TopTop
Begin typing your search above and press return to search.

സ്തോത്രം കര്‍ത്താവേ, മൂന്നാര്‍ ഇനി കുരിശിന്റെ വഴിയേ

സ്തോത്രം കര്‍ത്താവേ, മൂന്നാര്‍ ഇനി കുരിശിന്റെ വഴിയേ

ഒടുവില്‍ രണ്ടാം മൂന്നാര്‍ ദൌത്യത്തിനും ചരമഗീതം പാടാം നമുക്ക്. ഇന്നലെ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുലിനെയും ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ത്തി പൊരിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതിയാണ് മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാതെ പോയത്. എന്തായാലും ഒരു കാര്യം തീര്‍ച്ചയായി. അധികം താമസിയാതെ തന്നെ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ട രാമന് കൂടും കുടുക്കയുമെടുത്ത് മലയിറങ്ങേണ്ടി വരും.

ഇന്നലെ നടന്ന യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളില്‍ പലതും ബഹു കോമഡിയാണ്. അതില്‍ പ്രധാനപ്പെട്ടത് ജെസിബിക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ്. അങ്ങനെ ഏതെങ്കിലും ഒരു വാഹനത്തെ/യന്ത്രത്തെ ഒരു പ്രദേശത്ത് നിരോധിക്കാന്‍ സാധിക്കുമോ എന്ന നിയമ പ്രശ്നം അവിടെ നില്‍ക്കട്ടെ. നേരത്തെ കൈയേറ്റക്കാരുടെ ഇഷ്ട യന്ത്രമായ ഈ മലമാന്തി മൂന്നാറിലൂടെ നിര്‍ബാധം പാഞ്ഞപ്പോള്‍ ഏനക്കേട് തോന്നാത്ത ഭരണകൂടമാണ് ഇപ്പോള്‍ ജെസിബികൊണ്ട് ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഫയങ്കര പരിസ്ഥിതി സ്നേഹം!

ഇന്നലെ നടന്ന യോഗത്തില്‍ കൈകൊണ്ട മറ്റൊരു തീരുമാനം നാട്ടിലെ സര്‍വ്വ പ്രമാണിമാരുമായും കൂടിയാലോചിച്ചിട്ടേ ഇനി കയ്യേറ്റമൊഴിപ്പിക്കല്‍ നടത്താവൂ എന്നാണ്. അതില്‍ ജനപ്രതിനിധികളും മതമേലദ്ധ്യക്ഷന്മാരും ഒക്കെ ഉള്‍പ്പെടും. ഒന്നാം മൂന്നാര്‍ ദൌത്യം മുതല്‍ കയ്യേറ്റം എന്നു കേട്ടാല്‍ കുരിശ് കണ്ട പിശാചിനെ പോലെ പെരുമാറുന്ന മന്ത്രി എം എം മണിയോടും കൂടിആലോചിക്കണം എന്ന പ്രത്യേക തീരുമാനമുണ്ട്. ശരിയാണ് ജനാധിപത്യത്തില്‍ ജനപ്രതിനിധികള്‍ക്ക് തന്നെയായിരിക്കണം മുന്‍ഗണന. ഉദ്യോഗസ്ഥന്‍മാര്‍ പിന്നീടേ വരുന്നുള്ളൂ. എന്നാല്‍ ഈ ജനപ്രതിനിധികള്‍ എല്ലാം കയ്യേറ്റക്കാരുടെ ബന്ധുമിത്രാദികള്‍ ആയാലോ? സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ പറഞ്ഞ പോലെ തങ്ങള്‍ മനസില്‍ കാണുമ്പോള്‍ കയ്യേറ്റക്കാര്‍ സംഗതി മാനത്ത് കാണും. അതാണ് മൂന്നാര്‍. അപ്പോഴാണ് ഒഴിപ്പിക്കല്‍ നടപ്പിലാക്കാന്‍ ഒരു ഏകോപന സമിതിയുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഈ ഏകോപന സമിതി എന്നെങ്കിലും ഫുള്‍ കോറത്തില്‍ യോഗമിരിക്കുമോ എന്നു കണ്ടുതന്നെ അറിയണം.

ഒഴിപ്പിക്കല്‍ ദൌത്യത്തിന്റെ ഗതിയെന്താകുമെന്ന് കയ്യേറ്റക്കാര്‍ക്ക് ബോധ്യമായതിന്റെ ലക്ഷണമായിരുന്നു പൊളിച്ചുകളഞ്ഞ ലോഹക്കുരിശിന്റെ സ്ഥാനത്ത് ഒരു മരക്കുരിശ് പ്രത്യക്ഷപ്പെട്ടത്. സംഗതി വാര്‍ത്തയായപ്പോള്‍ അതും അപ്രത്യക്ഷമായെന്ന് കേള്‍ക്കുന്നു. എന്തായാലും ഒരു കാര്യം ഉറപ്പായി. ഇനിയും ഒരു പാട് കുരിശുകള്‍ മൂന്നാറിലെ കയ്യേറ്റ ഭൂമികളില്‍ പ്രത്യക്ഷപ്പെടും. കാരണം കുരിശുകള്‍ പൊളിച്ചുമാറ്റില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി തന്നെ നല്‍കി ക്കഴിഞ്ഞിട്ടുണ്ട്. ഇനി റിസോര്‍ട്ടുകാര്‍ ഭൂമി കയ്യേറാന്‍ പോകുന്നത് ഒരു കുരിശുമായിട്ടായിരിക്കും.

എന്റെ പൊന്നിന്‍ കുരിശ് മുത്തപ്പാ എന്നു വിളിച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയല്ലാതെ പാവം ജനങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റും..!


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories