TopTop
Begin typing your search above and press return to search.

“ഇവിടെ എന്തെങ്കിലും മണം ഉണ്ടോ?"; അഴുകിയ ഗന്ധം തേടി നടക്കുകയാണ് അവര്‍ പുത്തുമലയിൽ

“ഇവിടെ എന്തെങ്കിലും മണം ഉണ്ടോ?"; അഴുകിയ ഗന്ധം തേടി നടക്കുകയാണ് അവര്‍ പുത്തുമലയിൽ
"ഇവിടെ എന്തെങ്കിലും സ്മെൽ ഉണ്ടോ? രവിസ്വാമി ഒന്നു നോക്കിയേ.. നിങ്ങൾക്ക് തോന്നുന്നുണ്ടോ?" പുത്തുമല ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയവരുടെ ശരീരം അവിടെയുണ്ടെന്ന് മനസിലാവുന്നത് അഴുകിയ ശരീരത്തിന്റെ മണം തിരിച്ചറിഞ്ഞാണ്. 'ആ മരത്തിന്റെ കുറച്ച് അപ്പുറം മാറി മണമുണ്ട്. ദാ, മരം കടം പുഴകി കിടക്കുന്നതിനടിയിൽ ആളുണ്ടാവും നിങ്ങൾക്ക് മണം കിട്ടുന്നുണ്ടോ? അവിടെ കുഴിച്ച് നോക്കിയാൽ കണ്ടേക്കും' ഇത്തരം ചോദ്യങ്ങളും പറച്ചിലുകളും എത്രയോ വട്ടം കാതുകളിൽ എത്തി. ഇവിടെ ഗന്ധത്തിന് മരണമെന്നാണ് അർത്ഥം.

ഒന്നു മാറി ചവിട്ടിയാൽ പത്തടി താഴ്ചയിലേക്ക് ചെളിയിലേക്ക് ആഴ്ന്നുപോകുന്ന പ്രദേശത്ത് എൻഡിആർഎഫും ഫയർഫോഴ്സും, പോലീസും, സന്നദ്ധ സംഘടനകളുടെ ആളുകളും അതിലെല്ലാം ഉപരി സ്വന്തം കൂടപിറപ്പുകളെ 10 അടി മുതൽ 30 അടി വരെ ചളി കയറി കിടക്കുന്ന 200 ഏക്കറോളം വരുന്ന പ്രദേശത്ത് തിരച്ചിൽ നടത്തുന്ന ബന്ധുക്കളും; വിറങ്ങലിപ്പിക്കുന്ന കാഴ്ചയാണ് ചുറ്റിലും.

മരവിച്ചു നിൽക്കുന്ന ഞങ്ങളുടെ മുമ്പിലൂടെ രവിസ്വാമി കയറിയിട്ട് മുഹമ്മദിന്റെ തോളിൽ പിടിച്ച് പറഞ്ഞു 'ഇല്ല, ഇത് പ്ലാവ് ഒടിഞ്ഞതിന്റെ കറയും മണ്ണും കുഴഞ്ഞതിന്റെതാ' ഇതും പറഞ്ഞ് രവിസ്വാമി ഞങ്ങളെ ദയനീയമായി ഒരു നോട്ടം നോക്കി. മുഹമ്മദ് ആ പരിസരം മുഴുവൻ വെപ്രാളത്തിൽ നടന്ന് പരിശോധിക്കുന്നത് കണ്ടപ്പോള്‍ ഒരു ആശ്വാസവാക്കുപോലും പറയാൻ സാധിക്കാതെ തരിച്ചുനിൽക്കുകയായിരുന്നു ഞങ്ങളെല്ലാം.

പുത്തുമല പച്ചക്കാട് സ്വദേശിയാണ് മുഹമ്മദ്. ജനിച്ചതും വളർന്നതും, പഠിച്ചതും പണിയെടുത്തതും ഈ മണ്ണിലാണ്. വണ്ടിയുടെ അപ്പ് ഹോൾസറി വർക്കും, ചെറിയ കൃഷിയുമായി ജീവിക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരന്‍. മുഹമ്മദ് തന്റെ ജ്യേഷ്ഠന്റെ മൃതദേഹം തിരയുന്നതിനിടയിൽ ചില കാര്യങ്ങൾ ഇങ്ങനെ പറഞ്ഞിരുന്നു, 'തലേന്ന് (ആഗസ്റ്റ് 7)) രവിസ്വാമിയുടെ വീട് പൊട്ടി ഒലിച്ചുപോയിരുന്നു. അന്ന് ഞങ്ങളെല്ലാം രവിസ്വാമിയെയും കുടുംബത്തെയും ജ്യേഷ്ഠന്റെ വീട്ടിൽ കൊണ്ടുവന്ന് അവർക്ക് ചളി കഴുകി കളയാനുള്ള സൗകര്യങ്ങളും വസ്ത്രങ്ങളും നൽകി, അവരെ ബന്ധുവീട്ടിൽ എത്തിച്ചിരുന്നു. രവിസ്വാമിയുടെ വീട് പോയതും മറ്റും കാരണം ഞങ്ങൾ പ്രദേശവാസികൾ എല്ലാം ചേർന്ന് മാറി നിൽക്കാം എന്ന് തീരുമാനിച്ചു. പിറ്റേന്ന് കാലത്ത് മുതൽ ഞങ്ങൾ ഒക്കെ ക്യാമ്പുകളിലും ബന്ധുവീടുകളിലേക്കും മാറാൻ തുടങ്ങി. പച്ചക്കാടിന് മുകളിൽ നൂറ്റിപത്ത് എന്ന കുന്നിൽ വിള്ളലും പൊട്ടലും ഒക്കെ കണ്ട ഉറപ്പിച്ച ശേഷമായിരുന്നു അത്. പച്ചക്കാടിനെ ബന്ധിപ്പിക്കുന്ന മൂന്നു പാലങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മലവെള്ളപാച്ചിലിൽ തകർന്നിരുന്നു. പിന്നെ ഞങ്ങടെ പ്രദേശവുമായി ബന്ധിപ്പിക്കുന്ന കാശ്മീർ എന്നു വിളിക്കുന്ന ഭാഗത്തൂടെയായിരുന്നു യാത്ര. വ്യാഴാഴ്ച മൂന്ന് മണിയോടെ അങ്ങനെ പോകുമ്പോൾ ആ പാലം എത്തുന്നതിന് മുമ്പ് വല്യശബ്ദം കേട്ട് ഒന്ന് നോക്കിയപ്പോൾ ഒരു വല്യ മല പൊട്ടി ഒഴുകിവരുന്നതാണ് കണ്ടത്. ഞങ്ങള് പേടിച്ച് ഓടി കാടിന്റെ ഭാഗത്തേക്ക് കയറി. എന്റെ ജ്യേഷ്ഠൻ വീടിനടുത്ത് കാറിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം. ജ്യേഷ്ഠനും കാറും അപ്പാടെ പോയി. കാറിന്റെ അവശിഷ്ടവും മറ്റ് വിവരങ്ങളോ ഒന്നും കിട്ടിയിട്ടില്ല. ഞങ്ങള് തിരഞ്ഞുകൊണ്ടിരിക്കുകയാണ്.'


പച്ചക്കാടിലേക്ക് ഞങ്ങളേ കൂട്ടികൊണ്ട് പോകാമോയെന്ന് ചോദിച്ചപ്പോൾ മുഹമ്മദ്, ഒരു വല്ലാത്ത ഭാവത്തോടെ പറഞ്ഞു, 'ഇല്ല, പറ്റില്ല. തിരയാൻ ഞാനവിടെ പോയിരുന്നു. പറ്റില്ല..' എന്ന് പറഞ്ഞ് ജ്യേഷ്ഠനെ പറ്റിയുള്ള എന്തെങ്കിലും കിട്ടുമോയെന്ന് നോക്കാൻ തിരച്ചിൽ നടത്തുന്നവരുടെ ഭാഗത്തേക്ക് പോയി.

കുറച്ച് കഴിഞ്ഞ് തിരിച്ചു വന്നിട്ട് പറഞ്ഞു, 'ഈ രവിസ്വാമി നിങ്ങളെ കൊണ്ടു പോകും. എന്റെ അടുത്ത സുഹൃത്തും അയൽവാസിയുമാണ്. ഞാനില്ല.' കൈയിലെ വെള്ളതോർത്ത് തലയിൽക്കെട്ടി ആ ചളിക്കെട്ടിലേക്ക് നടന്നു നീങ്ങുന്ന മുഹമ്മദിനെ നോക്കിക്കൊണ്ട് ഞങ്ങൾ രവി സ്വാമിയോടൊപ്പം പച്ചക്കാട് ലക്ഷ്യമാക്കി അര കിലോമീറ്റർ വീതിയുള്ള ചളിക്കെട്ടിന്റെ കുറുകെ വേച്ചു വേച്ചു നടന്നു.

ഒരു പക്ഷേ ഞങ്ങളുടെ കാൽച്ചുവട്ടിൽ നഷ്ടപ്പെട്ടു പോയ ഏഴു പേരിൽ ആരെങ്കിലും ഉണ്ടാകുമോ എന്ന ചിന്ത നൽകിയ നടുക്കത്തിന്റെ വിറയൽ കൈവിരലുകളിൽ ഇപ്പോഴുമുണ്ട്.

ചിത്രം: ഗിരി

Next Story

Related Stories