Top

‘രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍’ പൊന്നാനിക്കാര്‍ ആരെ തിരഞ്ഞെടുത്തയക്കും?

‘രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍’ പൊന്നാനിക്കാര്‍ ആരെ തിരഞ്ഞെടുത്തയക്കും?
1977-ലെ മണ്ഡല പുനര്‍വിഭജനത്തിനു മുന്‍പ് ഇടതുപക്ഷത്തിന് വലിയ അപ്രമാദിത്വമുള്ള മണ്ഡലമായിരുന്നു പൊന്നാനി. 1952-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരളാ ഗാന്ധി കെ. കേളപ്പനായിരുന്നു വിജയിച്ചത്. പിന്നീട് തുടര്‍ച്ചയായി കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇ. കെ. ഇമ്പിച്ചി ബാവ, സി. കെ. ചക്രപാണി, എം. കെ കൃഷ്ണന്‍ എന്നിവര്‍. അറുപതുകളിലും എഴുപതുകളിലും ഇടതുമുന്നണിയുടെ ഉറച്ചകോട്ടയായി പൊന്നാനി. 1971-ല്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിട്ടപ്പോഴും പൊന്നാനിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം. കെ കൃഷ്ണന്‍ അനായാസം വിജയിച്ചു.

ആദ്യ കാലങ്ങളില്‍ പൊന്നാനി ലോകസഭാ മണ്ഡലമൊരു പട്ടികജാതി സംവരണ മണ്ഡലമായിരുന്നു. എന്നാല്‍ 1977-ലെ പുനര്‍ വിഭജനത്തിനു ശേഷം മണ്ഡലത്തിന്‍റെ രൂപവും ഭാവവും മാറി. ലീഗിന്‍റെ ഉറച്ച കോട്ടയായി പൊന്നാനി രൂപാന്തരപ്പെട്ടു. 2004-ല്‍ കേരളത്തിലെ 20 സീറ്റുകളില്‍ പത്തൊന്‍പതിടത്തും യു.ഡി.എഫ് പരാചയപ്പെട്ടപ്പോഴും പൊന്നാനിയില്‍നിന്നും ഇ. അഹമ്മദ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു.

2004-ലെ മണ്ഡല പുനര്‍വിഭജനത്തോടെ മണ്ഡലത്തിന്‍റെ ഭാഗമായ, മുസ്ലിം ലീഗിന് പ്രാമുഖ്യമുള്ള, പല നിയമസഭാ മണ്ഡലങ്ങളും മഞ്ചേരിയുടെ ഭാഗമായി മാറി. അതോടെ പൊന്നാനി, തൃത്താല, തവനൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഇടതുമുന്നണിയും, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ വലതുമുന്നണിയും മേല്‍ക്കൈ നേടുന്ന സ്ഥിതി വന്നു. ഇടതുമുന്നണിക്ക്‌ ശക്തമായി പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന നിലയിലായി കാര്യങ്ങള്‍. ഈ അവസരം മനസ്സിലാക്കിയ സി.പി.എം സി.പി.ഐയില്‍ നിന്നും മണ്ഡലം പിടിച്ചു വാങ്ങി.

2009-ല്‍ ഹുസൈന്‍ രണ്ടത്താണിയെന്ന കോളേജ് അധ്യാപകനെ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി രംഗത്തിറക്കി. അക്കാലത്താണ് വിവാദമായ പി.ഡി.പി-സി.പി.എം ബാന്ധവം ഉണ്ടാകുന്നത്. പി.ഡി.പിയടക്കമുള്ള സാമുദായിക സംഘടനകളുടെ താല്പര്യം കൂടെ പരിഗണിച്ചാണ് രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കിയത്. എടപ്പാളില്‍വെച്ച് നടന്ന ഒരു തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ പിണറായി വിജയന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുമായി വേദി പങ്കിട്ടു. അദ്ദേഹത്തെ ആലിംഗനം ചെയ്തു. ശംഖുമുഖത്തുവച്ച് വി.എസ്സിനെ കണ്ടിട്ട് ഒന്ന് തിരിഞ്ഞു നോക്കുകപോലും ചെയ്യാത്ത പിണറായി മഅ്ദനിയെ ആശ്ലേഷിച്ചത് വലിയ വിവാദമായി. വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടായി. അതെല്ലാം തിരഞ്ഞെടുപ്പിനെ ബാധിക്കുകയും ചെയ്തു. അന്നു മത്സരിച്ച പതിനാറു സീറ്റുകളിലും ഇടതുമുന്നണി പരാജയപ്പെട്ടു.

1991-ല്‍ ലീഗിന്‍റെ ഇബ്രാഹീം സുലൈമാന്‍ സേട്ട് മത്സരിച്ചു വിജയിച്ചതൊഴിച്ചാല്‍ 1977-മുതല്‍ 1999-വരേ ഏഴു പ്രാവശ്യം മുസ്ലിം ലീഗിന്‍റെ ജി. എം. ബനാത്ത് വാലയേയായിരുന്നു പൊന്നാനിക്കാര്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് അയച്ചിരുന്നത്. മഹാരാഷ്ട്രക്കാരനായിരുന്നു ബനാത്ത് വാല. മഹാരാഷ്ട്ര അസംബ്ലിയിലെ മുസ്ലിം ലീഗിന്‍റെ ആദ്യത്തെ പ്രധിനിധി. പൊന്നാനിയില്‍ ഇലക്ഷന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ച് തിരിച്ചു പോയാല്‍ പിന്നെ വിജയം ആഘോഷിക്കാന്‍ മാത്രമാണ് അദ്ദേഹം തിരിച്ചു വരാറ് എന്ന് പൊന്നാനിക്കാര്‍ ഹാസ്യ രൂപേണ പറയും. ലീഗിന് അത്രമാത്രം സ്വാധീനമുണ്ടായിരുന്ന മണ്ഡലമായിരുന്നു പൊന്നാനി. 2004-ല്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടിയാണ്‌ ഇ. അഹമ്മദ് വിജയിച്ചത്. 2009-ല്‍ ഇ. ടി. മുഹമ്മദ്‌ ബഷീര്‍ വിജയിച്ചപ്പോള്‍ അത് 82684 ആയി കുറഞ്ഞു. 2014-ല്‍ ഭൂരിപക്ഷം 25410-ലേക്ക് കൂപ്പുകുത്തി.

2009നു മുന്‍പ് വരെ മുസ്ലിം ലീഗിന്‍റെ ഓരോ വിജയവും തികഞ്ഞ ആധികാരികതയോടെയായിരുന്നു. ഒരു സംശയത്തിനും ഇടയില്ലാത്ത വിധം ഭൂരിപക്ഷം ഉറപ്പാക്കിയ വിജയങ്ങള്‍. 2009-മുതല്‍ കഥ മാറിത്തുടങ്ങി. 2014-ല്‍ കോണ്‍ഗ്രസുകാരനായിരുന്ന വി. അബ്ദുറഹ്മാനായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ശക്തമായ മത്സരം നടന്നു. ഇ.ടി മുഹമ്മദ്‌ ബഷീറിന്‍റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വോട്ടു വിഹിതം കൂടിയില്ലായിരുന്നെങ്കില്‍ ഇ.ടി അന്ന് പരാജയപ്പെട്ടേനെ.

മലപ്പുറം ജില്ലയില്‍, പൊന്നാനിയില്‍ പ്രത്യേകിച്ചും, മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള അസ്വാരസ്യം പരസ്യമായ രഹസ്യമാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ട്. സി.പി.എമ്മിന്‍റെ വോട്ടുകള്‍ ഇടതുപക്ഷത്തിന് നേടാനായില്ലെങ്കിലും കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ എന്തായാലും അവര്‍ക്ക് ലഭിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. അതു കൃത്യമായി മനസ്സിലാക്കിക്കൊണ്ടാണ് സി.പി.എം തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്താറുള്ളതും.

2014-ല്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച മുന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയായ വി. അബ്ദുറഹ്മാന്‍ ഒരു ഘട്ടത്തില്‍ ജയിക്കുമെന്നുവരേ കരുതിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്‍റെ ഉറച്ച കോട്ടയായ താനൂര്‍ അദ്ദേഹം കീഴടക്കി. ചരിത്രത്തിലാദ്യമായാണ് താനൂരില്‍ ലീഗ് പരാജയപ്പെടുന്നത്. അതേ തിരഞ്ഞെടുപ്പില്‍ മറ്റൊരു മുന്‍ കോണ്‍ഗ്രസുകാരനായ നിയാസ് പുളിക്കലകത്ത് തിരൂരങ്ങാടിയില്‍ ലീഗിനെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. ഇത്തവണ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി.വി അന്‍വര്‍ തന്‍റെ പ്രചരണം ആരംഭിച്ചത് ‘രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍’ എന്നെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. ആ വാക്കുകളില്‍ തന്നെയുണ്ട് അന്‍വര്‍ ആരെയാണ് ഉദ്ദേശിക്കുന്നത് എന്നത്.

