Top

അഡ്മിഷന് വേണ്ടി അര്‍ദ്ധരാത്രിയിലും ക്യൂ; കണ്ണൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ നിന്നാണ് ഈ വാര്‍ത്ത

അഡ്മിഷന് വേണ്ടി അര്‍ദ്ധരാത്രിയിലും ക്യൂ; കണ്ണൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ നിന്നാണ് ഈ വാര്‍ത്ത
കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു അപൂര്‍വ്വത. ഒരു സർക്കാർ വിദ്യാലയത്തിലെ അഡ്മിഷന് തലേ ദിവസം രാത്രി മുതൽ രക്ഷകർത്താക്കൾ സ്‌കൂൾ വരാന്തയിൽ ക്യൂ നിൽക്കുന്നു. പ്രതിഷേധിച്ചും മുദ്രാവാക്യം വിളിച്ചും രാപ്പകൽ ഭേദമന്യേ ഒരു വലിയ എണ്ണം ആളുകൾ സർക്കാർ വിദ്യാലയത്തിന്റെ കനിവിനായി കാത്തിരുന്നതും ഇതാദ്യ സംഭവമായിരിക്കാം. കണ്ണൂർ തളിപ്പറമ്പിലെ ടാഗോർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്‌കൂൾ ആണ് അഡ്മിഷനു വേണ്ടി വിദ്യാർത്ഥികൾ ഏറെ ആഗ്രഹിക്കുന്ന ആ സർക്കാർ വിദ്യാലയം.

മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തിയ കേരളത്തിലെ തന്നെ ചുരുക്കം ചില സ്‌പെഷ്യൽ ഗ്രേഡ് വിദ്യാലയങ്ങളിലൊന്നാണിത്. 1974ൽ പ്രവർത്തനമാരംഭിച്ചതു മുതല്‍ ഇന്നുവരെ നൂറുശതമാനം വിജയത്തിൽ കുറഞ്ഞ റിസൾട്ടുകളൊന്നും ഈ വിദ്യാലയത്തെ തേടിയെത്തിയിട്ടില്ല. അറുപത് മുതൽ എഴുപത് ശതമാനം വിദ്യാർത്ഥികളും സ്ഥിരമായി എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് ജേതാക്കൾ ആയിവരുന്നു എന്നതാണ് സ്‌കൂളിന്റെ മറ്റൊരു തിളക്കം. ഇത്തരം വിദ്യാഭ്യാസ മികവുകളെല്ലാം കാരണം വർഷാവർഷം അഞ്ച്, എട്ട് ക്ലാസ്സുകളിലേക്കുള്ള അഡ്മിഷനു വേണ്ടി വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും തിക്കും തിരക്കുമാണ്. അതുകൊണ്ടുതന്നെ തളിപ്പറമ്പ് ആലക്കോട് റോഡിൽ നാൽപ്പത്തി നാലു വർഷമായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എല്ലാവർഷവും അഞ്ചാം തരത്തിലേക്കും എട്ടാം തരത്തിലേക്കും അഡ്മിഷൻ നൽകി വരുന്നത്.

