TopTop
Begin typing your search above and press return to search.

ഒസിയെ 'ബ്ളാക്മെയിൽ' ചെയ്ത ഒറ്റുകാരന്‍ ആര്? ജ്യോതിഷ പ്രമുഖന്‍ ബാലന്‍ മന്ത്രി തന്നെ ശരണം!

ഒസിയെ ബ്ളാക്മെയിൽ ചെയ്ത ഒറ്റുകാരന്‍ ആര്? ജ്യോതിഷ പ്രമുഖന്‍ ബാലന്‍ മന്ത്രി തന്നെ ശരണം!

എല്ലാറ്റിനെയും ചുട്ടു വെണ്ണീർ ആക്കാൻ തീക്കട്ടക്ക് കഴിയും എന്ന അർത്ഥത്തിനുമപ്പുറം തീയുടെ ശുദ്ധിയെക്കുറിച്ചു കൂടിയുള്ള സൂചന നൽകുന്ന ഒന്നാണ് ഈ ചൊല്ല്. കോട്ടയം പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞു ഭക്തർ മാത്രമല്ല കേരളത്തിലെ വലിയൊരു ശതമാനം കോൺഗ്രസ്സുകാർക്കും യാതൊരു വിധ കളങ്കത്തിനും സ്പർശിക്കാൻ പോലും കഴിയാത്ത വിധം ജ്വലിക്കുന്ന തീക്കട്ടയാണ് ഉമ്മൻ ചാണ്ടി. സോളാർ സരിതയല്ല സാക്ഷാൽ ദൈവ പുത്രി തന്നെ താഴേക്ക് ഇറങ്ങി വന്ന് ഈ തീക്കട്ടയെ ഞാൻ തൊട്ടുവെന്നു പറഞ്ഞാൽ പോലും അവരാരും അത് വിശ്വസിക്കില്ല. അത്രയ്ക്കുണ്ട് അവർക്കു തങ്ങളുടെ പ്രിയങ്കരനായ കുഞ്ഞൂഞ്ഞിലുള്ള വിശ്വാസം.

പക്ഷെ ഇന്നലെ വാർത്താ സമ്മേളനത്തിനിടയിൽ തങ്ങളുടെ പ്രിയങ്കരനായ നേതാവ് പറഞ്ഞ ഒരു കാര്യം കുഞ്ഞൂഞ്ഞു വിശ്വാസികളെപോലും തീർത്തും നടുക്കിക്കളഞ്ഞിരിക്കുന്നു. സോളാർ തട്ടിപ്പിനെക്കുറിച്ചു കുഞ്ഞൂഞ്ഞിന്റെ സർക്കാർ തന്നെ നിയോഗിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടു കേരളാ നിയമസഭയുടെ മേശപ്പുറത്തു വെക്കുകയും റിപ്പോർട്ടും തുടര്‍ നടപടിയും സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ഒരു പ്രസ്താവന നടത്തുകയും ചെയ്തതിനു തൊട്ടു പിന്നാലെ ആയിരുന്നു കുഞ്ഞൂഞ്ഞിന്റെ വാർത്താ സമ്മേളനവും തന്റെ ഭക്തരെ നടുക്കിയ ആ വെളിപ്പെടുത്തലും .

താൻ തെറ്റുകാരൻ അല്ലെന്ന് ആവർത്തിക്കുന്നതിനിടയിൽ തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ നാവിൽ നിന്നും നടുക്കുന്ന ആ വെളിപ്പെടുത്തൽ ഉണ്ടായത്. ഒരുപാടു പേർ തന്നെ 'ബ്ളാക്മെയിൽ' ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അതിൽ ഒരാൾക്ക് വിധേയനായി എന്നതിൽ ദുഃഖമുണ്ടെന്നും ആയിരുന്നു ആ വെളിപ്പെടുത്തൽ. അത് ആരെന്ന് അറിയാനുള്ള മാധ്യമ പ്രവർത്തകരുടെ ശ്രമം വിജയം കണ്ടില്ല. എല്ലാം വഴിയേ വെളിപ്പെടുത്തുമെന്നും (അതോ വെളിപ്പെടും എന്നോ?) പറഞ്ഞു തൽക്കാലം പിൻവാങ്ങുന്നതിനിടയിൽ ഒരു കാര്യം കൂടി പറഞ്ഞു. ഇക്കാലമത്രയും കൂട്ടത്തിൽ തന്നെ ഉണ്ടായിരുന്ന ആൾ തന്നെയാണ് അതെന്ന്.

http://www.azhimukham.com/keralam-solar-commission-report-recalling-congress-history-antonyka/

സത്യം പറഞ്ഞാൽ തന്റെ അവസാനത്തെ അത്താഴത്തിനിടയിൽ യേശു ക്രിസ്തു ചെയ്തതുപോലുള്ള ഒരു ചെയ്ത്താണ് ഇന്നലെ ഉമ്മൻ ചാണ്ടിയും ചെയ്തത്. നിങ്ങളുടെ കൂട്ടത്തിലുള്ള ഒരാൾ തന്നെ ഒറ്റുകൊടുത്തു കഴിഞ്ഞിരിക്കുന്നു എന്ന് അവസാന അത്താഴ വേളയിൽ യേശു പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്കുണ്ടായ അതേ അങ്കലാപ്പ് തന്നെയാണ് ഇന്നലെ ഒ സിയുടെ ഈ വെളിപ്പെടുത്തൽ ഉണ്ടാക്കിയിരിക്കുന്നത്. മാധ്യമ പ്രവർത്തകർ ആ നിമിഷം മുതൽ പ്രസ്തുത ബ്ളാക്മെയിലുകാരനെ അല്ലെങ്കിൽ കാരിയെ അന്വേഷിച്ചു തുടങ്ങിയപ്പോൾ യേശു ശിഷ്യന്മാരെപോലെ തന്നെ സകലമാന കോൺഗ്രസ്സുകാരും യു ഡി എഫ് കാരും ഒ സി സൂചിപ്പിച്ച ആ വൃത്തികെട്ട ജന്തുവിനെ തങ്ങൾക്കിടയിൽ അന്വേഷിച്ചു വരികയാണ്. യേശു ശിഷ്യന്മാരെ പോലെ തന്നെ രമേശ് ചെന്നിത്തലയും ആര്യാടൻ മുഹമ്മദുമൊക്കെ ഒ സി, അത് ഞാനാണോ എന്ന് അറിയാതെ ചോദിച്ചിട്ടുണ്ടാവും. അവർ ഇപ്പോഴും അതേ ചോദ്യം തന്നെ ആവർത്തിക്കുന്നുമുണ്ടാകും. അവർ അന്വേഷണം തുടരട്ടെ. അല്ലെങ്കിൽ ഒരിക്കൽ ഒ സി തന്നെ അത് തുറന്നു പറയുമല്ലോ. അതുവരെ കാത്തിരിക്കാം.

http://www.azhimukham.com/keralam-complete-volumes-of-solar-report/

പക്ഷെ നോബൽ ജേതാവ് സാമുവൽ ബെക്കറ്റ്‌ തന്റെ ഗോഥെയെ കാത്ത് എന്ന നാടകത്തിൽ പറയുന്നതുപോലെ ഈ കാത്തിരിപ്പ് എന്ന് പറയുന്ന ഏർപ്പാട് തികച്ചും അസഹനീയമായ ഒന്നാണ്. അതുകൊണ്ടു തന്നെ പെട്ടെന്ന് ഒരു ഉത്തരം കോൺഗ്രസ്സുകാർക്കും യു ഡി എഫ് കാർക്കും മാത്രമല്ല മാധ്യമ പ്രവർത്തകർക്കും പൊതുസമൂഹത്തിനും കൂടിയേ തീരൂ. അതിനിപ്പോൾ എന്താണ് ഒരു മാർഗം എന്ന് ചിന്തിക്കുമ്പോൾ പല വഴികൾ മനസ്സിൽ തെളിയുന്നുണ്ട്. മഷി നോട്ടക്കാർ മുതൽ കുട്ടിച്ചാത്തൻ വരെയുണ്ട് നമ്മുടെ നാട്ടിൽ. ഇതൊന്നും പോരെങ്കിൽ കവടി നിരത്തുകാർ കൊട്ടക്കണക്കിനുണ്ട്. പക്ഷെ ഇവരിൽ ആര്? ചിന്തകൾ ഇങ്ങനെ നീണ്ടു നീണ്ടു പോകവേ പെട്ടെന്ന് ഒരു മുഖം മനസ്സിൽ തെളിയുന്നുണ്ട്. അത് മറ്റാരുടേയുമല്ല; നമ്മുടെ ബാലൻ മന്ത്രിയുടേത് തന്നെ. താനും ഒരു ജ്യോതിഷ പണ്ഡിതാണെന്നന്നും മൂലം നക്ഷത്രത്തിൽ ജനിച്ച ആളാവുകയാൽ എ കെ ആന്റണിക്ക് മുഖ്യമന്ത്രി പദം നഷ്ടമാകുമെന്നും താൻ പണ്ട് പ്രവചിച്ചുണ്ടെന്നു ഈയടുത്തിടെയാണ് ബാലൻ മന്ത്രി ജ്യോതിഷക്കാരുടെ ഒരു സമ്മേളനത്തിൽ അവകാശപ്പെട്ടത്. അപ്പോൾ പിന്നെ ഇനി അമാന്തിക്കേണ്ടതില്ല. ബ്ളാക്മൈലുകാരന്റെ പേര് ഒ സി പറയുന്നില്ലെങ്കിലും ബാലൻ മന്ത്രി തന്നെ ശരണം. അല്ലെങ്കിലും വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടക്കണം!

http://www.azhimukham.com/kerala-is-chennithalas-padayorukkam-will-collapse-in-solar-earth-quake/

http://www.azhimukham.com/newsupdate-minister-akbalan-seeks-to-utilise-scientificside-of-astrology/


Next Story

Related Stories