പി.വി. അന്‍വറെന്ന മുന്‍ കോണ്‍ഗ്രസുകാരന്‍ വന്നതോടെ പൊന്നാനിയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അന്‍വറിന്‍റെ ഇടവും വലവും നില്‍ക്കുന്നത് വി. അബ്ദുറഹ്മാനും നിയാസ് പുളിക്കലകത്തുമാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത് കെ.ടി. ജലീലും. കോണ്‍ഗ്രസ് വോട്ടുകളും, ലീഗില്‍ അസ്വാരസ്യമുള്ളവരുടെ വോട്ടുകളും പരമാവധി പെട്ടിയിലാക്കാനുള്ള ശ്രമമാണ് ഇടതുപക്ഷം നടത്തുന്നത്. പൊന്നാനി പിടിച്ചടക്കാന്‍ എല്‍.ഡി.എഫ് തുനിഞ്ഞിറങ്ങിയിരിക്കുന്നു എന്ന് സാരം.മുത്വലാഖ് ബിൽ സംബന്ധിച്ച ചർച്ചയിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് മലപ്പുറത്ത് വലിയ ചലനങ്ങളൊന്നും ഉണ്ടാക്കുകയില്ലെങ്കിലും പൊന്നാനിയില്‍ അത് ലീഗിന് ബാധ്യതയാകും. മുത്വലാഖ് ബിൽ വരുന്നതിനു മുന്‍പ് ഇ. ടിക്കെതിരെ ഇതര മുസ്ലിം സംഘടനകള്‍ക്കുള്ളില്‍ ചെറിയ തോതിലുള്ള അവമതിപ്പുണ്ടായിരുന്നു. പ്രളയകാലത്ത് വിദേശത്തായിരുന്ന അദ്ദേഹത്തിനെതിരെ യു.ഡി.എഫിനുള്ളില്‍ തന്നെ അമര്‍ഷമുയര്‍ന്നു. അതാണ്‌ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേതന്നെ കുഞ്ഞാലിക്കുട്ടിയെപോലെ ഒരു സ്ഥാനാര്‍ത്ഥിയെ വേണമെന്ന് യൂത്ത് കോണ്‍ഗ്രസിനെകൊണ്ട് പറയിപ്പിച്ചത്. എന്നാല്‍, മുത്വലാഖ് ബില്ലിന്മേല്‍ ഉണ്ടായ ചര്‍ച്ചയിലുടനീളം നിറഞ്ഞു നില്‍ക്കാനായതോടെ അദ്ദേഹത്തിന് പ്രതിച്ഛായ വീണ്ടെടുക്കാനായി എന്ന് കരുതുന്നവരും ഉണ്ട്.

അരലക്ഷത്തോളം വരുന്ന പുതിയ വോട്ടര്‍മാര്‍ എങ്ങിനെ ചിന്തിക്കുന്നു എന്നതും, ശബരിമല വിഷയമടക്കം ഉള്ളതുകൊണ്ട് ഹിന്ദു വോട്ടുകള്‍ എവിടെ കേന്ദ്രീകരിക്കപ്പെടുന്നു എന്നതും, കോണ്‍ഗ്രസ് വോട്ടുകള്‍ ഏത് പെട്ടിയില്‍ വീഴുന്നു എന്നതും അന്തിമ വിധിയില്‍ നിര്‍ണായകമാകുമെന്നുറപ്പ്. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍, യു.ഡി.എഫിലെ ആഭ്യന്തര തര്‍ക്കം, കോണ്‍ഗ്രസിന്‍റെ അതൃപ്തി, മണ്ഡലത്തിലെ സവിശേഷമായ രാഷ്ട്രീയാവസ്ഥകള്‍, പുതുതായി രംഗപ്രവേശനം ചെയ്ത സാമുദായിക പാര്‍ട്ടികളുടെ സാന്നിദ്ധ്യം എന്നിവയെല്ലാം ലീഗിന് കടുത്ത വെല്ലുവിളിയാകും.

‘രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍’ പൊന്നാനിക്കാര്‍ ആരെ തിരഞ്ഞെടുത്തയക്കും? ലീഗിന്‍റെ പൊന്നാപുരംകോട്ടയില്‍ ചെങ്കൊടി പാറുമോ? കാത്തിരുന്നു കാണാം.

Next Story

Related Stories