TopTop

ചെങ്ങന്നൂര്‍ പോലീസിനെതിരെയുള്ള വിധി എഴുത്താകുമോ?

ചെങ്ങന്നൂര്‍ പോലീസിനെതിരെയുള്ള വിധി എഴുത്താകുമോ?
അത്യന്തം പ്രചണ്ഡമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കോലാഹലങ്ങൾക്കുമൊടുവിൽ ചെങ്ങന്നൂരിലെ വോട്ടർമാർ ഇക്കഴിഞ്ഞ തിങ്കളാഴ്ച വിധിയെഴുതി. ആ വിധിയെഴുത്ത്‌ എന്തെന്നും ആർക്ക് അനുകൂലമെന്നും അറിയാൻ ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം. യു ഡി എഫിനുവേണ്ടി ഡി വിജയകുമാറും എൽ ഡി എഫിനുവേണ്ടി സജി ചെറിയാനും എൻ ഡി എക്കുവേണ്ടി പി എസ് ശ്രീധരൻ പിള്ളയും കളം നിറഞ്ഞാടിയപ്പോൾ ശക്തമായ ത്രികോണ മത്സരത്തിനാണ് ചെങ്ങന്നൂർ വേദിയായത്.

മൂന്നുപേരും അവർ പ്രതിനിധാനം ചെയ്യുന്ന മുന്നണികളും തികഞ്ഞ പ്രതീക്ഷയിൽ തന്നെയാണെന്നാണ് സ്ഥാനാര്‍ത്ഥികളുടെയും മുന്നണി നേതാക്കളുടെയും പ്രതികരണങ്ങളിൽ നിന്നും മനസ്സിലാവുന്നത്. പ്രതീക്ഷയും പ്രത്യാശയുമൊക്കെ നല്ല കാര്യം തന്നെ. പക്ഷെ വോട്ടെണ്ണി തീരുംവരെ മാത്രം നീണ്ടു നിൽക്കുന്ന ഒന്നുമാത്രമാണ് ഇവ രണ്ടുമെന്നു അവർക്കും അറിയായ്കയല്ല. എങ്കിലും വിജയം അല്ലെങ്കിൽ പരാജയം ഉറപ്പിക്കും വരെ പ്രതീക്ഷയും പ്രത്യാശയുമൊക്കെ കൊണ്ടു നടക്കാതെ വയ്യ. അതാണ് നാട്ടു നടപ്പ്. ജീവിതത്തിലും മത്സര കളികളിലും ഒക്കെ നമ്മൾ കൊണ്ടു നടക്കുന്ന ഒന്ന് എന്ന് തന്നെ പറയേണ്ടി വരും. പക്ഷെ ചങ്കിടിപ്പില്ലാതെ ഈ മൂവർക്കും അവരുടെ മുന്നണികൾക്കും പറയാനാവാത്ത ഒരു പരമരഹസ്യമാണ് നാളെ പ്രഖ്യാപിക്കപ്പെടാൻ പോകുന്ന വിജയിയുടെ പേര് എന്നതാണ് യാഥാർഥ്യം. ഒരു പക്ഷെ അതുതന്നെയാണ് ജനാധിപത്യത്തിന്റെ വിജയവും.

കൂടുതൽ തവണ യു ഡി എഫിനെ തുണച്ച മണ്ഡലം എന്ന ഖ്യാതി ചെങ്ങന്നൂരിനുണ്ടെങ്കിലും ഒരു സമ്പൂർണ യു ഡി എഫ് അനുകൂല മണ്ഡലമല്ല ചെങ്ങന്നൂർ എന്നതാണ് എൽ ഡി എഫിനും എൻ ഡി എ ക്കും പ്രതീക്ഷ നൽകുന്ന പ്രധാന ഘടകം. എൽ ഡി എഫിനെ സംബന്ധിച്ചിടത്തോളം തുടക്കം മുതൽ പ്രതീക്ഷ നൽകിയ മറ്റൊരു കാര്യം കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ വിജയിച്ചത് അവരുടെ സ്ഥാനാർഥി കെ കെ രാമചന്ദ്രൻ നായർ ആയിരുന്നുവെന്നതും അദ്ദേഹത്തിന്റെ അകാല നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഇപ്പോൾ ഉപ തിരഞ്ഞെടുപ്പ് വേണ്ടിവന്നതും എന്നത് മാത്രമല്ല നിലവിൽ ഭരണത്തിൽ ഇരിക്കുന്നത് എൽ ഡി എഫ് സര്‍ക്കാര്‍ ആയതിനാല്‍ കെ കെ ആർ തുടങ്ങിവെച്ച അല്ലെങ്കിൽ അങ്ങിനെ പറയപ്പെടുന്ന വികസന പ്രവർത്തങ്ങൾക്ക് ഒരു തുടർച്ച ഉണ്ടാകണമെങ്കിൽ എൽ ഡി എഫ് സ്ഥാനാർഥി തന്നെ ജയിക്കേണ്ടതുണ്ടെന്നു ചെങ്ങന്നൂരിലെ വോട്ടർമാർ തീരുമാനിക്കും എന്നതാണ്. യു ഡി എഫിലെ പടല പിണക്കങ്ങളും മുൻ കോൺഗ്രസ് എം എൽ എ പി സി വിഷ്ണുനാഥ് സ്ഥാനാർഥി നിർണയത്തിന് മുൻപ് തന്നെ ഈ അങ്കത്തിനു താൻ ഇല്ലേയില്ല എന്ന് പ്രഖ്യാപിച്ചതും യു ഡി എഫ് സ്ഥാനാർഥിക്കു മേൽ തങ്ങളുടെ സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കുമെന്ന് എൽ ഡി എഫ് തുടക്കം മുതൽക്കു തന്നെ കരുതിയിരുന്നു. എൻ ഡി എ യിലെ പടല പിണക്കങ്ങൾകൂടി ആയപ്പോൾ തങ്ങളുടെ വിജയം അവർ ഏതാണ്ട് ഉറപ്പിച്ചതായിരുന്നു.

