TopTop
Begin typing your search above and press return to search.

അഡ്വ. നിവേദിത; മൂന്നാം വയസില്‍ രാഷ്ട്രീയ തടവുകാരി, ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍

അഡ്വ. നിവേദിത; മൂന്നാം വയസില്‍ രാഷ്ട്രീയ തടവുകാരി, ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍

വി ഉണ്ണികൃഷ്ണന്‍

അടിയന്തരാവസ്ഥയുടെ തടവറയില്‍ എത്തുമ്പോള്‍ നിവേദിതയ്ക്ക് പ്രായം മൂന്നു വയസ്!

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ അഡ്വ. നിവേദിത സുബ്രഹ്മണ്യത്തിന്റെ മനസില്‍ കേട്ടറിഞ്ഞ പഴയകാലത്തിന്റെ ഊര്‍ജ്ജമുണ്ട്.

1975, അടിയന്തരാവസ്ഥയുടെ കരാളഹസ്തങ്ങള്‍ രാജ്യമെങ്ങും പിടിമുറുക്കിയ കാലം. ഇങ്ങ് ഗുരുവായൂരിലും ഇന്ദിര ഗാന്ധിയുടെ കാവല്‍ഭടന്മാര്‍ കറുത്ത പകലുകള്‍ ഒരുക്കിയിരുന്നു. പക്ഷേ എവിടെ നിന്നുമെന്നപോലെ ക്ഷേത്രനഗരിയിലും സമീപപ്രദേശങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ജനസംഘത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഈ പ്രദേശങ്ങളില്‍ പ്രതിരോധമുയര്‍ത്തിയത്. അതിന്റെ മുന്നണി പോരാളികളായിരുന്നു രാധ ബാലകൃഷ്ണനും ഭര്‍ത്താവ് ആണിടത്ത് ബാലകൃഷ്ണന്‍ നായരും. സ്വഭാവികമായും ഇരുവരും പൊലീസിന്റെ നോട്ടപ്പുള്ളികളായി.

രാധയ്ക്കും ബാലകൃഷ്ണനും പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇവരെ പൂട്ടിയാല്‍ അണികളുടെ ആവേശം കുറയ്ക്കാമെന്ന് പൊലീസ് കണക്കുക്കൂട്ടി. പക്ഷേ അതേ രീതിയില്‍ തന്നെ ചിന്തിച്ചിരുന്ന രാധയും ബാലകൃഷ്ണനും പൊലീസിന്റെ വലയില്‍ വീഴാതെ കളം മാറ്റിക്കൊണ്ടിരുന്നു.

ഇരുവരെയും അന്വേഷിച്ച് വീട്ടില്‍ ചെല്ലുന്നത് പൊലീസ് പതിവാക്കി. പക്ഷേ പ്രയോജനമുണ്ടായില്ല. എന്നാലും അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള സമരത്തിന്റെ മുന്‍ നിരയില്‍ ഇരുവരും സജീവമായിരുന്നു. ആ ആവേശം തന്നെയാണ് ഒടുവില്‍ പൊലീസിന് സഹായകമായതും.

പാലക്കാട് നടന്ന സമരത്തില്‍ രാധയെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ പിടിയില്‍ ആകുമ്പോള്‍ രാധ ഒറ്റയ്ക്കായിരുന്നില്ല. കൂടെ ഒരു മൂന്നു വയസുകാരി മോളും ഉണ്ടായിരുന്നു, നിവേദിത. കുഞ്ഞിനെയും അമ്മയേയും വേര്‍പെടുത്താനായി പിന്നീട് പൊലീസിന്റെ ശ്രമം. പക്ഷേ ആ മാതൃത്വശക്തിക്കു മുന്നില്‍ പൊലീസിന് അടിയറവ് പറയേണ്ടി വന്നു. ഒടുവില്‍ കേരളത്തിലാകമാനം ജയിലിലായ 7314 പേരോടൊപ്പം രാധ ബാലകൃഷ്ണനും മകള്‍ മൂന്നുവയസുകാരി നിവേദിതയും പാലക്കാട് കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയിലില്‍ അടയ്ക്കപ്പെട്ടു. ഒരു മാസത്തോളം തടവറയില്‍ കഴിയേണ്ടി വന്നു രാധയ്ക്ക്. അത്രയും നാള്‍ അമ്മയോടും മറ്റു വനിതാ തടവുകാരോടും ഒപ്പം നിവേദിതയും അടിയന്തരാവസ്ഥയിലെ രാഷ്ട്രീയ തടവുകാരിയായി കോട്ടയിലെ ജയിലറയില്‍.അടിയന്തരാവസ്ഥയുടെ കറുത്ത കാലം കഴിഞ്ഞെങ്കിലും രാധയിലെയും ബാലകൃഷ്ണനിലെയും സമരതീക്ഷ്ണത അവസാനിച്ചിരുന്നില്ല. അവര്‍ വീണ്ടും സമരമുന്നണികളില്‍ എത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ നടന്ന സമരത്തിലും രാധബാലകൃഷ്ണന്‍ ദമ്പതി മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു. ശബരിമല അയ്യപ്പക്ഷേത്രത്തിലേക്കുള്ള വഴിയില്‍ ക്രിസ്തീയ ദേവാലയം പണികഴിപ്പിക്കുന്നതിനെതിരെ 1983ല്‍ നടന്ന നിലയ്ക്കല്‍ സമരത്തില്‍ മുന്നണി പോരാളികളായിരുന്നു രാധയും ബാലകൃഷ്ണനും. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനു ശബരിമലയില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞത് രാധയുടെ നേതൃത്വത്തിലായിരുന്നു. നിലയ്ക്കല്‍ സമരത്തിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജനശ്രദ്ധയില്‍ എത്തുന്നത്. പിന്നീട ജനസംഘം ബിജെപിയില്‍ ലയിച്ചതോടെ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി രാധയെ നിയോഗിച്ചു. 2001 ല്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും രാധ ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് ജനവിധി തേടുകയും ഉണ്ടായി.

