TopTop
Begin typing your search above and press return to search.

ഡിവൈഎഫ്ഐ നേതാവിനെതിരെ പീഡന പരാതി; കാമറയില്‍ റെക്കോഡ് ചെയ്തുവന്നാല്‍ കേസെടുക്കാമെന്ന് ദളിത് പെണ്‍കുട്ടിയോട് പോലീസ്

ഡിവൈഎഫ്ഐ നേതാവിനെതിരെ പീഡന പരാതി; കാമറയില്‍ റെക്കോഡ് ചെയ്തുവന്നാല്‍ കേസെടുക്കാമെന്ന് ദളിത് പെണ്‍കുട്ടിയോട് പോലീസ്

പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിക്കെതിരെ പരാതി കൊടുക്കാനെത്തിയ ദളിത് വിദ്യാര്‍ത്ഥിനിയോട് വീട്ടിൽ കാമറ സ്ഥാപിച്ച് തെളിവുകള്‍ ഉണ്ടാക്കി വരാൻ പോലീസ് ആവശ്യപ്പെട്ടതായി പരാതി. ആദ്യ ഘട്ടത്തിൽ കേസെടുക്കാനോ മൊഴി രേഖപ്പെടുത്താനോ തയ്യാറാകാതെ ഒത്തുതീർപ്പിന് നിർബന്ധിച്ച പോലീസ്, ചില പൊതു പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടർന്നാണ് പരാതി സ്വീകരിച്ചതെന്നും പെൺകുട്ടിയുടെ പരാതിയിൽ ‍പറയുന്നു.

എറണാകുളം ജില്ലയിലെ ആരക്കുഴ പഞ്ചായത്തിലെ മുതുകല്ല് പട്ടികജാതി ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് അക്രമത്തിനിരയായത്. ഡി.വൈ.എഫ്.ഐ യുടെ പ്രാദേശിക നേതാവും അയൽവാസിയുമായ രാഹുല്‍ എന്ന യുവാവാണ് വീട്ടിൽ കയറി ലൈംഗികച്ചുവയോടെ സംസാരിക്കുകയും വൃദ്ധയായ സ്ത്രീയെ ഉൾപ്പെടെ മർദ്ദിക്കുകയും ചെയ്തതെന്ന് പെൺകുട്ടി വനിത കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തെ കുറിച്ച് പെൺകുട്ടി വിവരിക്കുന്നത് ഇങ്ങനെ; "കഴിഞ്ഞ ദിവസം പതിനൊന്നര മണിയോടെ ഞാൻ മുറ്റത്ത് നിൽക്കുകയായിരുന്നു. മദ്യപിച്ച് മുറ്റത്തേക്ക് പെട്ടെന്ന് കയറി വന്ന ഇയാൾ 'തരാമോ' എന്ന് ചോദിക്കുകയും 'വാ' എന്നും പറഞ്ഞ് കയ്യിൽ കയറി പിടിക്കുകയും ചെയ്തു. ശബ്ദം കേട്ട് അമ്മ ഓടി വന്ന് അവിടെ കിടന്നിരുന്ന ഒരു മടലെടുത്ത് അവനെ അടിക്കാനോങ്ങി. അമ്മയുടെ കയ്യിൽ നിന്ന് അത് പിടിച്ച് വാങ്ങി 'എന്നെ അടിക്കാനായോടി പൊലക്കള്ളീ' എന്ന് ഒച്ചയിട്ട് ഞങ്ങളെ രണ്ടാളെയും മർദ്ദിക്കുകയായിരുന്നു. എൺപത് വയസുള്ള മുത്തശ്ശിയുടെ കാലിലും മടലുകൊണ്ട് അടിച്ചു. പൊട്ടി രക്തം വന്ന കാലും കൊണ്ട് ആശുപത്രിയിൽ പോയതിന് ശേഷമാണ് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാൻ പോയത് . നാളെ വിളിപ്പിക്കാം എന്ന് പറഞ്ഞ് അവിടെ നിന്ന് മടക്കി വിടുകയായിരുന്നു."

