UPDATES

വാര്‍ത്തകള്‍

കണ്ണൂരിലെ സിപിഎം പതനം; ഒരു ഘട്ടത്തിലും കെ സുധാകരന് പി കെ ശ്രീമതി വെല്ലുവിളിയായില്ല

ആര്‍ക്കുമാര്‍ക്കും പൂര്‍ണമായ അപ്രമാദിത്വം കല്‍പ്പിക്കാതെ, ഇരു മുന്നണികള്‍ക്കും ഒരുപോലെ വിജയസാധ്യത നിലനിന്നിരുന്ന മണ്ഡലങ്ങളിലൊന്നായാണ് കണ്ണൂര്‍ വിലയിരുത്തപ്പെട്ടിരുന്നത്

കണ്ണൂര്‍ മണ്ഡലത്തിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധ നേടിയത് ഒരു പരസ്യ ചിത്രത്തിലൂടെയായിരുന്നു. ‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി, ഓന്‍ പോയാലേ എന്തെങ്കിലും നടക്കൂ’ എന്നത് കോണ്‍ഗ്രസിന്റെ പ്രചരണത്തിനു വേണ്ടി പുറത്തിറക്കിയ വീഡിയോയിലെ ഒരു വാചകമായിരുന്നു. സ്ത്രീവിരുദ്ധമായ പ്രചരണ രീതികള്‍ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചതിന്റെ പേരില്‍ ഏറെ പഴി കേട്ട കെ. സുധാകരനാണ് കണ്ണൂരില്‍ വിജയം കണ്ടിരിക്കുന്നത്. സിറ്റിംഗ് എംപി പി.കെ ശ്രീമതിയേക്കാള്‍ ഒരു ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നിലെത്തിയ കെ. സുധാകരന്‍ ഫലം പുറത്തുവന്നപ്പോള്‍ പ്രതികരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയറിയിച്ചു കൊണ്ടായിരുന്നു.

ആര്‍ക്കുമാര്‍ക്കും പൂര്‍ണമായ അപ്രമാദിത്വം കല്‍പ്പിക്കാതെ, ഇരു മുന്നണികള്‍ക്കും ഒരുപോലെ വിജയസാധ്യത നിലനിന്നിരുന്ന മണ്ഡലങ്ങളിലൊന്നായാണ് കണ്ണൂര്‍ വിലയിരുത്തപ്പെട്ടിരുന്നത്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രം എന്നറിയപ്പെടുമ്പോഴും, കണ്ണൂര്‍ കൂടുതല്‍ തവണ ലോക്‌സഭയിലേക്കയച്ചിട്ടുള്ളത് കോണ്‍ഗ്രസ് പ്രതിനിധികളെയാണെന്നതും പോരാട്ടം കടുപ്പിച്ചിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കായി മാറിക്കഴിഞ്ഞിരുന്ന കെ. സുധാകരന്‍ മത്സരരംഗത്തേക്കെത്തുമ്പോഴും, പി.കെ ശ്രീമതിക്ക് മണ്ഡലത്തിലുള്ള ജനസമ്മിതിയും നിരീക്ഷകര്‍ കണക്കിലെടുത്തിരുന്നു. ഏറ്റവുമൊടുവില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോഴും വളരെ ചെറിയ വ്യത്യാസത്തിനാണ് കെ. സുധാകരന് മേല്‍ക്കൈ പ്രവചിക്കപ്പെട്ടത്. എങ്കിലും, ഒരു ലക്ഷത്തോളം വോട്ടുകള്‍ക്ക് സുധാകരന്‍ മുന്നിലെത്തിയതോടെ, സി.പി.എമ്മിന്റെ വോട്ടുകള്‍ ചോര്‍ന്നുവോ എന്ന സംശയം തന്നെയാണ് പലയിടത്തുനിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്.

അക്രമരാഷ്ട്രീയനയത്തിന്റെ ഭാഗമായ നേതാവെന്ന പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്ന കെ. സുധാകരനെതിരെ ഉയര്‍ന്നിരുന്ന പ്രധാന ആരോപണങ്ങളിലൊന്നായിരുന്നു ‘ഓളെ പഠിപ്പിച്ചത് വെറുതെയായി’ എന്ന പ്രചരണ വീഡിയോ. അധ്യാപികയായ പി.കെ ശ്രീമതിയെ ഉന്നം വച്ചുള്ള വീഡിയോ പരസ്യമാണിതെന്നും, സ്ത്രീയായ എതിരാളിയേക്കാള്‍ താന്‍ തന്നെയാണ് ലോക്‌സഭയിലെത്താന്‍ യോഗ്യനെന്ന ആശയമാണ് കെ. സുധാകരന്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്നുമായിരുന്നു ആരോപണം. പരസ്യം വിവാദമായപ്പോഴും ന്യായീകരിച്ചുകൊണ്ടായിരുന്നു സുധാകരന്റെ പ്രതികരണം. ഈ സംഭവങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍, വലിയ മത്സരം പോലുമില്ലാതെ കെ. സുധാകരന്‍ ജയമുറപ്പിച്ചതും സി.പി.എമ്മിന് വലിയ അടിയായിട്ടുണ്ട്.

ബി.ജെ.പിയുടെ പ്രമുഖ നേതാക്കളിലൊരാളായ സി.കെ പത്മനാഭനായിരുന്നു കണ്ണൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. അറുപത്തിയേഴായിരത്തിലധികം വോട്ടുകള്‍ മാത്രമാണ് സി.കെ പത്മനാഭന് കണ്ണൂരില്‍ നേടാനായിട്ടുള്ളത്. എന്നാല്‍, ബി.ജെ.പിക്ക് കണ്ണൂരിലുള്ള വോട്ടു ഷെയര്‍ ഇതിലുമധികമാണെന്നും ഈ വോട്ടുകള്‍ കെ. സുധാകരനു പോയിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കടുത്ത മത്സരം പ്രതീക്ഷിച്ച കണ്ണൂരില്‍ കെ. സുധാകരന് പറയത്തക്ക വെല്ലുവിളി ഉയര്‍ത്താനോ ലീഡ് നിലയില്‍ മുന്നിലെത്താനോ പലപ്പോഴും പി.കെ ശ്രീമതിയ്ക്ക് സാധിച്ചിരുന്നില്ല. കേരളത്തില്‍ ഒന്നടങ്കം നേരിട്ട തിരിച്ചടയ്‌ക്കൊപ്പം സി.പി.എം വൃത്തങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ് കണ്ണൂരിലെ കനത്ത പരാജയവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