TopTop
Begin typing your search above and press return to search.

ഇദ് മുഴപ്പിലങ്ങാടാണപ്പാ! ഈടെ കരയിലും കടലിലും വണ്ടി പായും

ഇദ് മുഴപ്പിലങ്ങാടാണപ്പാ! ഈടെ കരയിലും കടലിലും വണ്ടി പായും

അതേ, മുഴപ്പലങ്ങാടില്‍ കരയിലും കടലിലും വണ്ടി പായും. ഇന്ത്യയിലെ ഒരേഒരു ലക്ഷണമൊത്ത ഡ്രൈവ് ഇന്‍ ബീച്ചും (കടല്‍ത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാന്‍ കഴിയുന്ന) ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചും ബിബിസി കണ്ടെത്തിയ അഞ്ച് മികച്ച ഡ്രൈവ് ഇന്‍ ബീച്ചുകളില്‍ ഒന്നും കണ്ണൂരിലെ ഈ മുഴപ്പിലങ്ങാട് തന്നെയാ. അപ്പോള്‍ നമ്മള്‍ മലയാളികള്‍ ലേശം അഹങ്കരിക്കുന്നതില്‍ തെറ്റില്ല. അഞ്ച് കിലോമീറ്ററോളം വിശാലമായി കിടക്കുന്ന ഉറച്ച കടല്‍ത്തീരമാണ് മുഴുപ്പിലങ്ങാടിന്റെ പ്രത്യേകത.

കേരളത്തിലെ ഒരേയൊരു ഡ്രൈവിങ് ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് തലശ്ശേരിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ്. നല്ല വൃത്തിയും ഒട്ടും തിരക്കുമില്ലാത്ത ഈ കടല്‍ത്തീരത്തെ സായാഹ്നങ്ങള്‍ അവിസ്മരണീയമായ അനുഭവമായിരിക്കും. യുഎസിലെ കൊരാള ബീച്ച്, ഓസ്ട്രേലിയയിലെ ഫ്രേസര്‍ കോസ്റ്റ് ക്വീന്‍സ്ലാന്റ്, ടെക്‌സസിലെ പഡ്രെ ഐലന്റ്, ബ്രസിലീലെ നതാല്‍ എന്നീ ലോക പ്രശസ്ത ബീച്ചുകള്‍ക്കൊപ്പമാണ് മുഴപ്പിലങ്ങാട് ബീച്ചിനെ 'ബിബിസി ഓട്ടോസ്' ഉള്‍പ്പെടുത്തിരിയിരിക്കുന്നത്.

അഞ്ച് കി.മീ ഓളം ദൂരം മുഴപ്പിലങ്ങാട് കടല്‍ത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാന്‍ കഴിയും. വേലിയേറ്റ സമയത്ത് വെള്ളം കയറി നനയുമ്പോള്‍ ഇവിടെയുള്ള മണല്‍ ഉറയ്ക്കുന്നു. അതിനാല്‍ വാഹനങ്ങളുടെ ടയറുകള്‍ മണലില്‍ താഴുകയില്ല. എന്നിരുന്നാലും വണ്ടി കടലിലേക്ക് ഇറക്കി നിര്‍ത്തിയിട്ടാല്‍ ടയറിന് ചുറ്റും മണല്‍ അടിഞ്ഞ് ഉറച്ച് വണ്ടി പിന്നീട് എടുക്കാന്‍ സാധിക്കാതെ വരാറുണ്ട്. മറ്റൊരു പ്രത്യേകത താരതമ്യേന ആഴം കുറവായതിനാല്‍ സുരക്ഷിതമായി കടലില്‍ ഇറങ്ങാന്‍ സാധിക്കുമെന്നതാണ്.

പാരാഗ്ലൈഡിംഗ്, പാരാസൈലിംഗ്, മൈക്ക് ലൈറ്റ് ഫ്‌ളൈറ്റുകള്‍, വാട്ടര്‍ സ്‌പോര്‍ട്‌സ്, പവര്‍ ബോട്ടിംഗ്, ലളിതമായ കടമരന്‍ റൈഡ് തുടങ്ങിയ സാഹസിക വിനോദങ്ങളും പ്രദേശത്ത് നടക്കാറുണ്ട്. ഏപ്രില്‍ - മെയ് മാസങ്ങളില്‍ ഇവിടെ നടക്കുന്ന 'ബീച്ച് ഫെസ്റ്റിവല്‍' പ്രശസ്തമാണ്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകള്‍, കുട്ടികളുടെ വിനോദ പരിപാടികള്‍, കലാ-സാംസ്‌ക്കാരിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാവും.

