TopTop
Begin typing your search above and press return to search.

ഹെയ്ദി സാദിയ ജീവിതം പറയുന്നു: അംഗീകരിക്കാത്ത ഇടങ്ങളിൽ ഇനി സ്ത്രീയായി കയറി ചെല്ലും

ഹെയ്ദി സാദിയ ജീവിതം പറയുന്നു: അംഗീകരിക്കാത്ത ഇടങ്ങളിൽ ഇനി സ്ത്രീയായി കയറി ചെല്ലും

ഡല്‍ഹിയിലായിരുന്നപ്പോള്‍ ഒരിക്കല്‍ പനി വന്ന് മരുന്നിനായി ആശുപത്രിയില്‍ പോയി, അന്ന് ആശുപത്രി ഒപി ടിക്കറ്റില്‍ ഹെയ്ദി സാദിയ, ഫീമെയില്‍ എന്നായിരുന്നു എഴുതിയിരുന്നത്. അന്ന് രോഗവിവരം തിരക്കുന്നതിനിടയില്‍ ഡോക്ടര്‍ ചോദിച്ചു ആര്‍ത്തവമായിട്ട് എത്ര ദിവസമായി എന്ന്. നിനക്ക് ആണായി ജിവിച്ചൂടെ എന്തിന് ആണുംപെണ്ണും കെട്ടരീതിയില്‍ നടക്കുന്നുവെന്ന ചോദ്യം പലതവണ കേട്ട് മുറിപ്പെട്ട ഹെയ്ദി സാദിയ അത്രമാത്രം സന്തോഷിച്ച ഒരു ദിവസമായിരുന്നു അന്ന്. ഒരു ഡോക്ടര്‍ക്ക് തന്നെ കണ്ടിട്ട് ഒരു ട്രാന്‍സ്‌ജെന്റര്‍ ആയല്ല, ഒരു പെണ്ണായിതോന്നി എന്നത് അവളെ അത്രമാത്രം സന്തോഷിപ്പിച്ചിരുന്നു. ഇപ്പോഴും അത് പറയുമ്പോള്‍ ഹെയ്ദി സാദിയയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ട്. കണ്‍മഷി പടര്‍ന്ന കണ്ണില്‍ അനുഭവിച്ച വേദനകളെയെല്ലാം മറന്ന് പുഞ്ചിരിക്കാന്‍ പഠിച്ച ഒരുവളുടെ ആത്മവിശ്വാസം സ്ഫുരിക്കുന്നുണ്ടായിരുന്നു.

ഞാന്‍ ഹെയ്ദി സാദിയയാണ് മുന്‍പ് എന്റെ പേര് എന്തായിരുന്നുവെന്ന് ഇനി ആരും അറിയേണ്ട. ഹെയ്ദി സാദിയ എന്ന പെണ്‍കുട്ടിയെന്നുതന്നെ ആളുകള്‍ അറിയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ ബ്രോഡ് കാസ്റ്റ് ജേര്‍ണലിസ്റ്റ് ഹെയ്ദി സാദിയ താന്‍ ജീവിതത്തില്‍ നേരിട്ട വേദനകളെ കുറിച്ചും, അതിനിടയിലുണ്ടായ ചെറിയ ചെറിയ സന്തോഷങ്ങളെ കുറിച്ചും പറഞ്ഞു തുടങ്ങി.

ഡല്‍ഹി ദിനങ്ങള്‍

അന്ന് ഹെയ്ദി സാദിയ ഡല്‍ഹിയിലായിരുന്നു, നീണ്ട വേദനയുടെ, ഒറ്റപ്പെടലിന്റെ, അടിച്ചമര്‍ത്തലിന്റെ ദിനങ്ങള്‍ക്ക് ശേഷമുള്ള സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു അത്. കിന്നര്‍ വിഭാഗക്കാരുടെ കൂടെയായിരുന്നു അന്ന് ജീവിച്ചിരുന്നത്. അവര്‍ക്കൊപ്പം മംഗള കര്‍മ്മങ്ങള്‍ നടക്കുന്ന വീടുകളില്‍ അന്ന് ബദായിക്ക് പോകുമായിരുന്നു. ബദായിയെന്നാല്‍ കേറിക്കൂടല്‍, കുട്ടി ജനിക്കല്‍, കല്യാണം തുടങ്ങിയ മംഗള കര്‍മ്മങ്ങള്‍ നടക്കുന്ന വീടുകളില്‍ ചെന്ന് ആശംസകള്‍ നേരുന്നതും, നൃത്തം ചെയ്യുന്നതുമൊക്കെയാണ്. അതിനെ ബഹുമാനത്തോടെയും, ആദരവോടെയുമായിരുന്നു അവിടെയുള്ള ആളുകള്‍ കണ്ടിരുന്നത്. അവര്‍ സന്തോഷത്തോടെ തരുന്ന പൈസയും, സമ്മാനങ്ങളും ഉപയോഗിച്ചായിരുന്നു അന്ന് ജീവിച്ചിരുന്നത്. തന്റെ ജീവിതത്തിലെ വലിയ വേദനകള്‍ക്ക് ശേഷമുള്ള ആ ദിവസങ്ങളെ ഓര്‍മ്മിക്കുകയായിരുന്നു ഹെയ്ദി സാദിയ. താന്‍ ഇംഗ്ലീഷ് സംസാരിക്കുന്നതൊക്കെ കേട്ട് പല വീട്ടിലുള്ള ആളുകളും അമ്പരന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് ഹെയ്ദി സാദിയ ഉറക്കെ ചിരിച്ചു. അത് ദല്‍ഹിയുടെ സംസ്‌കാരമായിരുന്നു. മറ്റ് നാടുകളില്‍നിന്ന് വിഭിന്നമായി ഭൂരിഭാഗം ആളുകളും ബഹുമാനത്തോടെയാണ് ട്രാന്‍സ്‌ജെന്റേഴ്‌സിനെ കണ്ടിരുന്നത്.

ബാംഗ്ലൂര്‍ നഗരവും, മഡിവാള മാര്‍ക്കറ്റിലെ ഭിക്ഷാടനവും

അതിന് മുന്‍പ് ജീവിച്ച ബാംഗ്ലൂര്‍ നഗരം അങ്ങനെയല്ലായിരുന്നു, ആണ്‍ശരീരത്തില്‍ നിലനിന്നിരുന്ന പെണ്‍സ്വത്വത്തെ വീട്ടുകാരും കൂടെയുള്ളവരും അംഗീകരിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ശസ്ത്രക്രീയയിലൂടെ പെണ്ണായി മാറുക എന്ന ഒറ്റ സ്വപ്‌നവുമായിട്ടായിരുന്നു മലപ്പുറത്തെ വീട്ടില്‍നിന്നും ബാംഗ്ലൂരിലേക്ക് വണ്ടി കയറിയത്.എന്നാല്‍ ബാംഗ്ലൂരില്‍ ലൈംഗികന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഒന്നിച്ച് താമസിച്ചിരുന്ന ഹമാമില്‍ ഹെയ്ദി സാദിയയെ കാത്തിരുന്നത് വേദനയും, അടിച്ചമര്‍ത്തലുകളും തന്നെയായിരുന്നു. എങ്ങോട്ട് പോവേണ്ടി വന്നാലും അങ്ങോട്ട് ആരും പോവേണ്ട അവസ്ഥ ഉണ്ടാവരുതേയെന്ന് പറഞ്ഞുകൊണ്ട് ഹെയ്ദി സാദിയ ആ കഥ പറയാന്‍ തുടങ്ങി. 'അന്നൊക്കെ നേരം വെളുത്താല്‍ തന്നെ പണിതുടങ്ങുമായിരുന്നു. ഒന്നെങ്കില്‍ ഹമാമ് വൃത്തിയാക്കലായിരുന്നു, അല്ലെങ്കില്‍ മഡിവാള മാര്‍ക്കറ്റില്‍ ഭിക്ഷയെടുക്കലായിരുന്നു. ഭിക്ഷയെടുക്കലെന്നാല്‍ പച്ചക്കറിയുംമറ്റും ചോദിച്ചുവാങ്ങും, ഇത്തരത്തില്‍ ചാക്കുകളില്‍ ശേഖരിക്കുന്ന പച്ചക്കറികളാണ് ഹമാമില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പലപ്പോഴും നായകിന്റെ - ഹമാമില്‍ മുതിര്‍ന്ന സ്ഥാനത്തുള്ള സ്ത്രീ- ബന്ധുക്കളോ മറ്റോ ഈ പച്ചക്കറികള്‍ മറിച്ചു വില്‍ക്കുകയാണ് ഉണ്ടായിരുന്നത്. നമ്മള്‍ അദ്ധ്വാനിക്കുന്ന പണം മറ്റൊരാള്‍ അനുഭവിക്കുന്ന അവസ്ഥ തീര്‍ത്തും പരിതാപകരമായിരുന്നു. ശസ്ത്രക്രീയക്കുള്ള പണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു അവര്‍ ആദ്യം കൂടെ നിര്‍ത്തിയത്. കൂടുതലായി തമിഴ് നാട്ടുകാരായിരുന്നു അവിടെ ഉണ്ടായിരുന്നത്. കൂടുതലും ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍. മലയാളികള്‍ അവിടെയെത്തിയാല്‍ ചെന്നുപെടുന്നത് പലപ്പോഴും അവിടെയാണ്.

ജീവിതം മുന്നോട്ട് പോവില്ല എന്ന് ഉറപ്പിച്ച നാളുകളായിരുന്നു അത്. സര്‍ജറിക്കുള്ള പണം കണ്ടെത്തുകയെന്നത് വിദൂര സ്വപ്‌നമായിതന്നെ നിലനില്‍ക്കുകയായിരുന്നു. അവര്‍ പലതരത്തില്‍ ചൂഷണം ചെയ്യുന്നത് സഹിക്കാന്‍ കഴിയാതെയാണ് ഞാന്‍ അവിടെനിന്ന് രക്ഷപെടാന്‍ ശ്രമിച്ചത്. ഒരു സുഹൃത്തിന്റെ സഹായത്തോടെ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. ഹാമാമില്‍നിന്ന് ഇറങ്ങിയ എന്നെ സുഹൃത്ത് ഡല്‍ഹിയിലേക്ക് ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു. അങ്ങനെയാണ് ഡല്‍ഹിയില്‍ എത്തുന്നത്.

കേരളത്തില്‍നിന്ന് ബാംഗ്ലൂരിലേക്ക് ജീവിതം പറിച്ച് നട്ടതിന് പിന്നിലും ഒരു കഥയുണ്ട്. ഹെയ്ദി സാദിയ അത് പറയുവാന്‍ തുടങ്ങി. ബാംഗ്ലൂരില്‍ എത്തുന്നതിന് മുന്‍പ് മംഗലാപുരത്ത് ഒരു പ്രൈവറ്റ് കോളേജില്‍ മെഡിക്കലിന് പഠിക്കുകയായിരുന്നു. തന്റെ സീനിയറായി അവിടെ ഒരു ട്രാന്‍സ്‌ജെന്റര്‍ പെണ്‍കുട്ടിയുണ്ടായിരുന്നു. എന്നാല്‍ ഒരു ആണ്‍ ശരീരത്തില്‍ ജീവിച്ചിരുന്ന താന്‍ അവരോട് സംസാരിക്കുന്നതും, അടുക്കുന്നതുമൊക്കെ ആളുകള്‍ കണ്ടിരുന്നത് അസഹിഷ്ണുതയോടെയായിരുന്നു. പതുക്കെ തന്റെ സ്വത്വവും അവര്‍ക്ക് പ്രശ്‌നമാകുവാന്‍ തുടങ്ങി. താന്‍ അടുത്തുള്ളത് അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു പലരുടേയും പരാതി. ഒരിക്കല്‍ ക്ലാസ് മുറിയില്‍വെച്ച് ആണ്‍കുട്ടികള്‍ കൂട്ടമായി ചേര്‍ന്ന് ഉപദ്രവിക്കുകവരെ ചെയ്തു. അതിന്റെ പേരിലുണ്ടായ പ്രശിനത്തിലാണ് അവിടെ പഠനം തുടരാന്‍ കഴിയാതെ വന്നത്. മുന്നോട്ട് പോവാന്‍ പറ്റില്ല എന്ന സാഹചര്യത്തില്‍ പഠനം നിര്‍ത്തി വീട്ടില്‍ പോവുകയായിരുന്നു. എന്നാല്‍ പഠിക്കാന്‍ വിട്ടിട്ട് പഠിക്കാതെ തിരിച്ചുവന്ന എന്നെ ഉള്‍ക്കൊള്ളാന്‍ വീട്ടുകാര്‍ക്കും കഴിഞ്ഞില്ല. വീട്ടിലും പ്രശിനങ്ങള്‍ ഉണ്ടാവുന്നു എന്ന് കണ്ടാണ് വീട് വിട്ടതെന്ന് പറയുമ്പോള്‍ ഹെയ്ദി സാദിയയുടെ കണ്ണില്‍ വീടിന്റെ ഓര്‍മ്മകള്‍ വേദനയായി അവശേഷിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ വീട് വിട്ടിറങ്ങുകയായിരുന്നു.

ബാല്യകാലം

ബാല്യകാലവും, പ്ലസ് ടു കാലവുമൊക്കെ പഠിച്ചിരുന്നത് ഉമ്മയുടെ വീട്ടില്‍ വെച്ചായിരുന്നു. ചെറുപ്പം മുതല്‍ പെണ്‍കുട്ടികളോട് കൂട്ട് കൂടാനായിരുന്നു താല്‍പ്പര്യം. അവര്‍ക്കൊപ്പം പാട്ട് പാടാനും ഡാന്‍സ് ചെയ്യാനുമൊക്കെ ഇഷ്ടമായിരുന്നു. എന്നാല്‍ എല്ലാവരും കളിയാക്കുമായിരുന്നു. ആണ്‍കുട്ടികളുടെ കൂടെ പോയി ഫുട്‌ബോളും, ക്രിക്കറ്റും കളിക്കാന്‍ എല്ലാവരും പറയുമായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ കളിക്കാന്‍ കൂടെ കൂട്ടുകയില്ലായിരുന്നു. അവര്‍ എല്ലായിപ്പോഴും ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ചെറിയ കുട്ടികളായിരുന്നപ്പോള്‍ പോലും അധികാരത്തോടെ തന്നോട് പെരുമാറിയിരുന്ന ആണ്‍കുട്ടികളുണ്ടായിരുന്നുവെന്ന് ഹെയ്ദി സാദിയ ഓര്‍മ്മിക്കുന്നു. നിനക്ക് ആണായി നടന്നൂടെ, ആണ്‍കുട്ടികള്‍ ഇങ്ങനെയല്ല എന്നൊക്കെ പറഞ്ഞ് പുരുഷന്മാരായാല്‍ അധികാരമെടുക്കണം എന്നൊക്കെ പറഞ്ഞുകൊണ്ട് തന്നോട് ഇടപെട്ടിരുന്ന ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് ഹെയ്ദി പറയുന്നു. ഒരിക്കല്‍ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത്, അടുത്ത ബന്ധുവായ ഒരാള്‍ നീ ആണാണോ, പെണ്ണാണോ എന്ന് ചോദിച്ചുകൊണ്ട് നടുറോഡില്‍ വെച്ച് തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്ന് ഹെയ്ദി സാദിയ പറയുന്നു. അത് വല്ലാതെ വേദനിപ്പിച്ചിരുന്നു. അവിടുന്ന് ഓടി രക്ഷപെടുകയാണുണ്ടായത്, ആണ്‍ശരീരത്തില്‍ ജീവിക്കുന്ന പെണ്ണെന്ന നിലയില്‍ പലരും തന്നെ ചൂഷണം ചെയ്യാനും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചിരുന്നുവെന്നും ഹെയ്ദി സാദിയ പറയുന്നു.

അന്നൊക്കെ വീട്ടില്‍ തനിച്ചാകുമ്പോഴൊക്കെ ഉമ്മയുടെ വസ്ത്രങ്ങള്‍ അണിഞ്ഞ് നോക്കുമായിരുന്നു. അപ്പോഴുണ്ടായിരുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുകയില്ല. ഉമ്മയുടെ വസ്ത്രങ്ങളണിഞ്ഞ് കിടന്നുറങ്ങുമ്പോള്‍ അനുഭവിച്ച ആനന്ദത്തിന് അതിരുകളില്ലെന്ന് ഹെയ്ദി. അതിനിടയില്‍ കുറച്ച് കാലം ഖുറാന്‍ പഠിക്കാന്‍ പോയിരുന്നു. അവിടെ ആണ്‍കുട്ടികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കല്‍ അവിടെയുള്ള ഒരു സീനിയര്‍ പ്രണയമാണ് നിന്നോടെന്ന് പറയുകയുണ്ടായി. അയാള്‍ പലപ്പോഴും ബലമായി പിടിച്ച് ചുംബിക്കനൊക്കെ ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യം ഭയം തോന്നിയെങ്കിലും ആ വ്യക്തിയോട് ഒരിഷ്ടമൊക്കെ തോന്നിയിരുന്നു. വലുതാകുമ്പോള്‍ നിന്നെ ഞാന്‍ വിവാഹം കഴിക്കാമെന്ന് അയാള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ അവിടേയും പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് അയാളെ കാണുകയുണ്ടായില്ല, അയാള്‍ എവിടെയാണെന്നും അറിയില്ല. തന്റെ സ്വത്വത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനപ്പുറം ഉസ്താദ്മാരുടെ പീഡനമായിരുന്നു പഠനം നിര്‍ത്താന്‍ കാരണമായിരുന്നത്. ഖുറാനിലെ ഒരു വാക്കൊക്കെ തെറ്റിപ്പോയാല്‍ അവര്‍ കെട്ടിയിട്ട് തല്ലുമായിരുന്നു. അത് വല്ലാതെ ഭയപ്പെടുത്തിയപ്പോഴാണ് ഖുറാന്‍ പഠനം നിര്‍ത്തേണ്ടി വന്നത്. ഖുറാന്‍ വിശുദ്ധ ഗ്രന്ഥമാണെന്നും അത് ഇങ്ങനെയല്ലാ പഠിപ്പിക്കേണ്ടതെന്നും തന്റെ ജീവിതം പറയുന്നതിനൊപ്പം ഹെയ്ദി പറയുകയുണ്ടായി.

വീടെന്ന ഓര്‍മ്മ

വീട് വിട്ടിറങ്ങിയിട്ട് ഇപ്പോള്‍ ആറ് വര്‍ഷമായി. ഉമ്മയും,ഉപ്പയും വീട്ടിലേയ്ക്ക് വിളിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്, ഉമ്മയുടെ കൈയ്യില്‍നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിച്ചിട്ട് എനിക്ക് മരിച്ചാലും വിഷമമില്ല ഹെയ്ദി സാദിയ ഇത്രകാലത്തെ ജീവിതത്തിനിടയില്‍ വീട്ടിലുണ്ടായിരുന്നപ്പോഴുള്ള ദിനങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങി. ചെറുപ്പത്തില്‍ പെണ്‍കുട്ടികളുടെ ഒപ്പം നടക്കുമ്പോള്‍, ഇനി പെണ്‍കുട്ടികളുടെ 'കുപ്പായംകൂടി' ഇട്ടാല്‍ മതി ശരിക്കും പെണ്ണായി എന്ന് പറഞ്ഞ വീട്ടുകാര്‍ക്ക് താന്‍ പെണ്ണായി മാറാന്‍ ആഗ്രഹിച്ചത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയി. ചെറുപ്പത്തില്‍ സഹോദരങ്ങള്‍ക്ക് തന്നെ ഒപ്പം കൊണ്ടുപോകുവാന്‍ മടിയായിരുന്നു. അവര്‍ പലപ്പോഴും ഒഴിവാക്കുകയാണുണ്ടായത്. എന്നാല്‍ ഇന്ന് പല ബന്ധുക്കാളും വിളിക്കുന്നുണ്ട്. പലരും കുട്ടിക്കാലത്തെ പെരുമാറ്റങ്ങളുടെ പേരില്‍ ക്ഷമ പറയുകയുണ്ടായി. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ പഠനകാലത്ത് അവര്‍ നാട്ടിലേക്ക് വിളിച്ചിരുന്നു. വീടിനടുത്ത് വരെ ഞാന്‍ പോയി. നാട്ടുകാര്‍ക്ക് പലര്‍ക്കും എന്നെ കണ്ടിട്ട് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. വീട്ട്കാര് ഭയക്കുന്നത് ചുറ്റുമുള്ളവര്‍ എന്ത് പറയും എന്നതിനെയായിരിക്കും എന്നാല്‍ അവര്‍ വീട്ടിലേക്ക് വിളിച്ചില്ലെങ്കിലും അവരുടെ അനുഗ്രഹം മാത്രം മതി തനിക്കെന്ന് ഹെയ്ദി സാദിയ പറയുന്നു.

