Top

അവര്‍ക്ക് വൃത്തിയില്ലെങ്കില്‍ അത് നിങ്ങള്‍ വെള്ളം കൊടുക്കാത്ത കൊണ്ടാണ്; കോഴിക്കോട് പുലാപ്രക്കുന്നിലെ ഒന്നാം നമ്പര്‍ അയിത്ത കേരളം

അവര്‍ക്ക് വൃത്തിയില്ലെങ്കില്‍ അത് നിങ്ങള്‍ വെള്ളം കൊടുക്കാത്ത കൊണ്ടാണ്; കോഴിക്കോട് പുലാപ്രക്കുന്നിലെ ഒന്നാം നമ്പര്‍ അയിത്ത കേരളം
"അതാ, അവിടെ പറയന്മാരുണ്ടേ. അവര്‍ പിടിച്ചുകൊണ്ടു പോകുമേ", മഞ്ഞക്കുളത്തും മേപ്പയൂരിന്റെ പല ഭാഗങ്ങളിലുമുള്ള അമ്മമാര്‍ കുട്ടികളെ ഭയപ്പെടുത്തി അടക്കി നിര്‍ത്താന്‍ ദൂരെയൊരു കുന്നിലേക്ക് വിരല്‍ചൂണ്ടി പറഞ്ഞുശീലിച്ചതിങ്ങനെയാണ്. തലമുറകള്‍ക്കു മുന്നേ പറയന്മാര്‍ പിടിച്ചുകൊണ്ടു പോകുമെന്ന് ഭയന്ന് അടങ്ങിയിരുന്ന കുട്ടികള്‍ വളര്‍ന്ന് മാതാപിതാക്കളായപ്പോള്‍ അവരും കുന്നു ചൂണ്ടിക്കാണിച്ച് തങ്ങളുടെ മക്കളോടു പറഞ്ഞു, "അടങ്ങിയിരുന്നോ. പറയന്മാര്‍ വന്നു പിടിക്കും."
 ഭയപ്പെടാനും അകറ്റി നിര്‍ത്താനുമുള്ള പാഠങ്ങള്‍ പഠിച്ചു വളരുന്ന മേപ്പയൂരിലെ ഒരു വലിയ ജനവിഭാഗത്തിന് ഇപ്പോഴുമറിയില്ല, ആ കുന്നില്‍ വര്‍ഷങ്ങളായി അപരവത്ക്കരിക്കപ്പെട്ടു ജീവിക്കുന്ന ഒരു ജനതയുണ്ടെന്ന്. 'അണ്ണാച്ചീ' എന്നും 'പറച്ചീ'യെന്നുമുള്ള വിളികള്‍ കേട്ടു ശീലിച്ച ഒരു കൂട്ടമാളുകള്‍ അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വലയുന്നുണ്ടെന്നതും പലരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നവോത്ഥാന കേരളത്തില്‍ തന്നെയാണ് പുലപ്രക്കുന്ന് എന്ന ഈ ദളിത് കോളനി.

കോഴിക്കോട് നഗരത്തില്‍ നിന്നും കഷ്ടിച്ച് മുപ്പത്തിയഞ്ചു കിലോമീറ്റര്‍ ദൂരമാണ് പുലപ്രക്കുന്ന് സാംബവ കോളനിയിലേക്കുള്ളത്. പയ്യോളി, കൊയിലാണ്ടി എന്നീ ചെറുതല്ലാത്ത ടൗണുകളില്‍ നിന്നും ഏകദേശം പന്ത്രണ്ടു കിലോമീറ്ററും. എന്നാല്‍, ചുറ്റിലുമുള്ളവരുടെ നോട്ടമെത്താത്തത്ര ദൂരെത്തിലാണ് സാമൂഹികമായി ഇപ്പോഴും പുലപ്രക്കുന്നിന്റെ സ്ഥാനം. വാഹനമെത്തുന്ന ഒരു റോഡോ, അടച്ചുറപ്പുള്ള വീടുകളോ, വൈദ്യുതിയോ, സ്വന്തമായി ഒരു തുണ്ടു ഭൂമിയോ എന്നല്ല അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളമോ ഭക്ഷണമോ വസ്ത്രമോ പോലും പുലപ്രക്കുന്നുകാര്‍ക്കില്ല. വര്‍ഷങ്ങളായി ഇല്ലായ്മകളോടും കുന്നിനു താഴെയുള്ളവരുടെ ജാതീയമായ വിവേചനത്തോടും പടവെട്ടിയാണ് ഇവരുടെ ജീവിതം. 1960-കളില്‍ പതിച്ചു കിട്ടിയ 74 സെന്റ് ഭൂമിയില്‍ പത്തു സാംബവ കുടുംബങ്ങളാണ് ഇപ്പോള്‍ താമസമുള്ളത്.

