശ്വകർമ സമുദായവും വിശദമായ അന്ന്വേഷണം ആവശ്യപ്പെട്ട് ഒലവക്കോട് ഹേമാംബിക നഗർ പൊലീസിന് പരാതി നൽകി. പാലക്കാട് ആലത്തൂർ ഇരട്ടക്കുളത്തുള്ള ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിലെ ബി. എസ്. സി. രണ്ടാം വർഷ വിദ്യാർഥിനിയായിരുന്ന അശ്വതിയെയാണ് തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തിയത്.

മാർച്ച് 27നാണ് അശ്വതിയെ വീടിനകത്തെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.പാലക്കാട് പുതുപ്പരിയാരം പഴയ പഞ്ചായത്തിൽ കിഴക്കേ വീട്ടിൽ വിശ്വകർമ കോളനിയിൽ മണികണ്ഠന്റെയും സുനിതയുടെയും രണ്ടാമത്തെ മകളാണ് അശ്വതി.

പാലക്കാട് തയ്യൽക്കട നടത്തുന്ന അമ്മ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയപ്പോഴാണ് മകൾ തൂങ്ങി മരിച്ചു കിടക്കുന്നത് കണ്ടത്. രാവിലെ കോളേജിലേക്ക് പോയ അശ്വതി 12 മണിയോടെ വീട്ടിലേക്ക് തിരിച്ചുവന്നിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

അശ്വതി എഴുതിയതെന്നു കരുതുന്ന ആറ് പേജ് വരുന്ന ആത്മഹത്യാ കുറിപ്പും പോലീസ് അശ്വതിയുടെ ബാഗിൽ നിന്നും കണ്ടെടുത്തു. കോളേജിലെ ഒരു അധ്യാപികയും നാല് സഹപാഠികളും മാനസികമായി പീഡിപ്പിച്ചിരുന്നതായി കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. നോട്ട് ബുക്കിൽ നിന്നും കീറിയെടുത്ത പേജുകളിലാണ് ആത്മഹത്യ കുറിപ്പ് എഴുതിയിട്ടുള്ളത്. വരയിട്ട പേപ്പറിൽ പേന കൊണ്ടും കുറിപ്പെഴുതിയിട്ടുണ്ട്.

“അധ്യാപികയും നാല് സഹപാഠികളുമാണ് തന്റെ ജീവിതം നശിപ്പിച്ചത്. അവരാണെന്നെ ഭ്രാന്തിയാക്കിയത്. എന്റെ മരണത്തിനു അവർ മാത്രമാണ് ഉത്തരവാദികൾ” ഇത്തരം കാര്യങ്ങളാണ് കത്തിൽ എഴുതിയിരിക്കുന്നതെന്ന് കത്ത് വായിച്ച പുതുപ്പരിയാരം ഗ്രാമപഞ്ചായത്തംഗം പി. ചെല്ലമ്മ പറയുന്നു. കൂടാതെ അച്ഛനും അമ്മയ്ക്കും കൂടി ഒരു കത്തും അശ്വതിയുടെ ചേച്ചിക്ക് മറ്റൊരു കത്തും എഴുതിയിട്ടുണ്ട്. “ചേച്ചി അവരോടു പകരം ചോദിക്കണം. നിയമത്തിനു മുന്നിൽ അവരെ കൊണ്ടുവരണം. എന്നാലേ എന്റെ ആത്മാവിനു ശാന്തി കിട്ടു”. എന്നാണ് ചേച്ചിക്കുള്ള കത്തിലുള്ളത്. അധ്യാപികയുടെയും നാലു സഹപാഠികളുടെയും പേരും മൊബൈൽ നമ്പറും കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

മുണ്ടൂരിൽ താമസിച്ചിരുന്ന മണികണ്ഠനും കുടുംബവും എട്ട് വർഷം മുൻപാണ് പുതുപ്പരിയാരം വിശ്വകർമ കോളനിയിലേക്ക് താമസം മാറ്റിയത്. സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലാണ്‌ കുടുംബം. ഇവർക്ക് രണ്ടു പെൺകുട്ടികളാണ്. മൂത്ത മകളെ സുഷമയെ നഴ്‌സിംഗിന് പഠിപ്പിച്ചത് ആകെയുണ്ടായിരുന്ന വീട് വിറ്റിട്ടായിരുന്നു. പിന്നീട് കുടുംബം അഞ്ചു സെന്റിലെ പണിതീരാത്ത വീട്ടിലേക്കൊതുങ്ങി.

“അവളുടെ ഒപ്പമുള്ള ഒരു പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നുവെന്നാണ് അവൾ ഞങ്ങളോട് പറഞ്ഞത്. ഇക്കാര്യം അധ്യാപികയോട് പറഞ്ഞതോടെ സഹപാഠികൾ അവളെ ഒറ്റപ്പെടുത്തിയെന്നും പറഞ്ഞു. മാത്രവുമല്ല, മുൻപ് സ്ഥിരമായി വരുന്ന തലചുറ്റലിനു ഡോക്ടറെ കാണിച്ചിരുന്ന കുറിപ്പ് കുട്ടികൾ കണ്ടിരുന്നു. ഇതോടെ മാനസികത്തകരാറുണ്ടെന്നു പറഞ്ഞു അവളെ മറ്റു കുട്ടികൾ കളിയാക്കിയെന്നും വീട്ടിൽ പറഞ്ഞിരുന്നു. രണ്ടു മാസം മുൻപ് ഇക്കാര്യങ്ങൾ അവൾ അവളുടെ അമ്മയോട് പറയുകയും അമ്മ കോളേജിൽ പോയി അധ്യാപികയെ കാണുകയും ചെയ്തിരുന്നു. അതിനുശേഷം അടുത്തയിടെയും ആ കോളേജിൽ നിന്നും തന്നെ മാറ്റണമെന്ന് അവൾ ചേച്ചിയോട് പറയുകയുണ്ടായി. തനിക്ക് ജോലി കിട്ടിയ ശേഷം കോളേജിൽ നിന്നും മാറ്റാമെന്ന് അന്ന് ചേച്ചി അവളോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ഞങ്ങൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്”. അശ്വതിയുടെ ബന്ധുക്കൾ പറഞ്ഞു.

പഠിക്കാൻ മിടുക്കിയായിരുന്നു അശ്വതി. പുതുപ്പരിയാരം സ്‌കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയിരുന്നു. സ്‌കൂളിലെ അധ്യാപകർക്കും അയൽപക്കക്കാർക്കും അശ്വതിയെക്കുറിച്ച് നല്ലതേ പറയാനുള്ളു.

“വിദ്യാർഥിനിയുടേത് തൂങ്ങി മരണമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മറ്റു ദുരൂഹതകളില്ല. അതേസമയം വിദ്യാർഥിനി വളരെ സെൻസിറ്റീവ് ആയ പ്രകൃതമാണെന്നാണ് അന്ന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്. വീട്ടുകാരുടെ ആരോപണം ഗൗരവമായെടുത്ത് അന്വേഷണം നടത്തി വരികയാണ്.” ഒലവക്കോട് ഹേമാംബിക നഗർ സി. ഐ. കെ. പ്രേമാനന്ദകൃഷ്ണൻ പറഞ്ഞു.

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