TopTop

വേങ്ങരയിലെ കണക്കുകള്‍, കളിയല്ല കാര്യമാണ്; എല്‍ഡി എഫിനും യുഡിഎഫിനും

വേങ്ങരയിലെ കണക്കുകള്‍, കളിയല്ല കാര്യമാണ്; എല്‍ഡി എഫിനും യുഡിഎഫിനും
വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിരിക്കുന്നു. 23,310 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയിച്ചെങ്കിലും യുഡിഎഫിനെ സംബന്ധിച്ച് ഇതൊരു ആശ്വാസ വിജയം മാത്രമാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴായിരത്തിലേറെ വോട്ട് എല്‍ഡിഎഫ് അധികമായി നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. എന്നാല്‍ വര്‍ഗ്ഗീയ പാര്‍ട്ടിയായ എസ്ഡിപിഐ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ച് മൂന്നാം സ്ഥാനത്തെത്തിയെന്നത് ആശങ്ക ഉയര്‍ത്തുന്ന ഒന്നാണ്.

കഴിഞ്ഞവര്‍ഷം മെയ് 16ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ കുഞ്ഞാലിക്കുട്ടി വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ നേട്ടം 72,181 വോട്ടായിരുന്നു. എന്നാല്‍ 17 മാസത്തിനിപ്പുറം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കെഎന്‍എ ഖാദര്‍ മത്സരിച്ചപ്പോള്‍ 65,227 വോട്ട് മാത്രമാണ് യുഡിഎഫിന് ലഭിച്ചിരിക്കുന്നത്. ഇത് യുഡിഎഫിന്റെ വിജയമല്ലെന്നും മുസ്ലിംലീഗിന്റെ വിജയമാണെന്നും കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് കെഎം മാണി പറയുന്നത് ഈ സാഹചര്യത്തിലാണ്. കൂടാതെ വോട്ട് കുറഞ്ഞതിനെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുമെന്ന് ഖാദര്‍ തന്നെ പറയുന്നുമുണ്ട്. അതില്‍ നിന്നുതന്നെ ഈ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ സംബന്ധിച്ച് ആശ്വസിക്കേണ്ടതല്ലെന്ന് വ്യക്തമാകുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിംഗ് ശതമാനം ഇത്തവണ കൂടുതലായിട്ടും ലീഗിന് അത് പ്രയോജനം ചെയ്തില്ലെന്നാണ് ഇവിടെ മനസിലാക്കേണ്ടത്. 2016ല്‍ ആകെയുള്ള 169,616 വോട്ടര്‍മാരില്‍ 120,033(70.77%) വോട്ടര്‍മാരും വോട്ട് ചെയ്തപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ 71.99 ശതമാനം പേരാണ് വോട്ട് ചെയ്തത്. ആറ് മാസം മുമ്പ് ലോക്‌സഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വേങ്ങര അസംബ്ലി മണ്ഡലത്തില്‍ പോള്‍ ചെയ്ത ശതമാനത്തിലും നാല് ശതമാനം കൂടുതലാണ് ഇത്. ആകെയുള്ള 1,70,009 വോട്ടര്‍മാരില്‍ 1,22,379 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തിലെ വര്‍ദ്ധനവ് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. എന്നാല്‍ ഫലപ്രഖ്യാപനം വന്നതോടെ ഈ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടി നേരിട്ടത്.

http://www.azhimukham.com/kerala-vengara-by-election-result-solar-backfired-ldf-while-kna-khadar-victory-is-shameful-writing-ka-antony/

അതേസമയം എല്‍ഡിഎഫിനെ സംബന്ധിച്ച് ഏറെ നേടിയെന്ന് അവകാശപ്പെടാവുന്ന ഒരു ഫലമാണ് ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 34,124 വോട്ട് നേടിയിരുന്ന പിപി ബഷീറിന് ഈ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും അത് 41,917 ആക്കാന്‍ സാധിച്ചു. അതായത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 7793 വോട്ട് എല്‍ഡിഎഫ് കൂടുതലാണ് ഉപതെരഞ്ഞെടുപ്പില്‍ നേടിയിരിക്കുന്നത്. യുഡിഎഫിന് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 6954 വോട്ട് കുറഞ്ഞപ്പോഴാണ് ഇതെന്ന് കൂടി ഓര്‍ക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7055 വോട്ട് കിട്ടിയ ബിജെപിയ്ക്കാകട്ടെ ഇത്തവണ കിട്ടയത് 5728 വോട്ട് മാത്രം. 1327 വോട്ടുകളുടെ കുറവ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 3049 വോട്ടുകള്‍ നേടിയ എസ്ഡിപിഐ ഉപതെരഞ്ഞെടുപ്പായപ്പോഴേക്കും വോട്ട് വിഹിതം 8648 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതായത് 5599 വോട്ടുകള്‍ കൂടുതലാണ് ഇക്കുറി നേടിയിരിക്കുന്നത്.എല്ലാ പഞ്ചായത്തുകളിലും മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി യുഡിഎഫിന് നഷ്ടമായി. ജയിച്ചുവെന്ന് ആശ്വസിക്കുമ്പോഴും ആ വോട്ടുകള്‍ എല്‍ഡിഎഫിലേക്കാണ് പോയതെന്നത് യുഡിഎഫിനെ അസ്വസ്ഥമാക്കേണ്ടതാണ്. 23,310 വോട്ടിന്റെ ഭൂരിപക്ഷം നേടിയെന്നിരിക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തേക്കാള്‍ 14,747 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ കുറഞ്ഞിരിക്കുന്നത്. വോട്ട് കുറഞ്ഞതില്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് യാതൊരു പങ്കുമില്ലെന്ന് ലീഗ് നേതൃത്വം തന്നെ പറയുന്നുണ്ട്. രാഷ്ട്രീയ പ്രഭാവമുള്ള കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ച വോട്ട് മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് പ്രതീക്ഷിക്കരുതെന്ന കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താനും പറയുന്നുണ്ട്. ഈ രണ്ട് വാക്കുകളും കണക്കിലെടുക്കുമ്പോള്‍ മികച്ചൊരു പ്രതിപക്ഷമായി ഇനിയും പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തത് തന്നെയാണ് ഇത്തരത്തില്‍ നാണംകെട്ട ഒരു വിജയം കൊണ്ട് ആശ്വസിക്കേണ്ട അവസ്ഥയില്‍ യുഡിഎഫിനെ എത്തിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരിയുമായി നടത്തിയ ചര്‍ച്ചകളും അതിന്റെ ഫലമായി ഷാര്‍ജയിലെ പ്രവാസികള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങളും എല്‍ഡിഎഫിനെ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ഗുണം ചെയ്തിട്ടുണ്ടാകാം. ഒപ്പം ഭരണത്തിനെതിരെ വലിയ ജനവികാരം ഇല്ലെന്നതും ഗുണകരമായി. മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം നടന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പിലും ലീഗിനെ പിന്തുണച്ച വേങ്ങരയിലെ വോട്ടര്‍മാരില്‍ ചിലരെങ്കിലും മാറിച്ചിന്തിച്ച് തുടങ്ങിയെന്നതാണ് ഈ വോട്ട് വര്‍ദ്ധനവില്‍ നിന്നും വ്യക്തമാകുന്നത്. ഇത് വരുന്ന തെരഞ്ഞെടുപ്പുകളിലും തുടരാനായാല്‍ ഒരുപക്ഷെ ലീഗിന്റെ ഈ കോട്ട സിപിഎമ്മിന്റെ കൈകളിലെത്തുന്ന കാലം വിദൂരമല്ല. അതേസമയം വര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയ്ക്ക് ആയിരത്തിലേറെ വോട്ട് കുറഞ്ഞെങ്കിലും മറ്റൊരു വര്‍ഗീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെ വോട്ട് അയ്യായിരത്തിലേറെ വര്‍ദ്ധിച്ചത് ആശങ്കയോടെ കാണേണ്ട ഒന്നാണ്. വര്‍ഗീയ വിരുദ്ധതയാണ് സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് അധിക വോട്ട് നേടിക്കൊടുത്തതെന്ന് പറയുമ്പോഴും എസ്ഡിപിഐയുടെ പിന്തുണ വര്‍ദ്ധിക്കുന്നത് ബിജെപി വിരുദ്ധത കൊണ്ട് മാത്രമാണോയെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

http://www.azhimukham.com/analysis-gurdaspur-and-vengara-poll-results-shakes-bjp-aruntvijayan/

Next Story

Related Stories