TopTop
Begin typing your search above and press return to search.

ചെങ്ങന്നൂരില്‍ വെള്ളാപ്പള്ളിയുടെയും മകന്റെയും ഉടായിപ്പ് രാഷ്ട്രീയം

ചെങ്ങന്നൂരില്‍ വെള്ളാപ്പള്ളിയുടെയും മകന്റെയും ഉടായിപ്പ് രാഷ്ട്രീയം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ യോഗത്തിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതരായി എസ്എന്‍ഡിപി യോഗത്തെ സ്‌നേഹിക്കുകയും യോഗത്തോട് കൂറ് പുലര്‍ത്തുകയും ചെയ്യുന്ന സ്ഥാനാര്‍ത്ഥിയെ തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കാനാണ് എസ്എന്‍ഡിപി യൂണിയനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞിരിക്കുന്നത്.

പ്രാദേശികമായി സംഘടനയെയും സമുദായത്തെയും സ്‌നേഹിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ശാഖാ യോഗങ്ങള്‍ക്ക് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. സമദൂരമെന്ന സിദ്ധാന്തം ഉപേക്ഷിച്ചാണ് വെള്ളാപ്പള്ളി ഇക്കുറി ഇറങ്ങിയിരിക്കുന്നത്. സമുദായത്തെ സഹായിക്കുന്നവര്‍ എന്ന ദൂരമുണ്ടെന്നും വെള്ളാപ്പള്ളി പറയുന്നു. ആര്‍ക്കും കൃത്യമായ പിന്തുണ പ്രഖ്യാപിക്കാത്തതിനാല്‍ തന്നെ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന മൂന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആശ്വാസമാണ് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ നിലപാട്. മൂന്ന് പാര്‍ട്ടികളെയും സംബന്ധിച്ചും ഈ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ജയിച്ചാല്‍ അത് രണ്ടാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിജയമായാണ് കണക്കാക്കപ്പെടുക. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാര്‍ വിജയിച്ചാല്‍ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന തങ്ങളുടെ വാദത്തെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിക്കും. എന്നാല്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ ജയത്തോടെ നിയമസഭയിലെ അംഗത്വം രണ്ട് ആക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതോടൊപ്പം കേരളം എല്‍ഡിഎഫിനെയും യുഡിഎഫിനെയും കയ്യൊഴിയുകയാണെന്ന തങ്ങളുടെ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമല്ലെന്ന് തെളിയിക്കാന്‍ ബിജെപിയ്ക്ക് സാധിക്കുകയും ചെയ്യും.

2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും ത്രികോണ മത്സരം നടന്ന ചെങ്ങന്നൂരില്‍ അന്ന് ജയം സിപിഎമ്മിനൊപ്പമായിരുന്നു. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെയും എല്ലാ പാര്‍ട്ടികളും പ്രതീക്ഷയോടെയാണ് സമീപിക്കുന്നത്. കൂടെനില്‍ക്കുമെന്ന് കരുതിയ കെഎം മാണി അവസാന നിമിഷം പാലം വലിച്ചത് എല്‍ഡിഎഫിന് തലവേദനയായിട്ടുണ്ട്. എന്നിരുന്നാലും മാണിയുടെ പിന്തുണ കോണ്‍ഗ്രസിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും വിലയിരുത്തലുണ്ട്. ഇതിനിടെയിലാണ് എല്ലാവര്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കിക്കൊണ്ടുള്ള വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം.

അതേസമയം വെള്ളാപ്പള്ളി ഇവിടെ തന്ത്രപൂര്‍വമാണോയെന്ന് സംശയിക്കേണ്ടതുണ്ട്. ഈഴവ സമുദായത്തിന്റെ വോട്ടുകളില്‍ കണ്ണുവച്ച് വെള്ളാപ്പള്ളി മുന്‍കൈയെടുത്ത് രൂപീകരിച്ച ബിഡിജെഎസ് എന്ന വെള്ളാപ്പള്ളി കുടുംബത്തിന്റെ സ്വന്തം പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടില്ല. ഔദ്യോഗികമായി ബിഡിജെഎസിന്റെ നിലപാടെന്താണെന്ന് പറയേണ്ട വ്യക്തി വെള്ളാപ്പള്ളി അല്ലെങ്കിലും എന്തുചെയ്യണമെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നാണ് വെള്ളാപ്പള്ളി പറഞ്ഞിരിക്കുന്നത്.

ബിഡിജെഎസ് ആകട്ടെ എന്‍ഡിഎയിലെ ബിജെപിയുടെ സഖ്യകക്ഷിയാണ്. എല്ലാ ഈഴവരും ബിഡിജെഎസുകാരല്ലെങ്കിലും ബിഡിജെഎസിലെ ഒരു വലിയ ഭൂരിപക്ഷം ഈഴവ സമുദായത്തില്‍ നിന്നുള്ളവരാണ്. ബിഡിജെഎസ് എന്നാല്‍ ഈഴവ സമുദായമാണെന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല. അപ്പോള്‍ ഒരു വിഭാഗം ഈഴവരുടെ വോട്ട് ബിജെപിയ്ക്ക് തന്നെയായിരിക്കേണ്ടതാണ്. എന്നാല്‍ എന്‍ഡിഎയിലെ ബിജെപിയുടെ ഏകപക്ഷീയ തീരുമാനങ്ങളിലും സഖ്യമുണ്ടാക്കി ഇത്രനാളായിട്ടും ആഗ്രഹിച്ചതു പോലെ ഒരു കേന്ദ്രമന്ത്രി സ്ഥാനം കിട്ടാത്തതിലും ബിഡിജെഎസിന് അമര്‍ഷമുണ്ട്. എന്‍ഡിഎ വിട്ട് യുഡിഎഫിന്റെയോ എല്‍ഡിഎഫിന്റെയോ കൂടെ ചേരണമെന്ന് അവര്‍ ആഗ്രഹിക്കുന്നതും അതിനാലാണ്. ഇടക്കിടെ വെള്ളാപ്പള്ളിയും മകനും ചേര്‍ന്ന് ജനങ്ങളെ ഇതിന്റെ പേരില്‍ ആശയക്കുഴപ്പത്തിലാക്കുന്നതും മറക്കരുത്. ബിജെപിയുമായി ഇനിയില്ലെന്ന് അച്ഛന്‍ രാവിലെ പറഞ്ഞാല്‍ ഉച്ചയ്ക്ക് ശേഷം മകന്‍ പറയുന്നത് അത് എസ്എന്‍ഡിപിയുടെ മാത്രം തീരുമാനമാണെന്നായിരിക്കും.

തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഈഴവ സമുദായത്തിന്റെ വോട്ട് വേണമെങ്കിലും വെള്ളാപ്പള്ളിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ഇരു മുന്നണികള്‍ക്കും വലിയ താല്‍പര്യമില്ലെന്നതാണ് സത്യം. അതിനാല്‍ തന്നെ നിലവില്‍ ബിജെപിയെ പിണക്കാനാകാത്ത അവസ്ഥയാണ് ബിഡിജെഎസിന്. പരസ്യമായെങ്കിലും അവര്‍ക്ക് തങ്ങളുടെ അണികളോട് ബിജെപിയ്ക്ക് വോട്ടു ചെയ്യാന്‍ തന്നെ പറയേണ്ടി വരും. അതായത് ചെങ്ങന്നൂരിലെ ഈഴവ വോട്ടിന്റെ ഒരുഭാഗം ബിജെപിയ്ക്കുള്ളതായിരിക്കുമെന്ന് വ്യക്തം. ബാക്കിയുള്ള വോട്ടുകള്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പരമ്പരാഗത വോട്ടുകളുമായിരിക്കും. ആര് ജയിച്ചാലും തോറ്റാലും അതിന്റെ പിതൃത്വം അവകാശപ്പെടാനില്ലെന്നാണ് വെള്ളാപ്പള്ളി ഇപ്പോഴേ പറഞ്ഞിരിക്കുന്നത്. ആര് ജയിച്ചാലും അത് തങ്ങളുടെ വോട്ടുകൊണ്ടാണെന്ന് അവകാശപ്പെടാനാകാത്ത വിധത്തില്‍ എസ്എന്‍ഡിപിയുടെയും ബിഡിജെഎസിന്റെയും വായ് മൂടിക്കെട്ടിയിരിക്കുകയാണെന്നതിനാലാണ് വെള്ളാപ്പള്ളി ഈ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തം.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായെങ്കിലും ഏതെങ്കിലും മുന്നണിയില്‍ ഇടംതേടുകയാണ് തങ്ങളെ സംബന്ധിച്ച് സുരക്ഷിതം. അല്ലാത്ത പക്ഷം ബിഡിജെഎസിന്റെ രാഷ്ട്രീയ ഭാവി ഏതാനും വര്‍ഷം കൊണ്ട് അവസാനിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് മറ്റാരേക്കാളും വെള്ളാപ്പള്ളിയ്ക്കും മകനും തന്നെയാണ് അറിയാവുന്നത്. സമുദായ സ്‌നേഹമെന്ന ദൂരത്തെക്കുറിച്ച് വെള്ളാപ്പള്ളി പറയുന്നതും അതിനാലാണ്. അത്തരമൊരു ഉടായിപ്പ് രാഷ്ട്രീയമിറക്കി ഒരു കക്ഷികളെയും പിണക്കാതെ തന്നെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പെന്ന കടമ്പ കടക്കാനാണ് അച്ഛനും മകനും തയ്യാറെടുക്കുന്നത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ... നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories