TopTop
Begin typing your search above and press return to search.

ദൈവവും ബംഗാളികളും മാത്രം പണിയെടുക്കുന്ന കേരളം

ദൈവവും ബംഗാളികളും മാത്രം പണിയെടുക്കുന്ന കേരളം

'അഴിമുഖം' എന്നോട് ലൈറ്റ് ഹൗസ് എന്നൊരു കോളം എഴുതണമെന്നാവശ്യപ്പെട്ടപ്പോള്‍ ഞാനൊരു വ്യവസ്ഥ വച്ചിരുന്നു. ഞാന്‍ രാഷ്ട്രീയം ഒരു വിഷയമാക്കില്ല. പക്ഷേ ഒരു നിര്‍വ്വാഹവുമില്ല. അതിനാല്‍ ഞാന്‍ തന്നെ ആ വ്യവസ്ഥ തല്‍ക്കാലം തെറ്റിക്കുകയാണ്.

കേരളത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ഞാന്‍ നാട്ടിലെ ഏക സൈനിക സ്‌കൂളില്‍ പഠിച്ച് നാവികസേനയില്‍ ഇരുപത്തി നാല് വര്‍ഷം ജോലി ചെയ്ത് കേരളത്തിന് പുറത്ത് താമസിച്ച ഒരു മറുനാടന്‍ മലയാളിയാണ്. എന്റെ ഔദ്യോഗിക ജീവിതത്തില്‍ മറുനാട്ടില്‍ ജീവിക്കുന്ന മറ്റെല്ലാ മലയാളികളെയും പോലെ എന്നെങ്കിലും നാട്ടില്‍ തിരിച്ചെത്തണമെന്നും നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ഞാനും ആശിച്ചിരുന്നു.

നേവിയില്‍ നിന്നും വിരമിച്ച ശേഷം കേന്ദ്രസര്‍ക്കാരില്‍ തന്നെ സേവനമനുഷ്ഠിക്കുന്ന ഞാന്‍ കുറച്ചുനാളായി കേരളത്തില്‍ ഒരു കേന്ദ്ര സംരംഭം തുടങ്ങാനുള്ള ശ്രമത്തിലാണ്.

ഭൂരിപക്ഷം മലയാളികളെയുംപോലെ റബ്ബര്‍ എന്റെയും ഒരു വീക്ക്‌നെസ് ആണ്. ഒട്ടുപാലു കൊണ്ടു പന്തുണ്ടാക്കിയും റബ്ബര്‍ക്കുരു വിസിലാക്കിയും റബ്ബര്‍മരത്തില്‍ ഒളിച്ചു കളിച്ചും കഴിഞ്ഞ ഒരു ചെറുപ്പകാലത്തിന്റെ നൊസ്റ്റാള്‍ജിയ. രാഷ്ട്രീയവും മതവും ദൂരവീക്ഷണവുമില്ലാത്ത പോളിസികളും ചേര്‍ന്ന് ഈ കാര്‍ഷികവിളയെ മലയാളിയുടെ തോളിലെ കുരിശാക്കി മാറ്റിയിട്ടും എന്തോ റബ്ബറിനോടെനിക്കിപ്പോഴും ഒരു സ്‌നേഹം.

ഈ സ്‌നേഹത്തിന്റെ പേരില്‍ കേരളത്തിലൊരു റബ്ബര്‍ പാര്‍ക്ക് തുടങ്ങണമെന്ന് ഞാന്‍ കേന്ദ്രസര്‍ക്കാരിലേക്കൊരു നിവേദനം സമര്‍പ്പിച്ചിരുന്നു. നമ്മുടെ പ്രതിരോധ-വ്യോമയാന മേഖലകളില്‍ റബ്ബറിന് അനന്തസാധ്യതകളുണ്ട്. ഓരോ കപ്പലിലും വിമാനത്തിലും അന്തര്‍വാഹിനിയിലും പീരങ്കിയിലും അനേകായിരം റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. ഇവ മിക്കതും ഇറക്കുമതി ചെയ്യപ്പെടുകയാണ്. പ്രതിരോധ-വ്യോമയാന മേഖലകളിലേക്ക് റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഒരു ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കാണ് വിഭാവന ചെയ്തത്. ഈ പദ്ധതിയെ കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞ ആഴ്ച ഞാന്‍ ഡല്‍ഹിയിലെത്തിയിരുന്നു. പ്രതിരോധമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പദ്ധതിയില്‍ കഴമ്പുണ്ടെന്നും, അത് പ്രായോഗികമാണെന്നും തോന്നിയതുകൊണ്ടായിരിക്കണം എന്നെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.ഞങ്ങള്‍ പദ്ധതിയുടെ പല വശങ്ങളും ചര്‍ച്ച ചെയ്തു. പ്രതിരോധ വ്യോമയാന മേഖലകളില്‍ റബ്ബറിന്റെ പ്രാധാന്യം, ഇപ്പോള്‍ റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ വിദേശത്തുനിന്നും വാങ്ങുന്നതിലുള്ള പ്രശ്‌നങ്ങള്‍, ഇതിനു ചെലവാകുന്ന വിദേശമൂല്യം, അങ്ങനെ പലതും. എല്ലാ കാര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് ഒരു പ്രതിരോധ വ്യോമയാന റബ്ബര്‍ പാര്‍ക്കിന്റെ ആവശ്യം എല്ലാവരും അംഗീകരിച്ചു.

''നിങ്ങളെവിടെയാണീ പാര്‍ക്ക് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്.'' ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ചോദ്യം.

''കേരളത്തില്‍ സാര്‍.'' മറുപടി.

''അതുവേണോ? കേരളം ദൈവത്തിന്റെ സ്വന്തം നാടല്ലേ? അവിടെ ദൈവവും ബംഗാളികളും മാത്രമല്ലേ പണിയെടുക്കൂ?'' എനിക്കുത്തരമില്ലായിരുന്നു.

''വീണ്ടുമൊന്നാലോചിച്ചിട്ടുപോരേ കേരളത്തിലേക്കൊരു സംരംഭം കൊണ്ടുപോകാന്‍.'' ചര്‍ച്ചയുടെ അവസാനം.

ഹോട്ടലില്‍ തിരിച്ചെത്തി. വിഷമമകറ്റാനായി ടി.വി. ഓണ്‍ചെയ്തപ്പോള്‍ നിയമസഭയിലെ കയ്യാങ്കളിയും ബജറ്റ് എന്ന പ്രഹസനവും കണ്ടു. നിയമസഭയ്ക്ക് പുറത്തുനടക്കുന്ന പ്രതിഭാസങ്ങള്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.

ഇനി ഞാന്‍ കേരളത്തിലേക്ക് വേണ്ടി ഒരു സംരംഭങ്ങള്‍ക്കും മുന്‍കൈ എടുക്കുകയില്ല.


Next Story

Related Stories