പിറ്റേന്ന് സ്റ്റേഷനില്‍ വെച്ച് പ്രതിയായ യുവാവിനോട് 'നീ ഇവളെ ഉപദ്രവിച്ചോ' എന്ന് ചോദിച്ച പോലീസ്, അയാൾ ഇല്ല എന്ന് മറുപടി പറഞ്ഞതോടെ മറ്റൊന്നും അന്വേഷിച്ചില്ലെന്നും പെൺകുട്ടി പറയുന്നു. തുടർന്നാണ് സ്റ്റേഷനിലുണ്ടായിരുന്ന ചെറിയ കാമറ കാണിച്ച് ഇത് പോലൊരു കാമറ വീട്ടിൽ വെച്ച് ഇനി ഇത് പോലെന്തെങ്കിലും ഉണ്ടായാൽ ദൃശ്യങ്ങൾ പകർത്തി കൊണ്ടു വരൂ അപ്പോൾ കേസെടുക്കാമെന്ന് സർക്കിൾ ഇൻസ്പെക്ടർ നിർദ്ദേശിച്ചത്. ഒത്തു തീർപ്പാക്കാൻ ആവശ്യപ്പെട്ടതിന് വഴങ്ങാത്തതോടെ പോലീസ് ഭീഷണിപ്പെടുത്തിയെങ്കിലും ദളിത് പ്രവര്‍ത്തകരുടെ ഇടപെടൽ കൊണ്ട് പരാതി സ്വീകരിച്ചു.

പ്രതിയുടെ മൊബൈൽ ടവർ നോക്കിക്കഴിഞ്ഞ് ആ സമയത്ത് അയാൾ അവിടെ ഉണ്ടായിരുന്നില്ലെന്ന് കണ്ടാല്‍ നിങ്ങൾക്ക് എതിരെ കേസെടുക്കുമെന്ന് അന്വേഷണത്തിനായി സംഭവസ്ഥലത്ത് വന്ന് പോലീസുകാരനും ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറയുന്നു.

മാലിന്യം ഇടുന്നതുമായി ബന്ധപ്പെട്ട് രണ്ട് വീട്ടുകാരും തമ്മിലുണ്ടായ പ്രശ്നമാണ് ഇതെന്നാണ് മൂവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ പറയുന്നത്. ഒത്തുതീർപ്പാകാൻ തീരുമാനിച്ചതോടെയാണ്, ഇനി എന്തെങ്കിലും മോശമായി സംഭവിച്ചാൽ മൊബൈലിൽ പകർത്തി വന്നാൽ മതി നടപടി എടുത്തോളാം എന്ന് പറഞ്ഞതെന്നും പോലീസ് പറയുന്നു. "നിലവിൽ പ്രചരിക്കുന്നത് നിറം പിടിപ്പിച്ച വാർത്തകളാണ്. പല കേസുകളിലും തെളിവാകുന്നത് കാമറയായത് കൊണ്ടാണ് അത്തരം ഒരു നിർദ്ദേശം പറഞ്ഞത്. മദ്യപിച്ചു, ജാതിപ്പേര് വിളിച്ചു എന്നൊക്കെ വരുന്ന മുഴുവന്‍ പരാതികളിലും കേസെടുത്താൽ പതിനായിരക്കണക്കിന് ക്രൈം രജിസ്റ്റർ ചെയ്യേണ്ടി വരും. എന്നാൽ കേസെടുക്കണമെന്ന് ഒരാൾ പറഞ്ഞാൽ ഉറപ്പായും അത് ചെയ്യും. ഇത് രണ്ട് അയൽവാസികൾ തമ്മിലുള്ള മാലിന്യപ്രശ്നമായത് കൊണ്ട്, ഒത്തുതീർപ്പാക്കി പോകാമെന്ന് അവർ തന്നെ പറഞ്ഞതോടെയാണ് ആ വഴിക്ക് നീങ്ങിയത്. എന്തായാലും ഇപ്പോൾ പട്ടിക ജാതി-വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്." മുവാറ്റുപുഴ സർക്കിൾ ഇൻസ്പെക്ടർ അഴിമുഖത്തോട് പറഞ്ഞു.

നിലവിൽ മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും പട്ടികജാതി വകുപ്പ് മന്ത്രിക്കും ഡി.ജി.പിക്കും പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്.


Next Story

Related Stories