TopTop
Begin typing your search above and press return to search.

സമരം വയ്യാശാനേ, വേറെ എന്തുണ്ട് വിശേഷങ്ങള്‍ പറ പറ കേള്‍ക്കട്ടെ

സമരം വയ്യാശാനേ, വേറെ എന്തുണ്ട് വിശേഷങ്ങള്‍ പറ പറ കേള്‍ക്കട്ടെ

പ്രിയന്‍ അലക്‌സ്‌

സംഭവിക്കുന്നതിങ്ങനെയാണ്. നമ്മള്‍ ചിലതൊക്കെ കടന്നുപോയിരിക്കുന്നു. പിന്നെയും ഒരുപാട് വെള്ളം ഒഴുകിപ്പോയിരിക്കുന്നു. നമ്മള്‍ പോസ്റ്റ് ഹ്യൂമനിസത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു. ശാസ്ത്ര-സാങ്കേതികവിദ്യയും മറ്റും എങ്ങനെ സൈബോര്‍ഗുകളെ സൃഷ്ടിക്കുന്നുവെന്നും, മാനവികത എങ്ങനെ പുനര്‍നിര്‍വചിക്കപ്പെടുന്നു അതിന്റെ രാഷ്ട്രീയമെന്താണ് എന്നൊക്കെ അന്വേഷിക്കലാണ് പോസ്റ്റ് ഹ്യൂമനിസം എന്നു പറയുന്നത്. പക്ഷെ അതുമാത്രമല്ല. എ ടി എം മെഷീനുകള്‍ക്കുമുമ്പിലും വോട്ടിങ്ങ് യന്ത്രത്തിനു മുന്നിലും, ഓണ്‍ലൈനായി ലഭിക്കുമെന്ന് പറയപ്പെടുന്ന സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ക്കുമുന്നിലും ഫേസ്ബുക്കിലും (ഫേസ്ബുക്ക് എന്നാണ് പേരെങ്കിലും മുഖം നോക്കാതെ എന്തും പറയാമല്ലോ!) നില്‍ക്കുന്ന നമ്മളൊക്കെ പോസ്റ്റ് ഹ്യൂമനിസ്റ്റുകളായി മാറുന്നു. ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും. ഇതുവരെയുള്ള രാഷ്ട്രീയവും, സാംസ്‌കാരികതയും, ഇക്കോസോഷ്യലിസവുമെല്ലാം അല്പം മാറിനില്‍ക്കേണ്ടിവരുന്നു. അഥവാ അതങ്ങനെ ആയിത്തീരുകയാണ്.

അതുകൊണ്ടെന്താണ്? നിങ്ങളൊന്നാലോചിക്കൂ. ഒരു സ്‌കൂള്‍ ബസിന്റെ മേലെ മരം വീണാല്‍, റോഡരികിലെ മരങ്ങളോ, അവയുടെ കൊമ്പുകള്‍ മുഴുവനുമോ വെട്ടിനീക്കണമെന്ന് ഉത്തരവുനല്‍കുന്ന ഒരു സര്‍ക്കാര്‍ നമുക്കുണ്ട്. വനമഹോത്സവവൃക്ഷങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റണമെന്ന് മാതൃഭൂമി ദിനപത്രത്തില്‍ ഒരു വായനക്കാരന്റെ കത്ത് അച്ചടിച്ചുവരുന്നു. എന്‍ വി കൃഷ്ണവാര്യര്‍ ആഴ്ച്ചപതിപ്പിലൂടെ പത്രത്തെ തിരുത്തിയ കഥ നമുക്കറിയാം. ഇന്നാണെങ്കില്‍ വാര്യര്‍ അതിനുമുതിരില്ലായിരിക്കും. സൈലന്റ് വാലി പദ്ധതിയെ അനുകൂലിച്ച് പത്രം മുഖപ്രസംഗമെഴുതിയശേഷവും വാര്യര്‍ക്ക് പദ്ധതിയെ എതിര്‍ക്കാമായിരുന്നു. അനെര്‍ട്ടില്‍നിന്ന് രാജിവെച്ചശേഷവും ആര്‍ വി ജി മേനോന് ഇടതുപക്ഷക്കാരനായി തുടരാമായിരുന്നു. പി ഗോവിന്ദപ്പിള്ളയെ പാര്‍ട്ടിക്ക് ബഹുമാനപൂര്‍വ്വം ശാസിക്കാമായിരുന്നു. അതൊക്കെ മോഡേണിസത്തില്‍ സംഭവിച്ചതാണ്. പുതിയപണവും വലിയപണവും കീഴടക്കുന്ന രാഷ്ട്രീയത്തില്‍ അതുണ്ടാവില്ല. ഒരു പാലം പണിതാല്‍ ആരും വോട്ട് ചെയ്യില്ല, അതിനു വിമാനത്താവളമോ, തുറമുഖമോ പണിതുനല്‍കണമെന്നായിരിക്കുന്നു. സിനിമ കാണുമ്പോള്‍ തിയറ്ററിലാണെന്നത് മറക്കാന്‍ കഴിയണമെന്ന് റോമാന്‍ പൊളന്‍സ്‌കി പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ജീവിക്കുകയെന്നാല്‍ ജീവിക്കുകയാണെന്നത് മറക്കണമല്ലോ. സ്വബോധത്തോടെയാണെങ്കില്‍ ഇവിടെ ജീവിക്കാന്‍ മറന്നുപോകും. ഇവിടെ ഖജനാവിന് നഷ്ടമില്ലാതെ എന്തും മോഷ്ടിക്കാം, തെളിവുണ്ടെങ്കില്‍ മാത്രമേ അത് ജനങ്ങള്‍ വിശ്വസിക്കൂ ശരിക്കും ഒരു ടെക്ക് സമൂഹം തന്നെ. ശാസ്ത്രം ഇവിടെ പ്രയോഗത്തിലാണ്.

ഇതൊക്കെ കണ്ട് പഠിക്കുന്ന പിള്ളേര്‍ക്ക്, രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്ക്, അല്ല വിദ്യാര്‍ത്ഥിരാഷ്ട്രീയക്കാര്‍ക്ക് എന്തുതോന്നും. (ജെസിക്ക് ഒന്നും തോന്നില്ല, എങ്കിലും ജെസീ നിനക്കെന്തു തോന്നി?) രാഷ്ട്രീയത്തെക്കുറിച്ച് ഒരു പിടിപാടുമില്ലാത്തവരെയാണ് ഇവര്‍ (ഇവര്‍ കോണ്‍ഗ്രസുകാര്‍, മറ്റുള്ളവര്‍ പ്രത്യയശാസ്ത്രതര്‍ക്കത്തിലാണ്) അമ്പരപ്പിക്കുന്നത്. കണ്ടിരിക്കുന്നവരുടെ നെഞ്ചത്താണ് എല്ലാ സിനിമയും, എന്തിനേറെ വിരാട് കോഹ്ലിയുടെ ക്രിക്കറ്റ് കളിപോലും. അമ്മേ ഞങ്ങള്‍ പോവുന്നു, കണ്ടില്ലെങ്കില്‍ കരയരുതേ എന്നാരും ഇനി പാടില്ല. അച്ഛനെയും അമ്മയെയും മിസ് ചെയ്യാന്‍ മടിയുള്ള ഹോം സിക്ക് ആയ മക്കളാണ് എസ് എഫ് ഐക്കാര്‍. (എല്ലാരും പുരോഗമന അല്ലല്ല പൊരുതുന്ന വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലാണെന്ന് സങ്കല്പിച്ചാല്‍പ്പിന്നെ എം എസ് എഫോ, എബിവിപിയോ ആവുന്നതിനെക്കാള്‍ നല്ലതാണല്ലൊ എസ് എഫ് ഐ ആവുന്നതിനേക്കാള്‍ നല്ലത് എന്നമട്ടില്‍ പിന്നെയും എസ് എഫ് ഐ ആവും, ഇതൊന്നുമറിയാതെ വിളപ്പില്‍ശാലയിലെ ഇ എം എസ് അക്കാഡമിയില്‍ എസ് എഫ് ഐ പഠനക്യാമ്പുകള്‍ മുറയ്ക്ക് നടക്കും.). അതായത്, സ്വാശ്രയക്കോളേജും, രജനി എസ് ആനന്ദും ആ വഴിക്കുതന്നെ അവസാനിച്ചതാണ്. പാര്‍ട്ടിയിലെ അച്ഛന്മാര്‍ പറയുന്നപോലെ മക്കള്‍ അനുസരിക്കണം. മുമ്പത്തെക്കാളുമങ്ങനെയാണിപ്പോള്‍.ഇത്രയേറെ എഞ്ജിനിയറിങ്ങ് കോളേജുകളുടെ പെരുപ്പം വരുത്തിവെച്ചത് ഷോര്‍ട്ട് ഫിലുമുപിടുത്തം മാത്രമല്ല, വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ അപചയം കൂടിയാണ്. എന്‍ട്രന്‍സ് പഠിപ്പും, സപ്ലിയെഴുത്തും യൂണിഫോമിട്ടു നടപ്പും അവസാനിപ്പിച്ചത് അറിവിനുവേണ്ടിയും ചിന്തയ്ക്കുവേണ്ടിയുമുള്ള വായനയെയാണ്. ഓര്‍ക്കുക, ഓണപ്പരീക്ഷയായിട്ടും പുസ്തകമെത്തിയില്ല എന്നതാണ് പ്രശ്‌നം. എന്തിനാണ് പുസ്തകത്തെപ്പറ്റി പറയുമ്പോള്‍ പരീക്ഷയെപ്പറ്റി പറയുന്നത്? അതായത് ജയിക്കുക എന്നതുമാത്രം മുഖ്യമാവുന്നു. ജയിപ്പിക്കുക എന്നതുമാത്രം മുഖ്യമാവുന്നു. തോല്‍ക്കുന്നതിനെക്കുറിച്ച് ആരും പറയുന്നില്ല. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല എന്നു കേട്ടവര്‍ ഞെട്ടുന്നു. അതിനാരാണ് തോറ്റത്. എല്ലാവരും ജയിക്കുകയല്ലേ. തോല്‍ക്കാനുള്ള മടി തന്നെ പോസ്റ്റ് ഹ്യൂമന്‍ രാഷ്ട്രീയത്തിന്റെ ഒരു ആദിരൂപമാണെന്നെനിക്കുതോന്നുന്നു. ഈയൊരു ആര്‍ക്കിടൈപ്പ് പരീക്ഷിക്കപ്പെടുകയാണ്. തോല്‍വി കയ്പ്പാണെന്നല്ല. അറിവ് കയ്പാണെന്നാണ് എനിക്കുതോന്നുന്നത്. കാരണം തോറ്റവര്‍ക്ക് അതേ പരീക്ഷകള്‍ വീണ്ടും വരും. ജയിച്ചവര്‍ക്ക് പുതിയപരീക്ഷകളാവും നേരിടേണ്ടിവരിക. കയ്പിന്റെ മധുരത്തെക്കുറിച്ച് ഒ എന്‍ വി എഴുതിയിട്ടുണ്ട്. അതൊരു സ്‌കൂള്‍ മുറ്റത്തെക്കുറിച്ചും സ്‌കൂളിനെക്കുറിച്ചും ഉള്ള ഓര്‍മ്മയില്‍നിന്നാണുണ്ടായത്. എന്നാലോ ചൂരല്‍ക്കഷായം പേടിച്ച്, സ്‌കൂളില്‍പ്പോക്ക് നിര്‍ത്തിയ അനേകരുണ്ടായിരുന്നു അക്കാലത്ത്. എന്റെ സ്വന്തം അപ്പാപ്പനും അങ്ങനെ സ്‌കൂളില്‍പ്പോക്ക് നിര്‍ത്തിയ ഒരാളാണ്. എല്ലാവരുടേയും കയ്പ്പ് ചിലര്‍ക്ക് മധുരമായെന്നും വരാം.

പക്ഷെ ഒരുകാര്യമുറപ്പാണ്. പാഠപുസ്തകം ലഭ്യമാവാഞ്ഞതിനെത്തുടര്‍ന്ന് തെരുവിലിറങ്ങി സമരം നടത്തിയ എസ് എഫ് ഐ വിദ്യാര്‍ത്ഥികളില്‍ ഇനിയും പ്രതീക്ഷവെക്കാമോ? കാരണം മറ്റൊന്നുമല്ല. (ഇത്രനാളുമവര്‍ സമരങ്ങള്‍ ചെയ്തിരുന്നത് ഫീസ്/ബസ് ചാര്‍ജ് വര്‍ധനവ്, തുല്യാവസരനിഷേധം, വിദ്യാഭ്യാസക്കച്ചവടം എന്നിവയ്‌ക്കൊക്കെ എതിരേ മാത്രമാണ്. പക്ഷെ ഇത് പുസ്തകം തരൂ എന്നാവശ്യപ്പെടുന്ന സമരമാണ്. പാഠം പഠിക്കാന്‍ തയ്യാറാണെന്നറിയിക്കുന്ന സമരമാണിത്. പാഠമില്ലാതെ പാഠഭേദമില്ലല്ലോ. അതിനാദ്യം ഒരു ടെക്സ്റ്റ് വേണമെന്ന് സമ്മതിക്കുന്ന സമരമാണ്. ഒരു ടെക്സ്റ്റില്ലെങ്കില്‍ എന്തിനെയാണ് തിരുത്തുക? വിദ്യാര്‍ത്ഥികള്‍ വെറും വിദ്യാര്‍ത്ഥികളാണെന്നും, ഞങ്ങള്‍ക്ക് പഠിക്കണമെന്നും വിളിച്ചുപറയുന്ന സമരമാണ്. വിദ്യാര്‍ത്ഥികള്‍ വെറും വിദ്യാര്‍ത്ഥികളല്ലെന്നതിന് ആസാം സ്റ്റുഡന്റ്‌സ് യൂണിയന്റെ ഉദാഹരണമേ നമുക്കുള്ളൂ ഇപ്പോഴും. ഭാവിയുടെ ഭാരമില്ലാത്ത സമരങ്ങളാണ് ഇത്തരം നല്ല നടപ്പ് സമരങ്ങള്‍.) കേരളത്തിലെ അച്ഛന്മാരെക്കാരണം (അമ്മ തല്‍ക്കാലം കവിയൂര്‍ പൊന്നമ്മയാണ്) ഇത്തരം സമരങ്ങളുടെ ജാതകം തന്നെ പിറക്കുമുമ്പേ ചാകുന്നതരത്തിലാണ്. കാരണം 70കളിലെ പയ്യന്‍സാണ് ഇന്നത്തെ അച്ഛന്മാര്‍. (നമ്മളിപ്പോള്‍ സദാചാരതന്തസമൂഹം എന്നൊക്കെ അവരെ കുറ്റപ്പെടുത്തും. പക്ഷെ രാഷ്ട്രീയം അവരെ പുറന്തള്ളിയ അത്രയും ക്രൂരമായി നമ്മെ പുറന്തള്ളിയില്ല. ആധുനികതയുടെ ചുവന്ന വാല്‍ മാത്രമായിരുന്നില്ലേ അവര്‍ എന്ന് ചോദ്യമുണ്ടായി. പല്ലിയെപ്പോലെ ആ വാല് മുറിച്ച് രക്ഷപ്പെട്ട് അവര്‍ കയറിച്ചെന്നത് കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളിലോ അമ്പലക്കമ്മിറ്റികളിലോ ആള്‍ദൈവങ്ങളുടെയടുത്തോ ആണ്. തൊണ്ണൂറുകളില്‍ ഈ ടൈപ്പ് പ്രസ്ഥാനങ്ങള്‍ വളരെ ശക്തിപ്രാപിച്ചു. മുസ്ലിങ്ങള്‍ക്കിടയില്‍ മദനിയും. ഓര്‍മ്മിച്ചുനോക്കൂ ഈ 80-കളുടെ അവസാനത്തിലല്ലേ അവര്‍ക്ക് കുറ്റബോധം തോന്നിയത്. അപ്പോഴല്ലേ മോഹന്‍ലാല്‍ മനസില്‍ കുറ്റബോധം