TopTop

ഇനി 'ഭാരതീയ ജനതാ പിള്ള'; തിരിച്ചടി കിട്ടിയത് ബിജെപിയിലെ ഗ്രൂപ്പുകൾക്ക്

ഇനി
രണ്ട് മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ബിജെപി സംസ്ഥാന ഘടകത്തിന് നാഥനാകുകയാണ്. ബി ജെ പിയെ സംബന്ധിച്ച് നിലവിലുള്ള ഏക അനിഷേധ്യ നേതാവായ പി എസ് ശ്രീധരൻ പിള്ളയെയാണ് ബി ജെ പി കേന്ദ്രനേതൃത്വം കേരളത്തിലെ പാർട്ടിയെ വിശ്വസിച്ചേൽപ്പിക്കുന്നത്. ബി ജെ പി യിലെ സാധാരണ പ്രവർത്തകരെ സംബന്ധിച്ച് ശ്രീധരൻ പിള്ളയുടെ വരവ് ശുഭപ്രതീക്ഷ നൽകുന്നതാണ്. ഇത് രണ്ടാം തവണയാണ് പിള്ള ഈ സ്ഥാനത്തെത്തുന്നത്. നിലവിൽ ദേശീയ നിർവാഹക സമിതി അംഗമായ പിള്ള 2003-06 കാലഘട്ടത്തിലാണ് മുമ്പ് പാർട്ടി സംസ്ഥാന അധ്യക്ഷനായിരുന്നത്.
കുമ്മനം രാജശേഖരൻ ബി ജെ പി അധ്യക്ഷ സ്ഥാനത്തുനിന്നും പടിയിറങ്ങിയ ശേഷം കൃത്യമായി പറഞ്ഞാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ജനങ്ങൾ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിന് രണ്ട് ദിവസം മുമ്പ് പാർട്ടിയുടെ സംസ്ഥാന ഘടകം കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു. ഗ്രൂപ്പ് വഴക്കുകളും അധികാരത്തർക്കവും പാർട്ടിയിലെ സാധാരണക്കാരായ അണികളെ പോലും ആശങ്കയിലാക്കിയിരുന്നു. ഈ ആശങ്കയ്ക്കാണ് ഇപ്പോൾ കേന്ദ്ര നേതൃത്വം ഇടപ്പെട്ട് പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

മെഡിക്കൽ കോളേജ് കോഴ വിവാദം മുതൽ ബി ജെ പിക്കുള്ളിലെ ചേരിതിരിവ് ചർച്ചയായെങ്കിലും അത് ഒരു പൊട്ടിത്തെറിയിലെത്താതിരിക്കാൻ അന്നത്തെ സംസ്ഥാന പ്രസിഡന്റ് കുമ്മനം ശ്രദ്ധിച്ചിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വം കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ചതോടെ പാർട്ടിയിലെ ഗ്രൂപ്പ് തർക്കവും രൂക്ഷമായി. കുമ്മനത്തിന് പകരം ആര് എന്നത് തന്നെയായിരുന്നു മുഖ്യ തർക്ക വിഷയം. ഉപതെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിൽ നിൽക്കെ 'ക്യാപ്റ്റ'നെ മാറ്റിയതിനെച്ചൊല്ലിയും തർക്കമുയർന്നു. ഇപ്പോൾ സംസ്ഥാന പ്രസിഡന്റായി നിയോഗിക്കാനൊരുങ്ങുന്ന ശ്രീധരൻ പിള്ളയ്ക്ക് വേണ്ടിയുള്ള പ്രചരണത്തിന് ചുക്കാൻ പിടിച്ച കുമ്മനത്തെ വോട്ടെടുപ്പിന് തൊട്ടു മുമ്പ് മാറ്റിയത് വോട്ടർമാരുടെ വിശ്വാസത്തെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ. സംസ്ഥാന ബിജെപിയെ ശക്തിപ്പെടുത്താനാകാത്തതിനാലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയം മുൻകൂട്ടി കണ്ടതിനാലും കേന്ദ്രനേതൃത്വം കുമ്മനത്തിന് പണിഷ്മെന്റ് ട്രാൻസ്ഫർ നൽകുകയായിരുന്നെന്ന് പാർട്ടിക്കകത്തെ ഒരു വിഭാഗം വിലയിരുത്തി. എന്നാൽ കുമ്മനം പാർട്ടിക്ക് വേണ്ടിയും കേരള സമൂഹത്തിന് വേണ്ടിയും നടത്തിയ കരുത്തുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗീകരമാണ് ഗവർണർ പദവിയെന്നായിരുന്നു ചിലരുടെ അവകാശവാദം. എന്തായാലും കുമ്മനത്തെ അപ്രതീക്ഷിതമായി മാറ്റിയത് വോട്ടർമാർക്ക് പാർട്ടിയിലുള്ള വിശ്വാസത്തെ എത്രമാത്രം ബാധിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.

