UPDATES

ട്രെന്‍ഡിങ്ങ്

ഛത്തീസ്ഗഡ് മോഡല്‍ തീക്കളിയുമായി പിണറായി സര്‍ക്കാര്‍; മാവോയിസ്റ്റുകളെ നേരിടാന്‍ ആദിവാസി സേന

ഛത്തീസ്ഗഡിൽ കോർപറേറ്റ് ഭീമന്മാർക്കും ഖനി മുതലാളിമാർക്കും മാവോയിസ്റ്റുകളുടെയും ഗ്രാമീണരുടെയും എതിർപ്പില്ലാതെ ഖനനം നടത്താനും ഫാക്ടറികൾ സ്ഥാപിക്കുന്നതിനും ഡാമുകൾ നിർമിക്കുന്നതിനും വേണ്ടിയായിരുന്നു ഈ സമാന്തര സേനയുടെ രുപീകരണം

കെ എ ആന്റണി

കെ എ ആന്റണി

ഇക്കഴിഞ്ഞ ആഴ്ച കേരള നിയമസഭയിൽ മുസ്ലിംലീഗ് എം എൽ എമാരായ കെ എം ഷാജി, മഞ്ഞളാംകുഴി അലി , എൻ എം ഷംസുദീൻ, എൻ എ നെല്ലിക്കുന്ന് എന്നിവർ ഒരു ചോദ്യം ഉന്നയിച്ചു. സംസ്ഥാനത്തു ഇടതു തീവ്രവാദം ശക്തിപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ. ഉണ്ടെങ്കിൽ അതിനെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചു വിശദീകരിക്കാമോ എന്നതായിരുന്നു ഇവർ എഴുതി നൽകിയ ചോദ്യം. ഇടതു തീവ്രവാദം എന്നതുകൊണ്ട് ലീഗ് എം എൽ എമാർ ഉദ്ദേശിച്ചത് കേരളത്തിൽ അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ചു തന്നെയാണ്. രാജ്യസഭയിൽ മുസ്ലിം ലീഗ് എം പി അബ്ദുൽ വഹാബ് കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ചു കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകൾ ഏതൊക്കെ എന്ന് ഉന്നയിച്ച ചോദ്യത്തിന്റെ ചുവടുപിടിച്ചു തന്നെയാണ് ലീഗ് എം എൽ എ മാരും ഇങ്ങനെയൊരു ചോദ്യം എഴുതി നൽകിയത്. എം എൽ എ മാരുടെ ചോദ്യത്തിന് മറുപടി നൽകിയത് പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. കേരളത്തിൽ മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകൾ മാവോയിസ്റ്റ് ഭീഷണിയുടെ നിഴലിലാണെന്നും കേന്ദ്ര സർക്കാരിന്റെ Security Related Expenditure Scheme (SRES) പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രദേശങ്ങളിൽ ഒരു പ്രത്യേക സേന രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി 75 വീതം ആദിവാസി വിഭാഗത്തിൽ പെട്ട യുവതീ യുവാക്കളെ പി എസ് സി മുഖേന റിക്രൂട്ട് ചെയ്യുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കേൾക്കുമ്പോൾ കുറേയേറെ ആദിവാസി യുവാക്കൾക്കും യുവതികൾക്കും ജോലി തരപ്പെടുന്ന ഒരു പദ്ധതി എന്ന് തോന്നിയേക്കാം. ഒരു പക്ഷെ അതുകൊണ്ടുകൂടിയാവാം ഇക്കാര്യം വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയതും. എന്നാൽ സമാന രൂപത്തിൽ മാവോയിസ്റ്റ് വേട്ട ലക്ഷ്യമിട്ടു 2006ൽ ഛത്തീസ്ഗഡിൽ രൂപീകരിക്കപ്പെട്ട ‘സാൽവാ ജൂദും’ എന്ന സമാന്തര സേന കാട്ടിക്കൂട്ടിയ കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചു ഓർക്കുമ്പോൾ കേരളത്തിൽ രൂപീകൃതമാകാൻ പോകുന്ന ഈ സമാന്തര സേന എന്ന ആശയം സത്യത്തിൽ ഭയം ജനിപ്പിക്കുന്നു. ഗോണ്ടി ഭാഷയിൽ ‘സാൽവാ ജൂദും’ എന്ന വാക്കിനർത്ഥം ‘പീസ് മാര്‍ച്ച്’ എന്നാണെങ്കിലും ‘ഓപ്പറേഷൻ ഗ്രീൻ ഹണ്ട്’ എന്നറിയപ്പെട്ട മാവോയിസ്റ്റ് വേട്ടക്ക് നിയോഗിക്കപ്പെട്ട ഈ സേന കൂട്ട ബലാത്സംഗം, കൊള്ള, കൂട്ടക്കുരുതി തുടങ്ങിയ കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്കാണ് നേതൃത്വം നൽകിയത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് 2011 ൽ ഈ സമാന്തര സേനയെ സുപ്രീം കോടതി നിരോധിച്ചതിനെ തുടർന്ന് പിരിച്ചുവിടപ്പെടുകയാണുണ്ടായത്. ആയുധ പരിശീലനം നൽകി ആദിവാസികളെ ആദിവാസികൾക്കെതിരെ തിരിച്ചുവിടുന്ന തന്ത്രമാണ് അന്ന് കേന്ദ്ര സർക്കാരും ഛത്തീസ്ഗഡ് ഭരണകൂടവും ചേർന്ന് നടത്തിയത്. സാൽവാ ജൂദും എന്ന സമാന്തര സേന രൂപീകൃതമായി രണ്ടു വര്‍ഷം തികയുന്നതിനു മുൻപ് തന്നെ സിവിലിയന്മാർക്കു ആയുധം നൽകി കൊല്ലാൻ പറഞ്ഞുവിടുന്നതിനെതിരെ സുപ്രീം കോടതി രണ്ടു സർക്കാരുകൾക്കും മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും സമാന്തര സേനയുടെ തേർവാഴ്ച 2011 വരെ നീണ്ടു നിന്നു.

എനിക്കുറപ്പുണ്ട്; അവരെ പിടിച്ചുകെട്ടി വെടിവച്ചു കൊന്നതാണ്: ഗ്രോവാസു

ഛത്തീസ്ഗഡിലെ ബസ്തർ, ദണ്ഡേവാഡ ജില്ലകളിലെ വന മേഖലയിൽ കോർപറേറ്റ് ഭീമന്മാർക്കും ഖനി മുതലാളിമാർക്കും മാവോയിസ്റ്റുകളുടെയും ഗ്രാമീണരുടെയും എതിർപ്പില്ലാതെ ഖനനം നടത്താനും ഫാക്ടറികൾ സ്ഥാപിക്കുന്നതിനും ഡാമുകൾ നിർമിക്കുന്നതിനും വേണ്ടിയായിരുന്നു ഈ സമാന്തര സേനയുടെ രുപീകരണമെന്നു അവിടം സന്ദർശിച്ച പ്രശസ്ത നോവലിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ അരുന്ധതി റോയ് ‘Walking with the Comrades’ൽ തെളിവുകൾ സഹിതം സമർഥിക്കുന്നുണ്ട്.

ആദിവാസികളെ കൊടിയ ചൂഷണത്തിന് വിധേയമാക്കുന്നതും തങ്ങളുടെ കാര്യസാധ്യത്തിനുവേണ്ടി ഗോത്രങ്ങളെ ഗോത്രങ്ങൾക്കെതിരെ തിരിച്ചുവിടുന്നതും ഇന്നും ഇന്നലെയും തുടങ്ങിയ ഏർപ്പാടല്ല. ഇന്ത്യയിൽ ബ്രിട്ടീഷുകാർ വലിയ തോതിൽ തുടങ്ങിവെച്ച ഈ ഏർപ്പാട് പിന്നീട് വൻകിട ഭൂഉടമകളും സെമീന്ദാരികളും കുടിയേറ്റ കൈയ്യേറ്റക്കാരും അവിരാമം തുടർന്നു. അത് ഇപ്പോഴും തുടരുന്നുമുണ്ട്. വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങളായ കുറിച്യരും കുറുമരും ഇന്നും തുടരുന്ന ശത്രുതക്ക് കാരണമായി ഉന്നയിക്കപ്പെടുന്ന ആരോപണം പഴശ്ശി രാജാവ് കുറിച്യരെ ഉപയോഗിച്ച് കുറുമരെ ദ്രോഹിച്ചിരുന്നുവെന്നതാണ്.

മാവോയിസ്റ്റ് വേട്ടയ്ക്കെന്ന പേരില്‍ കേരളത്തിലും ഛത്തീസ്ഗഡ് മോഡല്‍ സാല്‍വാ ജുഡും?

കേരളത്തിൽ വേണ്ടത്ര വേരുപിടിക്കാതെ പോയ ഒന്നാണ് നക്സലൈറ്റ് പ്രസ്ഥാനം. എങ്കിലും നക്സലൈറ്റ് കൊലപാതകങ്ങൾക്ക് കേരളവും വേദിയായിട്ടുണ്ട്. ആദിവാസികളും ദുർബല വിഭാഗങ്ങളും നേരിടുന്ന
ചൂഷണത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവരുടെ പ്രവർത്തനമെന്നതിനാലായിരുന്നു ഈ കൊലപാതകങ്ങൾ. മാവോയിസ്റ്റുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും നാളിതുവരെ അവർ ആരെയും കൊല്ലുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ 2016 ൽ രണ്ടു മാവോയിസ്റ്റുകളെ നിലമ്പൂർ വനത്തിൽ വെച്ച് പോലീസ് സേന വെടിവെച്ചുകൊന്നു. ഈ നടപടി കേരള സമൂഹം എങ്ങിനെയാണ് ഏറ്റെടുത്തതെന്നും ഭരണ കക്ഷികളിൽ ഒന്നായ സി പി ഐ എത്ര വലിയ എതിർപ്പാണ് ഉന്നയിച്ചതെന്നും കേരളം കണ്ടതാണ്. ഇനിയിപ്പോൾ മുഖ്യമന്ത്രി പറയുന്ന ആദിവാസികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സേന നമ്മുടെ കാടുകളിലും അവയോടു ചേർന്നുകിടക്കുന്ന ഗ്രാമങ്ങളിലും എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിക്കൂട്ടാൻ പോകുന്നതെന്ന് കാത്തിരുന്നുകാണാം.

അംബാനിയെയും അദാനിയെയും കൊന്നിട്ടുവാ; അവാര്‍ഡ് തരാമെന്ന് കമ്യൂണിസ്റ്റുകാരോട് കെ എന്‍ എ ഖാദര്‍

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