തോന്നിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്നു സിനിമയില്‍ ഡയലോഗടിച്ചത്. ഈ വിശ്വാസത്തകര്‍ച്ചയെ തന്തസമൂഹം എങ്ങനെ അതിജീവിക്കാനാണ്?) അന്നൊരച്ഛന്‍ എന്റെ കുഞ്ഞിനെ, എന്തിന്, മരിച്ചിട്ടും മഴയത്തുനിര്‍ത്തിയിരിക്കുന്നു എന്ന് നെഞ്ചുപൊട്ടി ചോദിച്ചു. ഷാജി എന്‍ കരുണ്‍ പിറവി എന്നൊരു സിനിമയെടുത്തു. എന്നിട്ടും എസ് എഫ് ഐ സമരങ്ങള്‍ക്ക് ഇപ്പോഴും വിദ്യാര്‍ത്ഥികളുണ്ടല്ലോ. അതുതന്നെ വലിയ കാര്യം. പക്ഷെ പോലീസുകാരെ ഭയക്കണം. (പോലീസുകാരുടെ ജോലി സ്വയം തൊഴിലായി പ്രഖ്യാപിക്കേണ്ടതാണ്. ഓരോ എസ് ഐക്കും അവരുടെ ഭാവനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാം. പോലീസും കള്ളനുമാണ് നമ്മടെയൊക്കെ കളി. പക്ഷെ പോലീസും പൗരനും എന്നതാണ് യഥാര്‍ത്ഥ കളി. സിനിമയ്ക്ക് പൊയ്ക്കൂടാ, ചുംബിച്ചുകൂടാ, പാന്റ് ഇറക്കിയിട്ടുകൂടാ, ഹെല്‍മറ്റ് വെക്കണം, ആധാര്‍ കാര്‍ഡും ലൈസന്‍സും വേണം, മുട്ടിന് മുട്ടിന് ഊതിക്കണം, പിന്നെ ക്ലാസെടുപ്പ്, ഇമ്പോസിഷനെഴുത്ത് ഈ ക്രൈം എന്നതിന്റെ അര്‍ത്ഥം എന്താണ് സാറന്മാരേ?) ഇ എം എസിന്റെ ഭാര്യയ്ക്ക് എപ്പോഴും പോലീസിനെ ഭയമായിരുന്നു എന്ന് ഇ എം എസിന്റെ മകള്‍ എഴുതിയിട്ടുണ്ട്. പോസ്റ്റ് മാന്‍ വന്നാല്‍ പോലും അവര്‍ക്ക് ഭയമായിരുന്നു. ആ ഭയത്തില്‍നിന്ന് മുക്തി നല്‍കാന്‍ നവകേരളത്തിന്റെ അച്ഛന് കഴിഞ്ഞില്ലെങ്കില്‍ പിന്നെയാര്‍ക്ക് കഴിയും. എന്നാലോ അരിയെവിടെ തുണിയെവിടെ, പറയൂ പറയൂ നമ്പൂരി എന്ന് ഇ എം എസിന്റെ മക്കള്‍ തന്നെ പാട്ടുപാടി വീടിന്റെ അകത്തളങ്ങളില്‍ നടന്നു. അച്ഛന്‍ ആരെയും ശിക്ഷിച്ചില്ല.പക്ഷെ ഇതിനിടയില്‍ യഥാര്‍ത്ഥ കഥ ഇങ്ങനെയാണ്. രാഷ്ട്രീയം കക്ഷിരാഷ്ട്രീയമാവുന്നു. സമൂഹം സമുദായമാവുന്നു. കക്ഷിരാഷ്ട്രീയവും സമൂഹവും തമ്മില്‍ ബന്ധപ്പെടുന്നത് ജാതിചിന്തകളുടെ കലര്‍പ്പോടെയാണ്. മര്‍ദ്ദകര്‍ മര്‍ദ്ദകമനസാക്ഷിയെ വ്യാപിപ്പിച്ചിരിക്കുന്നു. അപ്പോ വികസനം വേണ്ടേ എന്നു ചോദിക്കുന്ന തരത്തില്‍ നമ്മുടെ വ്യവഹാരത്തെ പരിണമിപ്പിച്ചിരിക്കുന്നു. അപമാനവീകരണമാണ് സംഭവിക്കുന്നതെങ്കില്‍ മനുഷ്യനെ തിരിച്ചുപിടിക്കാമെന്ന് ആശ്വസിക്കാമായിരുന്നു. ഹോസ്പിറ്റലുകളിലെ ബില്ലുകള്‍ ഇനിയൊരിക്കലും കുറയില്ല. ആരോഗ്യ ഇന്‍ഷുറന്‍സോ കാരുണ്യ ലോട്ടറിയോ വേണ്ടിവരുന്നു. പൊതു ഉടമസ്ഥതയിലുള്ള സര്‍വ്വം തകരുന്നു. കെ എസ് ആര്‍ ടി സി ബെല്ലും ബ്രേക്കുമില്ലാതെ നഷ്ടത്തില്‍നിന്ന് നാശത്തിലേക്ക് കുതിക്കുന്നു. പെട്രോള്‍ വില ഉയര്‍ന്നാലും താണാലും ഒരു പ്രതികരണവുമില്ല. റിഫ്‌ളക്‌സിവിറ്റി ഇല്ലേയില്ല. കുടിവെള്ളത്തിനും പണം കൊടുക്കേണ്ടി വരുന്നു. ഗ്രാമീണസംരംഭകത്വം, സ്ത്രീശാക്തീകരണം എന്നൊക്കെ ലക്ഷ്യമിട്ട കുടുംബശ്രീകള്‍ ഫ്‌ളാറ്റുകളില്‍നിന്ന് വേസ്റ്റ് നീക്കം ചെയ്യലോ കാന്റീന്‍ നടത്തലോ മാത്രമായിത്തീര്‍ന്നു. വര്‍ഷത്തില്‍ 365 ദിവസത്തെ പട്ടിണി മറക്കാന്‍ 100 ദിവസം പണിക്ക് ഉറപ്പുനല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നു. മനുഷ്യനെയും കടന്നെത്തുന്ന സങ്കല്പത്തിലാണ് നമ്മള്‍ ഏതോ നഷ്ടബാല്യത്തിന്‍ നടവരമ്പത്ത്. പൊതു ഇടങ്ങള്‍ അപ്രത്യക്ഷമാവുകയും സൈബര്‍ ഇടങ്ങളായി പരിണമിക്കുകയും കൂടിയാവുമ്പോള്‍ നമ്മുടെ സമരങ്ങള്‍ ആള്‍ക്കൂട്ടങ്ങളാവുന്നു. (2012-ലെ ഡല്‍ഹി സംഭവത്തില്‍ നിരത്തിലിറങ്ങിയതും ഇത്തരമൊരാള്‍ക്കൂട്ടമാണ്.) അത്രയും മെക്കാനിക്കലായ, സ്വന്തം ഇച്ഛ മാത്രം പ്രകടമാവുന്ന ഒരാള്‍ക്കൂട്ടം, പോസ്റ്റ് ഹ്യൂമന്‍ ആണ്. അത് ഏതവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതായാലും. ഇപ്പോള്‍ നമ്മുടെ നഗരങ്ങളില്‍ ഒന്നിരിക്കാന്‍ ഒരിടത്തും സ്ഥലമില്ല. ഹോട്ടലുകളുടെ കാര്യമല്ല പറയുന്നത്. പാതയോരത്തോ ഫുട്പാത്തിലോ എങ്ങും ഇരിക്കാനാവില്ല. ആര്‍ക്കും ആരെയും കാത്തുനില്‍ക്കാനാവില്ല. ഓര്‍മ്മയുടെ ഭൂപടത്തിലെങ്ങും, തണല്‍ വിരിച്ചുനില്‍ക്കുന്ന സൗഹൃദമാര്‍ന്ന ഒരു പൂമരമോ വേനല്‍ച്ചില്ലയോ ഇല്ല. എല്ലായിടവും പോലീസ്ഡ് ആയി മാറി. ഒളിക്യാമറകള്‍ സുരക്ഷയുടെ പേരില്‍ തുറിച്ചു നോക്കുന്നു. ഹാങ്ങ് ഔട്ട് എന്നത് പണച്ചെലവുള്ള കാര്യമായിമാറി. 