Top

ഇടത് ഭരണക്കാലത്ത് വയലില്‍ ബൂട്ടിട്ട കാലുകള്‍ എത്തിയെങ്കില്‍ ഭരണം പരാജയമാണ്; വയല്‍ക്കിളികള്‍

ഇടത് ഭരണക്കാലത്ത് വയലില്‍ ബൂട്ടിട്ട കാലുകള്‍ എത്തിയെങ്കില്‍ ഭരണം പരാജയമാണ്; വയല്‍ക്കിളികള്‍
തളിപ്പറമ്പ് നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ കിടക്കുന്ന തികച്ചും ഗ്രാമീണാന്തരീക്ഷമുള്ള ഇടമാണ് കീഴാറ്റൂര്‍. നാടും നാട്ടുകാരും ഒരുമിച്ച് സി.പിഎമ്മിനൊപ്പം ചേരുന്ന ഇടമാണിത്. അവിടെയാണ് ബൈപ്പാസ് റോഡിനായി നെല്‍വയല്‍ വിട്ടുതരില്ലെന്ന് പറഞ്ഞ് ഒരു സംഘം വയല്‍ക്കിളികള്‍ എന്ന പേരില്‍ സമര സമിതി രൂപീകരിച്ച് സമരം ചെയ്യുന്നത്. വാഗ്ദാനങ്ങള്‍ പലത് നല്‍കിയിട്ടും അവര്‍ സമരത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായില്ല. ഒരു വര്‍ഷമായി തുടരുന്ന ഇവരുടെ അതിജീവനത്തിനായുള്ള സമരത്തിനൊപ്പം തുടക്ക കാലങ്ങളില്‍ സി.പി.എം പ്രാദേശിക നേതൃത്വം ഒപ്പം ചേര്‍ന്നിരുന്നെങ്കിലും, പതുക്കെ പതുക്കെ പാര്‍ട്ടി അതില്‍ നിന്നും പിന്‍മാറി. വയല്‍ക്കിളി പ്രവര്‍ത്തകരായ 11 പേരെ കീഴാറ്റൂരില്‍ നിന്നും പാര്‍ട്ടി പുറത്താക്കി. ഞങ്ങള്‍ കമ്യൂണിസ്റ്റുകാരാണ്. പാടത്ത് കുത്തിവെച്ചിരിക്കുന്ന ചെങ്കൊടിയെ സാക്ഷി നിര്‍ത്തിയാണ് ബൈപ്പാസ് വരാന്‍ സമ്മതിക്കില്ലെന്ന് വയല്‍ക്കിളികള്‍ ആണയിടുന്നത്.

"വയല്‍ അളക്കാനായി ഉദ്യോഗസ്ഥര്‍ എത്തും എന്ന് ഞങ്ങള്‍ക്ക് വിവരം ലഭിക്കുന്നത് ചൊവ്വാഴ്ച രാത്രിയാണ്. അടുത്ത ദിവസം കണ്ണൂരില്‍ നടത്താനിരുന്ന പ്രസ് മീറ്റ് മാറ്റിവെച്ച് ബുധനാഴ്ച ഞങ്ങള്‍ വയല്‍ക്കിളികളും, ഐക്യദാര്‍ഢ്യവുമായി എത്തിയവരുമെല്ലാം വയലില്‍ അണി നിരന്നു. ഞങ്ങളുടെ എണ്ണത്തിന്റെ ഇരട്ടിയില്‍ അധികം വരുന്ന പൊലീസിനെ നേരിടാന്‍ അപ്പോള്‍ തോന്നിയ സമര രീതിയാണ് ആത്മഹത്യാ സമരം. ഭരണകൂടം അതിന്റെ പൌരന്മാരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണ്."
വയല്‍ക്കിളി സമര നായകന്‍ സുരേഷ് കീഴാറ്റൂര്‍ പറയുന്നു.

ദേഹം മുഴുവന്‍ പെട്രോളില്‍ കുളിച്ച് സുരേഷും, നാട്ടുകാരനായ മനോഹരനും, കയ്യില്‍ മണ്ണെണ്ണ നിറച്ച കുപ്പിയുമായി നമ്പ്രാടത്ത് ജാനകി എന്ന എഴുപതുകാരിയും. വയലിന്റെ പല ഭാഗങ്ങളിലായി വൈക്കോല്‍ കൂട്ടി കത്തിച്ച തീ. പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാലുടന്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് ഉച്ച വരെ പാടത്ത് നിന്നു. ഒടുക്കം ആള്‍ബലം കൊണ്ട് അധികമുണ്ടായിരുന്ന പൊലീസ് സമര പ്രവര്‍ത്തകരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലം അളന്ന് കഴിഞ്ഞശേഷം രാത്രി 9.30ന് എല്ലാപേരെയും വിട്ടയച്ചു. വയല്‍ക്കിളി പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ തൊട്ടു പിന്നാലെ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ ആക്രമിക്കപ്പെട്ടു. പിന്നീട് ഇതിന് പിന്നില്‍ പ്രാദേശിക സി.പി.എം പ്രവര്‍ത്തകരാണെന്ന് മനസിലായി. സമരപ്പന്തല്‍ കത്തിക്കുന്ന വീഡിയോ, ഫോട്ടോ എല്ലാം പുറത്തുവന്നു.കീഴാറ്റൂര്‍- കൂവോട്ട് വയലില്‍ കത്തിയ സമരപ്പന്തലിന്റേ ബാക്കി വയലില്‍ ചിതറിക്കിടക്കുന്നു. സമരപ്പന്തല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ച മരപ്പലകകളെല്ലാം സമീപത്തെ തോട്ടില്‍ കിടക്കുന്നു. അങ്ങിങ്ങായി വയല്‍ക്കിളികള്‍ വെക്കോലുപയോഗിച്ച് കൂട്ടിയ സമരാഗ്നിയുടെ അവശിഷ്ടത്തിനു മുകളില്‍ ബൈപ്പാസിനുവേണ്ടി പാടം അളന്ന് തിട്ടപ്പെടുത്തി നാട്ടിയ അടയാള കുറ്റികള്‍. 23 ദിസവമായി തുടരുന്ന രാപ്പകല്‍ വയല്‍ കാവല്‍ സമരത്തിനിരിക്കുന്നവര്‍ക്കായി പന്തലില്‍ എത്തിച്ച അരിയടക്കമുള്ള സധനങ്ങള്‍ പകുതി കത്തിയ രീതിയില്‍ വയലില്‍ ചിതറിക്കിടക്കുന്നു. സമരപ്പന്തലിന് മുകളിലുണ്ടായിരുന്ന ചെങ്കൊടി പോലും കത്തിയമര്‍ന്നു. അതേ സമയം സമരപ്പന്തല്‍ കത്തിച്ചത് വയല്‍ക്കിളി പ്രവര്‍ത്തകര്‍ തന്നെയാണെന്നും, വിഷയം വിവാദമാക്കുന്നതിനായി സി.പി.എമ്മില്‍ കുറ്റം ആരോപിക്കുകയാണെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

http://www.azhimukham.com/keralam-dont-suppress-keezhattor-vayalkkili-protest-by-force-writes-kaantony/

സംഭവത്തില്‍ വയല്‍ക്കിളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

"ഇടത് ഭരണ കാലത്ത് ബൂട്ടിന്റെ ശബ്ദം വയലുകളില്‍ നിന്നുകേട്ടാല്‍ അവിടെ പാര്‍ട്ടി പരാജയപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കാം. സി.പി.എം സമരം നടത്താത്ത നാടുകളില്ല. പാര്‍ട്ടിയുടെ ജനകീയതയും വളര്‍ച്ചയും വരെ അങ്ങനെയായിരുന്നു. അതേ സി.പി.എമ്മിന്റെ പ്രവര്‍ത്തകരാണ് ഇന്ന് വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ചത്. സമരപ്പന്തല്‍ കത്തിക്കാനും മാത്രം നമ്മുടെ സഖാക്കള്‍ അധ:പതിച്ചോ? രാപ്പകല്‍ വയല്‍ കാവല്‍ സമരത്തിനായി കരുതിവെച്ച അരിയും, തുണിയുമെല്ലാം കത്തിത്തുടങ്ങിയ നിലയില്‍ പാടത്ത് കാണാം."
സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

http://www.azhimukham.com/updates-farmers-suicide-strike-in-keezhattoor/

പാര്‍ലമെന്റില്‍ തണ്ണീര്‍തട നിയമം പാസാക്കുന്നതിന് മുന്നേ തന്നെ സംസ്ഥാനത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമമുണ്ട്. വി.എസ് നടപ്പിലാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേതഗതിചെയ്തു. ഇന്ന് ഇതാ അടുത്ത നിയമസഭ അത് നിയമമാക്കി അംഗീകരിക്കാന്‍ പോകുന്നു. സത്യത്തില്‍ ഇവിടെ നടന്നത് ഭേദഗതി ആയിരുന്നില്ല. അതാകെ പൊളിച്ച് അതിന്റെ കയ്യും കാലും, മൂക്കും ചെത്തി, ഒരു കരിനിയമമാക്കി തീര്‍ക്കുകയാണ് ഭരണകൂടം ചെയ്തത്. ഇപ്പോള്‍ അത് ഓഡിനന്‍സാണ്. ഈ ഓഡിനന്‍സിന്റെ ബലത്തിലാണ് സര്‍ക്കാര്‍ ഞങ്ങളുടെ ഭൂമിയിലേക്ക് കടന്നുകയറിയത്. ജനകീയ താല്‍പര്യം മുന്‍ നിര്‍ത്തി നില നിന്നിരുന്ന നിയമങ്ങളെല്ലാം ഇവിടെ കോര്‍പ്പറേറ്റ് വത്ക്കരണത്തിനായി മാറി മറിയുന്നുണ്ട്. ഇതിനെതിരെയാണ് വയല്‍ക്കിളികള്‍ സമരം ചെയ്യുന്നത്. ഇവിടെ സ്ഥലം വിട്ടു നല്‍കിയവരുടെ എണ്ണം പറഞ്ഞ് നടക്കുന്ന സര്‍ക്കാര്‍ ഈ വയലില്‍ എന്തേ പാരിസ്ഥിതിക പഠനം നടത്താത്തത്? സുരേഷ് കീഴാറ്റൂര്‍ ചോദിക്കുന്നു.സമര നായിക നമ്പ്രാടത്ത് ജാനകിക്ക് വധഭീഷണിയുണ്ട്. വയലില്‍ പണിക്കായി ചെന്ന ഈ എഴുപത് കാരിയെ പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും, ബി.ജെ.പി പ്രവര്‍ത്തകയെന്ന് ആരോപിക്കുകയും, കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമിക്കാനായി അവര്‍ തുനിഞ്ഞപ്പോള്‍ ബഹളമുണ്ടാക്കി ഓടിയ ജാനകിയെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ രക്ഷിക്കുകയായിരുന്നു.

തളിപ്പറമ്പിലെ സി.പി.എം, കോണ്‍ഗ്രസ്, ലീഗ് റിയല്‍ എസ്‌റ്റേറ്റ് കൂട്ടുകെട്ടിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ബൈപ്പാസിന്റെ അലൈന്‍മെന്‍റ് കീഴാറ്റൂര്‍ വഴി ആയതെന്ന് വയല്‍ക്കിളി കുറ്റപ്പെടുത്തി. സമരത്തിന്റെ വിവിധ സന്ദര്‍ഭങ്ങളിലായി ജനങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞ് നിരവധിയാളുകള്‍ വന്നുപോകുന്നുണ്ട്. ഇവിടെ ബി.ജെ.പി പ്രവര്‍ത്തകരും സജീവ സാന്നിധ്യമായി സമരക്കാരുടെ കൂടെതന്നെയുണ്ട്.

സമരപ്പന്തല്‍ കത്തിച്ചത് അംഗീകരിക്കാനാകില്ല. വയല്‍ക്കിളി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഇതില്‍ പ്രതിഷേധിച്ച് വയലില്‍ ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മാര്‍ച്ച് 25ന് വയല്‍ക്കിളി പ്രവര്‍ത്തകരും, സമൂഹ്യപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന് സമരപ്പന്തല്‍ പു:നസ്ഥാപിക്കും. കൂടുതല്‍ ശക്തമായ സമര രീതികളുമായി മുന്നോട്ട് പോകും. കൂടുതല്‍ പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്ന് സുരേഷ് കീഴാറ്റൂര്‍ പറയുന്നു.

http://www.azhimukham.com/rending-cpim-sets-check-posts-for-blocking-activists-from-joining-with-keezhattur-strike/


Next Story

Related Stories