UPDATES

ട്രെന്‍ഡിങ്ങ്

എന്‍ എസ് എസിന്റെ ജാതിമതിലിനെതിരെ സമരം ചെയ്യുന്ന ദളിത് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം

പുറമ്പോക്ക് ഭൂമി ക്ഷേത്രഭൂമിയാണെന്നും ദളിതര്‍ കയറിയാല്‍ അവിടം അശുദ്ധമാകുമെന്നും ആരോപിച്ചാണ് ജാതിമതില്‍ ഉയര്‍ത്തിയതെന്നായിരുന്നു സമരക്കാരുടെ വാദം

വടയമ്പാടി എന്‍എസ്എസ് കരയോഗത്തിന് കീഴിലുള്ള ഭജനമഠം ദേവീ ക്ഷേത്രത്തില്‍ തീര്‍ത്ത ജാതിമതിലിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ പോലീസ് അതിക്രമണം. ദളിത് ഭൂ അവകാശ സമര മുന്നണിയുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി. റവന്യൂ അധികാരികള്‍ക്കൊപ്പം പുലര്‍ച്ചെ അഞ്ചരയോടെ എത്തിയ മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും പോലീസ് നടപടി തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകന്‍ മോഹനന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. എന്‍എസ്എസ് വക ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നതിന് തടസ്സമായി നില്‍ക്കുന്ന സമരപ്പന്തല്‍ പൊളിക്കണമെന്ന് ക്ഷേത്രസമിതി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പന്തല്‍ പൊളിച്ചു നീക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതിനെതുടര്‍ന്നാണ് പുലര്‍ച്ചെ റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും പോലീസും സ്ഥലത്തെത്തി പന്തല്‍ പൊളിച്ചത്. ആ സമയം പന്തലിലുണ്ടായിരുന്ന ഏഴ് പേര്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി.

ദളിത് കുടുംബങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് പ്രദേശത്തെ ഒന്നര ഏക്കറോളം റവന്യൂ ഭൂമി എന്‍.എസ്.എസിന് പതിച്ച് നല്‍കിയതിനെതിരെ പത്ത് മാസത്തോളമായി ഇവിടെ ദളിത് കുടുംബങ്ങള്‍ സമരത്തിലാണ്. നൂറ്റമ്പതോളം ദളിത് ആദിവാസി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് വടയമ്പാടി. ഇവിടെയുള്ള ദളിതരും ആദിവാസികളും ഒന്നര ഏക്കറോളം വരുന്ന റവന്യൂ പുറമ്പോക്ക് ഭൂമി പതിറ്റാണ്ടുകളോളം സര്‍വ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കുകയും തങ്ങളുടെ ആചാരാനുഷ്ഠാന കര്‍മ്മങ്ങള്‍ക്ക് വരെ ഈ ഭൂമി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്‍എസ്എസ് വടയമ്പാടി കരയോഗത്തിന് കീഴിലുള്ള ഭജനമഠം ദേവീക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. പുറമ്പോക്ക് ഭൂമിയും ചേര്‍ത്ത് ക്ഷേത്രസമിതി ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മിച്ചതോടെ ഈ സ്ഥലത്തേക്ക് ദളിതര്‍ക്കും ആദിവാസികള്‍ക്കും പ്രവേശനമില്ലാതെയായി. ഈ ഭൂമി തങ്ങളുടേതാണെന്നും 1981ല്‍ പട്ടയം ലഭിച്ചതാണെന്നുമുള്ള രേഖകളുമായാണ് എന്‍എസ്എസ് സമരക്കാരുടെ പ്രതിഷേധങ്ങളെ ചെറുത്തത്.

