TopTop
Begin typing your search above and press return to search.

ജേക്കബ് തോമസിനെ ഒഴിവാക്കിയതിന് പിന്നില്‍ ജിഷാ കേസ് വിജിലന്‍സ് റിപ്പോര്‍ട്ടോ?

ജേക്കബ് തോമസിനെ ഒഴിവാക്കിയതിന് പിന്നില്‍ ജിഷാ കേസ് വിജിലന്‍സ് റിപ്പോര്‍ട്ടോ?

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ തല്‍ക്കാലം ചുമതലകളിൽ നിന്നും ഒഴിവാക്കി എന്ന വാർത്ത പല തരത്തിലുള്ള വ്യാഖ്യാനങ്ങൾക്കും നിഗമനങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നു. താൻ സ്വമേധയാ അവിധിയിൽ പോയതല്ലെന്നും തന്നെ നീക്കിയതാണെന്നുമുള്ള ജേക്കബ് തോമസിന്റെ പ്രതികരണം കൂടി വന്നതോടെ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്കും പിന്തുണക്കുന്നവരെന്നു നടിക്കുന്നവർക്കും തിരക്കേറിയിരിക്കുകയാണ്. അവർ ഇന്നലെ വൈകുന്നേരം മുതൽ തങ്ങളുടെ തിയറികളും വ്യാഖ്യാനങ്ങളുമായി കളം നിറഞ്ഞു തുടങ്ങിയിരിക്കുന്നു.

നാളിതുവരെ ജേക്കബ് തോമസിനെതിരെ വാളെടുത്തു ഉറഞ്ഞു തുള്ളിയവർക്കുപോലും ഇപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുന്നു എന്നുള്ളതാണ് ഏറെ രസകരമായ കാര്യം. ജേക്കബ് തോമസിനെ കൈയ്യൊഴിഞ്ഞ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയോട് അവർക്കു തീർത്താൽ തീരാത്ത പകയുണ്ടെന്നു തോന്നും അവരുടെ വായ്പാട്ടു കേട്ടാൽ.

ജേക്കബ് തോമസ് എന്ന വിജിലൻസ് തത്ത സർക്കാരിനെയും കോടതിയെയും തിരിഞ്ഞു കൊത്തുന്നു എന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിൽ പെട്ട അനിൽ അക്കരെ എന്ന യുവ എംഎൽഎ ഇന്നലെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത് ജേക്കബ് തോമസിനെ നീക്കിയ സംഭവത്തിന് പിണറായി വിജയൻ പ്രതിയായ ലാവ്ലിൻ കേസ് വിചാരണയുമായി ബന്ധമുണ്ടെന്നാണ്. കെഎം ഷാജഹാൻ, അഡ്വക്കേറ്റ് ജയശങ്കർ തുടങ്ങിയ ചില കടുത്ത പിണറായി വിമർശകരും ഇതിനെ പിന്തുണച്ചു കണ്ടു. ലാവ്ലിൻ കേസിൽ സിബിഐ നൽകിയ റിവിഷൻ ഹർജിയിൽ കേരള ഹൈക്കോടതിയിൽ ഇപ്പോൾ വാദം നടന്നുവരികയാണ്. പല തവണ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും വിജിലൻസ് ഡയറക്ടറെ മാറ്റാൻ കൂട്ടാക്കാതിരുന്ന പിണറായി ഇപ്പോൾ അതിനു തയ്യാറായത് ലാവലിൻ കേസിൽ കോടതി എന്ത് നിലപാട് സ്വീകരിക്കും എന്ന് ഭയന്നിട്ടാണെന്നാണ് ഇവരുടെ വാദം.

ഈ തിയറി അത്രകണ്ട്‌ ശരിയെന്നു തോന്നുന്നില്ല. എങ്കിലും ഹൈക്കോടതി വിജിലൻസ് ഡയറക്ടർക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നത് ജേക്കബ് തോമസിനെ നീക്കുന്നതിന് നിമിത്തമായി എന്ന് തന്നെ വേണം കരുതാൻ. ഹൈക്കോടതിയുടെ വിമർശനം മാത്രമല്ല, കുറച്ചുകാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഐഎഎസ് - ജേക്കബ് തോമസ് തർക്കവും അത് ഭരണതലത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയും സിപിഎമ്മിലും മുന്നണിയിലും ചർച്ചാവിഷയമാണെന്നത് പരസ്യമായ രഹസ്യം തന്നെ. എന്നാൽ ഇതിലേറെ സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്ന ഒന്നായിരുന്നു ജിഷ വധക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കുറ്റമറ്റതല്ലെന്ന വിജിലൻസ് റിപ്പോർട്ട്. രഹസ്യ റിപ്പോർട്ടാണ് വിജിലൻസ് നൽകിയതെന്ന് പറയുമ്പോഴും റിപ്പോർട്ടിലെ കാര്യങ്ങൾ എങ്ങിനെ ചോർന്നു എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. റിപ്പോർട്ടിനെതിരെ രംഗത്തുവന്ന അന്വേഷണ സംഘങ്ങളും ഡിജിപി യുമൊക്കെ വിജിലൻസ് ഡയറക്ടർ അനാവശ്യ ഇടപെടലാണ് നടത്തുന്നതെന്ന ആക്ഷേപവും ഉന്നയിച്ചിരുന്നു.

ഇതിലെല്ലാം ഉപരിയായി അഴിമതിക്കെതിരെ മുഖം നോക്കാതെ പോരാട്ടം നടത്തുന്ന ആൾ എന്ന ഇമേജ് ഉണ്ടാക്കിയെടുക്കാനല്ലാതെ ഈ പത്തു മാസത്തിനിടയിൽ ഒരൊറ്റ അഴിമതിക്കേസിൽ പോലും ശിക്ഷ വാങ്ങിക്കൊടുക്കാൻ ജേക്കബ് തോമസിന് കഴിഞ്ഞില്ലയെന്നതും സി പി എമ്മിലെ തന്നെ പലരും ആയുധമാകുകയും ചെയ്തിരുന്നു എന്നതും അത്ര രഹസ്യമായ കാര്യമല്ല.

എന്തായാലും ജേക്കബ് തോമസ് എന്ന തത്ത കൂടൊഴിഞ്ഞിരിക്കുന്നു. ഇനിയൊരു തിരിച്ചുവരവിന് സാധ്യത ഇല്ലെന്ന മട്ടിൽ തന്നെ. സർക്കാർ ജോലി ചെയ്യുന്നതിനേക്കാൾ മറ്റെന്തെകിലും ആണ് നല്ലതെന്ന അദ്ദേഹത്തിന്റെ പ്രതികരണം സൂചിപ്പിക്കുന്നതും അത് തന്നെയാണ്. അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞതുപോലെ അഴിമതിക്കാർക്കും അതിനു ചൂട്ടു മിന്നിക്കുന്നവർക്കും ഇന്നലത്തെ ദിവസം ആഘോഷങ്ങളുടേതു തന്നെ ആയിരുന്നിരിക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories