TopTop
Begin typing your search above and press return to search.

തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

തൊവരിമലയിലെ നിക്ഷിപ്ത വനഭൂമിയില്‍ ഭൂസമരം നയിച്ചിരുന്നവരെ പൊലീസും വനംവകുപ്പും ചേര്‍ന്ന് ഒഴിപ്പിച്ചിട്ട് പത്തൊന്‍പതാമത്തെ ദിവസമാണിന്ന്. ഹാരിസണ്‍ മലയാളം ഗ്രൂപ്പില്‍ നിന്നും തിരിച്ചുപിടിച്ച 104 ഹെക്ടറോളം വരുന്ന ഭൂമിയില്‍ സംഘടിച്ചെത്തിയ വയനാട്ടിലെ ഭൂരഹിതരായ ആദിവാസികള്‍ കുടില്‍കെട്ടി സമരം നടത്തുന്നതിനിടെയായിരുന്നു ഒഴിപ്പിക്കല്‍ നടപടി. പൊലീസിന്റെ നടപടിയ്ക്കിടെ മര്‍ദ്ദനമേറ്റ് ചിതറിയോടുകയും, തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നവരെ അറസ്റ്റു ചെയ്തതറിഞ്ഞ് ഭൂരഹിതര്‍ കൂട്ടമായി കല്പറ്റ കലക്ട്രേറ്റിനു മുന്നിലെത്തി സമരമാരംഭിക്കുകയും ചെയ്തിട്ടും നാളുകളായി. ദിവസങ്ങളും ആഴ്ചകളും പിന്നിടുമ്പോഴും, കേരളം അതീവപ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒരു ആദിവാസി ഭൂസമരത്തോട് കണ്ണടയ്ക്കുകയാണ് അധികൃതര്‍.

പിടിച്ചെടുത്ത വനഭൂമി വീണ്ടും ഹാരിസണ്‍ മലയാളത്തിനു തന്നെ കൈമാറാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സൂചനകള്‍ ലഭിച്ചതോടെയാണ് ഏപ്രില്‍ 21ന് വയനാട്ടിലെ പതിമൂന്നു പഞ്ചായത്തില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസികള്‍ സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍, ഓള്‍ ഇന്ത്യ ക്രാന്തികാരി കിസാന്‍ സഭ, ആദിവാസി ഭാരത് മഹാസഭ എന്നിവരുടെ നേതൃത്വത്തില്‍ ഭൂസമരസമിതി രൂപീകരിച്ച് കുടില്‍കെട്ടി സമരം ആരംഭിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം ഏപ്രില്‍ 24 രാവിലെയാണ് ഇവര്‍ക്കുനേരെ ഒഴിപ്പിക്കല്‍ നടപടികളുണ്ടായത്. ഇതേത്തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കിയിരുന്ന എംപി കുഞ്ഞിക്കണ്ണന്‍, രാജേഷ് അപ്പാട്ട്, കെ.ജി മനോഹരന്‍ എന്നിവരെ അനധികൃതമായി വനഭൂമി കൈയേറാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് അറസ്റ്റു ചെയ്തിരുന്നു. മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനും, അറസ്റ്റിലായവരെ വെറുതെവിടാനും ആവശ്യപ്പെട്ടുകൊണ്ട് കല്പറ്റ കലക്ട്രേറ്റിനുമുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സമരം, അതിനു ശേഷം റിലേ നിരാഹാര സമരമായി മാറുകയായിരുന്നു. കണ്ണൂര്‍ ജയിലിലുള്ള എംപി കുഞ്ഞിക്കണാരന്‍ ജയിലില്‍ നിരാഹാര സമരമാരംഭിച്ചതിനെത്തുടര്‍ന്നാണ് ഐക്യദാര്‍ഢ്യപ്രഖ്യാപനമായി കലക്ട്രേറ്റ് പടിക്കലും റിലേ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും, പറയത്തക്ക ഇടപെടലോ ചര്‍ച്ചയ്ക്കുള്ള സന്നദ്ധതയോ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.

