Top

‘അണ്ടനും അടകോടനും’ നയിക്കുന്ന കോണ്‍ഗ്രസ്സിനെ ആര് രക്ഷിക്കും?

‘അണ്ടനും അടകോടനും’ നയിക്കുന്ന കോണ്‍ഗ്രസ്സിനെ ആര് രക്ഷിക്കും?
രമേശ് ചെന്നിത്തലയെ ‘വിടുവായന്‍’ എന്നു പിണറായി വിളിച്ചത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ട് മുന്‍പാണ്. കോണ്‍ഗ്രസ്സുകാരുടെ ഇടനെഞ്ച് തകര്‍ത്തുകൊണ്ട് ചെങ്ങന്നൂര്‍ വിധി എഴുതിയപ്പോള്‍ എല്ലാ കണ്ണുകളും ചെന്നിത്തലയിലേക്ക് ആയിരുന്നു. കാരണം ചെന്നിത്തല ചെങ്ങനൂര്‍ മണ്ഡലത്തിലാണ്. വോട്ടെണ്ണല്‍ പരിസമാപ്തിയില്‍ ഏത്തവേ ചെന്നിത്തലയുടെ ബൂത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പിന്നിലാണെന്നറിഞ്ഞതോടെ നവമാധ്യമങ്ങളില്‍ ട്രോളര്‍ മെഷീനുകള്‍ സജീവമായി. സ്വന്തം ബൂത്തിലെ മണ്ണൊലിച്ചു പോകുന്നത് അറിയാത്ത 'പടനായകന്‍' എങ്ങനെ കേരളത്തെ നയിക്കും? ചോദ്യങ്ങള്‍ ഉയര്‍ന്നു.

ചെന്നിത്തല വിരുദ്ധ ട്രോള്‍ പരമ്പരകളുടെ ഏറ്റവും ഒടുവിലത്തേതാണ് ചെന്നിത്തലയുടെ മാനസ പിതാവ് കരുണാകരന്റെ ഒറിജിനല്‍ പുത്രന്‍ കെ മുരളീധരന്‍റേത് എന്നു വേണമെങ്കില്‍ പറയാം. വല്ലാത്തൊരു പ്രതികാരത്തിന്റെ സുഖം ഇത് പറയുമ്പോള്‍ മുരളീധരന്‍ അനുഭവിച്ചിരിക്കണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെയും തന്റെ പിതാവിനെയും തിരുത്തി തേച്ച് പോയ ശിഷ്യന്‍റെ പതനം തുടങ്ങാന്‍ പോകുന്നു എന്നൊരു ഇന്റ്യൂഷന്‍ മുരളീധരന് ഉണ്ടായിരിക്കണം. ഒപ്പം ഏകദേശം ഒരു ദശാബ്ദക്കാലമായി അനുഭവിക്കൂന്ന രാഷ്ട്രീയമായ ഒറ്റപ്പെടലും അവഗണനയും ഒക്കെ കറുത്ത ഫലിതമായി അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. “സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നാ”യിരുന്നു ചെങ്ങന്നൂരിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയുടെ മോശം പ്രകടനത്തെ കുറിച്ച് മുരളീധരന്‍റെ ഒളിയമ്പ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ മോശമായിട്ടും അത് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ലെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഗ്രൂപ്പ് നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വി എം സുധീരനും മാന്യമായ ഭാഷയില്‍ പറഞ്ഞുവെച്ചത് മറ്റൊന്നല്ല. കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഗ്രൂപ്പ് മാനേജര്‍മാരാണെന്നും സംഘടനയാണ് വലുത് ഗ്രൂപ്പല്ല എന്ന് ഇക്കൂട്ടര്‍ മനസിലാക്കണം എന്നുമാണ് വി എം സുധീരന്‍ പറഞ്ഞത്.

അതേസമയം ചെങ്ങന്നൂരിലെ പരാജയം ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കാനാവില്ല എന്നും പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നുമാണ് തിരുവനന്തപുരത്ത് കെ എസ് യു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞത്. ചെന്നിത്തലയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് ഉമ്മന്‍ ചാണ്ടിയും സംസാരിച്ചത്. ഒരു പടി കൂടി കടന്നു പരാജയത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡണ്ടിന്റെയും തലയില്‍ കെട്ടിവെക്കാനാണ് ശ്രമമെങ്കില്‍ ഈ പദവി ഒഴിയാനും മടിയില്ല എന്നാണ് ഹസ്സന്‍ പറഞ്ഞത്. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേയുള്ള ഹസ്സന്റെ ഈ ഏറ് കൊള്ളേണ്ടവര്‍ക്ക് തന്നെ കൊള്ളും എന്ന കാര്യത്തില്‍ സംശയമില്ല.

കെ മുരളീധരനും വി എം സുധീരനും പറഞ്ഞതിന്റെ ചുവടുപിടിച്ചു അണ്ടനും മൊശകോടനും ഗ്രൂപ്പിന്റെ പേരില്‍ നേതൃത്വത്തില്‍ എത്തുന്നതാണ് കോണ്‍ഗ്രസ്സിന്റെ പതനത്തിന് കാരണം എന്നാണ് കോണ്‍ഗ്രസ്സ് മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റോറിയല്‍ പറയുന്നത്. നേതാക്കള്‍ക്ക് ഛത്രവും ചാമരവും വീശുന്നവരുടെ തള്ളാണ് പാര്‍ട്ടിയിലെന്നും പാര്‍ട്ടി പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയായെന്നും പത്രം വിമര്‍ശിക്കുന്നു.

എന്തായാലും ഒരു കാര്യം ഉറപ്പായി. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി ഈ പദവി മാറ്റങ്ങളില്‍ വ്യക്തമായ തീരുമാനവുമായി ഹൈക്കമാന്‍ഡ് ഇടപെടും. യുവാക്കളുടെ നിലവിളിക്കും കാതോര്‍ക്കാന്‍ സാധ്യതയുണ്ട്. നവമാധ്യമ യുവതുര്‍ക്കി വി ടി ബല്‍റാം വലിയ വെറ്റി പൊട്ടിച്ചുകഴിഞ്ഞു. "കേരളത്തിലെ കോൺഗ്രസിൽ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു. പാർട്ടി പ്രവർത്തകർ മാത്രമല്ല, പാർട്ടിയെ പുറത്തുനിന്ന് പ്രതീക്ഷാപൂർവ്വം ഉറ്റുനോക്കുന്ന പൊതുസമൂഹവും ഈ വികാരമാണ് പങ്കുവെക്കുന്നത്. നേതൃത്ത്വത്തിലുള്ള വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല, പ്രവർത്തന ശൈലിയുടേയും രാഷ്ട്രീയ മുൻഗണനകളുടേയും സമീപന രീതികളുടേയും സമൂഹവുമായുള്ള ആശയ വിനിമയത്തിന്റേയുമൊക്കെ കാര്യങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണ്. അല്ലാത്തപക്ഷം പാർട്ടി നേരിടാൻ പോകുന്നത് നിലനിൽപ്പിന്റെ ഭീഷണിയാണ്." എന്നാണ് വിടി ഫേസ്ബുക്കില്‍ കുറിച്ചത്.

ജൂണ്‍ 6,7 തീയതികളില്‍ ഡല്‍ഹിയിലെത്താന്‍ രാഹുല്‍ഗാന്ധി നല്‍കിയ നിര്‍ദേശം അണ്ടനും അടകോടനുമുള്ള വ്യക്തമായ സന്ദേശം ആണ് എന്ന കാര്യത്തില്‍ സംശയമില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/kerala-vt-balram-against-pj-kuryans-candidature-for-rajyasabha-seat/

http://www.azhimukham.com/cinema-mohanlal-and-other-superstars-campaign-against-nipah-could-not-ends-in-a-condolence/Next Story

Related Stories