Top

മകന് വേണ്ടി രക്തസാക്ഷിത്വം വരിക്കാനും ഞാന്‍ തയ്യാര്‍-കെ എം ഷാജഹാന്റെ അമ്മ എൽ തങ്കമ്മ

മകന് വേണ്ടി രക്തസാക്ഷിത്വം വരിക്കാനും ഞാന്‍ തയ്യാര്‍-കെ എം ഷാജഹാന്റെ അമ്മ എൽ തങ്കമ്മ
“എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കുക എന്നുള്ളത് പൌരാവകാശമല്ലേ. പൌരാവകാശ ലംഘനം ഭരണഘടന ലംഘനമല്ലേ. ഗൂഡാലോചന നടത്തി എന്നാണ് പറയുന്നത്. അവന്‍ എന്തു ഗൂഡാലോചനയാണ് നടത്തിയത്? അതിനു എന്തു തെളിവാണ് ഇവരുടെ കയ്യില്‍ ഉള്ളത്? മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്നത് എങ്ങനെയാണ് ഗൂഡാലോചനയാകുന്നത്? എന്റെ മകന്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിനൊന്നും പോയതല്ല. അങ്ങനെയൊരാളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലില്‍ അടക്കുന്നത് എവിടത്തെ നീതിയാണ്?”
ജിഷ്ണു പ്രണോയിയുടെ അമ്മയും ബന്ധുക്കളും ഡിജിപി ഓഫീസിന് മുന്‍പില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഗൂഡാലോചന കുറ്റം ചുമത്തി പോലീസ് ജയിലില്‍ അടച്ച പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാന്റെ അമ്മ എല്‍ തങ്കമ്മ ചോദിക്കുന്നു. മകനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് 79കാരിയായ ആ വയോവൃദ്ധ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ജാമ്യം കിട്ടിയില്ലെങ്കില്‍ സമരവുമായി സെക്രട്ടറിയേറ്റിന് മുന്‍പിലേക്ക് നീങ്ങും എന്നാണ് ഈ അമ്മ പറയുന്നത്.ഒപ്പം കെഎം ഷാജഹാന്റെ ഭാര്യ കരോലിനും മകനും ഉണ്ടാകും. ഉജ്ജ്വലമായ കമ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ തുടര്‍ച്ചയായ ഈ അമ്മയുടെ കണ്ണുകളില്‍ എരിയുന്ന രോഷത്തിന്റെ കനലുകള്‍ ആരുടേയും ഉള്ളു പൊളിക്കാവുന്ന ഒന്നാണ്.
എല്‍ തങ്കമ്മ
അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ സഫിയയുമായി സംസാരിക്കുന്നു.


ഞാന്‍ ജനിച്ചു വീണത് പാര്‍ട്ടി കുടുംബത്തിലാണ്. എന്‍റെ ഭര്‍ത്താവ് മുഹമ്മദാലിയും പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത ആളാണ്. എന്റെ അച്ഛനായാലും അമ്മാവനായാലും ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. അവരൊക്കെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. അങ്ങനെ പാര്‍ട്ടിയില്‍ നിന്നുള്ള പരിചയത്തിലാണ് ഞങ്ങള്‍ തമ്മില്‍ വിവാഹിതരായത് പോലും. ഷാജഹാനും ജനിച്ചു വീണത് ഒരു പാര്‍ട്ടി അന്തരീക്ഷത്തിലാണ്. സത്യത്തിനും ധര്‍മ്മത്തിനും വേണ്ടിയുള്ള പോരാട്ടം അവന് പാരമ്പര്യമായി കിട്ടിയിരിക്കുന്ന വാസനയാണ്.


ഞാന്‍ റബര്‍ ബോര്‍ഡിലെ ഒരു സയിന്‍റിസ്റ്റായിരുന്നു. കുത്തക കമ്പനികള്‍ക്ക് വേണ്ടി റബര്‍ കൃഷിയെ നശിപ്പിച്ചിരിക്കുകയാണ് അവിടെ. എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കുന്ന ഒരു റബര്‍ ടാപ്പിംഗ് ഉപകരണം കണ്ടുപിടിച്ചയാളാണ് ഞാന്‍. 21 കൊല്ലമായിട്ട് റബര്‍ ബോര്‍ഡ് അത് കൃഷിക്കാര്‍ക്ക് കൊടുക്കാതെ തടഞ്ഞു വെച്ചിരിക്കുകയാണ്. അതിനു വേണ്ടി നിരന്തരം ഞാന്‍ സമരത്തിലാണ്. 96 ല്‍ റിട്ടയര്‍ ചെയ്തതാണ്. പക്ഷേ ഈ 79 ആം വയസ്സിലും ഞാന്‍ അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. മറ്റൊരുകാര്യം കേരള ഗവണ്‍മെന്‍റ് ഈ മാസം 13,14 തിയ്യതികളില്‍ പച്ചക്കറി വിതരണം ചെയ്യാന്‍ പോകുകയാണ്. ഈ പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത് പത്തു നാല്‍പ്പതു കൊല്ലം മാരകമായ വിഷം ഉപയോഗിച്ചിരുന്ന റബര്‍ തോട്ടങ്ങളിലാണ്. അത് ഒരു കാരണവശാലും വില്‍ക്കാന്‍ പാടില്ല. ഒരിയ്ക്കലും മനുഷ്യന്‍ തിന്നാന്‍ ഇടവരരുത്. അതുകൊണ്ട് ആ പച്ചക്കറി വിതരണത്തിനെതിരെ എല്ലാവര്‍ക്കും മിനിസ്റ്റര്‍ക്കടക്കം ഇമെയില്‍ ഒക്കെ അയച്ചു അതില്‍ നിന്നു പിന്‍മാറിയില്ലെങ്കില്‍ ഞാന്‍ സത്യാഗ്രഹം നടത്തും എന്നു പറഞ്ഞിരിക്കുകയാണ്. അതിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് എന്‍റെ മകനെ അറസ്റ്റ് ചെയ്തത്.
എന്റേത് ഗവേഷണ മേഖലയാണ്. ഭൌതിക മേഖലയിലാണ് എന്‍റെ പ്രവര്‍ത്തനം. മകന്റെ ഫീല്‍ഡ് രാഷ്ട്രീയവും പൊതുകാര്യങ്ങളും. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തി തന്നെയാണ് അവനും ഒരര്‍ത്ഥത്തില്‍ ചെയ്യുന്നത്. അപ്പോള്‍ എന്‍റെ കയ്യില്‍ നിന്നു കിട്ടിയ വാസനയുടെ പേരിലാണ് അവന്‍ ശിക്ഷിക്കപ്പെടുന്നത്. അതെനിക്ക് കൂടുതല്‍ വേദനയുണ്ടാക്കും. അതുകൊണ്ട് മരിച്ചാലും സാരമില്ല അവന്റെ കാര്യത്തിന് ഞാന്‍ ഫൈറ്റ് ചെയ്യും.

കേരളത്തിലെ എല്ലാ മുഖ്യമന്ത്രിമാരുടെ കാലത്തും ജീവിച്ച ഒരാളാണ് ഞാന്‍. പിണറായി വിജയനെ പോലെ ഇത്രയും ക്രൂരമായി സ്വേച്ഛാധിപതിയായി പെരുമാറുന്ന ഒരു മുഖ്യമന്ത്രിയോ ഇത്രയും മോശമായിട്ടുള്ള ഒരു മിനിസ്ട്രിയോ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് എന്‍റെ മകന്റെ ഭാവിയെ പറ്റി എനിക്കു വളരെ ആശങ്കയുണ്ട്.


ഷാജഹാന്‍റെ അച്ഛന്‍ ചങ്ങനാശ്ശേരിയില്‍ ബിസിനസുകാരനായിരുന്നു. പുന്നപ്ര വയലാര്‍ സമരകാലത്തും അതിനു ശേഷവും ഒക്കെ ഒരുപാട് സഖാക്കളെ ഒളിവില്‍ ഇരിക്കാനും യാത്രാ ചെലവ് നല്‍കിയും ഒക്കെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. പുള്ളിയുടെ ബിസിനസില്‍ തന്നെ പാര്‍ട്ടിക്കാരെ സഹായിച്ചിട്ടു ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിയില്‍ മത്സരിച്ച കൃഷണന്‍ നായരുടെ ഇലക്ഷന്‍ ചിലവ് വഹിച്ചത് അദ്ദേഹമായിരുന്നു. അതുപോലെ എന്‍റെ വീട്ടില്‍ എന്‍റെ അച്ഛന്‍ എസ്എന്‍ഡിപി പ്രവര്‍ത്തകനായിരുന്നു. ഒപ്പം പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്നു. സാമ്പത്തികമായും അല്ലാതെയും പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അവരൊക്കെ. പാര്‍ട്ടിയില്‍ നിന്നകന്ന് ഒരു ജീവിതമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.


അതുപോലെ തന്നെയായിരുന്നു ഷാജഹാനും. അവന്‍ ചെറുപ്പത്തിലെ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിലൊക്കെ സജീവമായിരുന്നു. പരിഷത്തിന്‍റെ എല്ലാ പരിപാടികളിലും അവന്‍ പങ്കെടുക്കുമായിരുന്നു. എന്നെ പരിഷത്തുമായി അടുപ്പിച്ചത് തന്നെ അവനാണ്. അവന്‍ ഇന്‍ഡസ്ട്രിയല്‍ സയന്‍സില്‍ എംഎസ്സി കഴിഞ്ഞു ഫിഷറീസ് എക്കണോമിക്സില്‍ സിഡിഎസില്‍ എംഫില്‍ ചെയ്തു. സിഡിഎസില്‍ പിഎച്ച്ഡി എടുക്കാനായിട്ട് തോമസ് ഐസക്കിന്റെ ഭാര്യയുടെ കീഴില്‍ ജോയിന്‍ ചെയ്തിരുന്നു. പിന്നീട് അവര്‍ നാട് വിട്ടു പോയപ്പോള്‍ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്ന ഡോ. ഐഎസ് ഗുലാത്തിയുടെ കൂടെ കുറച്ചു കാലം ഉണ്ടായിരുന്നു. അതുകഴിഞ്ഞിട്ടാണ് വിഎസ് അച്യുതാനന്ദന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത്. പിന്നെ സിഡിറ്റിലേക്ക് മാറുകയായിരുന്നു.


അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അവനെ പുറത്താക്കി. എന്നിട്ടും അവന്‍ പോയി എതിര്‍ പാര്‍ട്ടിയില്‍ ഒന്നും ചേര്‍ന്നിട്ടില്ല. അവന്‍ നിഷ്പക്ഷമായിട്ട് നിന്ന് ജനകീയമായിട്ടുള്ള കാര്യങ്ങളില്‍ ഇടപെടുകയാണ് ചെയ്തത്. അവന് വേണമെങ്കില്‍ മറ്റ് പാര്‍ട്ടികളില്‍ ചേരാമായിരുന്നില്ലേ. അവന്‍ എന്തുകൊണ്ട് ചേര്‍ന്നില്ല? അവന്‍ അടിസ്ഥാനപരമായിട്ടും മാനസികമായിട്ടും കമ്മ്യൂണിസ്റ്റ് തന്നെയാണ്.ലാവ്ലിന്‍ കേസില്‍ ഷാജഹാന്‍ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ കേസില്‍ ഒരു ആവശ്യവും ഇല്ലാതെ അവനെ പിടിച്ചിട്ടിരിക്കുന്നത്. ഇതില്‍ ഒരു ഗൂഡാലോചനയും ഇല്ല. അവന്‍ ആരോട് എന്ത് ഗൂഡാലോചന നടത്താനാണ്. വഴിയില്‍ ഒരു സംഭവം നടക്കുമ്പോള്‍ അവിടെ പോയി ഒരാളെ സഹായിക്കാന്‍ പാടില്ലേ. അതെങ്ങിനെയാണ് ഗൂഡാലോചനയാകുന്നത്? ന്യായമായ ഒരു സമരം നടക്കുമ്പോള്‍ അവിടെ പോയി അവര്‍ക്ക് വേണ്ട സഹായം ചെയ്യുക എന്നത് ഒരു പൌരാവകാശമല്ലേ. അത് മാത്രമേ അവന്‍ ചെയ്തിട്ടുള്ളൂ. അതിനാണ് ക്രിമിനല്‍ കുറ്റം ചുമത്തി അവനെ ജാമ്യം പോലും ഇല്ലാത്ത വകുപ്പും ചാര്‍ത്തി ജയിലില്‍ ഇട്ടിരിക്കുന്നത്. എന്തൊരു ക്രൂരതയാണ് ഇത്. കസ്റ്റഡിയില്‍ എടുത്ത അന്ന് ജാമ്യത്തിനു ശ്രമിച്ചിട്ട് കിട്ടിയില്ല. ജിഷ്ണുവിന്റെ അമ്മയുടെ സമരം തീര്‍ന്നിട്ടും ആ പ്രശ്നം ഒത്തു തീര്‍പ്പായിട്ടും ആ പ്രശ്നവുമായി യാതോരു ബന്ധവും ഇല്ലാത്ത അവരോടു സിമ്പതൈസ് ചെയ്യാന്‍ പോയവരെ കുറ്റവാളികളാക്കി ജയിലില്‍ ഇട്ടിരിക്കുന്നു. എന്തു ഗൂഡാലോചനയാണ് അവര്‍ നടത്തിയത്? ആരുമായാണ് ഗൂഡാലോചന നടത്തിയത്?


ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴക്കുന്നതും മറ്റും കഴിഞ്ഞിട്ടാണ് ഷാജഹാന്‍ അവിടെ എത്തുന്നത്. ഷാജര്‍ഖാനെ വണ്ടിയില്‍ കയറ്റുമ്പോള്‍ പ്രൊട്ടസ്റ്റ് ചെയ്തതിനാണ് ഇവനെ പിടിച്ച് വണ്ടിയില്‍ ഇട്ടത്. ഇത് അങ്ങേയറ്റം ദുരുദ്ദേശപരവും വ്യക്തി വൈരാഗ്യം തീര്‍ക്കലുമാണ്. അവന് ജാമ്യം കിട്ടിയാല്‍ പ്രശ്നം ഇവിടെ തീരും. അല്ലെങ്കില്‍ ഞാന്‍ തുടങ്ങിയ സമരം കുടുംബാംഗങ്ങള്‍ ഏറ്റെടുക്കും.

ഒരുപാട് ആള്‍ക്കാര്‍ വിളിച്ച് അനുഭാവം അറിയിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയും ബിജെപി നേതാവ് മുരളീധരനും ഒക്കെ വിളിച്ചിരുന്നു. ഇടത്തു പക്ഷത്തു നിന്ന് ആരും വിളിച്ചില്ല എന്നു മാത്രമല്ല ആ സുധാകരന്‍ മന്ത്രി പറയുന്നതു ഞാന്‍ ടിവി യില്‍ കണ്ടു. വിദേശ ശക്തികളുടെ സഹായത്തോടെ ഗൂഡാലോചന നടത്തി എന്നാണ്. മന്ത്രി ബാലന്‍ പറയുന്നു ഇത് അസഹിഷ്ണുതയാണ്, ഷാജഹാന്‍റെ അമ്മയുടെ സമരം അനാവശ്യമാണ് എന്നൊക്കെയാണ്.


എന്‍റെ മകന് ജാമ്യം കിട്ടും അവന്‍ പുറത്തിറങ്ങും എന്നു ഞാന്‍ വിശ്വസിക്കുന്നു. പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ വൈരനിര്യാതന ബുദ്ധിയാണ്, വലിയ ആളുകളാണ് പിറകിലുള്ളതെന്നറിയാം. എന്‍റെ മകനെ കുറിച്ചോര്‍ത്ത് എനിക്കു ആശങ്കയുണ്ട്. ജാമ്യം കിട്ടിയില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. മരിക്കേണ്ടി വന്നാലും ഞാന്‍ പിറകോട്ട് പോകില്ല. മകന് വേണ്ടി രക്തസാക്ഷിത്വം വരിക്കാനും ഞാന്‍ തയ്യാറാണ്.

Next Story

Related Stories