ഓരോ ദിവസവും വെവ്വേറെ കോളനികളില്‍ നിന്നുള്ള ഓരോരുത്തരാണ് റിലേ നിരാഹാരത്തില്‍ പങ്കെടുക്കുന്നത്. എത്ര പേരെ പങ്കെടുപ്പിക്കേണ്ടിവന്നാലും, തങ്ങളുടെ പ്രശ്‌നത്തിലേക്ക് അധികൃതര്‍ ശക്തമായ ഇടപെടല്‍ നടത്തുകയും, മിച്ചഭൂമി വിതരണം ചെയ്യുകയും ചെയ്യുന്നതുവരെ നിരാഹാരസമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഭൂസമരസമിതി പ്രവര്‍ത്തകനും സി.പി.ഐ(എം.എല്‍) നേതാവുമായ എം.കെ ദാസന്റെ പക്ഷം. 'നമ്മള്‍ കൊടുത്തിട്ടുള്ള നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നമുക്ക് മറുപടി തന്നിട്ടുണ്ട്. റവന്യൂ വകുപ്പ് സെക്രട്ടറിക്ക് നിവേദനം കൈമാറിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. റവന്യൂ വകുപ്പിനും വനം വകുപ്പിനും നമ്മള്‍ കത്തുകള്‍ അയച്ചിട്ടുള്ളതാണ്. അവരാരും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരിക്കുന്നത് കൈയേറ്റ ഭൂമിയെക്കുറിച്ചുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ്. പക്ഷേ അപ്പോഴും തോട്ടം മേഖലയെക്കുറിച്ച് പരാമര്‍ശമില്ല. ആദിവാസികള്‍ക്ക് ഭൂമി കൈമാറുന്ന പ്രക്രിയ സാധാരണ നടന്നുപോകുന്ന രീതിയില്‍ത്തന്നെ തുടരാമെന്നും, തോട്ടത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നുമാണ് അനൗദ്യോഗികമായി ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന മറുപടി. ഈ പറയുന്ന പ്രക്രിയയിലൂടെ രേഖകള്‍ കിട്ടിയിട്ടും ഭൂമി കണ്ടെത്താനാത്ത അനവധി പേര്‍ ഇപ്പോള്‍ സമരത്തിനിരിക്കുന്നവരുടെ കൂട്ടത്തില്‍ത്തന്നെയുണ്ട്. അതുകൊണ്ട് ഭൂമിയുടെ രേഖകള്‍ നല്‍കുന്ന ഈ 'പതിവ് പ്രക്രിയ' കൊണ്ട് പ്രത്യേകിച്ചൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നതാണ് വാസ്തവം.'

കണ്ണൂര്‍ ജയിലില്‍ നിരാഹാരം കിടക്കുന്ന എംപി കുഞ്ഞിക്കണാരനെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ശേഷവും നിലപാടില്‍ നിന്നും പിന്മാറ്റമില്ലെന്ന് അറിയിച്ചുകൊണ്ട് നിരാഹാരം തുടരുകയാണ് കുഞ്ഞിക്കണാരന്‍. ജില്ലാ കോടതി തള്ളിയ കുഞ്ഞിക്കണാരന്റെയും മറ്റുള്ളവരുടെയും ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കുകയാണ്. അക്കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞാല്‍, സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകാത്തത്ര വലിയ സമരമുറകളിലേക്ക് കളം മാറ്റിച്ചവിട്ടാനാണ് ഭൂസമരസമിതിയുടെ നീക്കം. 'ഇത്രയും നാളായിട്ടും സര്‍ക്കാര്‍ തലത്തില്‍ ഒരു ഇടപെടല്‍ പോലുമുണ്ടായിട്ടില്ല. ഇങ്ങനെ കുറച്ചാളുകള്‍ ഇവിടെയുള്ളതായിപ്പോലും ഗൗനിക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ അത്ര ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുക തന്നെ ചെയ്യും. ചര്‍ച്ചയിലൂടെയെങ്കിലും പ്രതികരിക്കാനുള്ള നീക്കമുണ്ടായിട്ടില്ല എന്നതാണ് വിഷയം.' ഭൂസമരസമിതി നേതൃസ്ഥാനത്തുള്ള ബിനു ജോണ്‍ പറയുന്നതിങ്ങനെ.

