Top

സോളാര്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വീണ്ടും ഗോളടിക്കുമോ? അതോ സെല്‍ഫ് ഗോളാകുമോ?

സോളാര്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വീണ്ടും ഗോളടിക്കുമോ? അതോ സെല്‍ഫ് ഗോളാകുമോ?
സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള തീരുമാനം വലിയ രാഷ്ട്രീയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. അന്വേഷണ സംഘത്തിന്‍റെ ഭാഗമായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം താനടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ ഉണ്ടെന്ന് പറയുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടണം എന്നും റിപ്പോര്‍ട്ടിന്‍റെ കോപ്പി ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയെങ്കിലും ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്നും അതിന് മുമ്പ് ആര്‍ക്കും കൊടുക്കില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ നവംബര്‍ ഒമ്പതിന് സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്ന് പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ ആരോപണവിധേയര്‍ കോടതിയില്‍ പോയാല്‍ അത് നിയമ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് കണ്ടാണ്‌ പെട്ടെന്ന് പ്രത്യേക സമ്മേളനം വിളിച്ച് റിപ്പോര്‍ട്ട് നിയമസഭയില്‍ വക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന.

ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നു എന്ന ആരോപണവുമായി സോളാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ അന്നത്തെ എഡിജിപിയും ഇപ്പോള്‍ ഡിജിപി റാങ്കിലുള്ളയാളുമായ എ ഹേമചന്ദ്രന്‍, ഡിജിപി ലോക്നാഥ് ബെഹ്രക്കും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയത് സര്‍ക്കാരിന് തലവേദനയായി. എഡിജിപി പദ്മകുമാര്‍, ഡി വൈ എസ് പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഗൂഡാലോചന കുറ്റത്തിന് ക്രിമിനല്‍ കേസ് എടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സര്‍ക്കാര്‍ നടപടി വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും കരിനിഴല്‍ വീഴ്ത്തുന്നതായി ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് നല്‍കിയ നാലുപേജുകളുള്ള കത്തില്‍ പദ്മകുമാര്‍ പറയുന്നു. തന്നോടുള്ള വ്യക്തിവിരോധമാണ് സരിത അടക്കമുള്ളവര്‍ കാണിച്ചിരിക്കുന്നത് എന്നും പദ്മകുമാര്‍ ആരോപിക്കുന്നു. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ പൊട്ടിത്തെറിയും ചേരിതിരിവുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഉണ്ടാക്കിയിരിക്കുന്നത്. നിയമസഭയില്‍ വക്കുന്നതിന് മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടുകയും ആരോപണവിധേയരില്‍ നിന്ന് റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ മറച്ചുവക്കുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ നിയമക്കുരുക്കും പ്രതിസന്ധിയുമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന വിലയിരുത്തല്‍ ശക്തമാണ്.വേണ്ടവിധത്തിലുള്ള ആലോചനകളില്ലാതെയാണ് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിനെ സമീപിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍ പി ചെക്കുട്ടി അഴിമുഖത്തോട് പറഞ്ഞു. നീതിപൂര്‍വമായി കാര്യങ്ങള്‍ നടക്കില്ല എന്നൊരു തോന്നല്‍ ആളുകള്‍ക്കുണ്ടായിട്ടുണ്ട്. വൈരനിര്യാതനബുദ്ധിയോടെയുള്ള സമീപനമാണ് ഇക്കാര്യത്തിലുണ്ടായത്. ഒരു റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട് എന്നതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് അന്വേഷണത്തിന് ഉത്തരവിടുക. ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു തരത്തിലുള്ള രേഖകളും ലഭ്യമാക്കാതിരിക്കുക. അത് ആളുകളെ പിടിച്ചുകെട്ടി അടിക്കുന്ന സമീപനമാണിത്. ആരോപണവിധേയരായവര്‍ക്ക് സ്വയം പ്രതിരോധത്തിനുള്ള അവസരം തടഞ്ഞുകൊണ്ട് ഏകപക്ഷീയമായ നീക്കമാണ് നടത്തിയിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നു. ഉദ്യോഗസ്ഥര്‍ അവരുടെ താല്‍പര്യപ്രകാരം ഈ കേസില്‍ ഇടപെട്ടതല്ല. മുന്‍ സര്‍ക്കാര്‍ ചില പ്രത്യേക കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. അത് അവര്‍ അന്വേഷിച്ചു. അതിന്റെ അടിസ്ഥാത്തില്‍ ചിലര്‍ പ്രതികളാക്കപ്പെടുകയും ആ കേസുകളില്‍ അവര്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. അങ്ങനെയുള്ള ആളുകളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത്. സരിതയുടേയും മറ്റും മൊഴിയല്ലാതെ ഒരു തെളിവും ഇവരുടെ കയ്യിലില്ല. ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളൊന്നും കമ്മീഷന്റെ സിറ്റിംഗ് സമയത്ത് ഉയര്‍ന്നുവന്നിരുന്നില്ല. ഇങ്ങനെയൊക്കെ നടപടി സ്വീകരിക്കാന്‍ തുടങ്ങിയാല്‍ ഉദ്യോഗസ്ഥര്‍ എങ്ങനെ ജോലി ചെയ്യും. അന്വേഷണം തുടങ്ങുന്നതിന് മുമ്പേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങിയിരിക്കുന്നു. പൊതുസമൂഹത്തിന് മുന്നില്‍ ഉദ്യോഗസ്ഥരെ അപമാനിക്കുന്ന വിധം വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി ഇക്കാര്യം അറിയിക്കുന്നു. എക്‌സിക്യൂട്ടീവിനെ സംബന്ധിച്ച് ഇത്തരം സമീപനം അരക്ഷിതാവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ഇത് വളരെ അപകടകരമായ പ്രവണതയാണ്. സര്‍ക്കാര്‍ അതിന്റെ ഗൗരവം മനസിലാക്കുന്നില്ല.

97ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സമാനമായ സംഭവമുണ്ടായിട്ടുണ്ട്. ഐസ്‌ക്രീം കേസില്‍ കുറേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായി. അതിലൊരാള്‍ അന്ന് കോഴിക്കോട് കളക്ടറായിരുന്ന അമിതാഭ് കാന്ത് ആയിരുന്നു. അമിതാഭ് കാന്തിനെതിരെയും പൊലീസ് കേസെടുത്തു. യഥാര്‍ത്ഥത്തില്‍ ഐസ്‌ക്രീം കേസില്‍ അമിതാഭ് കാന്ത് ഇടപെട്ടിരുന്നില്ല. പക്ഷെ അദ്ദേഹത്തിനെതിരെ നടപടി വന്നു. അതേത്തുടര്‍ന്ന് അമിതാഭ് ഒരുപാട് കഷ്ടപ്പെട്ടു. ഞാനിനി ഒരിക്കലും കേരളത്തിലേയ്ക്ക് തിരിച്ചുവരില്ല എന്ന് അയാള്‍ പറഞ്ഞു. എന്റെ കുടുംബത്തെ നിങ്ങള്‍ തകര്‍ത്തു, എന്റെ കുട്ടികളെ നിങ്ങള്‍ സമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കി എന്നെല്ലാം അമിതാഭ് കാന്ത് പറഞ്ഞു. അന്ന് പൊലീസ് കമ്മീഷണറായിരുന്ന വനിതാ ഉദ്യോഗസ്ഥക്ക് ഇദ്ദേഹത്തോട് എന്തോ വിരോധമുണ്ടായിരുന്നു. അങ്ങനെ കേസ് വന്നതാണ്. ഏറ്റവും പ്രഗല്‍ഭരായ ഉദ്യോഗസ്ഥരില്‍ ഒരാളായ അമിതാഭ് കാന്ത് പിന്നീടൊരിക്കലും കേരളത്തിലേയ്ക്ക് വന്നില്ല. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് മുന്നില്‍ ആകെയുള്ള വഴി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുക എന്നതാണ് ഇതാണ് നടന്നിരിക്കുന്നത്. രേഖ പരസ്യമാക്കിയാല്‍ ആരോപണവിധേയര്‍ക്കെതിരെ കേസ് നടപടികള്‍ തുടങ്ങാം. ആരോപണവിധേയരായവര്‍ക്ക് കോടതിയെ സമീപിക്കാം.


അതുകൊണ്ടാണ് ഇപ്പൊ ഒരാഴ്ചയ്ക്ക് ശേഷം ശരിയായ വഴിയിലേയ്ക്ക് സര്‍ക്കാര്‍ വരുന്നത്. അത് നല്ല കാര്യമാണ്. പക്ഷെ ഈ ഒരാഴ്ച കൊണ്ട് സര്‍ക്കാര്‍ സ്വന്തം വിശ്വാസ്യത വലിയ തോതില്‍ കളഞ്ഞുകുളിച്ചു. സോളാര്‍ കമ്മീഷന്‍ സത്യത്തില്‍ സ്വന്തമായ ചില അജണ്ടകളുമായാണ് മുന്നോട്ട് പോയിരിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷനായത് കൊണ്ട് ഇക്കാര്യം പരസ്യമായി പറയാന്‍ പലരും താല്‍പര്യപ്പെടുന്നില്ല എന്നേയുള്ളൂ. അടിസ്ഥാനമുള്ള എന്തെങ്കിലും തെളിവുകള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട് എന്ന് തോന്നുന്നില്ല. ഉദ്യോഗസ്ഥരുടെ ഇടപെടലുകളും സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ പിന്നീട് എഴുതിച്ചേര്‍ത്തതായിരിക്കാം. ഒരു തെളിവുമില്ലാത്തത് കൊണ്ട് ഈ കേസുകള്‍ കോടതിയിലെത്തിയാല്‍ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാവില്ല. കമ്മീഷന്‍റെ ടേംസ് ഓഫ് റഫറന്‍സില്‍ വരാതിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്.

മൊഴികള്‍ പല തവണ മാറ്റിപ്പറയുന്ന സാഹചര്യമുണ്ടായി. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് വിശ്വാസ്യത വളരെ കുറവാണ്. സ്വതന്ത്ര സാക്ഷി മൊഴികള്‍ ഇല്ല. ലൈംഗിക പീഡന ആരോപണമൊന്നും നിലനില്‍ക്കില്ല. ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ഉയറാന്‍ ഇടയാക്കിയ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് തെറ്റ് പറ്റിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം ഉമ്മന്‍ ചാണ്ടി ഈ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണമൊന്നും വിശ്വസനീയമല്ല. വിജിലന്‍സ് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്താല്‍ അത് കോടതിയില്‍ നിലനില്‍ക്കില്ല. സര്‍ക്കാര്‍ ഇവര്‍ക്ക് എന്തെങ്കിലും അനധികൃതമായി സഹായം ചെയ്യുകയോ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് പറയുകയോ ചെയ്യാനുള്ള യാതൊരു തെളിവുമില്ല. നിയമ വകുപ്പുമായി ആലോചിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ് സര്‍ക്കാരിനെ ഈ പ്രതിസന്ധിയില്‍ എത്തിച്ചത്. വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം പറയാതെ നേരെ നിയമസഭയില്‍ റിപ്പോര്‍ട്ട് വച്ചിരുന്നെങ്കില്‍ ഈ പ്രശ്നങ്ങളുണ്ടാകുമായിരുന്നില്ല എന്നും എന്‍പി ചെക്കുട്ടി പറഞ്ഞു. രാഷ്ട്രീയമായും ഇത് എല്‍ഡിഎഫിന് ഗുണം ചെയ്തതായി തോന്നുന്നില്ല. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിച്ചിട്ടില്ല. യുഡിഎഫിന്‍റെ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് ലീഗിനകത്തെ ഭിന്നതകള്‍ കാരണമാണെന്നും ചെക്കുട്ടി അഭിപ്രായപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ പറയാതെ ആദ്യം തന്നെ നിയമസഭയില്‍ വച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നെങ്കില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് അഭിഭാഷകന്‍ ഡിബി ബിനുവും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയാതോടെ റിപ്പോര്‍ട്ട് public domainല്‍ വന്നുകഴിഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ തെളിവായി സ്വീകരിക്കില്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെത്തിയ ശേഷമേ കോടതിയില്‍ പോകാനാവൂ. സര്‍ക്കാരിനെ സംബന്ധിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും സ്വീകരിക്കുകയോ തള്ളുകയോ അല്ലെങ്കില്‍ ഭാഗികമായി മാത്രം അംഗീകരിക്കുകയോ ഒക്കെ ആവാം. പക്ഷെ കൃത്യമായ വിവരം പുറത്തുവിടാതെ ഇത്തരത്തില്‍ വ്യക്തികള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചു എന്ന് പറയുമ്പോള്‍ നിയമപരമായി അത് പ്രശ്‌നമാണ്. റിപ്പോര്‍ട്ട് മറച്ചു വച്ചു എന്ന പ്രശ്നം നിയമസഭയില്‍ വക്കുന്നതോടെ സര്‍ക്കാരിന് മറികടക്കാം. ടിപി സെന്‍കുമാറിന്റെ കേസില്‍ സംഭവിച്ച പോലെ സര്‍ക്കാരിന് കോടതിയില്‍ തിരിച്ചടിയുണ്ടാക്കുന്ന നിയമോപദേശമാണ് ലഭിച്ചിരിക്കുന്നത്. കമ്മീഷന്റെ കണ്ടെത്തലുകള്‍ എന്താണ് എന്നത് സംബന്ധിച്ച വിവരമെങ്കിലും ആരോപണവിധേയരായ വ്യക്തികള്‍ക്ക് കൊടുക്കേണ്ടതായിരുന്നു. പ്രശ്നം ഇപ്പോള്‍ അഴിമതി കേസില്‍ നിന്ന് ഏകപക്ഷീയമായ വിവരാവകാശ ലംഘനത്തിലേക്ക് എത്തിയിരിക്കുന്നു. ഇത്തരത്തില്‍ റിപ്പോര്‍ട്ട് മറച്ചുവയ്ക്കുന്നത് എന്തടിസ്ഥാനത്തിലാണ്? രാജ്യസുരക്ഷയെയോ മറ്റോ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെങ്കില്‍ അത് മറച്ചുവക്കാം. നിയമക്കുരുക്കിലേയ്ക്ക് നീങ്ങുമെന്ന് വ്യക്തമായപ്പോളാണ് സര്‍ക്കാര്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് - ഡിബി ബിനു പറഞ്ഞു.

Next Story

Related Stories