UPDATES

പട്ടികവര്‍ഗ കുടുംബങ്ങളില്‍ ഒരാള്‍ക്ക് സ്ഥിരവരുമാനമുള്ള ജോലി; പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന്‍

ആറളം ഫാം, ചീങ്ങേരി ഫാം, അട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാം എന്നിവിടങ്ങളിലെ കൃഷിഭൂമിയില്‍ ഓര്‍ഗാനിക് ഫാമിങ് ആരംഭിക്കും

പട്ടികവര്‍ഗ കുടുംബങ്ങളില്‍ ഒരാള്‍ക്ക് സ്ഥിരവരുമാനമുള്ള ജോലി എന്ന പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പുകളുടെ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടിയില്‍ വ്യക്തമാക്കി.

ആറളം ഫാം, ചീങ്ങേരി ഫാം, അട്ടപ്പാടി കോ ഓപ്പറേറ്റീവ് ഫാം എന്നിവിടങ്ങളിലെ കൃഷിഭൂമിയില്‍ ഓര്‍ഗാനിക് ഫാമിങ് ആരംഭിക്കും. 250 സാമൂഹ്യ പഠനമുറികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. 150 എണ്ണത്തിന്റെ കൂടി പ്രവൃത്തി ആരംഭിക്കും. മില്ലറ്റ് വില്ലേജ് അതിരപ്പള്ളിയിലേക്കും വ്യാപിപ്പിക്കും. ആറളം, കൊച്ചി, ഷോളയൂര്‍ (രണ്ടെണ്ണം), മുള്ളന്‍കൊല്ലി, ഇരുമ്പുപാലം, ആനവായ് എന്നിവിടങ്ങളില്‍ ആറ് പ്രീമെട്രിക് ഹോസ്റ്റലുകളും പൂക്കോട് എം ആര്‍ എസും പ്രവര്‍ത്തനം ആരംഭിക്കും. പാലക്കാട് സ്‌പോര്‍ട്‌സ് എം ആര്‍ എസും അട്ടപ്പാടിയില്‍ പുതിയ എം ആര്‍ എസും ആരംഭിക്കും. വയനാട് ജില്ലയില്‍ ഗോത്രബന്ധു പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മെന്റര്‍ ടീച്ചര്‍ പദ്ധതി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ കൂടി വ്യാപിപ്പിക്കും.

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍, പൂര്‍ണമാകാതെ കിടക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് പരമാവധി ഒന്നര ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതി നടപ്പാക്കും. പ്ലസ് ടു പാസായവര്‍ക്ക് പ്രവേശന പരീക്ഷകള്‍ക്ക് കോച്ചിങ് നല്‍കുന്നതിന് പുതിയ പദ്ധതി ആരംഭിക്കും. ഈ വര്‍ഷം പുതുതായി 5000 പഠനമുറികള്‍ അനുവദിക്കും. 211 പേരെ വിദേശത്തെ വിവിധ സ്ഥാപനങ്ങളില്‍ പ്ലേസ്‌മെമെന്റിലൂടെ നിയമിച്ചു. ഈ വര്‍ഷം 750 പേര്‍ക്ക് പരിശീലനം നല്‍കി വിദേശത്ത് തൊഴില്‍ ലഭ്യമാക്കും. വിദേശത്ത് തൊഴില്‍ കണ്ടെത്താന്‍ 1000 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം ലഭ്യമാക്കും.
പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ വായ്പയെടുത്ത സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിരം വിപണന സംവിധാനത്തിനായി പാലക്കാട് കണ്ണമ്പ്രയില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്രാഫ്റ്റ് വില്ലേജ് ആരംഭിക്കും. കോര്‍പറേഷന്റെ ഏഴ് ഉപജില്ലാ ഓഫീസുകള്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങുമെന്നും അറിയിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ സംസ്ഥാന പദ്ധതികള്‍ക്ക് 2018-19 സാമ്പത്തിക വര്‍ഷം വകയിരുത്തിയ 522.08 കോടി രൂപ (20 ശതമാനം കുറവ് വരുത്തിയ ശേഷം) പൂര്‍ണമായും വിനിയോഗിച്ചു.

ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതി പ്രകാരവും റവന്യൂ വകുപ്പിന്റെ പട്ടയ വിതരണവും ഉള്‍പ്പെടെ 2499 പേര്‍ക്ക് 1842.42 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. വനാവകാശ നിയമപ്രകാരം 719 പേര്‍ക്ക് 1493 ഏക്കര്‍ ഭൂമി ആര്‍ ഒ ആര്‍ നല്‍കി. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച നിക്ഷിപ്ത വനഭൂമി 1593 പേര്‍ക്ക് 1326.54 ഏക്കര്‍ നല്‍കി. ശേഷിക്കുന്ന പതിനൊന്നായിരത്തോളം ഭൂരഹിതര്‍ക്കുള്ള ഭൂമി ലാന്‍ഡ് ബാങ്ക് സ്‌കീം, നിക്ഷിപ്ത വനഭൂമി വിതരണം, വനാവകാശ നിയമം എന്നിവ പ്രകാരം നല്‍കാന്‍ നടപടി സ്വീകരിക്കും.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്പില്‍ ഓവറായിരുന്ന 22648 വീടുകള്‍ ഉള്‍പ്പെടെ 29357 വീടുകള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. ഇതില്‍ 19880 വീടുകള്‍ ലൈഫ് പദ്ധതിയിലൂടെയും വകുപ്പിന്റെ ഭവന നിര്‍മ്മാണ പദ്ധതിയിലൂടെയും പൂര്‍ത്തീകരിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ സംസ്ഥാന പദ്ധതികള്‍ക്ക് വകയിരുത്തിയ പദ്ധതി വിഹിതം (20 ശതമാനം കുറവ് വരുത്തിയ ശേഷം) 1241. 33 കോടി രൂപയായിരുന്നു. ഇതില്‍ 1150. 66 കോടി രൂപ (93 ശതമാനം) വിനിയോഗിച്ചു. ഇതില്‍ 591.65 കോടി ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട മേഖലയിലും 265.67 കോടി രൂപ വിദ്യാഭ്യാസ മേഖലക്കുമാണ് ചെലവഴിച്ചത്. പിന്നോക്ക വിഭാഗ വികസന വകുപ്പില്‍ അനുവദിച്ച 341.96 കോടി രൂപയില്‍ 323.93 കോടി രൂപ (94.73 ശതമാനം) ചെലവഴിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ മുഖേന 130243 ഗുണഭോക്താക്കള്‍ക്ക് 1195 കോടി രൂപ വായ്പ നല്‍കി. മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പറേഷന്റെ പുരസ്‌കാരം സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന് ലഭിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് കോര്‍പറേഷന്‍ തൊഴില്‍ വായ്പ അനുവദിക്കുമെന്നും മറുപടിയില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