സ്‌പെഷ്യൽ ഗ്രേഡ് പദവിയിൽ നിൽക്കുന്ന ടാഗോർ വിദ്യാനികേതന്റെ ഉന്നതാധ്യക്ഷൻ ജില്ലാ കളക്‌ടറാണ് എന്നതാണ് മറ്റൊരു സവിശേഷത. സ്‌കൂളിന്റെ നിയന്ത്രണം സംബന്ധിച്ച കാര്യങ്ങളെല്ലാം നടപ്പിലാക്കി വരുന്നത് കളക്ടറുടെ നേതൃത്വത്തിലുളള പ്രത്യേക കമ്മറ്റിയാണ്. ഇംഗ്ലീഷ്‌, മലയാളം മീഡിയത്തില്‍ അധ്യയനം നടക്കുന്ന സ്കൂളാണ്. നിശ്ചിത സീറ്റുകൾ മാത്രം അനുവദനീയമായ വിദ്യാലയത്തിൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾ മാത്രമാണ് പഠനത്തിന് അർഹമാകുന്നത്. ടാഗോർ വിദ്യാനികേതനിലെ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കണ്ണൂരിലെ ചില പാരലൽ കോളേജുകൾ കോച്ചിങ് ക്ലാസ്സുകൾ നടത്തിവരുന്നു എന്നതാണ് കൌതുകകരം.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അഞ്ചാം തരത്തിലേക്ക് നാല്പതും എട്ടാം തരത്തിലേക്ക് മുപ്പതും വിദ്യാർത്ഥികളെയാണ് സാധാരണയായി ടാഗോർ വിദ്യാനികേതനിലേക്ക് തിരഞ്ഞെടുക്കുന്നത്. വിശാലമായ സ്ഥലസൗകര്യങ്ങളിലും വളരെക്കുറച്ചു പേർക്ക് മാത്രമേ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ നല്കുന്നുള്ളൂ എന്നതാണ് ടാഗോർ വിദ്യാനികേതനെ സംബന്ധിച്ച് കണ്ണൂരിലെ ജനങ്ങൾക്കുള്ള ഏക പരാതി. ഏതു വിധേനയും സ്വന്തം കുട്ടിക്ക് ഇവിടെ പ്രവേശനം ലഭിച്ചു കഴിഞ്ഞാൽ അവന്റെ/ അവളുടെ വിദ്യാഭ്യാസ ഭാവി സുരക്ഷിതമാകുമെന്ന് രക്ഷിതാക്കൾ ഉറച്ച് വിശ്വസിക്കുന്നു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന് വിപരീതമായി പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകുന്നത് ഉചിതമല്ല എന്ന നിരന്തര പരാതിയുടെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ നിർത്തലാക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഈ വർഷമുണ്ടായത് അഡ്മിഷനെത്തിയ പല വിദ്യാർത്ഥികൾക്കും ആശ്വാസ വാർത്തയായിരുന്നു. ഒപ്പം അഞ്ചാം തരത്തിൽ നാല്പത് സീറ്റ് എന്നുള്ളത് നൂറ്റി ഇരുപതായും, എട്ടാം തരത്തിൽ മുപ്പത് എന്നുള്ളത് അറുപതായും ഉയർത്തി എന്നതും പലർക്കും ടാഗോർ വിദ്യാനികേതനിലെ പഠനമെന്ന സ്വപ്നത്തിലേക്കുള്ള ദൂരം കുറച്ചു. എന്നാൽ, അപേക്ഷകരുടെ അനിയന്ത്രിത തള്ളിക്കയറ്റം കണക്കിലെടുത്ത് ആദ്യമെത്തുന്ന നൂറ്റി ഇരുപത് പേർക്ക് അഞ്ചാം തരത്തിലേക്കും അറുപത് പേർക്ക് എട്ടാം തരത്തിലേക്കും അഡ്മിഷൻ നൽകാമെന്ന തീരുമാനം സ്‌കൂൾ അധികൃതർക്ക് സ്വീകരിക്കേണ്ടി വരുകയായിരുന്നു. അതിനു വേണ്ടി തലേദിവസം രാത്രി മുതൽ സ്‌കൂൾ വരാന്തയിൽ ക്യൂ നിൽക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും തയ്യാറാകുമെന്നത് ടാഗോർ വിദ്യാനികേതനെ സംബന്ധിച്ചും പുതിയ അനുഭവമാണ്.

എട്ടാം ക്ലാസ്സിലേക്കുള്ള മകളുടെ പ്രവേശനത്തിനായി അഡ്മിഷന്റെ തലേദിവസം രാത്രി മുതൽ സ്‌കൂൾ വരാന്തയിൽ ക്യൂവിൽ നിന്ന ഒരു രക്ഷിതാവായ രാജൻ പറയുന്നതിങ്ങനെ; "ഇത്രയധികം നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന മറ്റൊരു വിദ്യാലയം കണ്ണൂരിലില്ല. മാത്രമല്ല, സർക്കാർ സ്ഥാപനമായതിനാൽ ഫീസും നൽകേണ്ടതില്ല. പിന്നെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഞങ്ങൾ എന്തിന് മറ്റൊരു വിദ്യാലയത്തെ സമീപിക്കണം? സ്ഥിരമായി എസ്എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയമാണ് ടാഗോർ വിദ്യാനികേതന്. മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും ഇവിടെ വർധിച്ചു വരുകയാണ്. എന്റെ മകൾക്ക് ഇവിടെ പ്രവേശനം ലഭിച്ചാൽ അവളുടെ ഭാവി തിളക്കമുള്ളതാകുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷെ, വളരെ ചുരുങ്ങിയ സീറ്റുകൾ മാത്രമാണുള്ളത്. മാത്രമല്ല, പ്രവേശന പരീക്ഷയും നടത്തുന്നു. ഇത്തരത്തിലുള്ള മാനദണ്ഡങ്ങളെല്ലാം അഡ്മിഷനു വരുന്ന ഭൂരിഭാഗം പേർക്കും അവസരം നഷ്ടപ്പെടാൻ കാരണമാകുന്നു. ഈ വർഷം മുതൽ പ്രവേശന പരീക്ഷ നിർത്തലക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഏറെ ആശ്വാസകരമാണ്. ആദ്യമെത്തുന്ന നൂറ്റി ഇരുപത് പേർക്കാണ് അഡ്മിഷൻ എന്നറിഞ്ഞതിനാൽ തലേന്ന് രാത്രി തന്നെ ക്യൂ നിൽക്കേണ്ടി വന്നു. നമ്മൾ കുറച്ച് ബുദ്ധിമുട്ടിയാലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുമെങ്കിലും അതല്ലേ നല്ലത്?"


അഡ്മിഷനു തലേദിവസം തുടങ്ങി സ്‌കൂളിലെത്തിയ രക്ഷിതാക്കളുടെ പ്രതിഷേധവും മറ്റും കണക്കിലെടുത്ത് ആദ്യമെത്തിയ നിശ്ചിത എണ്ണം അപേക്ഷകൾ സ്വീകരിക്കുക എന്ന തീരുമാനത്തിൽ നിന്നും മാറി , എത്തിച്ചേർന്ന ഓരോരുത്തരിൽ നിന്നും അപേക്ഷാഫോറം സ്വീകരിക്കാൻ സ്‌കൂൾ അധികൃതർ നിർബന്ധിക്കപ്പെടുകയായിരുന്നു. ഈ മാസം പതിനാലാം തീയതിയിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന അഡ്മിഷൻ ലിസ്റ്റിൽ തന്റെ കുട്ടിയുടെ പേരും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജനടക്കമുള്ള രക്ഷിതാക്കൾ.

വിദ്യാർത്ഥികളുടെ അഭാവം മൂലം സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന ഒരു കാലത്ത് തങ്ങളുടെ സ്ഥാപനത്തിനായി ആളുകൾ ക്യൂ നിൽക്കുന്നു എന്നത് ടാഗോർ വിദ്യാനികേതനിലെ അധികാരികളെ സംബന്ധിച്ചും ഏറെ അഭിമാനാർഹമാണ്.

"ഓരോ വിദ്യാർത്ഥിക്കും മികച്ച വിദ്യാഭ്യാസവും ഉന്നത വിജയവും ഉറപ്പുവരുത്താനാണ് ഏറെ കാലമായി ഈ സ്ഥാപനം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ റിസൾട്ടിനെ സംബന്ധിച്ച് അവരെക്കാൾ ഉത്കണ്ഠ ഇവിടുത്തെ അധ്യാപകർക്കാണ്. അതുതന്നെയാണ് ടാഗോർ നികേതന്റെ വിജയവും. സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ വർഷം അഞ്ച്, എട്ട് ക്ലാസ്സുകളിലേക്കുള്ള സീറ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ നിയമ പ്രകാരം പ്രവേശന പരീക്ഷയും നിർത്തലാക്കി. പരമാവധി വിദ്യാർത്ഥികൾക്ക് ടാഗോർ വിദ്യാനികേതനിൽ പഠിക്കാനുള്ള അവസരമൊരുക്കാൻ സ്‌കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്."
ടാഗോർ വിദ്യാനികേതനിലെ പിടിഎ പ്രസിഡന്റ് രാമചന്ദ്രൻ സംസാരിക്കുന്നു.

വാസ്തവത്തിൽ ഈ വിദ്യാലയം ഒരു പ്രതീകമാണ്. വിദ്യാഭ്യാസം സ്വകാര്യ വിദ്യാലയങ്ങളിലെ കച്ചവടങ്ങൾക്ക് വഴിമാറുന്ന ഈ കാലത്ത് ഇത്തരം നൂറ് വിദ്യാനികേതനുകൾ കേരളത്തിനാവശ്യമാണ്. അത്തരമൊരു മാറ്റത്തിന് ടാഗോർ വിദ്യാനികേതൻ ഒരു മാതൃകയായി തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കാം.

http://www.azhimukham.com/offbeat-i-want-highschool-request-by-physically-challenged-boy-to-pinarayivijayan-reports-krdhanya/

Next Story

Related Stories