പെണ്ണിലേക്കുള്ള മാറ്റം

പെണ്ണായി മാറിയതിനെ കുറിച്ച് ഊര്‍ന്നിറങ്ങിയ കടുംഓറഞ്ച് നിറത്തിലുള്ള തട്ടം തലയിലേക്ക് എടുത്തിട്ടുകൊണ്ട് ഹെയ്ദി സാദിയ പറഞ്ഞു തുടങ്ങി. ബാംഗ്ലൂരില്‍ വെച്ചാണ് ഞാന്‍ കാത് കുത്തുന്നത്. അത് വല്ലാത്ത സന്തോഷം നല്‍കിയിരുന്നു. അത്രമേല്‍ ആഗ്രഹിച്ചിരുന്നു പെണ്ണായിമാറുവാന്‍. കാത് കുത്തിയതിന്റെ വേദനപോലും അന്ന് അറിഞ്ഞിരുന്നില്ല. ഡല്‍ഹിയില്‍വെച്ചായിരുന്നു എല്‍ജിബിറ്റിക്യൂ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമിനേയും, സൂര്യയേയുമൊക്കെ പരിചയപ്പെടുന്നത്. അതിന്‌ശേഷമായിരുന്നു ശസ്ത്രക്രീയ. ശസ്ത്രക്രീയക്കുള്ള പണം പലതരം ജോലികള്‍ ചെയ്തിട്ടായിരുന്നു ഉണ്ടാക്കിയത്. ശസ്ത്രക്രീയ കഴിഞ്ഞ് വിന്യ എന്ന വ്യക്തിയുടെ അടുത്തായിരുന്നു ഞാന്‍ എത്തിയത്. വിന്യാമ്മയാണ് എന്നെ ശസ്ത്രക്രീയ ചെയ്തുകിടക്കുമ്പോള്‍ പൊന്നു പോലെ നോക്കിയിരുന്നത്.

തുടര്‍പഠനം

കേരളത്തിലെത്തണമെന്നും പഠനം തുടരണമെന്നും അതിയായി ആഗ്രഹിച്ചിരുന്നു. തിരുവനന്തപുരത്തെത്തി ചില കോഴ്‌സുകള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പ്രസ്‌ക്ലബ്ബില്‍ എന്‍ട്രന്‍സെഴുതി ഇന്‍ര്‍വ്യൂവിന് വിളിച്ചപ്പോഴൊന്നും താന്‍ ട്രാന്‍സ്‌ജെന്റര്‍ ആണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. അത് അറിഞ്ഞ് കഴിഞ്ഞിട്ടും ആരും ഒരു തരത്തിലുള്ള വേര്‍തിരിവും തന്നോട് കാണിച്ചിരുന്നില്ല. ഒരു പെണ്‍കുട്ടിയായിതന്നെയായിരുന്നു അവരെല്ലാരും പരിഗണിച്ചത്. ഇപ്പോള്‍ കൈരളിയില്‍ ജോലി ചെയ്യുന്നതിലും സന്തോഷം മാത്രമേയുള്ളൂ. സ്വയം പര്യാപ്തത നേടുക എന്ന വലിയ സ്വപ്‌നത്തിലേക്കാണ് താന്‍ എത്തിയിരിക്കുന്നത്. ഒരു ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ വിജയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഹെയ്ദി സാദിയ പറയുന്നു.

ഒരിക്കല്‍ നടുറോഡില്‍ ആണ്ണും പെണ്ണും കെട്ടതെന്ന പേരില്‍ ആളുകളാല്‍ ഉടുവസ്ത്രം വലിച്ചുകീറപ്പെട്ട ഹെയ്ദി സാദിയ ഇന്ന് അതേ നാട്ടിലേയ്ക്ക് അതിഥിയായി പോവുകയാണ്. അതും ഒരു പെണ്ണായി. ഒരിക്കല്‍ അപമാനിച്ച അതേ നാട്ടുകാര്‍തന്നെയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണെന്ന് ഹെയ്ദി സാദിയ പറയുന്നു. കാലം മാറും അത് ഉറപ്പാണ്. അംഗീകരിക്കാതിരുന്ന ഇടങ്ങളിലേക്കെല്ലാം ഒരു സ്ത്രീയായിതന്നെ കയറിച്ചെല്ലുമെന്ന ആത്മവിശ്വാസത്തിലാണ് സാദിയ


Next Story

Related Stories