TopTop

വെള്ള പൂശാനാവാതെ പെയിന്റടി; സെന്‍കുമാറിനെ അവഗണിച്ച് തച്ചങ്കരി, പൊലീസിലെ ചേരിപ്പോര് മുറുകുന്നു

വെള്ള പൂശാനാവാതെ പെയിന്റടി; സെന്‍കുമാറിനെ അവഗണിച്ച് തച്ചങ്കരി, പൊലീസിലെ ചേരിപ്പോര് മുറുകുന്നു
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ കമ്പനിയുടെ, ഒരേ നിറത്തിലുള്ള പെയിന്റടിക്കാനുള്ള വിവാദ ഉത്തരവിന്റെ പേരിലടക്കം പൊലീസിലെ ചേരിപ്പോര് ശക്തമായി തുടരുന്നു. ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയ ടിപി സെന്‍കുമാറും സ്ഥാനം ഒഴിയേണ്ടി വന്ന ലോക്‌നാഥ് ബെഹ്രയും തമ്മിലുള്ള പോര് മുറുകുകയാണ്. അതേസമയം പൊലീസ് സ്റ്റേഷനുകളില്‍ ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ഉത്തരവിട്ടിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പിന് നല്‍കിയ വിശദീകരണത്തില്‍ മുന്‍ പൊലീസ് മേധാവിയും നിലവില്‍ വിജിലന്‍സ് മേധാവിയുമായ ബെഹ്‌റ അറിയിച്ചു. സെന്‍കുമാറിന്റെ അന്വേഷണ ഉത്തരവിനെത്തുടര്‍ന്നാണ് ബെഹ്ര വിശദീകരണം നല്‍കിയത്. പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ നിറമാക്കാന്‍ തീരുമാനിച്ചത് സെന്‍കുമാറിന്റെ കാലത്താണെന്നും ബെഹ്ര പറയുന്നു. പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിറം നിര്‍ദ്ദേശിച്ചതെന്നും ബെഹ്‌റ വ്യക്തമാക്കി.

എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗണ്‍ പെയിന്റ് അടിക്കണമെന്ന ബെഹ്‌റയുടെ വിവാദ ഉത്തരവിനെക്കുറിച്ച് ഇന്നലെ സെന്‍കുമാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനാണ് ബെഹ്‌റ വിശദീകരണ കത്ത് അയച്ചത്. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റടിക്കാന്‍ താന്‍ ഉത്തരവിട്ടുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബെഹ്‌റ കത്തില്‍ പറയുന്നു. 2015ല്‍ ടിപി സെന്‍കുമാര്‍ ഡിജിപിയായിരുന്ന സമയത്താണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ഒരേ നിറമാക്കാന്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിക്ക് കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തുകയായിരുന്നു. ചുമരുകള്‍ക്ക് നിറമായി ഒലീവ് ബ്രൗണ്‍ തിരഞ്ഞെടുക്കുകയും ചെയ്തു. പൈലറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്ത പേരൂര്‍ക്കട സ്റ്റേഷനില്‍ അന്നത്തെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി അനില്‍കാന്തിന്റ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തി. ഇതിന് ശേഷമാണ് എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും പുതിയ പെയിന്റടിക്കാന്‍ നിര്‍ദേശം നല്‍കിയത്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണന്നും കത്തില്‍ ബെഹ്‌റ പറയുന്നു.

പെയിന്റടി വിവാദത്തിന് പുറമെ ടി ബ്രാഞ്ചില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ മാറ്റിയതും പൊലീസിലെ രൂക്ഷമായ ഭിന്നത വ്യക്തമാക്കുന്നതാണ്. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് നല്‍കിയ പരാതി, ബെഹ്ര ഡിജിപിയായിരിക്കെ പൂഴ്ത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് കുമാരി ബീനയെ സെന്‍കുമാര്‍ മാറ്റിയത്. കുമാരി ബീന ഇത് സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും ഉള്‍പ്പെടുത്തി എഡിജിപി ടോമിന്‍ തച്ചങ്കരി തുടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഡിജിപി സെന്‍കുമാറിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ആസ്ഥാനത്തെ 320 മിനിസ്റ്റീരിയല്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി വാട്‌സ് ആപ് ഗ്രൂപ്പ് തുടങ്ങിയത്. 'പിഎച്ച്ക്യൂ അഡ്മിന്‍' എന്ന പേരിലുള്ള ഗ്രൂപ്പിന്റെ അഡ്മിന്‍ തച്ചങ്കരി തന്നെ. 256 ജീവനക്കാര്‍ ചേര്‍ന്നതോടെ ഗ്രൂപ്പ് നിറഞ്ഞു. ഇപ്പോള്‍ രണ്ടാമത്തെ ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ അതില്‍ ചേരാന്‍ വിസമ്മതിച്ചിട്ടുണ്ട്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ മൂന്ന് എഐജിമാര്‍ എന്നിവര്‍ ഇതിലുണ്ട്.

പൊലീസ് ആസ്ഥാനത്തിന്റെ് ചുമതലക്കാരന്‍ എന്ന നിലയില്‍ ജീവനക്കാരുമായി വേഗത്തില്‍ ബന്ധപ്പെടാനും പ്രശ്‌നപരിഹാരത്തിനുമായാണ് ഗ്രൂപ്പ് ആരംഭിച്ചതെന്നാണ് ജീവനക്കാരോടു തച്ചങ്കരി പറഞ്ഞത്. ജീവനക്കാരുടെ ഔദ്യോഗിക, ക്ഷേമകാര്യങ്ങള്‍, പൊതുവിജ്ഞാനം എന്നിവയെക്കുറിച്ച് വാട്‌സ് ആപ്പില്‍ സന്ദേശം അനുവദിച്ചിട്ടുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോ വ്യക്തികളെ തേജോവധം ചെയ്യുന്നതോ ആയ കാര്യങ്ങളോ അശ്ലീല ചിത്രമോ സന്ദേശമോ പാടില്ല. അടിയന്തര അവധി അപേക്ഷയും ഗ്രൂപ്പിലൂടെ നല്‍കാം. തിങ്കളാഴ്ച, തച്ചങ്കരി പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് അടക്കം 30 ബ്രാഞ്ചുകളും സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരോടു നേരിട്ട് പ്രശ്‌നങ്ങള്‍ ചോദിച്ചു. ഫയല്‍ നീക്കത്തിന്റെ കാലതാമസത്തിനുള്ള കാരണം തേടി. സീനിയര്‍ സൂപ്രണ്ട് മുതല്‍ ക്ലാര്‍ക്ക് വരെ എല്ലാവരെയും പരിചയപ്പെട്ടു.

മുഴുവന്‍ ജീവനക്കാരുടെയും യോഗവും തച്ചങ്കരി വിളിച്ചിരുന്നു. ഈ യോഗത്തിലും സെന്‍കുമാറിനെ ക്ഷണിച്ചില്ലെന്നാണ് അറിയുന്നത്. ഐജിയും എഐജിമാരും പങ്കെടുത്തു. ഓഫിസ് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. ജൂനിയര്‍ സൂപ്രണ്ടുമാരും സീനിയര്‍ സൂപ്രണ്ടുമാരും സ്വന്തം വകുപ്പുകളില്‍ കൃത്യമായി സീറ്റ് പരിശോധന നടത്തണമെന്നും ഫയല്‍ നീക്കം നോക്കണമെന്നും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓഫിസില്‍ വരുന്നതിനും പോകുന്നതിനും കൃത്യത ഉണ്ടാകണമെന്ന മുന്നറിയിപ്പും നല്‍കി.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും മുമ്പ് തന്നെ അദ്ദേഹത്തെ നിരീക്ഷിക്കാനും ഫയല്‍ വിവരങ്ങള്‍ മുന്‍കൂട്ടി അറിയാനും പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റിനിയമിച്ചിരുന്നു. തച്ചങ്കരി അടക്കം നാലു വിശ്വസ്തരായ ഐപിഎസുകാരെയാണ് നിയമിച്ചിരിക്കുന്നത്. അതിനാല്‍,
പൊലീസ് ആസ്ഥാനത്തെ ചെറിയ കാര്യങ്ങള്‍ പോലും അപ്പോള്‍ തന്നെ അറിയുന്നതിനാണ് ഇത്തരത്തില്‍ വാട്‌സ് ആപ് ഗ്രൂപ്പ് തുടങ്ങിയതെന്നാണു ജീവനക്കാര്‍ പറയുന്നത്. അതേസമയം, സര്‍ക്കാരിന്റെ നിരീക്ഷണ സംഘത്തിന്റെ പ്രവര്‍ത്തനം സെന്‍കുമാറും സൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണ് വിവരം.

Next Story

Related Stories