TopTop
Begin typing your search above and press return to search.

കേരളീയം കൂട്ടായ്മയ്ക്കെതിരെ വീണ്ടും പോലീസ് അതിക്രമം

കേരളീയം കൂട്ടായ്മയ്ക്കെതിരെ വീണ്ടും പോലീസ് അതിക്രമം

കേരളീയം പ്രസിദ്ധീകരണത്തിന്‍റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടു നടന്ന 'നിലാവ് കൂട്ടായ്മ, സംഗീതരാവ്, സ്‌നേഹസംഗമം' എന്ന പരിപാടിയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥര്‍ അതിക്രമിച്ചു കയറുകയുണ്ടായി. കഴിഞ്ഞ 10 വര്‍ഷമായി നടക്കുന്ന ഈ കൂട്ടായ്മക്കെതിരെ തുടര്‍ച്ചയായ രണ്ടാം തവണയാണ് പോലീസ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികളുള്ള ഒരു ഇന്‍ഹൌസ് പരിപാടിക്ക് പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള അനുമതി വേണ്ടെന്നിരിക്കെ തങ്ങളുടെ കൂട്ടായ്മയെ വിധ്വംസക പ്രവര്‍ത്തനമായി കണ്ട നടപടിയോട് കേരളീയം കൂട്ടായ്മ പ്രതിഷേധം രേഖപ്പെടുത്തുന്നു. കൂട്ടായ്മയുടെ പ്രതിനിധി ശരത് കേരളീയം ഫേസ്ബുക്കില്‍ ചേര്‍ത്ത പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയ സുഹൃത്തെ,
കേരളീയവുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവം നിങ്ങളുമായി പങ്കുവയ്‌ക്കേണ്ടതുള്ളതിനാലും പ്രതിഷേധം രേഖപ്പെടുത്തേണ്ടതിനാലുമാണ് ഈ കുറിപ്പ്.

1998 നവംബറില്‍ പ്രസിദ്ധീകരണമാരംഭിച്ച കേരളീയത്തിന്റെ 18-ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പരിപാടികളുടെ ആലോചനയിലും നടപ്പിലാക്കലിലുമാണ് ഞങ്ങള്‍ ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായാണ് 'നിലാവ് കൂട്ടായ്മ, സംഗീതരാവ്, സ്‌നേഹസംഗമം' എന്ന ഒരു പരിപാടി കഴിഞ്ഞദിവസം (ഡിസംബര്‍ 23ന്) രാത്രിയില്‍ തൃശൂര്‍ നഗരാതിര്‍ത്തിയിലുള്ള പുഴയ്ക്കല്‍ വില്ലേജില്‍ (അടാട്ട് ഗ്രാമപഞ്ചായത്ത്) വച്ച് നടത്തിയത്. കേളീയം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പത്ത് വര്‍ഷത്തിലേറെയായി ഇത്തരത്തില്‍ നിലാവ് കൂട്ടായ്മ ഞങ്ങള്‍ സംഘടിപ്പിച്ചുവരുന്നു.

പൗര്‍ണ്ണമി ദിവസമോ അതിനടുത്തുള്ള ദിവസങ്ങളിലോ തിരക്കൊഴിഞ്ഞ ഏതെങ്കിലും തുറന്ന പ്രദേശത്ത് പാട്ടും സൗഹൃദവും ചര്‍ച്ചകളുമൊക്കെയായി ഒരു രാത്രിയില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടുന്ന പരിപാടിയാണ് നിലാവ് കൂട്ടായ്മ. 'കഞ്ഞിയും പയറും' എന്ന് പൊതുവായി പറയാവുന്ന കോമ്പിനേഷനില്‍ ഹൃദ്യമായ ഭക്ഷണവും ഏപ്പോഴും ഉണ്ടാകാറുണ്ട്. രാത്രിയില്‍ കട്ടന്‍ കാപ്പിയും. ഏത് പ്രദേശത്ത് വച്ചാണോ സംഘടിപ്പിക്കുന്നത് അവിടെയുള്ള തദ്ദേശീയരുടെ സഹകരണം ഏപ്പോഴും സംഘാടനത്തില്‍ ഉണ്ടാകാറുണ്ട്. അവരാണ് ഭക്ഷണത്തിന്റെ ചുമതല ഏറ്റെടുക്കാറുള്ളതും.

നിളയോരത്ത്, അക്കിക്കാവ് കലശമലയില്‍, കേച്ചേരിക്കടുത്തുള്ള പെരുവന്‍മലയില്‍, പൂമലയില്‍, പ്ലാച്ചിമട കൊക്കക്കോള കമ്പനിക്ക് മുന്നില്‍, കാതിക്കുടത്ത്, മൂക്കന്നൂരില്‍, പൊന്നൂക്കരയിലെ ഡേവിസേട്ടന്റെ വസതിയില്‍ (ബുദ്ധപൂര്‍ണ്ണിമ)... എന്നിങ്ങനെ വൈവിദ്ധ്യങ്ങളുള്ള സ്ഥലങ്ങളില്‍ (ലിസ്റ്റ് അപൂര്‍ണ്ണം) കേരളീയം നിലവ് കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തവണ പുഴയ്ക്കല്‍പ്പാടത്ത് വച്ച് നിലാവ് കൂട്ടായ്മ നടത്താന്‍ തീരുമാനിച്ചത് മൂന്ന് കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ്. ഒന്ന്, വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതകള്‍ക്കെതിരെ ഒരുമിച്ചിരിക്കേണ്ടുന്നതിന്റെ ആവശ്യകത. രണ്ട്, കേരളീയത്തിന്റെ 18-ാം പിറന്നാള്‍. മൂന്ന്, 2014 ഡിസംബര്‍ 22 അര്‍ദ്ധരാത്രിയില്‍ കേരളീയം ഓഫീസിലുണ്ടായ അകാരണമായ പോലീസ് റെയ്ഡിന്റെ വാര്‍ഷികത്തില്‍ അന്ന് അതിനെതിരെയുണ്ടായ ജാഗ്രതകളെ ഒന്ന് ഓര്‍മ്മിച്ചെടുക്കല്‍. ഇക്കാര്യങ്ങളെല്ലാം പരാമര്‍ശിച്ചുകൊണ്ടുതന്നെ നോട്ടീസ് അടിച്ചിറക്കി.

അടാട്ട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവും ഞങ്ങളുടെ സുഹൃത്തുമായ അനില്‍ അക്കരയാണ് പുഴയ്ക്കല്‍പ്പാടത്ത് വച്ച് പരിപാടി നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ പ്രാദേശികമായി ഒരുക്കിയത്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ പറമ്പാണ് കൂടിയിരിക്കുന്നതിനായി ഞങ്ങള്‍ക്ക് ലഭിച്ചത്. ഉടമസ്ഥന്‍ സന്തോഷത്തോടെ അതിന് അനുമതി നല്‍കുകയും മറ്റ് സൗകര്യങ്ങളൊരുക്കുകയും ചെയ്തു. സുഹൃത്തുക്കളെ വ്യക്തിപരമായി പരിപാടി അറിയിച്ചതുകൂടാതെ തൃശൂര്‍ നഗരത്തില്‍ നോട്ടീസ് വിതരണം ചെയ്യുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പാട്ടുപാടുന്നതിനായി നന്നായി ഗസലും ഹിന്ദുസ്ഥാനിയുമെല്ലാം പാടുന്ന ചാലിശ്ശേരിയില്‍ നിന്നുള്ള അഭിലാഷ്, അരുണ്‍ സഹോദരങ്ങളെയും വിളിച്ചു.

ഡിസംബര്‍ 23ന് വൈകീട്ട് 4.00 മണി മുതല്‍ സുഹൃത്തുക്കള്‍ പുഴയ്ക്കല്‍പ്പാടത്ത് എത്തിച്ചേര്‍ന്നു. ആറരയോടെ പല ജില്ലകളില്‍ നിന്നുള്ള, വിവിധ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ വ്യാപരിക്കുന്ന കേരളീയം സുഹൃത്തുക്കള്‍ എത്തിച്ചേര്‍ന്നു. ഏഴ് മണിയോടെ ഇരുട്ടുപരക്കുകയും നിലാവുദിക്കുകയും വര്‍ത്തമാനവും പാട്ടും തുടങ്ങുകയും ചെയ്തു. ഇരിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും പരിസ്ഥിതിയും അനില്‍ അക്കര ഏവര്‍ക്കും പരിചയപ്പെടുത്തി. അടാട്ട് പഞ്ചായത്തിനെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.ഒ. ചുമ്മാറിന്റെ ഏതാനും വാക്കുകള്‍. ബദര്‍പ്പാട്ട് മുതല്‍ ബലികുടീരങ്ങളേ...വരെയുള്ള വൈവിദ്ധ്യവുമായി പരിപാടികള്‍ ആസ്വാദ്യകരമായി നീങ്ങവെയാണ്, എട്ടുമണിയോടെ ആ പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിലുള്ള ഏഴ്-എട്ട് പോലീസുകാര്‍ സ്ഥലത്തേക്ക് കടന്നുവരുന്നത്. വന്നയുടന്‍ ചില പോലീസുകാര്‍ ഞങ്ങളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങി. പരിപാടി നടക്കുന്ന വേദിക്ക് ചുറ്റും അവര്‍ കൂടിനിന്നു. സ്വാഭാവികമായും പാട്ടു നിന്നു. സംഘാടകരുമായി സംസാരിക്കണം എന്ന് എസ്.ഐ ആവശ്യപ്പെട്ടതു പ്രകാരം ഞാന്‍ അദ്ദേഹത്തിനടുത്തെത്തി. സ്ഥലം എസ്.ഐ ആയ അദ്ദേഹത്തിന്റെ അനുമതി വാങ്ങാതെ ഇത്തരത്തിലൊരു പരിപാടി നടത്താന്‍ കഴിയില്ല എന്നാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത്, മൈക്ക് ഒന്നും ഉപയോഗിക്കാതെ, ആര്‍ക്കും ശല്യമില്ലാതെ നടത്തുന്ന പരിപാടിക്ക് അനുമതിയുടെ ആവശ്യമില്ല എന്നാണ് ഞങ്ങളുടെ അറിവ് എന്ന് കൂടിനിന്ന ഞങ്ങളെല്ലാം അദ്ദേഹത്തിന് മറുപടി കൊടുത്തു. കുറേ വാഗ്വാദങ്ങള്‍ അതില്‍ നടന്നു. 'ഒരിക്കല്‍ റെയ്ഡ് നടന്ന സ്ഥാപനമായതിനാലും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാലുമാണ് അന്വേഷിച്ചു വന്നത്' എന്നായിരുന്നു തുടര്‍ന്ന് അദ്ദേഹത്തിന്റെ വിശദീകരണം. അതൊന്നും സ്വകാര്യ സ്ഥലത്ത് ഇത്തരത്തിലുള്ള ഒരു പരിപാടി നടത്തുന്നതിന് പോലീസിനെ മുന്‍കൂറായി അറിയിക്കണം എന്നതിന് മാനദണ്ഢമാകുന്നില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. നാട്ടില്‍ കല്ല്യാണം മുതല്‍ വീടുകൂടല്‍ വരെയുള്ള എത്രയോ കൂടിച്ചേരലുകള്‍ നടക്കുന്നു, അതൊന്നും പോലീസ് സ്റ്റേഷനില്‍ അറിയിക്കാറില്ലല്ലോ, അതുപോലെ ക്ഷണിക്കപ്പെട്ട അതിഥികളുള്ള ഒരു ഇന്‍ഹൗസ് പരിപാടിയാണ് ഇതെന്നും പത്ത് വര്‍ഷമായി ഇത് നടത്താറുണ്ടെന്നും ഞങ്ങള്‍ പറഞ്ഞപ്പോള്‍. കല്ല്യാണം പോലല്ലല്ലോ ഇത്, അതൊക്കെ അന്തസ്സുള്ള പരിപാടികളല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പരിപാടിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വാചകമായതിനാല്‍ തന്നെ കൂടി നിന്ന സുഹൃത്തുക്കളെല്ലാം അതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. (താല്‍ക്കാലികമായുണ്ടായ ഒരു പകപ്പില്‍ നിന്നും പാട്ട് അരുടെയൊക്കെയോ ശബ്ദത്തില്‍ അപ്പോഴേക്കും പുനരുജ്ജീവിച്ചിരുന്നു). സംസാരം കുറേ നേരം നീണ്ടുനിന്നു. 'കൊഗ്നിസബിള്‍ ഒഫന്‍സ്' നടക്കാന്‍ ഇടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വന്നതെന്നും ലോക്കല്‍ പോലീസിന് അത് അന്വേഷിക്കാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം തുടര്‍ന്ന് വിശദീകരിച്ചു.നിയമവ്യവസ്ഥയെ അംഗീകരിക്കുന്ന പൗരര്‍ എന്ന നിലയില്‍ അന്വേഷിക്കുന്നതിനുള്ള ബാധ്യതയെ ഞങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ സ്വകാര്യ സ്ഥലത്ത് ഒരു ഇന്‍ഹൗസ് പരിപാടി നടക്കുന്നത് പോലീസില്‍ അറിയിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും ഞങ്ങള്‍ പറഞ്ഞു. സംഭാഷണം കുറേ നേരം കൂടി നീണ്ടുനില്‍ക്കുകയും പിന്നീട് പോലീസ് സംഘം പിരിഞ്ഞുപോവുകയും ചെയ്തു. ഞങ്ങള്‍ പരിപാടി തുടര്‍ന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അടുത്തൊന്നും താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ പതിനൊന്ന് മണിയോടെ എല്ലാവരും പരിഞ്ഞു. (പരിപാടി വീഡിയോയില്‍ പകര്‍ത്താനെത്തിയ ഞങ്ങളുടെ മാദ്ധ്യമ സുഹൃത്ത് ഇതെല്ലാം ഷൂട്ട് ചെയ്യുന്നത് നിര്‍ത്തിവയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു നിയമമില്ലാത്തതിനാല്‍ അദ്ദേഹം ഷൂട്ടിംഗ് തുടര്‍ന്നു. ഷൂട്ടിംഗിനിടയില്‍ പോലീസിന്റെ നിയമവിരുദ്ധതയോടുള്ള പ്രതിഷേധം അദ്ദേഹത്തിന് അറിയിക്കാന്‍ കഴിയാതെ പോയി. അതുകൂടി പങ്കുവയ്ക്കട്ടെ).

നടന്നതിന്റെ ഒരു പൂര്‍ണ്ണവിവരണമല്ല ഇത്. ഇന്ത്യയിലും കേരളത്തിലും വര്‍ദ്ധിച്ചുവരുന്ന പോലീസിംഗിന്റെ പൊതുചിത്രത്തില്‍ ഒന്നുമാത്രമാണ്. 2014 ഡിസംബര്‍ 22ന് നടന്ന റെയ്ഡിന് ശേഷം കേരളീയത്തിന് നേരെ ഇത് ആവര്‍ത്തിക്കപ്പെടുന്നതില്‍ ഞങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. (അതിന് മുമ്പും തുടങ്ങിയിരുന്നു). 'ഒരിക്കല്‍ റെയ്ഡ് ചെയ്യപ്പെട്ട സ്ഥാപനമല്ലേ' എന്ന പോലീസിന്റെ വിശദീകരണം ഞങ്ങള്‍ക്ക് ഒട്ടും സ്വീകാര്യമല്ല. അന്നത്തെ റെയ്ഡിനെ തുടര്‍ന്ന് ഒരു കേസും ഞങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മാത്രമല്ല, റെയ്ഡിന്റെ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് പല കേന്ദ്രങ്ങളിലും ഞങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്കും മറുപടി കിട്ടിയിട്ടില്ല. (ഞങ്ങളുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ കേസ് നമ്പറിട്ട് ഫയലില്‍ സ്വീകരിച്ചിട്ടുമുണ്ട്, അനക്കമില്ലെന്ന് മാത്രം). കേരളീയം ഇപ്പോഴും എന്തോ വിധ്വംസക പ്രവര്‍ത്തനം നടത്തുന്നു എന്ന തരത്തിലുള്ള പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നതല്ല. (കൊഗ്നിസബിള്‍ ഒഫന്‍സ് എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ എന്താണോവോ കേരളീയത്തിന്റെ പരിപാടിയില്‍ നടക്കാന്‍ പോകുന്നത്?) സുതാര്യമായ രീതിയില്‍ തന്നെ കേരളീയത്തിന്റെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു രഹസ്യാത്മകതയും എവിടെയുമില്ല. എന്നിട്ടും തുടരുന്ന ഈ പോലീസിംഗ് അപരശബ്ദങ്ങളെ നിശബ്ദമാക്കാനും ഭീഷണിപ്പെടുത്താനുമുള്ള ഭരണകൂട ദൗത്യത്തിന്റെ ഭാഗമാണെന്നാണ് ഞങ്ങള്‍ സംശയിക്കുന്നത്. എന്തായാലും അത്തരത്തില്‍ നിശബ്ദമാകാന്‍ തീരുമാനിച്ചിട്ടുള്ള സംരംഭമല്ല കേരളീയം എന്നത് ഭരണകൂടത്തെ ഇനിയും നിരാശപ്പെടുത്തും എന്ന് ഉറപ്പിച്ചു പറയട്ടെ. മൈക്ക് പെര്‍മിഷനെടുത്ത്, നോട്ടീസടിച്ച്, ഹാള്‍ വാടകയ്‌ക്കെടുത്ത് നടത്തുന്ന പരസ്യ പരിപാടികള്‍പോലും ദേശവിരുദ്ധരുടെ രഹസ്യയോഗമാക്കി മാറ്റാന്‍ കഴിയുന്ന നാട്ടില്‍ ഇത് പുതിയ അനുഭവമല്ലെങ്കിലും ഞങ്ങള്‍ ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ രേഖപ്പെടുത്തുകയാണ്.

നിലാവ് കൂട്ടായ്മ തടസ്സപ്പെട്ടില്ലെങ്കിലും പോലീസിന്റെ ഇടപെടല്‍ പരിപാടിയുടെ മൂഡിനെ ആകെ നശിപ്പിച്ചു. ചെറിയ കുട്ടികളും വയോധികരുമടക്കം പലതലത്തിലുള്ളവരുടെ ഒരു ഗ്രൂപ്പായിരുന്നു അവിടെ ഒത്തുചേര്‍ന്നിരുന്നത്. അവരുടെയൊക്കെ മനസ്സില്‍ പോലീസ് ഇടപെടല്‍ വല്ലാത്ത മുറിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കേരളീയത്തിന്റെ സുഹൃത്തുക്കളായ അതിഥികള്‍ക്ക് ഇത്തരമൊരു അസ്വസ്ഥതയുണ്ടാകുന്നതില്‍ ഞങ്ങള്‍ക്ക് ഒട്ടും സന്തോഷമില്ല. അതുകൊണ്ട്, വിവരങ്ങള്‍ അന്വേഷിക്കുന്നതിനുള്ള പോലീസിന്റെ കൃത്യനിര്‍വഹണത്തെ മാനിച്ചുകൊണ്ടുതന്നെ, പോലീസിംഗിന്റെ നിയമവിരുദ്ധമായ അമിതാധികാര പ്രയോഗത്തിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു.

കേരളീയം കൂട്ടായ്മയ്ക്ക് വേണ്ടി,
എസ്. ശരത്

(ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ പോലീസ് ഞങ്ങളുടെ ചിത്രമെടുത്തുകൊണ്ടുപോയെങ്കിലും ഞങ്ങളുടെ പരാതി വന്ന പോലീസുകാരോടുള്ള വ്യക്തിപരമായ പരാതി അല്ലാത്തതിനാലും അവരുടെ സ്വകാര്യതയെ മാനിക്കുന്നതിനാലും ഞങ്ങള്‍ എടുത്ത ചിത്രങ്ങള്‍ ഇവിടെ അപ്‌ലോഡ് ചെയ്യുന്നില്ല. പോലീസ് ഇടപെടല്‍ കാരണം ചാലിശ്ശേരിയില്‍ നിന്നും വന്ന അരുണ്‍-അഭിലാഷ് സഹോദരങ്ങളുടെ പാട്ട് വേണ്ടവിധം ആസ്വദിക്കാന്‍ കഴിയാതെ പോയവര്‍ക്കായി അത് വൈകാതെ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നതാണ്).

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

Next Story

Related Stories