TopTop

'ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചാൽ ഞാൻ ഐഎസ് തീവ്രവാദിയാകുമോ? മാധ്യമങ്ങളും പോലീസുമൊക്കെച്ചേർന്ന് റിയാസിന്റെ ജീവിതം തകർത്തതിങ്ങനെ

2017ന്റെ അവസാനത്തില്‍ വലിയ ചര്‍ച്ചയായ ഒരു വാര്‍ത്തയായിരുന്നു യുവതിയെ ഭീഷണിപ്പെടുത്തി മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവിനെക്കുറിച്ചുള്ളത്. ഐ.എസ് ബന്ധമുള്ള യുവാവ് യുവതിയെ പ്രണയം നടിച്ച് മതംമാറ്റിച്ചുവെന്നും, ലൈംഗിക അടിമയാക്കാന്‍ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചു എന്നുമുള്ള പരാതിയും അതിനെത്തുടര്‍ന്ന് എന്‍.ഐ.എ കേസ് ഏറ്റെടുത്തതും അന്ന് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെത്തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണ്ണൂരില്‍ നിന്നും യുവാക്കള്‍ ഐ.എസില്‍ ചേരുന്നതിനെക്കുറിച്ചുള്ള കഥകള്‍ക്കൊപ്പം ആ കേസും വ്യാഖ്യാനിക്കപ്പെട്ടു. കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട ന്യൂമാഹി സ്വദേശി റിയാസിനെതിരെയുള്ള യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ എന്‍.ഐ.എ ഇപ്പോള്‍ എടുത്തു മാറ്റിയിരിക്കുകയാണ്.

റിയാസിന്റെ തീവ്രവാദ ബന്ധം കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കഴിയാതെ വന്നതോടെ, ഇതരമതസ്ഥയെ വിവാഹം ചെയ്തതിന്റെ പേരില്‍ ഐ.എസ് ബന്ധം ആരോപിക്കപ്പെട്ട് ക്രൂശിക്കപ്പെട്ട യുവാവിന്റെ അനുഭവകഥകളാണ് പുറത്തു വരുന്നത്. വിവാഹബന്ധത്തില്‍ നിന്നും മകളെ പുറത്തുകൊണ്ടുവരാന്‍ അച്ഛന്‍ കെട്ടിച്ചമച്ചതാണ് ഐ.എസ് കഥകളെന്നും താന്‍ നിരപരാധിയാണെന്നും ആദ്യമേ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന റിയാസിന് ഇപ്പോഴും തന്റെ നിരപരാധിത്വത്തെക്കുറിച്ച് സംസാരിക്കേണ്ടി വരികയാണ്. എന്‍.ഐ.എ വെറുതെ വിട്ടിട്ടും തീവ്രവാദിയെന്ന ലേബല്‍ പേറി ജീവിക്കേണ്ടി വരുന്ന, ഒരു യു.എ.പി.എ കേസ് കാരണം ജോലിയും ജീവിതവും നഷ്ടപ്പെട്ട റിയാസ് ഇപ്പോള്‍ ന്യൂമാഹിയിലുണ്ട്. തന്റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് റിയാസ് സംസാരിക്കുന്നു.

പ്രണയം, വിവാഹം, ഹേബിയസ് കോര്‍പ്പസ്

2013ലാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത്. ബാംഗ്ലൂരില്‍ ബി.എസ്.സി മള്‍ട്ടിമീഡിയ കോഴ്‌സ് ചെയ്യുന്നതിനിടയിലായിരുന്നു ഇഷ്ടത്തിലായത്. മൂന്നു വര്‍ഷത്തോളം പ്രണയം തുടര്‍ന്ന ശേഷമാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. അവളുടെ വീട്ടില്‍ വിവാഹാലോചനയും മറ്റും ആരംഭിച്ചതോടെ പെട്ടന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടിവരികയായിരുന്നു. എന്റെ വീട്ടില്‍ ഞാനീ കാര്യം അറിയിച്ചിരുന്നില്ല. അമ്മയ്ക്ക് സുഖമില്ലെന്നറിയിച്ച് അച്ഛന്‍ വീട്ടിലേക്ക് തിരികെ വിളിക്കുന്നുണ്ടെന്നും ഉടനെ ചെല്ലേണ്ടി വരുമെന്നും പറഞ്ഞ് അവള്‍ താല്‍പര്യമെടുത്തിട്ടു തന്നെയാണ് ഉറപ്പിനു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. അവളുടെ അച്ഛന്‍ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ഗുജറാത്തില്‍ പ്രിന്‍സിപ്പാളായി ജോലി ചെയ്യുകയാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണെങ്കിലും അവര്‍ ഗുജറാത്തില്‍ സ്ഥിരതാമസവുമാണ്. അങ്ങനെ അത്തവണ അവള്‍ ഗുജറാത്തിലേക്ക് പോകുന്നതിനു മുന്‍പായി ബാംഗ്ലൂരില്‍ വച്ചു തന്നെ തിരക്കിട്ട് രജിസ്റ്റര്‍ വിവാഹം കഴിക്കേണ്ടി വന്നു. 2016 ഒക്ടോബറിലാണ് അവള്‍ പോയത്. സാധാരണ അവധിയുള്ളപ്പോള്‍ രണ്ടാഴ്ചയോ മറ്റോ വീട്ടില്‍ പോയി നില്‍ക്കാറുള്ളതുമാണ്.

പക്ഷേ, ഞങ്ങളുടെ അടുപ്പം മനസ്സിലാക്കിയിട്ടായിരുന്നു അത്തവണ അവളുടെ പപ്പ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. പപ്പയെ കാര്യം പറഞ്ഞ് മനസ്സിലാക്കാമെന്ന് അവള്‍ കരുതിയിരുന്നെങ്കിലും സാധിച്ചില്ല. അവള്‍ അവിടെ അകപ്പെട്ടു പോയി. അവിടെ നിന്നും കുടുംബം റാന്നിയിലെത്തിയപ്പോഴും എനിക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. കുറേക്കാലം ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. അതിനെത്തുടര്‍ന്ന് അവള്‍ ഹൈക്കോടതിയില്‍ എത്തുകയും, എനിക്കൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് മൊഴി കൊടുക്കുകയും ചെയ്തതാണ്. പക്ഷേ, എന്റെ കുടുംബത്തെക്കുറിച്ചും ജോലിയെക്കുറിച്ചും അവളുടെ അച്ഛന്‍ കോടതിയില്‍ ചില ആശങ്കകള്‍ ബോധിപ്പിച്ചിരുന്നു. എനിക്കൊപ്പം മകളെ വിടാന്‍ ഭയമാണെന്ന് അവര്‍ പറഞ്ഞപ്പോള്‍ എന്റെ മാതാപിതാക്കളെ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചതാണ്. അതനുസരിച്ച് രണ്ടു പേരും ഹാജരാകുകയും ചെയ്തിരുന്നു. എനിക്കൊപ്പം ജീവിക്കാന്‍ തയ്യാറാണോ എന്ന് അവളോടും, അവളെ മരുമകളായി സ്വീകരിക്കാന്‍ തയ്യാറാണോ എന്ന് എന്റെ ഉപ്പയോടും ഉമ്മയോടും കോടതി ചോദിച്ചു. എനിക്ക് സൗദിയില്‍ ജോലി ശരിയായിട്ടുണ്ടെന്നും ഉടനെ അങ്ങോട്ടു തിരിക്കുമെന്നും അന്നു കോടതിയില്‍ അറിയിച്ചിരുന്നു. വര്‍ഷങ്ങളായി സൗദിയില്‍ സ്ഥിരതാമസമാണ് എന്റെ മാതാപിതാക്കള്‍.

ആ സമയത്തു തന്നെ എനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അവളുടെ അച്ഛന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. സിറിയ, ഭീകരവാദം എന്നൊന്നും പറഞ്ഞില്ലെങ്കിലും, അവളെ ഞാന്‍ സാക്കിര്‍ നായിക്കിന്റെ വീഡിയോകള്‍ കാണിക്കാറുണ്ടായിരുന്നു എന്നൊക്കെ അന്ന് അവര്‍ ആരോപിച്ചിരുന്നു. അങ്ങിനെയൊന്നുമുണ്ടായിട്ടില്ലെന്ന് അവള്‍ കോടതിയില്‍ നിഷേധിച്ചതാണ്. ഞാന്‍ നിര്‍ബന്ധിച്ചല്ല മതം മാറ്റിയതെന്നും അവള്‍ പറഞ്ഞിരുന്നു. അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി, അച്ഛന്‍ തടങ്കലില്‍ വച്ചതല്ലെന്നാണ് കോടതിയില്‍ അവള്‍ പറഞ്ഞത്. കേസു തീര്‍ന്ന ശേഷം എനിക്കൊപ്പം വന്നെങ്കിലും ഒരു ചടങ്ങായി വിവാഹം നടത്താനുള്ള സാഹചര്യമില്ലായിരുന്നു. തലശ്ശേരിയിലെ ചില ബി.ജെ.പിക്കാരെ എന്നെക്കുറിച്ച് അന്വേഷിക്കാന്‍ അച്ഛന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നു പറഞ്ഞ് അവള്‍ ഭയപ്പെട്ടിട്ടാണ് മാഹിയിലേക്ക് അപ്പോള്‍ പോകാതിരുന്നത്. ഹൈക്കോടതിയുടെ പുറത്തു തന്നെ എന്നെ തീര്‍ക്കാന്‍ തയ്യാറായി ആളുകള്‍ കാത്തിരുന്നിരുന്നെന്നും, അവള്‍ എന്റെയൊപ്പമുള്ളതു കൊണ്ടു മാത്രമാണ് താന്‍ അതു വേണ്ടെന്നു പറഞ്ഞതെന്നും അവളുടെ അച്ഛന്‍ തന്നെ പിന്നീട് എന്നോടു പറഞ്ഞിട്ടുള്ളതാണ്. ഇരുപത്തിയഞ്ചു വര്‍ഷം ഗുജറാത്തില്‍ ഉയര്‍ന്ന ജോലിയിലിരുന്ന ഒരാള്‍ക്കുള്ള എല്ലാ സ്വാധീനവും അവളുടെ അച്ഛനുണ്ടായിരുന്നു. അതു ഭയന്ന് എറണാകുളത്തുള്ള കസിന്റെ സഹായത്തോടെ അവിടെത്തന്നെ താമസിക്കുകയാണ് ആദ്യം ചെയ്തത്.

മതം മാറിയത് മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍, മതപഠനത്തിന് പോയത് സ്വന്തമിഷ്ടത്തിന്

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പു തന്നെ അവള്‍ മതം മാറിയിരുന്നു. അവളുടെ വീട്ടില്‍ നിന്നും യാതൊരു തരത്തിലുള്ള പിന്തുണയും പ്രതീക്ഷിക്കേണ്ടെന്ന് അറിയാമായിരുന്നതിനാല്‍ പിന്നെയുള്ള ആശ്രയം എന്റെ കുടുംബമാണ്. എന്റെ മാതാപിതാക്കള്‍ അവളെ സ്വീകരിക്കണമെങ്കില്‍ മതപരമായ ചില തടസ്സങ്ങളുണ്ടെന്ന് ആദ്യമേ ഞാന്‍ അവളോടു പറഞ്ഞിരുന്നു. വിവാഹത്തിനു വേണ്ടി അങ്ങിനെയൊരു തീരുമാനം എടുക്കേണ്ടി വന്നേക്കുമെന്ന് പറഞ്ഞപ്പോള്‍, ചിന്തിക്കാന്‍ അല്പം സമയം തരാനാണ് അവള്‍ ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് അവള്‍ തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്. മതം മാറുന്നതുമായി ബന്ധപ്പെട്ടുള്ള ക്ലാസ്സുകള്‍ക്കും അവള്‍ പോയിരുന്നു. മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ അത്തരം ക്ലാസ്സുകള്‍ക്ക് പോകേണ്ടി വന്നതാണ്. ഞാന്‍ സൗദിയിലേക്ക് പോയിരുന്ന സമയത്താണ് സുഹൃത്തു വഴി അവള്‍ ബാംഗ്ലൂരില്‍ ആ ക്ലാസ്സുകള്‍ അറ്റന്റു ചെയ്തത്.

അതൊക്കെ ഇപ്പോള്‍ വലിയ വിഷയമാക്കിയാണ് പറയുന്നത്. ഞാന്‍ നിര്‍ബന്ധിച്ച് ക്ലാസ്സുകള്‍ക്കു കൊണ്ടുപോയെന്നും ദിവസങ്ങളോളം അവിടെയിട്ട് തീവ്രവാദ വീഡിയോകള്‍ കാണിച്ചെന്നുമൊക്കെയാണ് ഇപ്പോള്‍ മാറ്റിപ്പറയുന്നത്. മതപഠന ക്ലാസ്സുകള്‍ക്കായി അവള്‍ പോയിരുന്നത് ബാംഗ്ലൂര്‍ ടാക്‌സ് കമ്മീഷണറുടെ ഭാര്യയുടെ അടുക്കലാണ്. അത്രയും വിദ്യാഭ്യാസമൊക്കെയുള്ള ഒരു സ്ത്രീയാണ്. അവള്‍ അങ്ങോട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ സഹായിക്കുകയാണ് സത്യത്തില്‍ ചെയ്തത്. പക്ഷേ ഇതൊന്നുമല്ല അവളുടെ മൊഴിയിലുള്ളത്.

ഹേബിയസ് കോര്‍പ്പസ് കഴിഞ്ഞ് 2016 ജനുവരിയില്‍ എറണാകുളത്തെത്തിയ ശേഷം ആറുമാസത്തോളം അവിടെയുണ്ടായിരുന്നു. വിസയെടുക്കുന്നതിനും മറ്റു കാര്യങ്ങള്‍ക്കുമായി ഞാന്‍ സൗദിയില്‍ പോയപ്പോള്‍ അവള്‍ക്കു കൂട്ടായി ഉമ്മയെ നാട്ടില്‍ വരുത്തി നിര്‍ത്തുക വരെ ചെയ്തിരുന്നു. എന്റെ ഭാര്യ എന്ന നിലയില്‍ വിസയെടുത്ത് ഞാന്‍ തിരിച്ചെത്തിയ ശേഷം ഓഗസ്റ്റിലാണ് സൗദിയിലേക്ക് തിരിക്കുന്നത്. ഉപ്പയുടെ കമ്പനിയില്‍ തന്നെയാണ് അക്കൗണ്ടന്റായി ഞാന്‍ ജോലി നോക്കിത്തുടങ്ങിയത്. കാര്‍ഗോ കമ്പനിയായിരുന്നു ഉപ്പയുടേത്. അതിന്റെ ഫിലിപ്പൈന്‍സ് സെക്ഷനിലായിരുന്നു എന്റെ ജോലി. പഠിച്ച കുട്ടിയയായതുകൊണ്ടും ഇംഗ്ലീഷും കമ്പ്യൂട്ടറും നന്നായി കൈകാര്യം ചെയ്തിരുന്നതു കൊണ്ടും അവള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള കാര്യങ്ങള്‍ ശരിയാക്കിക്കൊടുത്തു. കാര്‍ഗോയുടെ ബാക്ക് എന്‍ഡ് ട്രാക്കിംഗ് പ്രൊസസ്സായിരുന്നു അവള്‍ വീട്ടിലിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ അവളുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നത് സിറിയയിലേക്കും ഇറാഖിലേക്കും അയച്ച ആയുധ ശേഖരങ്ങളുടെ കണക്കുകള്‍ കമ്പ്യൂട്ടറില്‍ അവളെക്കൊണ്ട് എന്റര്‍ ചെയ്യിപ്പിച്ചിരുന്നു എന്നാണ്. ഫിലിപ്പീന്‍സിലേക്കുള്ള കാര്‍ഗോകളുടെ ട്രാക്കിംഗ് വിവരങ്ങളാണ് സത്യത്തില്‍ അവള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നത്, അതും ജോലിയുടെ ഭാഗമായി.

വീട്ടിലേക്ക് വിളിച്ചത് പപ്പയ്ക്ക് സുഖമില്ലെന്ന പേരില്‍, പിരിഞ്ഞത് വിഷമത്തോടെ

വളരെ പേടിയുള്ള കൂട്ടത്തിലാണവള്‍. എല്ലാത്തിനോടും ഭയമാണ്. തലശ്ശേരിയില്‍ അവളുടെ അച്ഛന്‍ ബി.ജെ.പിക്കാരെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നറിഞ്ഞ ഭയത്തില്‍ അവള്‍ പറഞ്ഞതു കേട്ടിട്ടാണ് പരിചയക്കാര്‍ അധികമില്ലാതിരുന്നിട്ടും ആറുമാസം ഞങ്ങള്‍ എറണാകുളത്തു നിന്നത്. ഒറ്റ മകളായതുകൊണ്ട് നല്ല വാശിയൊക്കെ ഉള്ളയാളുമാണ്. ഇക്കാര്യങ്ങള്‍ എനിക്കറിയാവുന്നതിനാല്‍ അതു ഞാന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ചില പ്രശ്‌നങ്ങള്‍ സാധാരണ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഉണ്ടാകുന്നതൊഴിച്ചാല്‍, മറ്റു അഭിപ്രായവ്യത്യാസങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. മതപരമായ ഒന്നിനും നിര്‍ബന്ധിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ എന്റെ മാതാപിതാക്കളെയും പറഞ്ഞ് മനസ്സിലാക്കിയിരുന്നു. കുട്ടികളുടേതു പോലെയുള്ള സ്വഭാവവും പപ്പയോടു വലിയ അടുപ്പമുള്ള കൂട്ടത്തിലുമായിരുന്നു. ഇവിടെ വന്നപ്പോഴും പപ്പയെ വിളിച്ച് സംസാരിക്കാന്‍ ഞാന്‍ തന്നെയാണ് നിര്‍ബന്ധിച്ചിരുന്നതും. പക്ഷേ, പപ്പ അടുപ്പം കാണിച്ചിരുന്നില്ല. ഞാന്‍ വിളിച്ചു സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോഴും ഭീഷണിയൊക്കെയായിരുന്നു മറുപടി. രണ്ടു തവണ ഇതു തുടര്‍ന്നപ്പോള്‍ അവരെല്ലാം ഒന്ന് തണുക്കുന്ന വരെ കാത്തിരിക്കാം എന്നു പറഞ്ഞതും അവളാണ്.

സൗദിയിലെത്തിയപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ ചിത്രങ്ങള്‍ എടുത്ത് മമ്മിക്ക് അയച്ചു കൊടുത്തേക്ക് എന്ന് ഞാന്‍ പറഞ്ഞിരുന്നു. സൗദി എന്നത് ഭയപ്പെടേണ്ട സ്ഥലമല്ലെന്നും, മറ്റിടങ്ങളിലുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നും അവളുടെ വീട്ടുകാര്‍ തിരിച്ചറിഞ്ഞോട്ടെ എന്നാണ് ഞാന്‍ കരുതിയത്. മാതാപിതാക്കളല്ലേ. സൗദി എന്നൊക്കെ പറയുമ്പോള്‍ ഭയം കാണുമല്ലോ. നല്ല ഫ്‌ളാറ്റും പരിസരപ്രദേശങ്ങളും കാണുമ്പോള്‍ അവരുടെ ആധിയൊഴിയുമല്ലോ എന്നേ വിചാരിച്ചുള്ളൂ. ആ ഫോട്ടോകളെല്ലാം അവള്‍ രക്ഷപ്പെടാനായി ലൊക്കേഷന്‍ മനസ്സിലാക്കാന്‍ അയച്ചു കൊടുത്തതാണെന്നാണ് ഇപ്പോള്‍ മൊഴിയിലുള്ളത്. അങ്ങിനെ തുടരുമ്പോഴാണ് അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് അമ്മ ബന്ധപ്പെടുന്നത്. അച്ഛന്റെ കഴുത്തിലെ മുഴ ട്യൂമറായിരിക്കുമെന്ന ഭയമാണ് അവളെ അമ്മ അറിയിച്ചത്. ആദ്യം സംശയം തോന്നി ഞാന്‍ എതിര്‍ത്തിരുന്നെങ്കിലും അവളുടെ ടെന്‍ഷന്‍ കണ്ട് ഞാന്‍ തന്നെയാണ് കാര്യങ്ങളൊക്കെ ശരിയാക്കിയതും എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടതും.

ടിക്കറ്റ് അച്ഛന്‍ അയച്ചു കൊടുത്തിരുന്നു. അതിന്റെ തുക തിരിച്ചുകൊടുക്കണമെന്ന് നിര്‍ദ്ദേശിച്ച്, എന്റെ എ.ടി.എം കാര്‍ഡടക്കം കൊടുത്തുവിട്ടാണ് അവളെ ഞങ്ങള്‍ എയര്‍പോര്‍ട്ടിലെത്തിക്കുന്നത്. 2016 ഒക്ടോബര്‍ നാലിനാണത്. ഇനി കുറച്ചു നാള്‍ കാണാതിരിക്കണമല്ലോ എന്നോര്‍ത്ത് കരഞ്ഞു കൊണ്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. കേസു തീര്‍ന്ന സ്ഥിതിക്ക് പപ്പയ്ക്കിനി പ്രശ്‌നങ്ങളുണ്ടാക്കാനാകില്ലെന്നും, എന്തെങ്കിലുമുണ്ടായാല്‍ രക്ഷപ്പെട്ട് എറണാകുളത്തെ കസിന്റെയടുത്ത് എത്തിക്കോളാമെന്നും ഉറപ്പു പറഞ്ഞിട്ടാണ് അവള്‍ പോയത്. നാട്ടിലെത്തിയ ശേഷവും നവംബര്‍ 7 വരെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നതുമാണ്.

'നിര്‍ബന്ധിത മതം മാറ്റം', 'തീവ്രവാദ ബന്ധം' എന്നീ കള്ളക്കഥകള്‍

നവംബര്‍ ഏഴിനാണ് എന്റെ കസിന്‍ എനിക്ക് ഒരു വീഡിയോ ചിത്രം അയച്ചു തരുന്നത്. പത്തനംതിട്ട സ്വദേശിയായ യുവതിയെ ബാംഗ്ലൂരില്‍ വച്ച് പ്രണയം നടിച്ച് മതംമാറ്റിയെന്നൊക്കെയുള്ള ഏഷ്യാനെറ്റ് ഫ്‌ളാഷ് ന്യൂസിന്റെ ദൃശ്യമായിരുന്നു അത്. ഞങ്ങളുടെ കഥയുമായി സാമ്യപ്പെടുത്താവുന്ന വളച്ചൊടിച്ച ഒരു കഥ. ബാംഗ്ലൂര്‍, മാഹി, പത്തനംതിട്ട, ഗുജറാത്ത് എന്നൊക്കെ കൃത്യമായി വാര്‍ത്തയില്‍ കണ്ടപ്പോള്‍ കസിന്‍ ടെന്‍ഷനടിച്ച് അയച്ചു തന്നതാണ്. അന്ന് അവള്‍ അച്ഛന്റെ അടുത്താണല്ലോ ഉള്ളത്. ഞാന്‍ നേരെ അത് അവള്‍ക്ക് വാട്‌സ് ആപ്പില്‍ അയച്ചു കൊടുത്തു. അത്രയും നേരം ഞങ്ങള്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ മെസേജയച്ച് സംസാരിച്ചു കൊണ്ടിരുന്നതാണ്. ഇത് ഞാന്‍ അയച്ചു കൊടുത്തപ്പോള്‍ എന്താണിത് എന്ന് അവളെന്നോടു ചോദിക്കുകയും ചെയ്തു. അവള്‍ക്ക് മലയാളം വായിക്കാനറിയാത്തതുകൊണ്ട് ചോദിച്ചതായിരിക്കും എന്നു കരുതി ഞാന്‍ വിഷയം പറഞ്ഞു കൊടുത്തു. അതു വായിച്ച ശേഷം പിന്നെ അവളെന്നോട് സംസാരിച്ചിട്ടില്ല. എന്താണിത് എന്ന് അവള്‍ ചോദിച്ചതാണ് ഞങ്ങള്‍ തമ്മിലുണ്ടായ അവസാനത്തെ സംസാരം. പിന്നീട് ഇതേ വരെ എനിക്ക് അവളുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

ഇതിനിടെ ഞാന്‍ സ്‌ക്രീന്‍ ഷോട്ടുകളടക്കം മുഖ്യന്ത്രിക്കും കേരളാ പൊലീസിനുമൊക്കെ പരാതികള്‍ അയച്ചുകൊണ്ടിരുന്നു. അവളുടെ മൊഴിയില്‍ അവര്‍ കേസെടുക്കുന്നതിനും എത്രയോ മുന്‍പു തന്നെ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഞാന്‍ പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ടെന്നും, പത്തനംതിട്ട പൊലീസുമായി ബന്ധപ്പെട്ട ശേഷം നടപടിയെടുക്കാമെന്നും എനിക്ക് മറുപടിയും വന്നിരുന്നു. പക്ഷേ, അവര്‍ തിരിച്ചു ഗുജറാത്തിലേക്ക് പോയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാനാണ് പൊലീസ് എന്നോടു നിര്‍ദ്ദേശിച്ചത്. ഒരിക്കല്‍ ഹേബിയസ് കോര്‍പ്പസ് കൊടുത്തതാണെന്ന് ഞാന്‍ പറഞ്ഞപ്പോഴും വീണ്ടും കൊടുക്കാനായിരുന്നു നിര്‍ദ്ദേശം.

ഈ ഘട്ടത്തിലാണ് ഡി.വൈ.എസ്.പി പ്രഫുല്ല ചന്ദ്രന്‍ എന്റെ എറണാകുളത്തെ കസിനെയും ഞങ്ങള്‍ക്ക് വീടെടുത്തു തന്ന ബ്രോക്കറെയും അറസ്റ്റു ചെയ്തത്. അതും തീവ്രവാദികളെ അറസ്റ്റു ചെയ്യുന്നത്ര ഭീകരമായി. യു.എ.പി.എ ചുമത്തി അവരെ ജയിലിലടക്കുകയും എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയുമൊക്കെയാണ് തുടര്‍ന്നുണ്ടായത്. ആദ്യ ഘട്ട അന്വേഷണത്തില്‍ത്തന്നെ എന്റെ നിരപരാധിത്വം തെളിയേണ്ടതാണ്. സംഘടനകളുമായൊന്നും ഒരു ബന്ധമില്ലാത്ത ഒരാളാണ് ഞാന്‍. നിസ്‌കരിക്കാന്‍ ആരംഭിച്ചതു പോലും ഈയടുത്താണ്. അക്കാലത്ത് ബാംഗ്ലൂരൊക്കെ പഠിച്ച് നടന്ന് അത്തരമൊരു ലൈഫ് തന്നെയായിരുന്നു എന്റേത്. ആ എന്നെയാണ് തീവ്രവാദമെന്നും സിറിയ എന്നുമൊക്കെ പറഞ്ഞ് പെടുത്തിക്കളഞ്ഞത്.

ജയിലിലെ എഴുപത്തിയാറു ദിവസങ്ങള്‍

എന്‍.ഐ.എ കേസ് ഏറ്റെടുത്തു എന്നറിഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി എന്നു മനസ്സിലായി. എന്താണ് യു.എ.പി.എ എന്ന് അന്നൊന്നും വലിയ ധാരണയില്ല. 2017 ജനുവരി 28ന് ഞാന്‍ എന്‍.ഐ.എ കൊച്ചി ഓഫീസിലക്ക് വിളിച്ചിരുന്നു. അതിനും മുന്നേ മുഖ്യമന്ത്രിയടക്കം എല്ലാവര്‍ക്കും എന്റെ കാര്യങ്ങള്‍ വിശദീകരിച്ച് മെയിലുകളും അയച്ചതാണ്. അതെല്ലാം കൈപ്പറ്റിയെന്ന മറുപടിയും കിട്ടിയരുന്നു. പക്ഷേ അതുകൊണ്ടൊന്നും ഒരു ഫലവുമുണ്ടായില്ല. എല്ലാവരും അവഗണിച്ചു. 28ന് ഫോണില്‍ വിളിച്ചപ്പോള്‍ നേരിട്ടു വന്ന് സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് അടുത്ത ദിവസം തന്നെ ടിക്കറ്റുമെടുത്തു. കൊച്ചിയിലേക്ക് നേരിട്ട് ടിക്കറ്റില്ലാതിരുന്നതിനാല്‍ ചെന്നൈയില്‍ നിന്നും ഡൊമസ്റ്റിക് ഫ്‌ളൈറ്റില്‍ വരാനുദ്ദേശിച്ചിരുന്ന എന്നെ, ചെന്നൈ വിമാനത്താവളത്തില്‍ത്തന്നെ തടഞ്ഞുവച്ചു. എന്റെ പേരില്‍ അവിടെ ലുക്ക് ഔട്ട് നോട്ടീസുണ്ടായിരുന്നു. അങ്ങനെ ചെന്നൈ പൊലീസാണ് എന്‍.ഐ.എക്ക് കൈമാറുന്നത്.

ഇത് കള്ളക്കേസാണെന്നും തെളിവുകള്‍ എന്റെ കൈവശമുണ്ടെന്നും ആവുന്നത്ര പറഞ്ഞു നോക്കി. എറണാകുളത്ത് അറസ്റ്റിലായ കസിനും ബ്രോക്കറും ഒന്നുമറിയാതെയാണ് ജയിലില്‍ കിടക്കുന്നതെന്നും പറഞ്ഞു. പക്ഷേ, എന്നിട്ടും എന്നെ അറസ്റ്റു ചെയ്തു. എഴുപത്തിയാറു ദിവസം ഞാന്‍ ജയിലില്‍ കിടന്നു. ഒരു കുറ്റവും ചെയ്യാതെയാണ് ജയിലില്‍ കിടക്കേണ്ടി വന്നത്. സിറിയയിലേക്ക് അവളെ കൊണ്ടുപോകാന്‍ സഹായിച്ചു എന്ന കുറ്റത്തിനാണ് കസിനും ബ്രോക്കറും ജയിലില്‍ കിടന്നത്. എന്തു തെളിവാണ് അതിനുള്ളത്? ഒന്നുമില്ല. വെറുമൊരു മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്രയും നടന്നത്.
'നീ സിറിയയിലേക്ക് കൊണ്ടു പോയോ എന്നും എന്‍.ഡി.എ പ്രവര്‍ത്തകനാണോ എന്നൊന്നുമല്ല ഞങ്ങള്‍ക്കറിയേണ്ടത്. അതു ഞങ്ങള്‍ക്ക് വിഷയമല്ല. നീ അവളെ നിര്‍ബന്ധിച്ച് മതം മാറ്റിയോ എന്നറിഞ്ഞാല്‍ മതി'
എന്നാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചുകൊണ്ടിരുന്നത്. അതു മാത്രമാണ് പ്രശ്‌നമെങ്കില്‍ എന്നെ അറസ്റ്റു ചെയ്തതെന്തിന് എന്ന ചോദ്യത്തിന് അവര്‍ മറുപടിയും തന്നില്ല.

അവള്‍ എവിടെയാണെന്നോ ഏത് അവസ്ഥയിലാണെന്നോ എനിക്കറിയില്ല. ഇതുവരെ അവളെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. എന്‍.ഐ.എ മാത്രമാണ് അവളെ കണ്ടുവെന്നും മൊഴിയില്‍ അവള്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പറയുന്നത്. അതല്ലാതെ മറ്റു വിവരങ്ങളൊന്നും എനിക്കില്ല. ഒരിക്കലും അവളങ്ങനെ പറയില്ല എന്നാണ് എന്റെ വിശ്വാസം. എനിക്കെതിരെ അങ്ങിനെയൊന്നും പറയാന്‍ അവള്‍ക്കു പറ്റില്ല എന്ന് ഇപ്പോഴും ഞാന്‍ കരുതുന്നു. അവളെക്കൊണ്ട് പറയിപ്പിച്ചതാകാനേ വഴിയുള്ളൂ. ജീവനുതന്നെ ഭീഷണി വന്നപ്പോള്‍ പറഞ്ഞു പോയതാകും. അല്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ഒരു സ്വഭാവമല്ല അവളുടേത്. ഗുജറാത്തിലെത്തിയ ശേഷവും എല്ലാ കാര്യങ്ങളും തുറന്നു പറയുകയും, അച്ഛന്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നതാണ്. പെര്‍മനന്റ് വിസയ്ക്ക് അപേക്ഷിച്ചു കാത്തിരിക്കുന്നതിനിടെ രാജ്യം വിട്ടതിനാല്‍ പുതിയ അപേക്ഷ നല്‍കിയിരിക്കുകയായിരുന്നു. അതിനെല്ലാം ഇടയിലാണ് ഈ സംഭവങ്ങള്‍.

എന്‍.ഐ.എ വെറുതെ വിട്ടിട്ടും പിടിവിടാത്ത കേരള പൊലീസ്

മറ്റെല്ലാവരെയും ഒഴിവാക്കി എന്‍.എ.ഐ വെറുതെ വിട്ടെങ്കിലും, ഞാനും എന്റെ ഉമ്മയും ഇപ്പോഴും പ്രതിപ്പട്ടികയിലാണ്. സ്ത്രീധനപീഡനം, ഗാര്‍ഹിക പീഡനം, റേപ്പ് ഒക്കെ ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇങ്ങനെ നടന്ന ഒരു വിവാഹത്തില്‍ സ്ത്രീധനം ചോദിച്ച് ഉമ്മ ഉപദ്രവിച്ചു എന്നൊക്കെ ആരാണ് വിശ്വസിക്കുക. വിദേശത്ത് സ്ഥിരതാമസമായ കുടുംബമായതിനാല്‍ നാട്ടില്‍ പാര്‍ട്ടിക്കാരുമായോ മറ്റോ പിടിപാടില്ല എന്ന് അവര്‍ക്കും കൃത്യമായി അറിയാം. അതൊക്കെ മനസ്സിലാക്കിക്കൊണ്ട് ചെയ്തതാണ്. എനിക്കും എന്റെ കുടുംബത്തിനുമാണ് നഷ്ടം സംഭവിച്ചത്. ജീവിതം പോയി, ജോലി പോയി. കേസും കോടതിയുമായി ലക്ഷങ്ങള്‍ ചെലവ് വേറെ. നാട്ടില്‍ എല്ലായിടത്തും തീവ്രവാദിയായി ചിത്രീകരിക്കപ്പെട്ടു.

അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കല്യാണം കഴിച്ചാല്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളൊന്നും അന്നു ഞാന്‍ ചിന്തിച്ചില്ല. ഇപ്പോള്‍ എല്ലാം വ്യക്തമായി മനസ്സിലാകുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഇതൊന്നും നടക്കില്ല എന്ന് വ്യക്തമായി. ജാമ്യം കിട്ടിയതിനു ശേഷവും അവള്‍ എനിക്കെതിരെയുള്ള മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് എന്‍.ഐ.എ ഓഫീസര്‍മാര്‍ പറഞ്ഞു കേട്ട് തിരിച്ചു വരുന്നവഴി മാനസിക സംഘര്‍ഷം കാരണം ഡ്രൈവ് ചെയ്യുന്നതിനിടെ ആക്‌സിഡന്റായി രണ്ടു കൈയും ഒടിഞ്ഞു. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നേയുള്ളൂ. വിവാഹം അസാധുവാക്കാന്‍ ഗുജറാത്തില്‍ അവള്‍ കേസു കൊടുത്തിട്ടുണ്ടെന്നുമറിഞ്ഞു. അവളുടെ മൊഴിയല്ലാതെ മറ്റൊന്നും ആരും അന്വേഷിച്ചിട്ടില്ല. എന്നെ ബന്ധപ്പെടുകയോ എനിക്ക് പറയാനുള്ളത് കേള്‍ക്കുകയോ ഒന്നും കേരളാ പോലീസ് ചെയ്തിട്ടില്ല. ഗുജറാത്ത് എസ്.പി നമ്മുടെ എസ്.പിക്ക് നേരിട്ട് കൈമാറിയ കേസാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കേസ് പറവൂര്‍ സ്റ്റേഷനിലെത്തിയ ശേഷവും, എന്‍.ഐ.എ കുറ്റവിമുക്തനാക്കിയ ശേഷവും, വലിയ ബുദ്ധിമുട്ടുകളാണ് എന്റെ ഉമ്മായ്ക്കടക്കം നേരിടേണ്ടിവന്നത്. എനിക്ക് അപകടം പറ്റിയതറിഞ്ഞ് ശുശ്രൂഷിക്കാനെത്തിയ ഉമ്മയെ എട്ടുമണിക്കൂറാണ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചത്. ലുക്ക് ഔട്ട് നോട്ടീസ് ഉമ്മയുടെ പേരിലുമുണ്ടായിരുന്നു. തീവ്രവാദിയോടു പെരുമാറുന്ന പോലെയാണ് അവരൊക്കെ പെരുമാറിയത്. കള്ളക്കേസാണെന്നും ഞാന്‍ ജാമ്യത്തിലിറങ്ങിയതാണെന്നും കാണിച്ചിട്ടും അവര്‍ കേട്ടില്ല. ഉമ്മ എന്തു തെറ്റാണ് ചെയ്തത്? എന്‍.ഐ.എ വന്ന് സ്റ്റേറ്റ്‌മെന്റ് മാത്രമാണ് ആവശ്യപ്പെട്ടത്. ഉമ്മയുടെ പാസ്‌പോര്‍ട്ട പോലും അവര്‍ക്ക് നോക്കേണ്ടിയിരുന്നില്ല. തിരിച്ചു പോകാന്‍ നേരത്തും എന്‍.ഐ.എയെ ബന്ധപ്പെട്ട് പോകാമോ എന്ന് അനുവാദം ചോദിച്ചതാണ്. ഒരു കുഴപ്പവുമില്ല എന്നു കേട്ട് തിരികെ പോയപ്പോഴും വിമാനത്താവളത്തില്‍ ഇതേ പ്രശ്‌നമുണ്ടായി. ലുക്ക് ഔട്ട് നോട്ടീസ് ഇതുവരെ കേരളാ പൊലീസ് തിരിച്ചെടുത്തിട്ടില്ല. അന്ന് ഉമ്മയ്ക്കു ഫ്‌ളൈറ്റും മിസ്സായി.

കഷ്ടപ്പാടുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആദ്യമൊക്കെ ഐ.എസ് ബന്ധമെന്ന് വാര്‍ത്തകളൊക്കെ മാധ്യമങ്ങളില്‍ കാണുമ്പോള്‍ ആലോചിക്കുമായിരുന്നു, എന്താണ് ഈ പിള്ളേര്‍ക്കൊക്കെ പറ്റിയത് എന്ന് ആലോചിച്ച് ആശങ്കപ്പെടുമായിരുന്നു. ഇപ്പോള്‍ കണ്ണൂരില്‍ നിന്നെന്നല്ല, എവിടുന്നു വരുന്ന അത്തരം വാര്‍ത്തകളും വിശ്വസിക്കാറില്ല. എന്റെ അനുഭവം എന്റെ മുന്നിലുണ്ടല്ലോ. ഇവരുടെ അവസ്ഥ ഇതുതന്നെയാണോ എന്നാര്‍ക്കറിയാം.

Next Story

Related Stories