കുമ്മനം മിസോറാമിലേക്ക് പോയതോടെ ബി ജെ പിയിൽ കസേരയ്ക്കായുള്ള വടംവലിയും ആരംഭിച്ചു. പി കെ കൃഷ്ണദാസിന്റെയും വി മുരളീധരന്റെയും വിഭാഗങ്ങളാണ് പരസ്യമായല്ലെങ്കിലും പദവിക്കായി കൊമ്പുകോർത്തത്. "നാഥനില്ലാക്കളി വട്ടക്കളി" എന്ന പഴഞ്ചൊല്ല് പിന്നീട് ബി ജെ പിയെ സംബന്ധിച്ച് അന്വർത്ഥമാകുകയായിരുന്നു. വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന പതിവ് ബി ജെ പി നേതാക്കൾ കൂടുതൽ ദൃഢമാക്കി. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനുമെല്ലാം ഇക്കാര്യത്തിൽ മത്സരിക്കുകയായിരുന്നു. എന്നാൽ നേതാക്കളുടെ നാക്കിന് കടിഞ്ഞാണിടാൻ കഴിയാത്തതിനാലാണ് കുമ്മനത്തെ സ്ഥാനത്തു നിന്നും മാറ്റാൻ കേന്ദ്ര നേതൃത്വം നിർബന്ധിതരായതെന്ന് ഈ നേതാക്കൾ തിരിച്ചറിഞ്ഞില്ല എന്നതാണ് വാസ്തവം. അധ്യക്ഷ സ്ഥാനം തെറിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പുതന്നെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കേന്ദ്ര നേതൃത്വം ബി ജെ പി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. മാധ്യമ പ്രവർത്തകർക്ക് മസാല നൽകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത് കേരളത്തിലെ ബി ജെ പി നേതാക്കളെ കൂടി ഉദ്ദേശിച്ചായിരുന്നു.

നേതാക്കളുടെ വിടുവായത്തരവും ഒത്തൊരുമയില്ലായ്മയും സാധാരണക്കാരായ അണികളെ എങ്ങനെ ബാധിച്ചുവെന്ന് പ്രതിഫലിച്ചത് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക്ക് പേജിലാണ്. പാർട്ടിയ്ക്ക് നാഥനില്ലാതായതും നേതാക്കൾക്കിടയിലെ ഗ്രൂപ്പ് വഴക്കുമെല്ലാം അവിടെ പരാതിയായി ഒഴുകിയെത്തി. എന്നാൽ പാർട്ടിയുടെ അടിത്തറയായ അണികളുടെ ഈ പരാതികൾക്ക് പുല്ലുവില കൽപ്പിക്കുന്ന നിലപാടാണ് ബി ജെ പി സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. അഴിമുഖം ലേഖകൻ വിളിച്ചപ്പോൾ അണികളുടെ ആശങ്കയെക്കുറിച്ച് പ്രതികരിക്കാൻ പോലും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തയ്യാറായില്ല. പാർട്ടിക്കുള്ളിലെ ആശങ്കയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭാ സുരേന്ദ്രൻ അഴിമുഖം ലേഖകനോട് ധാർഷ്ട്യത്തോടെ പറഞ്ഞത്. മാത്രമല്ല അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ പരാതി നൽകിയവർ യഥാർത്ഥ ബി ജെ പി പ്രവർത്തകരല്ലെന്നും അവർ ആരോപിച്ചു. സാധാരണക്കാരായ ബി ജെ പി പ്രവർത്തകരെയാകെ അപമാനിക്കുന്നതായിരുന്നു അവരുടെ വാക്കുകൾ. എന്നിരുന്നാലും അണികൾ തങ്ങളുടെ ആശങ്കകൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു കൊണ്ടിരുന്നു.