പുറമ്പോക്ക് ഭൂമി ക്ഷേത്രഭൂമിയാണെന്നും ദളിതര്‍ കയറിയാല്‍ അവിടം അശുദ്ധമാകുമെന്നും ആരോപിച്ചാണ് ജാതിമതില്‍ ഉയര്‍ത്തിയതെന്നായിരുന്നു സമരക്കാരുടെ വാദം. കഴിഞ്ഞ അംബേദ്കര്‍ ജയന്തി ദിനത്തില്‍ പ്രതിഷേധക്കാര്‍ ഈ ജാതിമതില്‍ പൊളിച്ചുനീക്കി. എന്നാല്‍ ഇതിനെതിരെ ക്ഷേത്രഭരണസമിതി രംഗത്തെത്തി. തുടര്‍ന്ന് സമരസമിതി സമരപ്പന്തല്‍ കെട്ടി സമരമാരംഭിക്കുകയായിരുന്നു. ദളിത് ഭൂ അവകാശ മുന്നണി റിലേ നിരാഹാര സമരം തുടര്‍ന്നുവരുന്നതിനിടെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെ ദളിതര്‍ക്കും ആദിവാസികള്‍ക്കും പഴയപടി ആ ഭൂമി ഉപയോഗിക്കാമെന്ന് വന്നു. ഇതോടെ പ്രത്യക്ഷ സമരപരിപാടികള്‍ സമരസമിതി അവസാനിപ്പിക്കുകയും ചെയ്തു. ഭൂമി കൈവശപ്പെടുത്താനുള്ള എന്‍എസ്എസിന്റെ ശ്രമത്തിനെതിരെ ഒരുലക്ഷം പേരുടെ ഒപ്പുശേഖരണത്തിനും മറ്റുമായി സമരപ്പന്തല്‍ നിലനിര്‍ത്തിയിരിക്കുകയായിരുന്നു എന്ന് സമരക്കാര്‍ പറയുന്നു.

ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച നായന്മാരുടെ ജാതി മതില്‍ ഭൂഅവകാശ സമരമുന്നണി പൊളിച്ചു

എന്നാല്‍ അതിനിടെയാണ് ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിന് സമരപ്പന്തല്‍ തടസ്സം സൃഷ്ടിക്കുകയാണെന്നും അത് പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര ഭരണസമിതി റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയത്. സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ഇന്നലെ മുതല്‍ സമരപ്പന്തലില്‍ രണ്ട് പേര്‍ നിരാഹാര സമരം ആരംഭിച്ചിരുന്നു. പുലര്‍ച്ചെ പന്തല്‍ നീക്കാനെത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ക്ഷേത്രഭരണസമിതിയും റവന്യൂ അധികൃതരും ഒത്തുകളിക്കുന്നതിന്റെ സൂചനയാണിതെന്നും സമരസമിതി പ്രവര്‍ത്തകന്‍ മാണി പറഞ്ഞു. ‘ സ്റ്റാറ്റസ്‌കോ ഉത്തരവിട്ട കളക്ടര്‍ സമരപ്പന്തല്‍ പൊളിച്ചുകളഞ്ഞ് ക്ഷേത്രസമിതിക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണ് ചെയ്തത്. ഒരു ലക്ഷം പേരുടെ ഒപ്പുശേഖരണവുമായി ബന്ധപ്പെട്ടാണ് സമരപ്പന്തല്‍ അവിടെ നിലനിര്‍ത്തിയിരുന്നത്. മൈതാനം ആരും കൈവശപ്പെടുത്താതെ പൊതു ആവശ്യത്തിന് ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒപ്പുശേഖരണമാണ് അവിടെ നടന്നിരുന്നത്. വസ്തു അളക്കാം, മൂവാറ്റുപുഴ ആര്‍ഡിഒ കൊടുത്ത തെറ്റായ ഓര്‍ഡര്‍ തിരുത്തും, എഡിഎം എന്‍എസ്എസിന് അനുകൂലമായി നല്‍കിയ റിപ്പോര്‍ട്ട് പിന്‍വലിക്കണം എന്നിവയായിരുന്നു ഞങ്ങളുടെ ആവശ്യം. അതെല്ലാം ഉറപ്പുതന്നിട്ടാണ് കളക്ടര്‍ പോയത്. രാഷ്ട്രീയമായ ഇടപെടലുകള്‍ വന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നു.’

സമരപ്പന്തലിലുണ്ടായിരുന്ന സമരസമിതി കണ്‍വീനര്‍ എംപി അയ്യപ്പന്‍കുട്ടി, നേതാക്കളായ രാമകൃഷ്ണന്‍ പൂതേത്ത്, പികെ പ്രകാശ്, വികെ മോഹനന്‍, വികെ രജീഷ്, വിടി പ്രശാന്ത്, പ്രവീണ്‍ എന്നിവരെ രാമമംഗലം പോലീസ് അറസ്റ്റ് ചെയ്തു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകരെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നീറ്റ ജലാറ്റിന്‍ കമ്പനി ആക്രമണ കേസുമായി ബന്ധപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇവര്‍ സമരത്തെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിന് എത്തിയതാണെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. ഇവരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സമരത്തെ തകര്‍ക്കാനാണ് പോലീസും ഭരണാധികാരികളും ശ്രമിക്കുന്നതെന്നും സമരസമിതി അംഗം മാണി ആരോപിച്ചു.

പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