ആദിവാസികളോടും ദളിതരോടും സര്‍ക്കാര്‍ പൊതുവില്‍ എല്ലാക്കാലത്തും എടുത്തു പോന്നിട്ടുള്ള സമീപനം തന്നെയാണ് ഇത്തരം സമരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലും എടുക്കുന്നതെന്നാണ് എം.കെ ദാസന്റെ പക്ഷം. തൊവരിമല ഭൂസമരത്തിന്റെ വാര്‍ത്തകള്‍ പ്രാദേശിക പേജുകളില്‍ ഒതുങ്ങിപ്പോയാലും, കലക്ട്രേറ്റ് പടിക്കലുള്ള സമരക്കാരെ ഒഴിവാക്കി ജില്ലാ കലക്ടര്‍ മറ്റു വഴികളിലൂടെ ഓഫീസിലേക്ക് കയറിപ്പോയാലും, സമരത്തില്‍ നിന്നും അണുവിട പിന്നോട്ടില്ലെന്നും ദാസന്‍ വ്യക്തമാക്കുണ്ട്. 'ആനക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു, ആദിവാസികളുടെ കാര്യത്തില്‍ ഇപ്പോഴും നീക്കുപോക്ക് ആയിട്ടില്ല. സമരം ചെയ്യുന്നവര്‍ ചെയ്യട്ടെ, നിരാഹാരം കിടക്കുന്നവര്‍ കിടക്കട്ടെ എന്ന നിലപാടാണുള്ളത്. കേരളത്തിലെ പൊതു സമൂഹത്തിന്റെ ഭാഗമായി അവര്‍ ആദിവാസികളെയും ദളിതരെയും കാണുന്നില്ല എന്നതു തന്നെയാണ് കാരണം. കൃത്യമായ പക്ഷപാതിത്വമാണത്. മറ്റെന്തെങ്കിലും വിഷയമായിരുന്നെങ്കില്‍, ചുരുങ്ങിയത് ചര്‍ച്ചകളെങ്കിലും നടന്നേനെ. ഇത്രയധികം ദളിത്-ആദിവാസി സംഘടനകളും മറ്റും സമരത്തോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചിട്ടും, മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും വിഷയത്തില്‍ അഭിപ്രായം പോലും പറയുന്നില്ലല്ലോ. അധികാരത്തിലും ഭൂവ്യവസ്ഥയിലും പ്രാതിനിധ്യമില്ലാത്തിവരുടെ പ്രശ്‌നങ്ങള്‍ ഇവരുടെ അജണ്ടയില്‍ വരില്ല എന്നുള്ളതാണ് കാര്യം. സമരം അവസാനിപ്പിക്കാന്‍ എന്തായാലും തീരുമാനിച്ചിട്ടില്ല.'

സ്വന്തമായി ഭൂമി പതിച്ചു കിട്ടാന്‍ അവകാശമുണ്ടായിട്ടും, വര്‍ഷങ്ങളായി ഒരു തുണ്ടു ഭൂമി പോലും കൈവശം വയ്ക്കാന്‍ സാധിക്കാതെ പോയിട്ടുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ കൂട്ടായ നീക്കമായിരുന്നു തൊവരിമലയിലെ കുടില്‍കെട്ടി സമരം. തങ്ങള്‍ക്ക് ലഭിക്കേണ്ട മിച്ച ഭൂമി തോട്ടമുടമകളുടെ കൈകളിലേക്ക് തിരികെയെത്തിയേക്കുമെന്ന സൂചനകള്‍ ലഭിച്ചതിനു പിന്നാലെ തൊവരിമലയിലേക്ക് കുടുംബസമേതമെത്തിയ നൂറുകണക്കിന് ആദിവാസി ഭൂരഹിതര്‍ക്ക് അങ്ങേയറ്റം ക്രൂരമായ നടപടികളാണ് പൊലീസില്‍ നിന്നും വനപാലകരില്‍ നിന്നും നേരിടേണ്ടിവന്നത്. ഭൂസമരത്തിനെത്തിയവരെ മര്‍ദ്ദിക്കുകയും, അവരുടെ കുടിലുകള്‍ക്ക് തീവയ്ക്കുകയും, ചിതറിച്ചോടിക്കുകയും ചെയ്ത പൊലീസ്, ഒത്തുതീര്‍പ്പു ചര്‍ച്ചയക്കെന്ന വ്യാജേനയാണ് സമരനേതാക്കളെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്തതെന്നും ആക്ഷേപമുണ്ട്. ചിതറിയോടി കാടിനകത്ത് ഒറ്റപ്പെട്ടുപോയ ഭൂസമരക്കാര്‍ പിന്നീട് സംഘടിച്ച് കല്പറ്റ കലക്ട്രേറ്റിലേക്ക മാര്‍ച്ച് ചെയ്യുകയായിരുന്നു.

സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള ഭൂസമര സമിതികളില്‍ നിന്നും, സംഘടനകളില്‍ നിന്നും വലിയ പിന്തുണയും തൊവരിമല ഭൂസമരത്തിന് ലഭിച്ചിരുന്നു. ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു, സാമൂഹിക പ്രവര്‍ത്തകനായ എം.ഗീതാനന്ദന്‍ എന്നിവരും സമരത്തിന് പിന്തുണയുമായുണ്ട്. നിക്ഷിപ്ത വനഭൂമിയില്‍ നിന്നും കൈയേറ്റക്കാരെ ഒഴിപ്പിക്കുകയാണ് ചെയ്തതെന്ന പൊലീസിന്റെ വാദവും, കാലക്രമത്തില്‍ ആദിവാസികളിലെ ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന ജില്ലാ കലക്ടറുടെ പ്രതികരണവും തൊവരിമല ഭൂസമരക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. റവന്യൂ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആദ്യഘട്ടത്തില്‍ ജില്ലാ കലക്ടര്‍ ഒരു ചര്‍ച്ച നടത്തി പരാജയപ്പെട്ടതൊഴിച്ചാല്‍, മറ്റൊരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകാത്തതില്‍ ഇവര്‍ക്ക് അമര്‍ഷവുമുണ്ട്. അതേസമയം, തൊവരിമല ഭൂസമരത്തോട് ഐക്യപ്പെട്ടുകൊണ്ട് സമഗ്രമായ ഭൂപരിഷ്‌കരണ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കണമെന്ന് ആവശ്യപ്പെടാനായി സംസ്ഥാന തല ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനും നാളെ കോഴിക്കോട്ട് നടക്കും. ഭൂസമര നേതാക്കളെ ജയില്‍മോചിതരാക്കുക എന്നതും കണ്‍വെന്‍ഷന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. തൊവരിമല ഭൂസമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ, ഇപ്പോള്‍ മുഖം തിരിക്കുന്ന സര്‍ക്കാരിന് തങ്ങളെ ഗൗനിക്കാതിരിക്കാനാകില്ലെന്നാണ് ഭൂസമരസമിതിയുടെ പക്ഷം.

Read More: ‘കുഞ്ഞിക്കണാരനെ പോലീസ് കൊണ്ടുപോയി, കുട്ടികളെ വരെ ഉപദ്രവിക്കുന്നു, കുറേപ്പേര്‍ കാട്ടിലൊളിച്ചു’; തൊവരിമലയില്‍ കുടില്‍കെട്ടിയവരെ ഒഴിപ്പിക്കുന്ന വിവരങ്ങളാണിത്


Next Story

Related Stories