തീരെ ചെറുപ്രായത്തില്‍ നടന്നതെല്ലാം അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമാണ് ഞാന്‍ പിന്നീട് അറിയുന്നത്. അന്ന് എന്നോടൊപ്പം മറ്റൊരു കുട്ടിയും ജയിലില്‍ ഉണ്ടായിരുന്നതായി അമ്മ പറഞ്ഞിരുന്നു. എന്നേക്കാള്‍ മൂത്തതായിരുന്നു. ഒരു മാസമായിരുന്നത്രേ ജയിലിനകത്ത്. ഇടയ്ക്ക് ഒരു തവണ പുറത്തു കൊണ്ടുപോയതായും പറയുന്നു. ഒരേയൊരു തവണ മാത്രം. മറ്റേ കുട്ടിയേയും അങ്ങനെ പുറത്തു കൊണ്ടുവന്നിരുന്നു. വളരെ കുറച്ചു നേരത്തേക്കു മാത്രമായിരുന്നു. ഒരു മാസത്തിനു ശേഷമാണ് അമ്മയെ വിട്ടത്. അപ്പോഴായിരുന്നു എന്റെയും മോചനം. ജയിലില്‍ നിന്നും അമ്മയുടെ കൈവിരല്‍ത്തുമ്പു പിടിച്ചു ഞാന്‍ പുറത്തിറങ്ങിയത് ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയത്തടവുകാരിയായിട്ടായിരുന്നു; ഓര്‍മകളുടെ സമരകാലം നിവേദിത പങ്കുവച്ചു.

ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയത്തടവുകാരിയായെങ്കിലും അതേ വഴിയിലേക്ക് നിവേദിത വീണ്ടുമെത്തുന്നത് വര്‍ഷങ്ങള്‍ക്കിപ്പുറമായിരുന്നു. മാംഗ്ലൂര്‍ സര്‍വ്വകലശാലയില്‍ നിന്നും നിയമ വിദ്യാഭ്യാസം പൂര്ത്തിയാക്കി. 1993ല്‍ വിവാഹം കഴിഞ്ഞു. അടുത്ത വര്‍ഷം ഭര്‍ത്താവിനോടൊപ്പം നിവേദിത വിദേശത്തേക്ക് പറന്നു. 15 വര്‍ഷത്തിനു ശേഷമാണ് പിന്നീട് നാട്ടില്‍ എത്തുന്നത്. നാട്ടിലുള്ളപ്പോഴാണ് അച്ഛന്റെ മരണം. പിന്നെ തിരികെപ്പോയില്ല. നാട്ടില്‍തന്നെ അഭിഭാഷകവൃത്തിയില്‍ തുടര്‍ന്നു. ഈ കാലയളവിലാണ് അമ്മ കിടപ്പിലാവുന്നത്. രോഗാവസ്ഥയില്‍ നാലര വര്‍ഷം ഒരേ കിടപ്പ്. 2012ല്‍ അമ്മ മരിച്ചു. അച്ഛന്റെയും അമ്മയുടെയും മരണം സൃഷ്ടിച്ച ആഘാതം കൂടാതെ വിധി വീണ്ടും നിവേദിതയ്ക്കായി ദുരന്തം കാത്തുവച്ചിരുന്നു. ഒരു ആക്‌സിഡന്റില്‍ നിവേദിതയ്ക്ക് നഷ്ടമായത് ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും.

ജീവിത്തിന്റെ കറുത്ത പകലുകളെ ചെറുപ്രായത്തിലെ കണ്ടു വളര്‍ന്നതുകൊണ്ടാകണം തന്റെ നഷ്ടങ്ങളെ ഉള്ളിലൊതുക്കി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലാന്‍ നിവേദിതയ്ക്ക് കഴഞ്ഞത്. അഭിഭാഷകവൃത്തിക്കാപ്പം രാഷ്ട്രീയവും കൂടെ കൂട്ടി.

ഒരിക്കല്‍ അമ്മ അങ്കത്തിനിറങ്ങിയ അതേ മണ്ഡലത്തിലാണ് നിവേദിതയും എത്തുന്നത്. എതിരാളികള്‍ സിപിഐഎമ്മിന്റെ സിറ്റിംഗ് എംഎല്‍എ കെവി അബ്ദുള്‍ ഖാദറും മുസ്ലിം ലീഗിന്റെ പിഎം സാദിഖ് അലിയും. സ്ഥാനാര്‍ത്ഥിയായതോടെ മുഴവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് മാറിയിരിക്കുകയാണ് ചാവക്കാട് കോടതിയിലെ അഭിഭാഷകയായ നിവേദിത. പോരാട്ടം കടുത്തതാണെങ്കിലും ഉള്ളിലുള്ള സമരഗാഥയുടെ ഊര്‍ജ്ജം നിവേദിതയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല...

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)


Next Story

Related Stories