TopTop
Begin typing your search above and press return to search.

ഫാന്‍സ് അസോസിയേഷന്റെ ഇരട്ടച്ചങ്ക് എന്തുകൊണ്ട് പിണറായിക്ക് ഭൂഷണമല്ല

ഫാന്‍സ് അസോസിയേഷന്റെ ഇരട്ടച്ചങ്ക് എന്തുകൊണ്ട് പിണറായിക്ക് ഭൂഷണമല്ല

മനുഷ്യത്വരഹിതമായ പിടിവാശി ഉപേക്ഷിച്ചു ജിഷ്ണുവിന്റെ അമ്മയുടെയും സഹോദരിയുടെയും ജീവന്‍ രക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നായിരുന്നു എം ജി എസ് നാരായണനും എന്‍ എസ് മാധവനും സാറാ ജോസഫും പ്രൊഫ. ബി രാജീവനുമൊക്കെ അടങ്ങുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി കേരളത്തിലെ നിരവധി രാഷ്ട്രീയ നേതാക്കളും തങ്ങളുടെ പ്രസ്താവനകളിലൂടെ ആവശ്യപ്പെട്ടത് പിടിവാശി ഉപേക്ഷിക്കണം എന്നാണ്. മഹിജയുടെയും സഹോദരിയുടെയും സമരം ഇന്നലെ ഒത്തു തീര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഒരു കാര്യം തിരിച്ചറിയും എന്നു കരുതാം. പിടിവാശി ജനാധിപത്യ സംസ്കാരത്തിന്റെ ശത്രുവാണ് എന്നത്. ഇനിയുള്ള നാല് വര്‍ഷങ്ങളില്‍ മുന്‍പോട്ടുള്ള പോക്കിനെ നേരാംവണ്ണം കൊണ്ടുപോകാന്‍ ഈ അനുഭവം ഒരു പാഠമാക്കി എടുക്കും എന്നു പ്രതീക്ഷിക്കാം.

പക്ഷേ അപ്പോഴും ചില ശാഠ്യങ്ങള്‍ അവര്‍ കൊണ്ട് നടക്കുന്നുണ്ട് എന്നത് തന്നെയാണ് ചില പ്രമുഖ നേതാക്കളുടെ വാക്കുകളില്‍ നിന്നു നമ്മള്‍ മനസിലാക്കുന്നത്. 'മഹിജ എന്തിനാണ് സമരത്തിനിറങ്ങിയത്. ഇതാ ഞങ്ങള്‍ ശക്തിവേലിനെ പിടിച്ചത് കണ്ടില്ലേ. മഹിജ സമരം ചെയ്തിരുന്നില്ലെങ്കിലും ഞങ്ങള്‍ പിടിക്കുമായിരുന്നു എന്ന മട്ടിലുള്ള മന്ത്രി കെ.കെ ശൈലജയുടെ പ്രസ്താവന തന്നെ ഉദാഹരണം. ഞങ്ങള്‍ 'വിട്ടുവീഴ്ച' ചെയ്തതാണ് എന്നു സൂചിപ്പിക്കുന്ന തരത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഇതിന്റെ തുടര്‍ച്ചയായി ഇനിയും ചിലപ്പോള്‍ എം.എം മണിയുടെയും ജി സുധാകരന്റെയുമൊക്കെ പ്രസ്താവനകള്‍ വന്നേക്കാം. പക്ഷേ സിപിഎമ്മിലെ ബഹുഭൂരിപക്ഷം നേതാക്കളും അണികളും പറ്റിയ തെറ്റ് തിരിച്ചറിയുന്നുണ്ട് എന്നതാണ് പ്രത്യാശ പകരുന്നത്.

ജിഷ്ണു കേസിന്റെ തുടക്കം മുതല്‍ സര്‍ക്കാരിന് പാളിച്ചകള്‍ സംഭവിച്ചു എന്നത് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുകയും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സിപി ഉദയഭാനുവിനെ നിയമിക്കുകയുമൊക്കെ ചെയ്തത്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം എന്ന രീതിയില്‍ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് വിവിധ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തെ അറിയിക്കുന്നുണ്ട്. എന്നാലെന്തുകൊണ്ടാണ് പ്രതികളെ പിടിക്കാന്‍ സാധിക്കാത്തത് എന്ന കാര്യത്തില്‍ മാത്രം വ്യക്തമായ ഉത്തരം നല്കാന്‍ സര്‍ക്കാരിനോ പോലീസിനോ സാധിച്ചിട്ടുണ്ടായിരുന്നില്ല. ആ ഉത്തരത്തിന് വേണ്ടിയാണ് ജിഷ്ണുവിന്റെ കുടുംബം സമരം ചെയ്തത്. ആദ്യതവണ വന്നപ്പോള്‍ ഡിജിപിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ട് തങ്ങളുടെ പരാതി അവര്‍ ഉന്നയിക്കുകയും അതിനുള്ള പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന ഉറപ്പ് നേടിയെടുക്കുകയും ചെയ്തതാണ്. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടാകാതെവന്നപ്പോഴാണ് അവര്‍ക്ക് സമരത്തിന്റെ പാതയിലേക്ക് ഇറങ്ങേണ്ടി വന്നത്. ഡിജിപി ഓഫീസിന് മുന്‍പി‌ല്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ആ സമരത്തിന്റെ കാഠിന്യം കൂട്ടി എന്നുമാത്രമേയുള്ളൂ. ഒരര്‍ത്ഥത്തില്‍ അവരുടെ സമരത്തെ ഇത്ര ശക്തമായ ഒന്നാക്കി മാറ്റിയത് സര്‍ക്കാരിന്റെ ശൈലി തന്നെയായിരുന്നു.

തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയം ഏറ്റെടുക്കുകയായിരുന്നു. ബന്ദ് നടന്നു. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളുടെ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു. അങ്ങിങ്ങായി പോലീസ് ലാത്തിചാര്‍ജ്ജുകള്‍ നടന്നു. ജിഷ്ണു വിഷയം ജിഷ കേസ് പോലെ മറ്റൊരു രാഷ്ട്രീയ കളിയുടെ ഉപകരണമായി മാറും എന്നു തോന്നിച്ച ഘട്ടത്തിലാണ് സമരം ഇപ്പോള്‍ ഒത്തുതീര്‍പ്പായിരിക്കുന്നത്. ഈ ഒത്തു തീര്‍പ്പിന്റെ ആശ്വാസത്തിനിടയിലും സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് കൊടുത്ത പരസ്യവും പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതും ഒരു കരടായി നിലനില്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഭരണത്തിന്റെ തുടക്കം മുതല്‍ മാധ്യമങ്ങളോടും വിവരാവകാശം പോലുള്ള ജനാധിപത്യ സംവിധാനങ്ങളോടും മുഖ്യമന്ത്രി എടുത്ത നിലപ്പാടുകള്‍ തെറ്റാണ് എന്നു തന്നെയാണ് ജിഷ്ണു കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തെളിയിക്കുന്നത്. കൂടുതല്‍ ജനാധിപത്യപരവും സുതാര്യവുമായ ശൈലി സ്വീകരിക്കുക മാത്രമാണ് മികച്ച ഭരണാധികാരി എന്ന പേര് സമ്പാദിക്കാന്‍ പിണറായിക്ക് കരണീയമായിട്ടുള്ളത്. ഫാന്‍സ് അസോസിയേഷന്‍ നല്കിയ ഇരട്ടച്ചങ്കന്‍ എന്ന പ്രയോഗത്തിലാണ് അദ്ദേഹം അഭിരമിക്കുന്നതെങ്കില്‍ കേരളത്തിന്റെ ഇനിയുള്ള വര്‍ഷങ്ങള്‍ അത്ര ശോഭനമായിരിക്കില്ല എന്നു തീര്‍ച്ച.


Next Story

Related Stories