TopTop
Begin typing your search above and press return to search.

ഇരുട്ടത്ത് ഹെല്‍മറ്റ് ധാരികള്‍ മതില്‍ പൊളിക്കുന്ന വൈറല്‍ വീഡിയോ; കളിയല്ല, ഒരമ്മയുടെയും മകളുടെയും ചെറുത്തുനില്‍പ്പാണ്

ഇരുട്ടത്ത് ഹെല്‍മറ്റ് ധാരികള്‍ മതില്‍ പൊളിക്കുന്ന വൈറല്‍ വീഡിയോ; കളിയല്ല, ഒരമ്മയുടെയും മകളുടെയും ചെറുത്തുനില്‍പ്പാണ്

ഹെൽമറ്റ് ധരിച്ച ഒരു സംഘം പുരുഷന്മാർ വീടിന്റെ ചുറ്റുമതിൽ പൊളിക്കുകയും, വീട്ടുകാരായ സ്ത്രീകളെ കണ്ടയുടൻ ഓടിരക്ഷപ്പെടുകയും ചെയ്യുന്ന സിസിടിവി ദൃശ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിയിരുന്നു. സിസിടിവി ദൃശ്യത്തിനൊപ്പം പേരോ അഡ്രസ്സോ വെളിപ്പെടുത്താതെ വീട്ടുകാരിയായ പെൺകുട്ടി തങ്ങൾക്കെതിരെ തുടരെ സംഭവിച്ചു വരുന്ന അക്രമത്തെ വിശദീകരിക്കുന്ന ഓഡിയോയും അതിനൊപ്പം അറ്റാച്ച് ചെയ്യപ്പെട്ടിരുന്നു. അതേസമയം പരാതിക്കാരിയെയോ പ്രതികളെയോ സംബന്ധിക്കുന്ന വിവരങ്ങളൊന്നും വീഡിയോയിൽ പരാമർശിച്ചിരുന്നില്ല എന്നതിനാൽ വീഡിയോയുടെ ആധികാരികതയെ പലരും സംശയിച്ചിരുന്നു.

എന്താണ് സംഭവത്തിന്റെ സത്യാവസ്ഥ എന്ന അന്വേഷണമാണ് കോഴിക്കോട്ടെ ചേവായൂരിന് സമീപം കരുവശ്ശേരിയിലെ ഒരു സാധാരണ കോണ്‍ക്രീറ്റ് വീട്ടിലേക്കാണ് എന്നെ എത്തിച്ചത്. അവിടെ വെച്ചു തകര്‍ന്നു കിടക്കുന്ന മതിലും സോഷ്യല്‍ മീഡിയയില്‍ കേട്ട ശബ്ദത്തിന്റെ ഉടമയെയും ഞാന്‍ കണ്ടു.

വീഡിയോയില്‍ ഇരുട്ടിന്റെയും ഹെല്‍മെറ്റിന്റെയും മറവില്‍ ഒരു സംഘം അക്രമികൾ തകർക്കുന്നത് അർച്ചനയുടെ വീട്ടു മതിലാണ്. അച്ഛന്റെ ജോലി സംബന്ധ തിരക്കുകൾ കാരണം രണ്ടാഴ്ച്ചയിൽ ഒരിക്കൽ മാത്രമേ വീട്ടിൽ വരാൻ സാധിക്കാറുള്ളൂ എന്നതിനാൽ ആർച്ചനയും അമ്മയും മാത്രമാണ് വീട്ടിലെ സ്ഥിര താമസക്കാർ. എൻജിനീയറിങ് പഠനത്തിന് ശേഷം ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഈ പെൺകുട്ടി.

വീടിന് ചുറ്റുമതിൽ കെട്ടിയതു കാരണം കാറിനും വലിയ വാഹനങ്ങൾക്കും കടന്നു പോകാനുള്ള വീതി റോഡിന് ഇല്ലാതായെന്നും സമീപവാസികൾക്ക് വേണ്ടി സൗജന്യമായി സ്ഥലം അനുവദിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് പ്രദേശത്തെ നാലുവീട്ടുകാർ അർച്ചനയേയും അമ്മയെയും നിരന്തരം സമീപിച്ചിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള മണ്ണിന് ന്യായമായ തുക നൽകിയാൽ റോഡ് വീതി കൂട്ടാനാവശ്യമായ 2 അടി സ്ഥലം അനുവദിച്ചു നൽകാമെന്ന് അർച്ചനയും കുടുംബവും ഉറപ്പ് നൽകിയതുമാണ്. എന്നാൽ, പണം നൽകാൻ തയ്യാറല്ലെന്നും റോഡിന്റെ വീതിക്കാവശ്യമായ സ്ഥലം സൗജന്യമായി ലഭിക്കാത്ത പക്ഷം ബലം പ്രയോഗിക്കുമെന്ന് വ്യക്തികൾ ഭീഷണി മുഴക്കി. അർച്ചനയും കുടുംബവും ഭീഷണികൾക്കു വഴങ്ങാത്ത സാഹചര്യത്തെത്തുടർന്ന് മൂന്ന് തവണയും വീട്ടുമതിൽ പൊളിച്ചു മാറ്റിയാണ് പ്രദേശവാസികൾ പ്രതിഷേധം പ്രകടിപ്പിച്ചത്. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടായതിനാലാണ് അവർ സ്വയം ബലം പ്രയോഗിച്ചതെന്നും, ആൺ തുണയില്ലാതെ ഒരമ്മയ്ക്കും മോൾക്കും ചെറുത്ത് നിൽക്കാൻ സാധ്യമല്ലെന്നുമുള്ള മിഥ്യാ ധാരണകൾക്ക് പുറത്താണ് തങ്ങൾക്ക് നേരെയുള്ള ഈ കടന്നു കയറ്റമെന്ന് അർച്ചന പറയുന്നു.

"സമീപത്തെ നാല് വീടുകളിലെ പുരുഷന്മാർ ഞങ്ങളുടെ വീട്ടുമതിൽ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.ഞങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലം സൗജന്യമായി അവരുടെ ആവശ്യങ്ങൾക്ക് വിട്ടു നൽകില്ലെന്നു വ്യക്തമാക്കിയ ശേഷമാണ് മതിൽ പൊളിച്ചു മാറ്റാൻ അവർ തുടങ്ങിയത്. ആദ്യ രണ്ടു തവണയും മതിൽ മാറ്റി പണിതപ്പോൾ വീണ്ടുമവർ പൊളിച്ചു മാറ്റുകയായിരുന്നു. തുടർച്ചയായി അക്രമം വർധിച്ചതിനാൽ ചേവായൂർ എസ്ഐയുടെ നിർദേശ പ്രകാരമാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. എന്നാൽ, ക്യാമറയുടെ വയറുകൾ നശിപ്പിക്കാനും അവർ ശ്രമം നടത്തി. പരാജയപ്പെട്ട ശേഷമാണ് ഹെൽമെറ്റ് ധരിച്ച് മൂന്നാം തവണയും അവർ മതിൽ ആക്രമിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അവസാന സംഭവം. സ്വസ്ഥമായി ജീവിക്കാൻ എന്നെയും അമ്മയെയും അവർ അനുവദിക്കുന്നില്ലെന്ന് മനസ്സിലായ ശേഷമാണ് അത്തരമൊരു വീഡിയോ ഞാൻ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തത്. പരിഹാരവും നിയമ സംരക്ഷണവും ഞങ്ങൾക്ക് ലഭിക്കേണ്ടതുണ്ട്.

രണ്ടേകാൽ സെന്റ് സ്ഥലത്താണ് ഞങ്ങളുടെ വീട് സ്ഥിതി ചെയ്യുന്നത്.പെർമിറ്റും പ്ലാനുമെല്ലാം കോർപ്പറേഷനാണ് പാസ്സാക്കിയത്. ക്രമക്കേടുകൾ ഉണ്ടായിരുന്നെങ്കിൽ അവർ സ്ഥലത്തിന് അനുമതി നൽകില്ലായിരുന്നു. മുൻപ് എന്റെ വീടിന്റെ മുറ്റം ഒരു പൊതുവഴിക്ക് സമാനമായിരുന്നു. രാത്രി മദ്യപാനികൾ പോലും സ്ഥിരമായി അവരുടെ വീടുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ വഴിയാണ് ഉപയോഗിച്ചിരുന്നത്. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടായതിനാൽ പലരും പല രീതിയിൽ ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു. ജനലിൽ മുട്ടിയും കമ്മന്റടിച്ചുമാണ് ഇതുവഴി കടന്നു പോയിരുന്നത്. അത്തരം സഹചര്യങ്ങൾ വർധിച്ച ശേഷമാണ് ചുറ്റുമതിൽ കെട്ടാൻ ഞങ്ങൾ തീരുമാനിച്ചത്. സ്ത്രീകൾ മാത്രമായതിനാൽ ബലം പ്രയോഗിച്ച് കാര്യം സാധിച്ചെടുക്കാമെന്നാണ് അവർ ധരിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ നിശ്ചയദാർഢ്യമെന്താണെന്ന് അവർക്ക് മുൻപിൽ ബോധ്യപ്പെടുത്തേണ്ട ആവശ്യം കൂടെ ഇപ്പോൾ എനിക്കുണ്ട്." അർച്ചന അഴിമുഖത്തോട് പറഞ്ഞു.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനാലും, പോലീസ് കാര്യക്ഷമമായ നടപടികൾ സ്വീകരിച്ച ശേഷവും അയൽവാസികളായ സ്ത്രീകൾ ഉൾപ്പെടുന്നവർ അമ്മയെയും തന്നെയും കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നതായും അർച്ചന കൂട്ടിച്ചേർക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ ആറുപേരെ അറസ്റ്റ് ചെയ്തതായും, തുടർ നടപടികൾക്ക് ശേഷം ഈ മാസം തന്നെ ചാർജ് ഷീറ്റ്‌ ഫയൽ ചെയ്യുമെന്നും ചേവായൂർ പോലീസ് പ്രതികരിച്ചു.


Next Story

Related Stories