ഏറെ പ്രശസ്തമായ മലബാര്‍ ഭക്ഷണങ്ങള്‍ ആസ്വാദിക്കാന്‍ മികച്ചയിടമാണ് മുഴുപ്പിലങ്ങാട്. നാടന്‍ പലഹാരങ്ങളും വ്യത്യസ്തമായ ആഹാരങ്ങളും മനസും വയറും ഒരുപോലെ നിറയ്ക്കും. പ്രദേശത്തെ കടലിലേക്ക് ഇറങ്ങികിടക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയിലുണ്ടാകുന്ന കല്ലുമ്മക്കായ (ഒരിനം കക്ക) കൊണ്ടുള്ള വിഭവങ്ങള്‍, മത്സ്യ വിഭവങ്ങള്‍ അങ്ങനെ വ്യത്യസ്തമായ ഭക്ഷണങ്ങളുടെ കലവറയാണ് ഈ പ്രദേശം.

അര്‍ദ്ധവൃത്താകൃതിയില്‍ കിടക്കുന്ന ഈ കടല്‍ തീരത്തിന് തെക്കുവശത്ത് മനോഹരമായ ഒരു ചെറുദ്വീപാണ്. പ്രദേശവാസികള്‍ പച്ചത്തുരുത്ത് എന്ന് വിളിക്കുന്ന ധര്‍മ്മടം തുരുത്താണ് ആ ചെറുദ്വീപ്. വേലിയിറക്ക സമയത്ത് കടലിലൂടെ തന്നെ ഏകദേശം 200 മീറ്റര്‍ നടന്നാല്‍ ധര്‍മ്മടം തുരുത്തിലേക്ക് എത്താന്‍ സാധിക്കും. ഒട്ടേറെ ഔഷധ സസ്യങ്ങളും മറ്റും നിറഞ്ഞ് നില്‍ക്കുന്ന ഈ തുരുത്തിലേക്ക് ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്.

ശൈത്യകാലങ്ങളില്‍ ധാരാളം ദേശാടന പക്ഷികള്‍ എത്താറുള്ള പ്രദേശം കൂടിയാണ് മുഴപ്പിലങ്ങാട്. ചരിത്രത്തില്‍ താല്‍പര്യമുള്ള സഞ്ചാരികള്‍ക്ക് മുഴപ്പിലങ്ങാട് ബീച്ചിനടുത്തുള്ള ബുദ്ധമതത്തിന്റെ സ്വാധീനം വെളിവാക്കുന്ന ധര്‍മ്മ കുളങ്ങളും മറ്റും സന്ദര്‍ശിക്കാന്‍ കഴിയുന്നതാണ്. കൂടാതെ കണ്ണൂര്‍ കോട്ടയും, തലശ്ശേരി കോട്ടയും, ഫ്രഞ്ച് കോളനിയായിരുന്ന മാഹിയുമൊക്കെ അടുത്താണ്. തെയ്യത്തിന്റെ കാലമാണെങ്കില്‍ കളിയാട്ടങ്ങളും നല്ലൊരു അനുഭവമായിരിക്കും.

എങ്ങനെ എത്തിച്ചേരാം?

കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 66-ന് ദേശീയപാത (പഴയ ദേശീയപാത 17) സമാന്തരമായി ആണ് ഈ കടല്‍ തീരം സ്ഥിതിചെയ്യുന്നത്. കണ്ണൂരില്‍ നിന്ന് 15 കി.മീ ഉം,തലശ്ശേരിയില്‍ നിന്നും 8 കി.മീ അകലെയുമാണ് ഈ പ്രദേശം. കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും മുഴപ്പിലങ്ങാടിലേക്ക് ബസ് സൗകര്യമുണ്ട്. ടാക്‌സി സൗകര്യങ്ങളും ലഭ്യമാണ്.

കണ്ണൂരിലും തലശ്ശേരിയിലുമാണ് അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രം നിര്‍ത്തുന്ന എടക്കാട് റെയില്‍വേ സ്റ്റേഷനും അടുത്താണ്

ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളമാണ്. 25.7 കിലോമീറ്റര്‍ അകലെയാണ് കണ്ണൂര്‍ വിമാനത്താവളം. കോഴിക്കോട് വിമാനത്താവളം 105 കി.മീ അകലെയും മംഗലാപുരം (മംഗളൂരു) വിമാനത്താവളം 160 കി.മീ അകലെയും സ്ഥിതിചെയ്യുന്നു.


Next Story

Related Stories