മേപ്പയൂരിലും പരിസരപ്രദേശങ്ങളിലുമായി കോളനിവത്ക്കരിക്കപ്പെട്ട് ജീവിക്കുന്ന അനേകം ദളിതരില്‍ ഒരു വിഭാഗമാണ് പുലപ്രക്കുന്നിലുമുള്ളത്. സമീപ പ്രദേശങ്ങളിലുള്ള മറ്റു ദളിത് കോളനികളെ അപേക്ഷിച്ചു നോക്കുമ്പോള്‍, ഏറ്റവും ശോചനീയാവസ്ഥയിലുള്ളത് തങ്ങളുടേതാണെന്ന് ഇവരും പറയുന്നുണ്ട്. മറ്റിടങ്ങളില്‍ ചര്‍ച്ചയാകുന്നതു പോലുള്ള വികസനമില്ലായ്മയോ, പുനരധിവാസത്തിന്റെ ആവശ്യകതയോ മാത്രമല്ല പുലപ്രക്കുന്നിലേത്. അങ്ങേയറ്റം ക്രൂരമായ ജാതിബോധത്തിന് ഇരകളാകേണ്ടിവരികയും, തലമുറകളോളം അതിന്റെ ഭാരം പേറി നടക്കുകയും, കൊടിയ അയിത്തം കൊണ്ട് അപമാനിക്കപ്പെടുകയും ചെയ്തതിന്റെ പല പല കഥകള്‍ ഇവിടെ ഓരോരുത്തര്‍ക്കും എണ്ണിപ്പറയാനുണ്ട്.

സാരി വലിച്ചു കെട്ടിയ വീടുകള്‍, സ്വന്തമായിരുന്നിട്ടും രേഖകളില്ലാത്ത ഭൂമി

"ചെങ്ങറ ഭൂസമരമില്ലേ. അവിടെ സമരക്കാര്‍ കെട്ടിയ ഷെഡുകള്‍ ഇവിടത്തെ വീടുകളേക്കാള്‍ ഭേദമാണല്ലോ എന്നാണ് ഇവിടത്തെ അവസ്ഥ കണ്ട എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ പറഞ്ഞത്. പല വീടുകളും ഷീറ്റു വലിച്ചുകെട്ടി മാത്രമുണ്ടാക്കിയതാണ്. ഒരെണ്ണത്തിനു പോലും അടച്ചുറപ്പില്ല. സ്ത്രീകളും കുട്ടികളുമെല്ലാം കിടന്നുറങ്ങുന്നത് ഇതിനകത്തു തന്നെ", അജീഷ് പറയുന്നു. കായലത്ത് താമസിക്കുന്ന അജീഷിന് കോളനിയില്‍ ബന്ധുക്കളുണ്ട്. അജീഷ് വിശദീകരിച്ചതു പോലെത്തന്നെ, ഷീറ്റു കെട്ടി മറച്ച ചെറിയ കൂരകളാണ് പുലപ്രക്കുന്നിലെ വീടുകളെല്ലാം. പലതിനും വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. പൊളിഞ്ഞു തുടങ്ങിയ നിലവും ഭിത്തികളുമുള്ള ഈ വീടുകളില്‍ കൊച്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഭയപ്പാടോടെ അന്തിയുറങ്ങുന്നു.

ദ്രവിച്ചു തുടങ്ങിയതെന്നു തോന്നിപ്പിക്കുന്ന നാലു ഭിത്തികള്‍ക്കു മേലെ ടാര്‍പ്പോളിന്‍ ഷീറ്റും വോയില്‍ സാരിയും വലിച്ചു കെട്ടിയ വീടുകളിലൊന്ന് തന്റേതാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് വിജിസ്മയ പറഞ്ഞതിങ്ങനെയാണ്: "കണ്ടില്ലേ. ഒരു മഴ പെയ്താല്‍ വെള്ളം മുഴുവന്‍ അതിനകത്താണ്. തുണികളും മറ്റും നനഞ്ഞോട്ടെ, തണുത്തു വിറച്ചാണ് പിന്നെ ഉറക്കം. ഒരു വയസ്സായ മോന് മഴക്കാലത്ത് തണുപ്പടിച്ച് പനിയും ശ്വാസംമുട്ടലുമുണ്ടാകുന്നത് സാധാരണ സംഭവമാണ്."
 വിജിസ്മയയുടേതിനെക്കാള്‍ മോശമാണ് പല വീടുകളുടേയും സ്ഥിതി. ഒറ്റമുറിയില്‍ ഒതുങ്ങിക്കൂടിയും ഇടുങ്ങിയ വീടുകളിലെ മണ്‍തറകളില്‍ കിടന്നുറങ്ങിയുമാണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്. കോളനിയിലേക്കുള്ള വഴിയും വളരെ ശോചനീയാവസ്ഥയിലാണ്. വലിയ കയറ്റവും നിരപ്പല്ലാത്ത തകര്‍ന്ന വഴിയും കാരണം പഞ്ചായത്തംഗങ്ങളോ എസ്.സി പ്രമോട്ടര്‍മാരോ പോലും ഇവിടേക്കെത്താന്‍ മെനക്കെടാറില്ല. വാഹനങ്ങളെത്തില്ല എന്നതിനേക്കാള്‍, രോഗമോ മറ്റെന്തെങ്കിലും അത്യാവശ്യമോ ഉണ്ടായാല്‍ താങ്ങിയെടുത്ത് താഴെയെത്തിക്കുക എന്നതു പോലും ശ്രമകരമാണ്. സമ്പൂര്‍ണമായും വൈദ്യുതീകരിക്കപ്പെട്ട സംസ്ഥാനത്തുള്ള പുലപ്രക്കുന്നില്‍, സന്ധ്യമയങ്ങിയാല്‍ പിന്നെ വെളിച്ചമില്ല. രേഖകളില്ലാത്തതിനാല്‍ വീടുകള്‍ പണിയാന്‍ ശ്രമിക്കാന്‍ പോലും സാധിക്കാത്തതു പോലെ, വൈദ്യുതീകരിക്കാനും സാധിച്ചിട്ടില്ല. ഒരു തെരുവു വിളക്കു പോലുമില്ലാതിരുന്ന കോളനിയില്‍ ഇരുട്ടിത്തുടങ്ങിയാല്‍ എത്തിപ്പെടാന്‍ തന്നെ പാടാണ്.

1960-കളിലാണ് മഞ്ഞകുളത്തുള്ള ആണ്ടിയെന്നയാളുടെ പേരിലുള്ള സ്ഥലം സാംബവര്‍ക്ക് വീടുവയ്ക്കാനായി പഞ്ചായത്തിലേക്ക് വിട്ടു കൊടുക്കുന്നത്. മേപ്പയൂര്‍ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റായ ചാപ്പന്‍ നായര്‍ക്കാണ് അദ്ദേഹം സ്ഥലത്തിന്റെ രേഖകളും മറ്റും കൈമാറുന്നതും സാംബവരെ താമസിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതും. 1974 മുതല്‍ പറയ വിഭാഗത്തില്‍പ്പെട്ടവര്‍ ഇവിടെ താമസമുണ്ട്. ഇപ്പോള്‍ റബ്ബര്‍ തോട്ടങ്ങള്‍ കൊണ്ട് ചുറ്റപ്പെട്ട അവസ്ഥയിലുള്ള കോളനിക്കു ചുറ്റും അന്ന് കശുമാവിന്‍ തോട്ടങ്ങളായിരുന്നുവെന്ന് പുലപ്രക്കുന്നുകാരനായ രതീഷ് ഓര്‍ത്തെടുക്കുന്നു. അന്നു വന്നു താമസിച്ചവരില്‍ പലരും ഇപ്പോള്‍ ഇവിടെയില്ല. കുടിവെള്ളപ്രശ്‌നവും അടിസ്ഥാന സൗകര്യമില്ലായ്മയും കാരണം അതിജീവിക്കാനാകാതെ മിക്കപേരും മറ്റിടങ്ങള്‍ തേടിപ്പോകുകയായിരുന്നു.

പഞ്ചായത്തു രേഖകളില്‍ എഴുപത്തിയഞ്ചു സെന്റ് പുലപ്രക്കുന്ന് കോളനിയായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇവിടത്തുകാര്‍ക്കൊന്നും താമസിക്കുന്നയിടത്തിന് രേഖകളില്ല. പഞ്ചായത്തിന്റെയോ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ കണക്കുകളില്‍പ്പെടാതെ അദൃശ്യരായി തുടരുകയാണ് ഇന്നും ഇവര്‍. വീടുവയ്ക്കാനും ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള വഴികള്‍ തെളിയണമെങ്കില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതിനാല്‍ പലതവണ പഞ്ചായത്ത് അധികൃതരെ പോയിക്കണ്ട് സംസാരിച്ചിട്ടുള്ളതായി രതീഷ് പറയുന്നു:
"എത്രയോ തവണ കോളനിക്കാര്‍ക്കെല്ലാവര്‍ക്കും വേണ്ടി ഞാന്‍ പഞ്ചായത്തില്‍ പോയിട്ടുണ്ട്. ബോര്‍ഡ് മീറ്റിംഗ് കഴിയട്ടേ എന്നു പറഞ്ഞ് ഓരോ തവണയും തിരിച്ചയയ്ക്കും. ഇതുവരെ അതില്‍ തീരുമാനമായിട്ടില്ല. പഞ്ചായത്തില്‍ നിന്നും ആ കടലാസ്സ് കിട്ടാതെ ഞങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഒരു സഹായവും കിട്ടാന്‍ പോകുന്നില്ല. ഒരാള്‍ക്കു മാത്രമേ ഇതുവരെ പട്ടയം കിട്ടിയിട്ടുള്ളൂ. ഒരാള്‍ക്ക് റേഷന്‍ കാര്‍ഡുണ്ട്. ഒരാള്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റും. അത്രതന്നെ. ബാക്കിയുള്ളവര്‍ക്കാര്‍ക്കും നിയമപ്രകാരം എന്തെങ്കിലും ചെയ്യാനുള്ള രേഖകളില്ല. അതിനെപ്പറ്റി എന്തെങ്കിലും ചോദിച്ചാല്‍, തോളില്‍ത്തട്ടി നമുക്കു നോക്കാം എന്നു പറഞ്ഞ് തിരിച്ചയയ്ക്കും."


കോളനിയിലെ രോഗബാധികര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാനും, വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി ഹോസ്റ്റലില്‍ താമസിക്കുന്ന ഇവിടത്തെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ കിട്ടാനും റേഷന്‍ കാര്‍ഡും വരുമാന സര്‍ട്ടിഫിക്കറ്റുമടക്കമുള്ള രേഖകള്‍ ആവശ്യമാണ്. റേഷന്‍ കാര്‍ഡു പോലുമില്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട അത്തരമൊരു ആനുകൂല്യവും അരിയും പോലും ഇവര്‍ക്കു ലഭ്യമാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വരുന്ന ഇരുപത്തിരണ്ടാം തീയതി സര്‍വേ നടത്താമെന്ന താലൂക്ക് ഓഫീസറുടെ അറിയിപ്പിലാണ് ഇനി ഇവരുടെ പ്രതീക്ഷ.
"ഈ വീടുകള്‍ മാത്രം കണ്ടാല്‍പ്പോരാ. ഇതിനകത്ത് വെള്ളം കുടിക്കാതേയും ചോറുണ്ണാതേയും കിടക്കുന്ന ആളുകളുണ്ടെന്നറിയണം. മനുഷ്യര്‍ താമസിക്കുന്ന അവസ്ഥയാണോ ഇവിടെ? താര്‍പ്പായ കെട്ടിയ പൊളിഞ്ഞ വീടുകള്‍ കണ്ടില്ലേ?"
 തങ്ങളെത്തേടിയെത്തുന്നവരില്‍ ആരില്‍ നിന്നാണ് സഹായം ലഭിക്കുക എന്നറിയാതെ ഓരോരുത്തരോടും നിസ്സഹായാവസ്ഥ വിവരിക്കുകയാണ് ഇവിടത്തുകാര്‍.വൃത്തിയായി നടക്കാം, നിങ്ങളാദ്യം കുടിക്കാന്‍ വെള്ളം താ

വീടുകള്‍ക്ക് അടച്ചുറപ്പില്ലാത്തതും താമസിക്കുന്ന ഭൂമിക്ക് രേഖയില്ലാത്തതുമല്ല, മറ്റു ചില വിഷയങ്ങളാണ് പുലപ്രക്കുന്നുകാര്‍ക്ക് അതിലും ഭീകരമായ അതിജീവനപ്രശ്‌നങ്ങളുണ്ടാക്കുന്നത്. കുടിവെള്ളക്ഷാമം തന്നെയാണ് അതില്‍ പ്രധാനം. പ്രദേശത്ത് പൊതുവായുള്ള വെള്ളമില്ലായ്മയല്ല, മറിച്ച് ജാതിയുടെ പേരില്‍ കുടിവെള്ളം നിഷേധിക്കപ്പെടുന്ന അനീതിയാണ് ഇവിടെയുള്ളതെന്നറിയുമ്പോഴാണ് അതിന്റെ ഭീകരത പൂര്‍ണമായും തിരിച്ചറിയാനാവുക. കോളനിയിലെ ഓരോ വ്യക്തിക്കും ആദ്യം പറയാനുള്ളതും കുടിവെള്ളത്തിനായി നാളിതുവരെ അവര്‍ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ചാണ്.

ദളിത് അവകാശ പ്രവര്‍ത്തകയും ഗവേഷകയുമായ വിനീത വിജയനും സുഹൃത്തുക്കളും ഇക്കഴിഞ്ഞ ദിവസം കോളനിയിലെത്തി വിഷയത്തില്‍ ഇടപെടുന്നതുവരെ പുലപ്രക്കുന്നുകാര്‍ക്ക് കുടിവെള്ളത്തിനായി ദിവസേന കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിയിരുന്നു. കോളനിയിലെ ആവശ്യങ്ങള്‍ക്കായി എസ്.സി/ എസ്.ടി ഫണ്ടില്‍ നിന്നുള്ള ഏഴര ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച ജലസംഭരണിയില്‍ നിന്നും പുലപ്രക്കുന്നിനു താഴെയുള്ള എല്ലാ വീട്ടുകാര്‍ക്കും വെള്ളമെത്തിയപ്പോഴും, ഇവര്‍ക്കു മാത്രം കുടിവെള്ളം കിട്ടാക്കനിയായി. ഏറ്റവും സുലഭമായി വെള്ളം ലഭിക്കുന്ന സമയത്തു പോലും, രണ്ടാഴ്ചയിലൊരിക്കലാണ് ഇവരുടെ ആവശ്യങ്ങള്‍ക്ക് വെള്ളം കിട്ടിയിരുന്നത്.

"ഞങ്ങള്‍ക്ക് വേണ്ടി കെട്ടിയ ടാങ്കാണ്. പക്ഷേ അതില്‍ നിന്നും വെള്ളം കിട്ടുന്നില്ലെന്ന് മാത്രം. ഇവിടെനിന്ന് മഞ്ഞക്കുളം വരെ പോയിട്ടാണ് വെള്ളം എടുത്തുകൊണ്ടു വരുന്നത്. ഈ കുത്തനെയുള്ള കയറ്റം കയറി വഴിയില്ലാത്തിടത്തൂടെയെല്ലാം വെള്ളം താങ്ങിക്കൊണ്ടുവരുന്നതാണ് ആകെയുള്ള വഴി. കുളിക്കുന്നതുമൊക്കെ അവിടെയുള്ള ഒരിടത്തു തന്നെ. വെള്ളമില്ലാഞ്ഞിട്ടല്ലല്ലോ. ഞങ്ങള്‍ക്ക് കിട്ടാഞ്ഞിട്ടല്ലേ. എനിക്ക് സൗകര്യമുള്ളപ്പോള്‍ വെള്ളം അടിക്കും എന്നാണ് കരാറുകാരന്‍ പോലും പറയുന്നത്. രണ്ടു ദിവസം മുന്നെ വിനീത മാഡവുമൊക്കെ വന്ന് തുറക്കാന്‍ നോക്കിയപ്പോള്‍ കുറേക്കാലം തുറക്കാതിരുന്ന് തുരുമ്പു കയറി ടാങ്കില്‍ നിന്നുള്ള പൈപ്പു പോലും തുറക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. വെള്ളമില്ല എന്നു മാത്രമല്ല, 2016 വരെ ഞങ്ങള്‍ക്ക് കക്കൂസുമില്ലായിരുന്നു. എറണാകുളത്തു നിന്നുള്ള പ്രിന്‍സ് ജോണ്‍ എന്നയാളും സംഘവുമാണ് ഞങ്ങളുടെ അവസ്ഥ കണ്ട് ദയ തോന്നി രണ്ടു കക്കൂസുകള്‍ പണിഞ്ഞു തന്നത്. ഇപ്പോള്‍ പത്തു കുടുംബങ്ങളും അതാണ് ഉപയോഗിക്കുന്നത്. അതുവരെ തുറസ്സായ സ്ഥലത്തായിരുന്നു ആവശ്യങ്ങള്‍ക്കായി പോയിരുന്നത്. ഞങ്ങള്‍ക്ക് വൃത്തിയില്ല, കുളിക്കാറില്ല എന്നൊക്കെയാണ് താഴേപ്പാട്ടുള്ളവര്‍ പറയുന്നത്. വൃത്തിയായി നടക്കാന്‍ നിങ്ങളാദ്യം ഞങ്ങള്‍ക്ക് വെള്ളം താ", 
ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കുമ്പോഴും അമര്‍ഷമാണ് പ്രമീളയുടെ വാക്കുകളില്‍.

കക്കൂസ് പണിതുകൊടുത്ത ശേഷവും സഹായവുമായെത്തിയ പ്രിന്‍സ് ജോണിനെയും സംഘത്തെയും 'താഴേപ്പാട്ടുള്ളവര്‍' തിരിച്ചയച്ച കഥയും ഇവര്‍ക്കു പറയാനുണ്ട്. പുലപ്രക്കുന്നിന്റെ അവസ്ഥ വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെ മനസ്സിലാക്കിയാണ് ഇവര്‍ സഹായത്തിനെത്തിയത്. ഭക്ഷണവും വസ്ത്രവുമായി അവിടെ നിന്നുള്ള കൈത്താങ്ങ് തുടര്‍ന്നപ്പോള്‍, പ്രിന്‍സ് ജോണടക്കമുള്ളവരുടെ ഉദ്ദേശം പുലപ്രക്കുന്നുകാരെ മതം മാറ്റുക എന്നതാണെന്ന് ആരോപിച്ച് പിന്തിരിപ്പിക്കുകയായിരുന്നു 'താഴേപ്പാട്ടുള്ള' ആളുകള്‍ എന്ന് കോളനിയിലുള്ള അനുപമ പറയുന്നു. കിണറു കുഴിക്കാന്‍ സഹായവുമായി ആളുകളെത്തിയപ്പോഴും ഇതുപോലെ ബാക്കിയുള്ളവര്‍ ചേര്‍ന്ന് തിരിച്ചയയ്ക്കുകയും, ഒരു സഹായത്തിനും ഇങ്ങോട്ടെത്തരുതെന്ന് താക്കീതു ചെയ്യുകയും ചെയ്തിട്ടുള്ളതായും അനുപമ വിശദീകരിക്കുന്നു. പുലപ്രക്കുന്നിലെ ദളിതരോട് 'താഴേപ്പാട്ടുള്ള' വര്‍ണവെറിയര്‍ കാണിച്ചിട്ടുള്ള ജാതീയതയുടെ ചെറിയ രൂപം മാത്രമാണിത്.പുലപ്രക്കുന്നിന്റെ അവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ് കഴിഞ്ഞ ദിവസം സഹായവുമായി സ്ഥലത്തെത്തിയ വിനീതയാണ് അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് എത്തിക്കുന്നതും, തുരുമ്പുപിടിച്ച് ഉപയോഗശൂന്യമായ പഴയ പൈപ്പു മാറ്റി എല്ലായ്‌പ്പോഴും വെള്ളമെത്തുന്ന തരത്തിലുള്ള പുതിയ സംവിധാനം സ്വയമൊരുക്കുന്നതും. കോളനിവാസികളുടെ കുടിവെള്ളമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ച തനിക്ക് വിചിത്രവും വിവേചനപരവുമായ പല ന്യായങ്ങളുമാണ് കേള്‍ക്കേണ്ടി വന്നതെന്ന് വിനീത വിശദീകരിക്കുന്നു.
"വെള്ളം മുഴുവന്‍ ഇവര്‍ ഉപയോഗിച്ച് തീര്‍ത്തു കളയും, ഇവര്‍ തീര്‍ത്തു കളഞ്ഞാല്‍ പിന്നെ താഴെയുള്ളവര്‍ക്ക് വെള്ളം കിട്ടില്ലെന്നാണ് വാര്‍ഡ് മെംബര്‍ എന്നോടു പറഞ്ഞത്. ഇവര്‍ക്ക് കന്നുകാലികളില്ല, കഴുകാന്‍ വാഹനങ്ങളില്ല, ഉടുത്തുമാറാന്‍ വസ്ത്രങ്ങളില്ല. പിന്നെങ്ങനെയാണ് ഇവര്‍ വെള്ളം തീര്‍ത്തുകളയുന്നതെന്നാണ് ഞാനവരോട് ചോദിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനം തന്നെയാണിത്. അയിത്തമാണ് ഇവരീ കാണിക്കുന്നത്. വളരെ ലാഘവത്തോടെയാണ് അവര്‍ ഇക്കാര്യങ്ങളോട് പ്രതികരിച്ചത്."


അമ്പതു വര്‍ഷക്കാലത്തോളം പഞ്ചായത്ത് അധികൃതര്‍, സഹജീവികള്‍, കൂടെ പഠിക്കുന്നവര്‍, അധ്യാപകര്‍, ജോലിയിലെ ഇടനിലക്കാര്‍, കൂലിവേലയ്ക്ക് വിളിക്കുന്നവര്‍ എന്നിങ്ങനെ എല്ലാവരില്‍ നിന്നും നേരിട്ടിട്ടുള്ള ജാതിവെറിയും മാറ്റിനിര്‍ത്തലും സഹിച്ച് പരിചയിച്ചുപോയ പുലപ്രക്കുന്നുകാരില്‍ പലര്‍ക്കും ഇന്നും തങ്ങള്‍ നേരിടുള്ള സാമൂഹ്യ വിവേചനത്തെക്കുറിച്ച് വലിയ ധാരണയില്ല. മറ്റുള്ളവര്‍ക്കു ലഭിക്കുന്ന വിഭവങ്ങളും സൗകര്യങ്ങളും തങ്ങളുടെ കൈപ്പിടിയ്ക്കുമപ്പുറത്താണെന്ന് മനസ്സിലാക്കുകയും, അത്തരം ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യമുന്നയിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. എന്നാല്‍, പുറത്തിറങ്ങുന്ന ഓരോ തവണയും പറയച്ചീ എന്നു കൂവിവിളിക്കുന്നവരില്‍ നിന്നും നേരിടുന്ന അപമാനത്തിന് അറുതി വരണമെങ്കില്‍ തങ്ങളല്ല, മറിച്ച് അവരാണ് മാറേണ്ടതെന്ന് വ്യക്തമായി ബോധ്യമുള്ളവരും പുലപ്രക്കുന്നിലുണ്ട്. കൊടിയ ജാതീയതയ്ക്കും അസമത്വങ്ങള്‍ക്കുമെതിരായി സമരം ചെയ്ത് ജീവിക്കുന്നതിനിടെയാണ് 2015ല്‍ അന്നത്തെ ജില്ലാ കലക്ടര്‍ പ്രശാന്തും ഒപ്പം ഉയര്‍ന്ന ഉദ്യോഗസ്ഥരും പുലപ്രക്കുന്നിലെത്തുന്നത്. മുടക്കമില്ലാത്ത കുടിവെള്ളം, കെട്ടുറപ്പുള്ള വീടുകള്‍, സ്ഥലത്തിനു രേഖകള്‍, എല്ലാ വീട്ടിലും വെളിച്ചം, മെച്ചപ്പെട്ട ജീവിത സൗകര്യം എന്നിങ്ങനെ ധാരാളം വാഗ്ദാനങ്ങള്‍ കലക്ടര്‍ അന്ന് ഇവര്‍ക്കു കൊടുത്തു. കലക്ടര്‍ പോയതിനു പിറകേ മറ്റുദ്യോഗസ്ഥരെത്തി വേറെയും വാഗ്ദാനങ്ങള്‍ നല്‍കി. മാധ്യമങ്ങളെത്തി. പുലപ്രക്കുന്നിലെ ജീവിതം വാര്‍ത്തയായി. അരനൂറ്റാണ്ടുകാലത്തെ കഷ്ടതകള്‍ക്ക് അന്ത്യമായി എന്നു തന്നെ ഇവിടത്തുകാര്‍ വിശ്വസിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം പുലപ്രക്കുന്നുകാര്‍ക്ക് പറയാനുള്ളത് വലിയ ചതിയുടേയും അവഗണനയുടേയും കഥകളാണ്.

(തുടരും)

Next Story

Related Stories