എന്നാൽ കാര്യങ്ങൾ അവർ വിചാരിച്ച രീതിയിലല്ല മുന്നോട്ടു പോയത്. യു ഡി എഫുമായി അടിച്ചുപിരിഞ്ഞെന്നവണ്ണം ത്രിശങ്കുവിൽ നിന്നിരുന്ന കെ എം മാണിയും അദ്ദേഹത്തിന്റെ പാർട്ടിയും അവസാന നിമിഷം യു ഡി എഫ് സ്ഥാനാർഥി ഡി വിജയകുമാറിന് മനസ്സില്ല മനസ്സോടെയാണെങ്കിലും പിന്തുണ പ്രഖ്യാപിച്ചതിനു മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിയോടു മാത്രമല്ല കോൺഗ്രസ്സും യു ഡി എഫും നന്ദി പറയേണ്ടത്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അവർ നന്ദി പറയേണ്ടതായുണ്ട്. മാണിയും പാർട്ടിയും യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോഴും എൻ ഡി എ യിലെ പ്രധാന ഘടകകക്ഷിയായ ബി ഡി ജെ എസും ആ പാർട്ടിക്ക് ജന്മം നൽകിയ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ ഡി എ സ്ഥാനാർഥി ശ്രീധരൻ പിള്ളക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടാല്ലായെന്നത് എൻ ഡി എ യുടെ തലവേദനയും ഇടതിന്റെ പ്രതീക്ഷയും ആകുന്നുണ്ട്.

മാണി, ബി ഡി ജെ എസ്, വെള്ളാപ്പള്ളി ബന്ധങ്ങൾ തുടങ്ങി ഒട്ടേറെ അനിശ്ചിതത്വങ്ങളുമായി ആരംഭിച്ച ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തികച്ചും അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളോടുകൂടിയാണ് പരിസമാപ്തിയായത് എന്നതും ഏറെ ശ്രദ്ധേയമാണ്. എൻ ഡി എ സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചിരുന്ന ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ വോട്ടെടുപ്പിന് മുൻപ് മിസോറാം ഗവർണർ ആയി നിയമിച്ചതും ഉമ്മൻ ചാണ്ടിയെ എ ഐ സി സി സി ജനറൽ സെക്രട്ടറി ആയി നിയമിച്ചതുമൊക്കെ മണ്ഡലത്തിൽ എതിരാളികൾ പ്രചാരണായുധമാക്കി. എങ്കിലും ചെങ്ങന്നൂരിൽ ഏറ്റവും ഒടുവിലത്തെ പാര വന്നു പതിച്ചത് എൽ ഡി എഫിന്റെ തലയിൽ ആയിരുന്നു. പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ സഹോദരനും സംഘവും തട്ടികൊണ്ടുപോയ കെവിൻ എന്ന യുവാവിന്റെ ജഡം തോട്ടിൽ പൊന്തിയത് വോട്ടെടുപ്പ് ദിനത്തിലായിരുന്നു. കെവിന്റെ മരണ വാർത്ത വോട്ടർമാരിൽ നിന്നും മൂടിവെക്കാൻ നടത്തിയ ശ്രമങ്ങൾ എത്രകണ്ട് വിജയിച്ചുവെന്നറിയില്ല. കെവിനെ തട്ടികൊണ്ടുപോയ സംഘത്തിൽ ഡി വൈ എഫ് ഐക്കാർ ഉണ്ടായിരുന്നുവെന്നതും തട്ടികൊണ്ടുപോയ വിവരം വധു തന്നെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അറിയിച്ചിട്ടും പോലീസ് അനങ്ങിയില്ലെന്നതും യു ഡി എഫും എൻ ഡി എ യും എത്രകണ്ട് വോട്ടാക്കി മാറ്റിയെന്നതും നാളെ ചെങ്ങന്നൂർ ഫലം വന്ന ശേഷമേ വ്യക്തമാകൂ.

Next Story

Related Stories