ബി ജെ പിക്ക് കരുത്തുറ്റ ഒരു നേതൃത്വമാണുള്ളതെന്നും ആ നേതൃത്വത്തിന് പുതിയ സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ശേഷിയുണ്ടെന്നുമാണ് ശോഭ പറഞ്ഞത്. പുതിയ പ്രസിഡന്റിനെ നേരിട്ട് പ്രഖ്യാപിക്കാൻ അമിത് ഷാ കേരളത്തിലെത്തുമെന്നും ജൂൺ 30ന് ശോഭ പറഞ്ഞു. ഇന്ന് ജൂലൈ 30 ആയി. ഇതുവരേക്കും അമിത് ഷാ കേരളത്തിലെത്തിയില്ല. രണ്ട് ദിവസത്തിനകം പുതിയ പ്രസിഡന്റിനെ ഷാ ഡൽഹിയിൽ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

ബി ജെ പിക്കുള്ളിലെ ഗ്രൂപ്പ് വഴക്കിനെതിരെ മുതിർന്ന നേതാവ് പി പി മുകുന്ദൻ വരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പി കെ കൃഷ്ണദാസിനെയും എ എൻ രാധാകൃഷ്ണനെയും നേതൃത്വം ഒഴിവാക്കിയത്. ഗ്രൂപ്പിസം ബി ജെ പി വച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത്. കെ സുരേന്ദ്രന്റെ കാര്യത്തിലാകട്ടെ അദ്ദേഹത്തിന്റെ നാക്കാണ് പിഴച്ചത്. മാധ്യമങ്ങൾക്കും ട്രോളർമാർക്കും തുടർച്ചയായി 'മസാല' വിളമ്പുന്ന സുരേന്ദ്രൻ വേണ്ടെന്ന് ആർ എസ് എസ് വിധിക്കുകയായിരുന്നു.

നിലവിലെ ബി ജെ പിയെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു മുഖം തന്നെയാണ് ശ്രീധരൻ പിള്ള. ഉപതെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതുജന സമ്മതൻ. കേരളത്തിലെ ബി ജെ പിയെ ശരിക്ക് പഠിച്ചിട്ട് തന്നെയാകണം കേന്ദ്ര നേതൃത്വത്തിന്റെ ഈ തീരുമാനം. കിട്ടാനുള്ള അപ്പക്കഷണങ്ങൾ കേന്ദ്രത്തിൽ നിന്നും വാരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കേരള ഘടകം ബി ജെ പിയെ സംസ്ഥാനത്ത് വളർത്തുന്ന കാര്യം മറന്നു പോയെന്ന് കേന്ദ്ര നേതൃത്വവും ആർ എസ് എസും മനസിലാക്കിയിരിക്കുന്നുവെന്ന് വേണം പുതിയ നിയമനത്തിൽ നിന്നും മനസിലാക്കാൻ. എൻ ഡി എയിലെ മുഖ്യ ഘടക കക്ഷിയായ ബി ഡി ജെ എസുമായി പിള്ളയ്ക്കുള്ള അടുപ്പവും പരിഗണിക്കപ്പെട്ടു. ഗ്രൂപ്പുകൾക്ക് അതീതനാണെന്നതും അദ്ദേഹത്തിന് ഗുണം ചെയ്തു.

കേന്ദ്ര നേതൃത്വം അണികൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിലും ശ്രീധരൻ പിള്ളയ്ക്കായിരുന്നു മുൻതൂക്കം. ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാന നേതൃത്വം എഴുതിത്തള്ളിയ അടിസ്ഥാന വർഗമായ പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ അംഗീകരിക്കുകയാണ് കേന്ദ്ര നേതൃത്വം ചെയ്തിരിക്കുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ പിള്ളയുടെ മൃദുസമീപനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് ബി ജെ പിയുടെ ഈ തീരുമാനമെന്ന് നിസ്സംശയം പറയാം.

Next Story

Related Stories