TopTop
Begin typing your search above and press return to search.

കുരിശ് വിറ്റ് ജീവിക്കുന്നവരെ മുഖ്യമന്ത്രി എന്തിന് പിന്താങ്ങണം?

കുരിശ് വിറ്റ് ജീവിക്കുന്നവരെ മുഖ്യമന്ത്രി എന്തിന് പിന്താങ്ങണം?

മൂന്നാർ ചിന്നക്കനാലിൽ സൂര്യനെല്ലിക്കടുത്തുള്ള പാപ്പാത്തിച്ചോലയിൽ 'സ്പിരിറ്റ് ഇൻ ജീസസ്' വിഭാഗക്കാർ സ്ഥാപിച്ച കൂറ്റൻ കുരിശു തകർത്ത സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അതിരൂക്ഷമായാണ് വിമർശിച്ചത്. ഒരു വലിയ വിഭാഗം ആളുകൾ പ്രതീക്ഷയോടെ കാണുന്ന ഒന്നാണ് കുരിശ് എന്നും കയ്യേറ്റം ഒഴിപ്പിക്കാൻ പോയവർ കുരിശു പൊളിച്ചടുക്കുക വഴി കേരളത്തിലെ സർക്കാർ, കുരിശു തകർക്കുന്ന സർക്കാർ ആണെന്ന തെറ്റായ സന്ദേശമാണ് നൽകിയതെന്നും പറഞ്ഞ മുഖ്യമന്ത്രി പ്രസക്തമായ ഒരു ചോദ്യം കൂടി ഉന്നയിച്ചു. പാവം കുരിശ് എന്തു പിഴച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

മുഖ്യമന്ത്രി ഈ ചോദ്യം ഉന്നയിക്കുന്നതിനു ഏറെ മുൻപ് തന്നെ മൂന്നാറിലെ ഈ പടുകൂറ്റൻ കുരിശു തകർത്ത സംഭവത്തെ അഭിനന്ദിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന അധിപൻ ഗീവര്‍ഗ്ഗീസ് മാർ കുറിലോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മൂന്നാർ പാപ്പാത്തിച്ചോലയിലെ കുരിശ് എന്തുപിഴച്ചുവെന്നും അത് എന്തുകൊണ്ട് പൊളിച്ചു മാറ്റപ്പെടണം എന്നും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്ക് പിടിപ്പതു ജോലി ഉണ്ടെന്നത് അറിയാം. ഇന്നലെയും അദ്ദേഹം നല്ല തിരക്കിലായിരുന്നു. എങ്കിലും സ്വന്തമായി മാധ്യമ ഉപദേഷ്ടാക്കളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി എന്തെ ഇക്കാര്യങ്ങളൊന്നും അറിയാതെ പോവുകയും തന്റെ സർക്കാരിനെ പൊളിച്ചടുക്കാൻ സിപിഐക്കാരനായ റവന്യൂ മന്ത്രിയും അദ്ദേഹത്തിന്റെ വകുപ്പും ചേർന്ന് നീചമായ പ്രവൃത്തി നടത്തി എന്ന് തെറ്റിദ്ധരിച്ച് അവശനായി എന്ന് മനസ്സിലാവുന്നില്ല.

മുഖ്യമന്ത്രിയുടെ ഇന്നലത്തെ കലിതുള്ളൽ വ്യക്തമാക്കുന്ന മറ്റൊരു കാര്യം അദ്ദേഹത്തിന് തന്റെ മന്ത്രിമാരിൽ ഉള്ളതിനേക്കാൾ വിശ്വാസം മൂന്നാറിലെ കൈയേറ്റങ്ങൾക്ക് കുട പിടിക്കുന്ന സ്വന്തം പാർട്ടി നേതാക്കളെ ആണെന്നാണ്. കാര്യങ്ങൾ ഇങ്ങനെ പോയാൽ വി എസ് അച്യുതാന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ ദൗത്യത്തിന് സംഭവിച്ചത് തന്നെ ഇപ്പോഴത്തെ ഒഴിപ്പിക്കലിനും വന്നു ഭവിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

മുഖ്യമന്ത്രി ഇന്നലെ ഏറെ വേവലാതിപ്പെട്ട ആ 'പാവം കുരിശ്' പാപ്പാത്തിച്ചോലയിൽ സ്ഥാപിച്ചത് ആരെന്ന അന്വേഷണം കൊണ്ടു ചെന്നെത്തിക്കുന്നത് 'സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രി' എന്ന സംഘടനയിലേക്കാണ്. യുകെയിലും ദുബായിലുമൊക്കെ പ്രവർത്തനം നടത്തുന്ന ഇവരുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂരിലാണ്. പൂർവികരുടെ പാപങ്ങൾ പിന്‍തലമുറയെ വേട്ടയാടുന്നു എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇവർ മരിച്ചവരുടെ ആത്മാക്കളെ വിളിച്ചു വരുത്തുന്ന ആഭിചാര ക്രിയ നടത്തുന്നു എന്ന് ആരോപിച്ച് കത്തോലിക്കാ സഭ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഒരു വിഭാഗമാണ് ഇത്.

ബൈബിളും കുരിശുമൊക്കെ ഉപയോഗിച്ച് ആഫ്രിക്കൻ നാടുകളിൽ മിഷനറി പ്രവർത്തനം എന്നുപറഞ്ഞ് ഭൂമി കൊള്ള നടത്തിയവരെക്കുറിച്ച് ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാർ കുറിലോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. പാപ്പാത്തിച്ചോലയിലും 'പാവം കുരിശി'നെ മറയാക്കി ഈ സംഘടന ഇതുവരെ മുപ്പതു ഏക്കര്‍ റവന്യൂ ഭൂമി കയ്യേറിക്കഴിഞ്ഞു എന്നാണ് വാർത്തകൾ. മൂവായിരത്തിലേറെ വരുന്ന റവന്യൂ ഭൂമിയുടെ സിംഹഭാഗവും ഇക്കൂട്ടർ സാവകാശം കയ്യേറി കൂടായ്കയും ഇല്ല. ക്രൂശിതനായ യേശുവിനെയും അവന്റെ മരണത്തിലൂടെ മഹത്വവൽക്കരിക്കപ്പെട്ട കുരിശും വിറ്റു ജീവിക്കുന്ന ഇത്തരക്കാരെ വെച്ച് പൊറുപ്പിക്കേണ്ട എന്ത് ബാധ്യതയാണ് ഉള്ളതെന്ന ചോദ്യം ക്രൈസ്തവ സഭ നേതാക്കൾ തന്നെ ഉന്നയിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി മാത്രം എന്തിനു മറിച്ചു ചിന്തിക്കണം?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories