TopTop
Begin typing your search above and press return to search.

വേരറ്റ് വയനാട്; തീരാ വേദനകളുമായി ദുരിതാശ്വാസ ക്യാമ്പുകള്‍

വേരറ്റ് വയനാട്; തീരാ വേദനകളുമായി ദുരിതാശ്വാസ ക്യാമ്പുകള്‍
സമാനതകളില്ലാത്ത ദുരിതങ്ങളിലാണ് വയനാട് ജില്ല ഇപ്പോൾ. തുടർച്ചയായ ഉരുൾപ്പൊട്ടലുകൾ, ക്രമാതീതമായി വെള്ളം കയറിയ ജലാശയങ്ങൾ, പുഴകൾ, തകർന്ന വീടുകൾ, റോഡുകൾ, പാലങ്ങൾ, കൃഷിയിടങ്ങൾ... ഒരു ജനതയെ അപ്പാടെ ഒന്നോ രണ്ടോ രാത്രികൾ കൊണ്ട് ഒന്നുമല്ലതാക്കി തീർത്തിരിക്കുന്നു. ഇവയെല്ലാം പൂർവ സ്ഥിതിയിൽ ആക്കിയെടുക്കാൻ ഒരുപാട് നാളുകൾ വേണ്ടിവരും. വേരറ്റു പോയ ജീവിതങ്ങൾ വീണ്ടും കരുപ്പിടിപ്പിക്കാൻ അതിലേറെ നാളുകൾ ആയാലും എത്രമാത്രം സാധ്യമാവും എന്നതാണ് ഈ നാട്ടുകാരുടെ ആശങ്ക.

ചെമ്പ്ര മലയിൽ ഉരുൾപ്പൊട്ടിയതിന് പുറമെ മക്കിമല, പൊഴുതന, കുറിച്യർമല എന്നിവിടങ്ങളിൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടായി. ഉരുൾപൊട്ടൽ ആവർത്തിച്ചതോടെ വലിയപാറ ഗവ:എൽ പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് നൂറിലേറെ പേർ ഒഴിഞ്ഞു പോയി. കുറിച്യർമലയുടെ സമീപമാണ് ഈ ക്യാമ്പ്. ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി. കബനിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കർണാടകയിലെ ബീച്ചനഹല്ലി അണക്കെട്ടും തുറന്നു വിട്ടിരുന്നു.

നിലവിൽ വയനാട്ടിൽ 132 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ആകെ 16,333 പേർ ഇവിടങ്ങളിലുണ്ട്. വീടുകൾ പുനര്‍നിര്‍മ്മിക്കൽ, തകർന്ന റോഡുകൾ പുനഃസ്ഥാപിക്കൽ അങ്ങനെ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ് ഇനി ചെയ്യാനുള്ളത്.

പേമാരി വിതച്ച ദുരിതങ്ങളുടെ തീരാ വേദനകളുമായാണ് ഓരോ ദുരിതാശ്വാസ ക്യാമ്പിലും നൂറു കണക്കിനാളുകൾ കഴിയുന്നത്. ഓരോരുത്തർക്കും പങ്കുവെക്കാൻ ദുരിതങ്ങളുടെ, എല്ലാം നഷ്ടപ്പെട്ടതിന്റെ ദൈന്യതകൾ മാത്രം. മാനന്തവാടി താഴെ അങ്ങാടിക്കടുത്ത ചാമാടിയിലെ പള്ളിക്കണ്ടി അബ്ദുള്ളയുടെ വീട് എന്ന് വിളിക്കാവുന്ന ഷെഡിൽ കുട്ടികളടക്കം പത്തോളം പേരാണ് കഴിഞ്ഞിരുന്നത്. കൂലിപ്പണി എടുത്ത് അന്നന്നത്തെ വക കണ്ടെത്തിയിരുന്ന നിർധന കുടുംബം. മഴ ശക്തി പ്രാപിച്ചപ്പോൾ ഷീറ്റ് ഇട്ട വീട് മുഴുവൻ പുഴയെടുത്തു. മറ്റൊരു സ്ഥലത്ത് വാടകയ്ക്ക് താത്കാലിക സംവിധാനം കണ്ടെത്തിയെങ്കിലും അവിടെയും വെള്ളം കയറി. ഇപ്പോൾ എല്ലാവരും ദുരിതാശ്വാസ ക്യാമ്പിലാണ്. രാത്രി ചോറ് തിന്നാൻ തുടങ്ങുമ്പോഴായിരുന്നു മഴയും പുഴ വെള്ളവും വീട്ടിലേക്ക് കയറിയത്. കുട്ടികളെയുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് അബ്ദുള്ള പറഞ്ഞു.ഒരു രാത്രി പുലർന്നപ്പോൾ സർവ്വതും നഷ്ടപ്പെട്ടതിന്റെ വേദനയും നിസ്സഹായതയും കടിച്ചമർത്തി ക്യാമ്പിൽ കഴിയുകയാണ് മേച്ചേരിക്കുന്ന് നാഗമ്മ. 16ഉം 17ഉം വയസ്സുള്ള രണ്ടു മക്കൾ അടങ്ങുന്ന നാഗമ്മയുടെ കുടുംബത്തിന് ഇനി കയറിക്കിടക്കാൻ ഒരിടമില്ല. പ്ലസ്‌ടുവിന് 92% മാർക്ക് വാങ്ങി വിജയിച്ച മകൻ അഖിൽ കൽപ്പറ്റയിൽ ഡിഗ്രിക്ക് ചേർന്നത് കടം വാങ്ങിയ പണം കൊണ്ടാണെന്നു നാഗമ്മ പറഞ്ഞു. ഓരോ മിനിട്ടിലും വീട്ടിനുള്ളിലേക്ക് വെള്ളം കയറിയപ്പോൾ അഖിലിന്റെ പുസ്തകങ്ങൾ അടക്കം വീട്ടിലെ എല്ലാം പുഴയെടുത്തു. ഷീറ്റ് കൊണ്ട് നിർമ്മിച്ച കൂര ഏതാണ്ട് പൂർണമായും തകർന്നു.

പാണ്ടിക്കടവിലെ ശ്രീജ ബാബുവിനും പറയാനുള്ളത് ഇതാണ്. വീട്ടിനുള്ളിൽ ചുമരിന്റെ കാൽ ഭാഗത്തോളം വെള്ളം കയറിയപ്പോൾ കിടക്കയും കട്ടിലും പാത്രങ്ങളുമെല്ലാം നശിച്ചു. തകർച്ചയിലായ വീട്ടിൽ ഇപ്പോൾ മുട്ടിനൊപ്പം ചെളിയാണ്. ബാത്ത്റൂം മുഴുവനും തകർന്നു. ചുമരുകൾ വിണ്ടു കീറി നിൽക്കുകയാണ്. ചാമടിയിലെ കല്ലത്താണി റെയ്ഹാനസ്സിന്റെ ഷീറ്റിട്ട വീടും പൂർണമായി മഴയെടുത്തു. ചാമാടിപൊയിൽ മണി ഷണ്മുഖന്റെ വീട് മഴയിൽ വെള്ളം കയറി ഭാഗികമായി തകർന്നു. ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. വീട്ടിനുള്ളിൽ ചെളി കെട്ടിക്കിടക്കുന്നു. വീട്ടുപകരണങ്ങൾ എല്ലാം നശിച്ചു.താഴെ അങ്ങാടിയിലെ 85 വയസ്സുള്ള തെക്കത്ത് അമ്മാളു അമ്മയ്ക്ക് ആകെയുള്ള മൂന്നര സെന്റിൽ ഒരു വീടുണ്ടായിരുന്നു. ഇപ്പോൾ ആ വീടിരുന്ന ഇടത്ത് ആകെയൊരു മൺകൂന മാത്രമുണ്ട്. അമ്മയും രണ്ടു പെൺമക്കളും കഴിഞ്ഞ വീടായിരുന്നു ഇവിടെ. മക്കളുടെ അച്ഛൻ നേരത്തെ മരിച്ചു. ക്ഷേമ പെൻഷനും ചെറിയ ജോലികൾ ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനവുമായിരുന്ന ഉണ്ടായിരുന്ന വരുമാനം. ഇപ്പോൾ കിടന്നുറങ്ങാൻ ഒരു ചായ്പ്പ് പോലും ഇല്ലാതായിരിക്കുന്നു. അമ്മയും രണ്ടു മക്കളും ക്യാമ്പിലാണുള്ളത്.

റവന്യു വകുപ്പിന്റെ കണക്ക് പ്രകാരം 230 വീടുകൾ പൂർണമായും 525 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട് വയനാട്ടിൽ. ക്യാമ്പ് അവസാനിച്ചു കഴിഞ്ഞാൽ കയറിക്കിടക്കാൻ ഒരിടമില്ലാത്തവർ ഉള്ളതെല്ലാം പ്രളയത്തിൽ നശിച്ചു പോയവർ എന്ത് ചെയ്യും എങ്ങോട്ട് പോകുമെന്ന ചോദ്യമാണ് ദുരിതാശ്വാസ ക്യാമ്പുകൾ ബാക്കിവെക്കുന്നത്.

ഇതിനൊക്കെ പുറമെയാണ് വയനാട്ടിലെ വളർത്തുമൃഗങ്ങളുടെ ദുരവസ്ഥ. കാലിവളർത്തൽ ഒരു പ്രധാന തൊഴിൽ മേഖലയായി ഉള്ള പ്രദേശങ്ങളാണിവിടെ. ആഹാരമില്ലാതെ കന്നുകാലി കൂട്ടങ്ങൾ ദിവസങ്ങളായി വലഞ്ഞു കിടക്കുന്നു. വയലുകളെല്ലാം വെള്ളത്തിനടിയിലായപ്പോൾ മേയാൻ ഇടമില്ലാത്ത കെട്ടിയിടേണ്ട അവസ്ഥ. ആടുകൾ വെള്ളത്തിൽ ഒലിച്ചു പോയ നിരവധി കുടുംബങ്ങളും ഉണ്ട്. ഇങ്ങനെ സർവ മേഖലയെയും വയനാട്ടിലെ മഴ ബാധിച്ചിരിക്കുന്നു. ഈ ദുരിതത്തിൽ നിന്ന് കരകയറുക അത്ര എളുപ്പത്തിൽ സാധിക്കുന്നതുമല്ല. സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടൽ വയനാടിന് അത്യാവശ്യമായ ഘട്ടമാണിത്.

https://www.azhimukham.com/keralam-calmity-in-wayanadu-reports-shijith/

Next Story

Related Stories