1968-ലെ ഫ്രഞ്ച് വിദ്യാര്‍ത്ഥി പ്രക്ഷോഭം പോലെ അധികാരം ലക്ഷ്യമിടാത്ത സമരങ്ങള്‍ മാത്രമേ പോലീസിനെ പേടിയുള്ള ഒരു തലമുറയ്ക്കു കഴിയൂ എന്ന് തോന്നുന്നു. നമ്മുടെ ചുംബനസമരം പോലും ഒരു പോസ്റ്റ് ഹ്യൂമന്‍ സമരമായിരുന്നു എന്ന് വിലയിരുത്താം. നൈതികമായ ആകുലതകള്‍ ഈ സമരങ്ങള്‍ക്കുണ്ട്. ശരിയാണ്. പക്ഷെ ആരെയും വിമോചിപ്പിക്കാത്ത സമരങ്ങള്‍ ഫ്‌ളാഷ് മോബുപോലുള്ളവ പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ജാഗ്രതയില്‍ മാത്രം പ്രതീക്ഷയര്‍പ്പിക്കുന്നവ അവ അധികാരമോ രാഷ്ട്രീയമോ ലക്ഷ്യമിടാത്ത സമരങ്ങളാണ്. സമരക്കാര്‍ക്ക് അവരുടെ വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കില്‍പ്പോലും. അതവര്‍ ഉറക്കെ പറയുമെങ്കില്‍പ്പോലും.

ഇത് മറ്റൊരു തരത്തില്‍ മുതലാളിത്തത്തിന് കീഴടങ്ങലാണ്. അവരുടെ വേസ്റ്റ് നമ്മള്‍ വാരുമെന്നാവുന്നു. നമ്മുടേത് മനുഷ്യരല്ലെന്ന് നമ്മള്‍ തന്നെ സമ്മതിക്കുന്നു. ഏതു മരുന്നുപരീക്ഷണവും ഇവിടെ നടത്താം. ഏത് ആണവനിലയങ്ങളും ഇവിടെ സുരക്ഷിതവും ലാഭകരവുമാണെന്നും പറയാം. വികസനത്തിനുവേണ്ടി, കടലോ കായലോ വയലോ നികത്താം. കുന്നിടിക്കാം, കുടിയൊഴിക്കാം. പള്ളിക്കും സംഘടനയ്ക്കും, അമ്പലത്തിനും, പിരിവു നല്‍കുക, ഏതാനും നാട്ടുകാര്‍ക്ക് വാച്ചര്‍ പണിയോ ഡ്രൈവര്‍ പണിയോ നല്‍കുക. പിന്നെ എല്ലാം ഓക്കെയാണ്. വിഴിഞ്ഞം പദ്ധതി വന്നാല്‍ മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും എന്തുസംഭവിക്കുമെന്ന് ആരുമോര്‍ക്കില്ല. വിമോചനസമരത്തില്‍ ജെറോം തിരുമേനി പങ്കെടുക്കുമ്പോള്‍ കൊല്ലത്തെ കടലോരമക്കള്‍ ആദിവാസികളോളം ദുരിതമനുഭവിക്കുന്നവരായിരുന്നു. ഭൂരഹിതര്‍ ഏറെയുണ്ടായിരുന്നു. എന്നിട്ടും ബിഷപ്പിന് മന്നത്ത് പത്മനാഭന്റെ കമ്പനി മതിയാരുന്നു. വ്യാജനമ്പൂരി ചമഞ്ഞാല്‍ മതിയാരുന്നു. ഇതിപ്പോഴും പല വിധത്തില്‍ തുടരുന്നു. നില്‍ക്കുന്നയിടം വിസ്മരിച്ചാലുമില്ലെങ്കിലും, നമ്മുടെ രാഷ്ട്രീയം പരാജയപ്പെടുകയാണ്.

എന്തുസംഭവിക്കുന്നു എന്ന ചോദ്യം മാത്രം എങ്ങും മുഴങ്ങിക്കേള്‍ക്കുന്നു. എന്തുകൊണ്ട് സംഭവിക്കുന്നു എന്ന ചോദ്യമില്ല. അത് സംഭവിക്കുന്നു. അത് സംഭവിക്കുന്നു എന്നു മാത്രം പറയാം. മനുഷ്യന് എന്ത് സംഭവിക്കുന്നു എന്നത് പ്രശ്‌നമേയല്ല. മനുഷ്യനെയും കടന്നുപോയിരിക്കുന്നു നമ്മുടെ വ്യ്‌വഹാരങ്ങള്‍. ഇനിയൊരു തിരികെപ്പോക്കില്ല. ഇവിടെയാണ് വിദ്യാര്‍ത്ഥികളുടെ സമരം. എസ് എഫ് ഐയുടെ വളര്‍ച്ചയുടെ ചരിത്രമെടുത്തുനോക്കിയാലറിയാം, അടിയന്തരാവസ്ഥയ്ക്കുശേഷമാണ് പ്രമുഖകോളേജുകളിലൊക്കെ അവര്‍ക്ക് യൂണിയന്‍ ഭരണം ലഭിച്ചതെന്ന്. പൊതുസമൂഹത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയും ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്ത രാഷ്ട്രീയധാരയാണ് വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലും അലയടിച്ചത്. ഇന്നതില്ല. (എങ്കിലോ അന്നുപോലും മനോരമയിലെ അപ്പി ഹിപ്പിയൊക്കെ യുവധിഷണയുടെ മുഖമടച്ച് തൊഴിക്കുന്നുണ്ടായിരുന്നു. ആ അടി ഇന്നും പലവിധത്തില്‍ തുടരുന്നുണ്ട്.) പരിവര്‍ത്തനവിമുഖത ഭൂതകാലപൂജയ്ക്ക് വഴിവെക്കുന്നു എന്നറിയാം. അതു കള, അതു കള. വരാനിരിക്കുന്ന കാലമാണ് നമ്മുടേത് എന്നപ്രതീക്ഷ ഇപ്പോഴുമുണ്ട്. അതായത് ചൂടുകാപ്പി തണുത്താല്‍ കോള്‍ഡ് കോഫിയാക്കാം. അതും നല്ല ടേസ്റ്റാണ്. എന്നാലോ വേറെ എന്തൊക്കെ വിശേഷങ്ങള്‍ എന്നാണ് നമ്മളൊടുവില്‍ ചോദിക്കുക. യഥാര്‍ത്ഥ ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. അതിനൊരു പാഠപുസ്തകം വേണ്ടതുണ്ട്. ജീവിക്കുന്ന കാലത്തോട് സത്യസന്ധമായി സംസാരിക്കാന്‍ കഴിയാത്ത കാലത്ത് അതെങ്കിലും വേണ്ടേ? ഉത്തരങ്ങള്‍ തനിയെ വരില്ല. അതിന് ചോദ്യങ്ങള്‍ ചോദിക്കുക തന്നെ വേണം.

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories